Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യൻ വനിതകൾക്ക് നിലയും വിലയുമൊക്കെ ലഭിച്ച ദിവസമാണ് 1986 ഫെബ്രുവരി 24; എത്രപേർക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം എന്നറിയില്ല; 'കോട്ടയം ത്സാൻസി റാണി' എന്ന മേരി റോയ് ദീർഘമായ നിയമ യുദ്ധം നടത്തി പിതാവിന്റെ സ്വത്തിൽ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്; റോയ് മാത്യു എഴുതുന്നു

ക്രിസ്ത്യൻ വനിതകൾക്ക് നിലയും വിലയുമൊക്കെ ലഭിച്ച ദിവസമാണ് 1986 ഫെബ്രുവരി 24; എത്രപേർക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം എന്നറിയില്ല; 'കോട്ടയം ത്സാൻസി റാണി' എന്ന മേരി റോയ് ദീർഘമായ നിയമ യുദ്ധം നടത്തി പിതാവിന്റെ സ്വത്തിൽ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്; റോയ് മാത്യു എഴുതുന്നു

റോയ് മാത്യു

 കേരളത്തിലെ ക്രിസ്ത്യൻ വനിതകൾക്ക് നിലയും വിലയുമൊക്കെ ലഭിച്ച ദിവസമാണ് 1986 ഫെബ്രുവരി 24. എത്രപേർക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം എന്നറിയില്ല. ആത്മാഭിമാനവും തന്റേടവും മാത്രം കൈമുതലായി ഉണ്ടായിരുന്ന 'കോട്ടയം ത്സാൻസി റാണി' എന്ന മേരി റോയ് ദീർഘമായ നിയമ യുദ്ധം നടത്തി പിതാവിന്റെ സ്വത്തിൽ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്.കേരളത്തിലെ ക്രൈസ്തവ വനിതകളുടെ ജാതകം തന്നെ തിരുത്തിക്കുറിച്ച വിധിയായിരുന്നു ഇത്. മേരി റോയ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിന്റെ വിധി തുല്യാവകാശ പോരാട്ടത്തിലെ നിർണായക ചുവട് വെയ്‌പ്പാണ്.

1916-ലെ തിരുവിതാംകൂർ-കൊച്ചി ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അസ്സാധുവാക്കി കൊണ്ട് സുപ്രീം കോടതി 1986 ഫെബ്രുവരി 24-ന് ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്താവം നടത്തി.വിധി പ്രസ്താവം അടിച്ചു വന്ന ഇന്ത്യൻ എക്സ് പ്രസ് പത്രമിന്നും ഒരു ചരിത്ര രേഖയായി എനിക്കൊപ്പമുണ്ട്. അത്രമേൽ ചരിത്ര പ്രാധാന്യമുള്ള സംഭവമാണിത്.വിൽപത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 1951 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവായത്. 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മാത്രമാണ് ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നുമായിരുന്നു ആ വിധി. നിയമ ചരിത്രത്തിൽ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലെ നാഴിക കല്ലായിരുന്നു ആ വിധി.

1984-ലാണ് പിതൃസ്വത്തിൽ സ്ത്രീകൾക്കും തുല്യാവകാശമുണ്ടെന്ന് കാട്ടി മേരി റോയ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭ ബിഷപ്പുമാരും സഭാ നേതാക്കളും മേരി റോയിയുടെ നിയമപോരാട്ടത്തിനെതിരെ യോജിക്കുകയും, അവരെ ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചു. അതാണല്ലോ സഭകളുടെ പതിവ്. അപവാദം പറഞ്ഞ് തകർക്കുക എന്നതാണ് ഇവമ്മാരുടെ പ്രധാന പണി .അസമിലെ തേയില തോട്ടത്തിലെ മാനേജറായിരുന്ന റെജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ അമിതമായ മദ്യപാനം മൂലം ദാമ്പത്യം പാതിവഴിയിൽ ഉപേക്ഷിച്ച് മേരി റോയി രണ്ട് കുട്ടികളുമൊത്ത് പിതാവിന്റെ ഊട്ടിയിലുള്ള ക്വാട്ടേഴ്‌സിൽ താമസം തുടങ്ങി. അപ്പന്റെ വീട് മേരി കൈവശപ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരൻ ജോർജ് മേരിയോട് വീട്ടിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനെ തുടർന്ന് ഗുണ്ടകളെ ഉപയോഗിച്ച് ബലമായി ആ വീട്ടിൽ നിന്നുമിറക്കി. ഇതായിരുന്നു പിതൃസ്വത്തിന് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കാൻ മേരി റോയിയെ പ്രേരിപ്പിച്ചത്.

അറുപതുകളുടെ പകുതി മുതൽ കീഴ്‌കോടതികളിൽ നിന്നാരംഭിച്ച നിയമ പോരാട്ടം 1984-ൽ സുപ്രീം കോടതി വരെ എത്തി. മേരി റോയ് ഒറ്റയ്ക്ക് നയിച്ച യുദ്ധമായിരുന്നു അത്.യാഥാസ്ഥിതികതയും പുരുഷമേധാവിത്വവും പൗരോഹിത്യവും മറ്റ് സ്ഥാപിത താൽപര്യങ്ങളും കൂടി കലർന്ന ഒരു സമൂഹത്തോടായിരുന്നു മേരി റോയ് പോരാടിയത്. 'എനിക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാൻ കോടതിയിൽ പോയത്. അനീതിക്കെതിരെയായിരുന്നു എന്റെ പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ നിലനിൽക്കുന്നുവെന്നത് ഒരു വിരോധാഭാസമായിരുന്നു'. മേരി റോയ് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

സുപ്രീം കോടതി വിധിയോടെ ക്രൈസ്തവ സമുദായം തകരുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. വിധിക്ക് മുൻകാല പ്രാബല്യമുള്ളതുകൊണ്ട് സ്ത്രീകളൊക്കെ അവകാശം സ്ഥാപിക്കാൻ കോടതിയിൽ പോകുമെന്നും കുടുംബങ്ങളിൽ അസ്വസ്ഥതയുണ്ടാകുമെന്നൊക്കെ പള്ളികളിൽ വൈദികർ വിളിച്ചു പറഞ്ഞു. മനോരമയും ദീപികയും മേരി റോയിയെ പ്രതിസ്ഥാനത്ത്. നിർത്തിക്കൊണ്ട് ഒട്ടേറെ കഥകൾ പടച്ചു, വില്ലത്തിയായി ചിത്രീകരിച്ചു കൊണ്ട്.പാലായിലും കോട്ടയത്തും ചില കാഞ്ഞ പുത്തിയുള്ള മിടുമിടുക്കന്മാരായ അച്ചായന്മാർ ബാങ്കുകളിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാതിരിക്കാൻ പെങ്ങമ്മാരെ കൊണ്ട് പണയ വസ്തുവിവേൽ അവകാശ വാദമുന്നയിച്ച് കേസു കൊടുപ്പിച്ചു. ഇതോടെ പല ബാങ്കുകളും പുലി വാലു പിടിച്ചു. ക്രിസ്ത്യാനികളുടെ വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിന് എസ്‌ബിറ്റി , എസ്‌ബിഐ ബാങ്കുകൾ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

പള്ളിയും പട്ടക്കാരും ഈ അവസ്ഥയിൽ സമർത്ഥമായി ഇടപ്പെട്ടു. കൂട്ടത്തിൽ, അന്നത്തെ നിയമ- ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണിയും പള്ളിയോടൊപ്പം കൂടി. 1994-ൽ സുപ്രീം കോടതി വിധിയിലെ മുൻകാല പ്രാബല്യം മറികടക്കാനായി കേരള നിയമസഭയിൽ ഒരു പുതിയ ബിൽ സർക്കുലേറ്റ് ചെയ്തു.

' ദ ട്രാവൻകൂർ ആൻഡ് കൊച്ചിൻ ക്രിസ്ത്യൻ സക്‌സസെഷൻ (റിവൈവൽ ആൻഡ് വാലിഡേഷൻ) ബിൽ 1994 ' എന്ന പേരിൽ ബില്ല് സർക്കുലേറ്റ് ചെയ്‌തെങ്കിലും അന്നത്തെ ഭരണമുന്നണിയിലെ 25-ലധികം എംഎൽഎമാർ ബില്ലിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു. അത്യന്തം സ്ത്രീ വിരുദ്ധമായ ബില്ല് എന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം. ബില്ലിന് രാഷ്ട പതിയുടെ അംഗീകാരം ലഭിച്ചില്ല. അതിപ്പോഴും ത്രിശങ്കു സ്വർഗത്തിൽ.

മേരി റോയിയോട് കേരള സമൂഹം പ്രത്യേകിച്ച് സ്ത്രീകൾ വേണ്ടത്ര ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കമുണ്ട്. ഇവിടെ ഇപ്പോൾ തുല്യതയ്ക്കു വേണ്ടി ചില ചപ്പടാച്ചി സമരങ്ങളും താത്വിക ന്യായങ്ങളും ചമക്കുന്നവർക്കിടയിൽ നിന്ന് വ്യത്യസ്തമായിരുന്നു മേരി റോയി.സംഘടിത വനിത സംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും മേരി റോയിയുടെ പോരാട്ടത്തെക്കുറിച്ച് വേണ്ടത്ര അറിവ് നേടിയോ എന്നു പോലും സംശയമുണ്ട്.ജെന്റർ പീനങ്ങളിൽ മേരി റോയിയുടെ ചരിത്ര പരമായ ഇടപെടലിനെക്കുറിച്ച് കാര്യമായ പീനങ്ങൾ നടക്കുന്നുണ്ടോ എന്നാർക്കറിയാം? അത്തരം അറിവ് തേടലുകൾ നടക്കുന്നുണ്ടെങ്കിൽ നല്ലകാര്യം.

എന്തായാലും ഫെബ്രുവരി 24 , ക്രിസ്ത്യൻ സ്ത്രീകൾ നുകങ്ങളിൽ നിന്ന് മോചനം നേടിയ ദിനമാണ്. അവരു പോലും മറന്നു പോയ ദിനത്തിൽ മേരി റോയിയെ ഓർക്കാതിരിക്കാൻ വയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP