Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധർമ്മടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ മൽസരിച്ചാലും റിസൽട്ടിൽ മാറ്റമുണ്ടാവുമോ? ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം; ഇത് ആധുനിക അടിമത്തം തന്നെയാണ്: സജീവൻ അന്തിക്കാട് എഴുതുന്നു

ധർമ്മടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ മൽസരിച്ചാലും റിസൽട്ടിൽ മാറ്റമുണ്ടാവുമോ? ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം; ഇത് ആധുനിക അടിമത്തം തന്നെയാണ്: സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

വോട്ടുബാങ്ക് രാഷ്ട്രീയം

കൊലപാതകിയും ബലാത്സംഗ നീചനുമായ ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം. അത്തരം അപകടകരമായ മാനസികാവസ്ഥയിൽ കഴിയുന്ന മനുഷ്യർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ ഏതു രാഷ്ട്രീയ പാർട്ടിയിലാണ് ?

അത്തരക്കാർ കൂടുതലുള്ളത് മുസ്ലിം ലീഗിനാണെന്നാണ് പൊതു അഭിപ്രായം. കേരളത്തിലെ പൊതു അഭിപ്രായമെന്നാൽ ഇടതുപക്ഷക്കാരുടെ അഭിപ്രായം എന്നു മാത്രം കണക്കാക്കിയാൽ മതി. കോണി കണ്ടാൽ കുത്തുന്ന 'മൂരികൾ ' എന്നാണ് ഇടതുപക്ഷക്കാർ ലീഗിന് വോട്ടു ചെയ്യുന്നവരെ കളിയാക്കി വരുന്നത്. ഈ ആക്ഷേപത്തിൽ വലിയ കഴമ്പൊന്നുമില്ല. നമുക്ക് 'വോട്ടു ചെയ്യാത്തവർ നമ്മുടെ ശത്രുക്കൾ ' എന്ന മിനിമം ഗോത്രബോധമെ ആ ആക്ഷേപത്തിനു പിന്നിലുള്ളൂ. ഉദാഹരണമായി 2006 ലെ കുറ്റിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാം.

അന്നവിടെ മത്സരിച്ചത് ലീഗിന്റെ എല്ലാമെല്ലാമായ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്ബായിരുന്നു. ആരോപണ വിധേയനും നിയമനടപടികളുടെ കുരുക്കിലുമായിരുന്ന കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാൻ കുറ്റിപ്പുറത്തുകാർ അന്ന് തയ്യാറായില്ല.
2001 ൽ 61 ശതമാനം വോട്ടു നൽകി കുഞ്ഞാലിക്കുട്ടിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചവരായിരുന്നു കുറ്റിപ്പുറത്തുകാർ. പക്ഷെ അവർ 2006 ൽ വകതിരിവോടെ അദ്ദേഹത്തെ തോൽപ്പിച്ചു വിട്ടു. അത്തരത്തിൽ വകതിരിവു കാണിക്കുന്ന മനുഷ്യരെ വോട്ടു ബാങ്കായി കണക്കാക്കാൻ പ്രയാസമാണ്. കാരണം വോട്ടു ബാങ്കെന്ന കൺസെപ്റ്റിന് അന്യമാണ് വകതിരിവ്.

ഇനി മണ്ഡലത്തെയും സ്ഥാനാർത്ഥിയെയുമൊക്കെ ഒന്ന് മാറ്റി നോക്കാം. മണ്ഡലം ധർമ്മടവും സി പി എം സ്ഥാനാർത്ഥി ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനുമാണെന്ന് വിചാരിക്കുക. റിസൽട്ട് എന്താകും ? ഇതിനുള്ള ഉത്തരം തന്നെയാണ് 'ഏതാണീ കേരളത്തിലെ കട്ട വോട്ടു ബാങ്ക് ' എന്നതിന്റെ ഉത്തരവും. കൊലയാളി നിന്നാലും കോമാളി നിന്നാലും മുതലാളി നിന്നാലും വാക്സിൻ വിരുദ്ധൻ നിന്നാലും ഒരു പാർട്ടിയുടെ വോട്ട് ചോരില്ല എന്നാണെങ്കിൽ ആ പാർട്ടിക്കാണ് ഏറ്റവും വലിയ വോട്ടു ബാങ്കുള്ളത് എന്നർത്ഥം.

2) എങ്ങിനെയാണ് ഈ വോട്ട് ബാങ്ക് അഭംഗുരം നിലനിന്നു പോരുന്നതെന്ന് നോക്കാം. പാർട്ടി സ്ഥാനാർത്ഥി ഒരു വൃത്തികെട്ടവനാണെന്നു വെക്കുക. ഏറ്റവും കൂടുതൽ വൃത്തികെട്ടവരെ മത്സരിപ്പിച്ചത് മറ്റേ പാർട്ടിയാണെന്ന് കണ്ടെത്തിയാൽ വോട്ടു ബാങ്കിൽ ഉറച്ചു നിൽക്കാം. സ്ഥാനാർത്ഥി കൊലക്കേസിൽ പെട്ടിട്ടുണ്ടെന്ന് വെക്കുക. മറ്റ് പാർട്ടികളും അത്തരക്കാരെ നിർത്തിയിട്ടുണ്ടെന്ന ന്യായീകരണം ചമച്ചാൽ വോട്ട് ബാങ്കായി തുടരാം.

അഴിമതിക്കേസിൽ ജയിലിൽ പോയവരെ മുന്നണിയിലെടുത്തുവെന്ന് വെക്കുക; എല്ലാവർക്കും നന്നാവാനുള്ള അവസരം കൊടുക്കേണ്ട എന്ന ന്യായം പറഞ്ഞ് വോട്ട് ബാങ്കായി തുടരാം.എന്തിനേറെ പറയുന്നു. മാതാപിതാക്കളെ കൊന്നവനാണ് സ്ഥാനാർത്ഥിയെങ്കിൽ 'അയാൾ ഇപ്പോൾ അനാഥനാണെന്നും അതു കൊണ്ട് അയാളെ സഹായിക്കണ്ടേ ' എന്നൊക്കെയുള്ള ചോദ്യങ്ങളുയർത്തി വോട്ടു ബാങ്കായി തുടരാം. ഇവ്വിധം ഏതെങ്കിലും ഒരു പാർട്ടിയുടെ വോട്ടു ബാങ്കായി തുടരുന്ന യുജിസി പണിക്കാരൻ മുതൽ തേപ്പുപ്പണിക്കാരൻ വരെ കൃത്യമായി 'ചിഹ്നം' നോക്കി വോട്ടു ചെയ്തിരിക്കും. അവിടെ വകതിരിവല്ല പാർട്ടിയോടും, പാർട്ടി കുടുംബത്തോടും, പാർട്ടി ഗോത്രത്തോടുമുള്ള കൂറാണ് വർക്ക് ചെയ്യുന്നത്.

പാർട്ടിയെ നിരന്തരമായി വിമർശിച്ച് ശല്യം ചെയ്യുന്നവരെ കൂടി ഈ ട്രൈബൽ മൈൻഡ് സെറ്റിലേക്കെത്താൻ വളരെ വളരെ എളുപ്പമാണ്. 'നിങ്ങൾ ജനിച്ചു വളർന്ന ഗോത്രത്തെ ശത്രു ആക്രമിച്ചു കീഴടക്കാൻ പോകുന്ന സമയമായിക്കഴിഞ്ഞു' എന്നൊന്ന് ബോധ്യപ്പെടുത്തിയാൽ മതി. അഹിംസയും മാനവികതയുമൊക്കെ അട്ടത്ത് വെച്ച് കൊലപാതകിക്ക് വോട്ടു ചോദിക്കുന്ന സ്വതന്ത്ര ചിന്തകനെയും യുക്തിവാദിയെയുമൊക്കെ നിങ്ങൾക്കപ്പോൾ നേരിട്ട് കാണാം.

3) വോട്ടു ബാങ്ക് മതം പോലാണ്. അത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല. അപ്പാപ്പനമ്മച്ചിയിൽ നിന്നും അപ്പനമ്മയിലേക്കും അവിടെ നിന്നും മക്കളിലേക്കും അത് കൈമാറ്റം ചെയ്യപ്പെടുന്നു. അതൊരു കുടുംബ സവിശേഷത കൂടിയാണ്. അതു കൊണ്ടു തന്നെ പാർട്ടി കുടുംബം എന്നാണ് അത്തരം വീടുകൾ അറിയപ്പെടുക. വാർക്കപ്പണി നടക്കുന്നിടത്ത് ചെന്ന് വീക്ഷിച്ചാൽ ഇതിന് നല്ലൊരുദാഹരണം കാണാം.വാർക്കുന്ന മിശ്രിതം ഒരാൾ ചട്ടിയിൽ കോരിയിട്ട് മറ്റൊരാൾക്ക് ഇട്ട് കൊടുക്കുന്നു. ചട്ടി വാങ്ങുന്ന ആൾ അതേ വേഗതയിൽ അടുത്ത ആൾക്ക് കൈമാറുന്നു. അങ്ങിനെ പല സ്റ്റെപ്പ് കൈമാറി കൈമാറി അത് ലക്ഷ്യത്തിലെത്തുന്നു.

ചട്ടി കൈമാറുന്ന ആരും ഒരിക്കലും ചട്ടിയിലേക്ക് നോക്കുന്നില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. വോട്ടു ബാങ്ക് പ്രവർത്തിക്കുന്നതും ഇതുപോലാണ്. കൈമാറി കൈമാറിയങ്ങു പോകുകയാണ്. നമ്മുടെ കയ്യിലൂടെ കടന്നുപോകുന്ന ചട്ടിയിൽ എന്ത് കോപ്പാണ് എന്ന് നോക്കുന്നില്ല. ഒരാൾ അത് നോക്കിയാൽ മൊത്തം സ്തംഭനം ഉണ്ടാകുമെന്ന് ചട്ടി കൈമാറുന്ന ഏവർക്കുമറിയാം. അതിനാൽ അവരതിന് ശ്രമിക്കുന്നില്ല. പകരം ചട്ടിയെ പറ്റിയും താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ചട്ടിയിലെ കോപ്പിനെ പറ്റിയും മറ്റുള്ളവരോട് തള്ളി മറിച്ച് മഹത്വപ്പെടുത്തുന്നു.

4) വോട്ടു ബാങ്കിന്റെ ഭാഗമായ ഒരാൾക്ക് അയാളൊരു വോട്ടു ബാങ്കാണെന്ന് പലപ്പോഴും മനസ്സിലാകാറില്ല. മറ്റുള്ളവരെ മന്ദബുദ്ധികളായും ഉറച്ച നിലപാടില്ലാത്തവരുമായുമൊക്കെ കളിയാക്കി അയാളുടെ ജീവിതം മുന്നോട്ടു പോകുന്നു. ഇങ്ങിനെ ജീവിച്ചു 70 വയസ്സ് തികഞ്ഞ ഏതൊരു വ്യക്തിയും സ്വയം വിലയിരുത്തിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തന്റെ ജീവിത കാലയളവിലെ നാല്പതോളം തെരഞ്ഞെടുപ്പുകളിലെല്ലാം താൻ വോട്ടു രേഖപ്പെടുത്തിയത് ഒരൊറ്റ പാർട്ടിക്കോ ആ പാർട്ടി ഉൾപ്പെടുന്ന മുന്നണിക്കോ മാത്രമായിരുന്നെന്ന്. അതാതു കാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ വിവേകപൂർവ്വം വിശകലനം ചെയ്ത് വിവിധ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതിനു പകരം 'ഒരന്തം വോട്ടു ബാങ്കായി ' ജീവിതം ജീവിച്ചു തീർത്ത ഒരാളായിരുന്നു താനെന്ന്.

ജനങ്ങളെ മുഴുവൻ ഓരോ വോട്ടു ബാങ്കിന്റെ ഭാഗമായി മാത്രം കാണുന്നു എന്നു ഇതാണ് ഇത്തരം ആളുകളുടെ മറ്റൊരു പ്രത്യേകത .എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഇങ്ങിനെ ആളുകളെ വിഭജിക്കുന്നതുകൊണ്ടുള്ള ഗുണം. മൂന്ന് പേർ മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ തോൽവിക്ക് കാരണം മൂന്നാമതെത്തിയ കക്ഷി ജയിച്ച പാർട്ടിക്ക് വോട്ടു മറിച്ചു കൊടുത്തതാണ് എന്ന് വിശദീകരിക്കാം. അതിനായി കണക്കുകൾ നിരത്താം. അതോടെ തെല്ലൊരാശ്വാസം വോട്ടുകുത്തിക്ക് ലഭിക്കും.

5) സത്യത്തിൽ ആരാണ് ഒരു ജനാധിപത്യ ക്രമത്തെ വികസിതമാക്കും വിധം ഇടപെടുന്നത്? അതു വോട്ടു ബാങ്കാകാൻ സമ്മതിക്കാതെ പിടിച്ചു നിന്ന സാധാരണ മനുഷ്യരല്ലാതെ മറ്റാരുമല്ല. കാലാകാലങ്ങളിൽ അവർ അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് മാറി മാറി വോട്ടു ചെയ്യുന്നതു കൊണ്ടാണ് ഭരണമിടക്കൊന്നു മാറുന്നതും വ്യവസ്ഥിതിക്കൊരു ചലനം ഉണ്ടാകുന്നതും .

വോട്ടു ബാങ്ക് എന്നത് ആധുനിക അടിമത്തം തന്നെയാണ്. അതിന്റെ ഭാഗമായവർ അതറിയുന്നില്ലെങ്കിലും !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP