Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു

രോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു

 ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം തന്നെയായിരുന്നു രോഹിത് വെന്മുല. അദ്ദേഹം സ്വന്തം മരണത്തിലൂടെ പുതിയ രാഷ്ട്രീയം രചിക്കുകതന്നെയായിരുന്നു. നാളിതുവരെ ദളിതർക്കു എന്തൊക്കെയോ സഹായം ചെയ്യുന്നരൂപത്തിൽ ആയിരുന്നു സർക്കാരുകൾ പെരുമാറിയിരുന്നത്.അവർക്ക് മനുഷ്യർ എന്ന രൂപത്തിൽ അവകാശങ്ങൾ ഉണ്ട് എന്ന് അംഗീകരിച്ചിരുന്നില്ല സംവരണം പോലും മറ്റു സമുദായക്കാരുടെ , രാഷ്ട്രീയനേതാക്കളുടെ ,സർക്കാരിന്റെ ഔദാര്യം എന്ന രൂപത്തിൽ ആയിരുന്നു കണ്ടിരുന്നത്. മറിച്ചു ദളിതർക്ക് മനുഷ്യരായി ജീവിക്കാൻ അവകാശം ഉണ്ട് എന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല

ആ ചോദ്യമാണ് രോഹിത് വെന്മുല നമ്മളോട് ചോദിച്ചത്.ആ പ്രശ്‌നമാണ് പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ചത്. ശാസ്ത്രത്തിന്റെയും വിഞ്ജാനത്തിന്റെയും അനന്തവിഹായസിൽ പറന്നുയരാൻ ശേഷിയുള്ള, ആഗ്രഹമുള്ള ആ കുട്ടിക്ക് സ്വന്തം ശരീരം അഥവാ സ്വന്തം ജാതി , സ്വന്തം സമുദായം, സമൂഹത്തിലെ ഉച്ചനീചത്തങ്ങൾ വലിയ തടസമായിയിരുന്നു. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ആ ശരീരം ഉപേക്ഷിച്ചു അദ്ദേഹത്തിന് ഈ ലോകം വിട്ടുപോകേണ്ടിവന്നത്.

രോഹിത് വെമൂലക്കെതിരായ പുതിയ പ്രചരണങ്ങൾ കുറേകാലം നമ്മുടെ നാട്ടിൽ സംഘപരിവാറുകാർ നടത്തി. ഇന്ത്യ ഭരിക്കുന്ന അവരെ സംബന്ധിച്ചടത്തോളം ദളിതർ എപ്പോഴും പീഡിപ്പിക്കപ്പെടേണ്ട ആളുകൾ ആണ് എണ്ണം കൂട്ടാൻ ഹിന്ദു എന്ന പേരിൽ ഉള്‌പെടുത്തിയെങ്കിലും അവരെ മനുഷ്യരായി അംഗീകരിച്ചിരുന്നില്ല. കുലത്തൊഴിൽ പോലും ചെയ്യാൻ അവർക്കു അനുമതിനല്കിയിരുന്നില്ല ചത്ത പശുവിന്റെ തോലുരിക്കാൻ ശ്രമിച്ച ദളിതർക്ക് മരണശിക്ഷവിധിച്ച സംഘപരിവാർ രാഷ്ട്രീയമാണ് നാം കാണുന്നത് അതുകൊണ്ടു തന്നെ
രോഹിത് വെന്മുലയിൽ നിന്നുയർന്നു, വിവിധ കാമ്പസുകളിലേക്കി പടർന്നു, ജിഗ്‌നേഷ് മേവാനിയെപോലെയുള്ള പുതിയ നേതൃത്വങ്ങളെ ഉയർത്തിക്കൊണ്ടുവന്ന ആ രക്തസാക്ഷിത്തം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ മുഖങ്ങൾ തുറക്കുകതന്നെയാണ് ഇതുവരെ അവകാശങ്ങൾ എന്നറിയാതെ സൗ ജന്യങ്ങൾ ക്കു വേണ്ടി വാദിച്ചിരുന്നവർ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ തീരുമാനിക്കുന്ന അവസ്ഥയിൽ എത്തിച്ചു. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാൻ നമ്മുടെ രാജ്യത്തു ഒരു രക്തസാക്ഷി വേണ്ടിവന്നു എന്നതാണ് പ്രധാന പ്രെശ്‌നം.

ഇവിടംകൊണ്ട് പ്രശ്‌നങ്ങൾ തീരുന്നില്ല നാടുനീളെ രോഹിത് വെമൂലയുടെ ചിത്രം വച്ച് ഇടതുപക്ഷം വലിയൊരു വഞ്ചനയാണ് നടത്തുന്നത് എന്ന് പറയേണ്ടതുണ്ട് കാരണം ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കി എന്ന് പറയുന്ന കേരളത്തിൽ പോലും ദളിതർക്കു ഭൂമിയെന്നുള്ളത് വിദൂരതയിൽ ഉള്ള സ്വപനം മാത്രമായി അവശേഷിക്കുന്നു. രാജ്യത്തെ 26000 ൽ പരം കോളനികളിലായി അവർ ജീവിക്കുന്നു. മരിച്ചാൽ ശവമടക്കാൻ സ്വന്തം അടുക്കളയല്ലാതെ മറ്റു ഭൂമിയില്ലാത്തവരായി.ഭൂമിയില്ലാത്തതിനാൽ തന്നെ പൊതു സമൂഹത്തിൽ മറ്റു സമുദായങ്ങൾക്കുള്ള സ്ഥാപനങ്ങൾ ( സ്‌കൂൾ, കോളേജ്, ആശുപത്രി, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും) ദളിതരുടെ ഉടമസ്ഥതയിൽ ഇല്ലാ എന്ന സത്യം ഇടതുപക്ഷം എന്നെങ്കിലും അംഗീകരിക്കുമോ? പ്രവാസികളിൽ ഒരു ശതമാനം പോലും ജനസംഖ്യയിൽ 15 ശതമാനം വരുന്ന ഇവർക്കില്ലാതായതെന്തു കൊണ്ട്? ചോദ്യങ്ങൾ ഇനിയും നിരവധിയാണ്.

ഭൂമിസമരങ്ങളിൽ ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടെതാകും എന്ന് മുദ്രാവാക്യം വിളിച്ചു നടന്ന അവരെ വഞ്ചിച്ചതാരാണ്? അവർക്കു നൽകുമെന്ന് വാഗ്ദാനം നൽകിയ ലക്ഷക്കണക്കിന് ഏക്കർ മിച്ചഭൂമി എവിടെ പോയി സഖാക്കളെ? കേരളത്തിൽ കൃഷിഭൂമിക്കു വേണ്ടി ദളിതർ നടത്തിയ സമരങ്ങളെ അപഹസിച്ചും ഉപരോധിച്ചും ചോരയിൽ ഞെക്കിക്കൊല്ലാൻ ശ്രമിച്ചത് ഇടതുപക്ഷമല്ലേ? ചെങ്ങറയും അരിപ്പയും കേരളത്തിൽ തന്നെയാണ്.

ഭൂപരിഷകരണത്തിൽ നിന്നും ഇളവ് നേടിയ എസ്‌റേറ്റുകളിൽ സ്വദേശി വിദേശി കമ്പനികൾ ഭൂമിക്കു പാട്ടം നല്കാതിരിക്കുമ്പോഴും കാലാവധി തീർന്നിട്ടും കൈവശം വച്ചിരിക്കുമ്പോഴും തൊഴിലാളിക്ക് കൂലി കൊടുക്കാതിരിക്കുമ്പോഴും ആ ഭൂമി മുറിച്ചും മറിച്ചും വിൽക്കുമ്പോഴും അതിനെ പിന്തുണക്കുന്നവർ , ആ ഭൂമിയുടെ യാത്ഥാർത്ഥ അവകാശികൾ ചോദിക്കുമ്പോൾ ഉപരോധിക്കുന്നു. ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാനാണ് ഇടതുപക്ഷത്തിന്റെയും ഇടപെടൽ.

രോഹിത് വെന്മുലയും ജിഗ്‌നേഷ് മേവാനിയും ചോദിക്കുന്നത് ഭൂമി അടക്കമുള്ള വിഭവങ്ങളിൽ അധികാരമാണ്. അവരെ ഇനിയും കേവലം മൂന്നു സെന്റിലോ ലക്ഷം വീട്ടിലോ തളച്ചിടാൻ ശ്രമിക്കുന്നതാരാണ്? അവർ കൃഷിഭൂമി ചോദിക്കുമ്പോൾ, ഭൂപരിഷ്‌കരണത്തിലെ പിഴവുകൾ തിരുത്താൻ വീണ്ടും ഭൂപരിഷ്‌കരണം നടത്തണം എന്ന ശരിയായ മുദ്രാവാക്യം ഉയർത്തുമ്പോൾ ഇനി ഭൂപരിഷ്‌കരണം എന്ന വാക്കു മിണ്ടുന്നതു തന്നെ തെറ്റാണെന്നു വാദിക്കുന്നതാരാണ്? അവർ തന്നെ രോഹിതിന്റെ പടം വച്ചുകൊണ്ട് ഒഴുക്കുന്നത് മുതലക്കണ്ണീരല്ലേ ?

എന്ത് ചോദിച്ചുകൊണ്ടാണ് രോഹിത് ഇടതുപക്ഷത്തെ വിട്ടുപോയത് എന്നെങ്കിലും പറയാൻ ഇവർക്ക് ബാധ്യതയില്ല? സ്വകാര്യ കോർപ്പറേറ്റു മേഖലയിൽ ദളിതർക്കു സംവരണം വേണമെന്ന വാദം ഉന്നയിച്ച ഇടതു പക്ഷമടക്കമുള്ളവർ സ്വന്തം പാർട്ടി നേതൃത്വങ്ങളിൽ എന്തേ ദളിതർ ഇല്ലാത്തതു എന്ന ചോദ്യത്തിന് , 'ശേഷിയുള്ളവർ ഇല്ലാത്തതിനാൽ ' എന്ന കോർപ്പറേറ്റു മറുപടി തന്നെ നൽകുന്നതിന്റെ യുക്തിരാഹിത്യമാണ് രോഹിത് തുറന്നു കാട്ടിയത്.

ഇക്കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ എച് എം ടി കോളനിയിൽ ഒരു ദളിത് കുടുംബത്തെ അതിക്രൂരമായി ആക്രമിച്ചത് ഡി വൈ എഫ് ഐ ക്കാരാണെന്ന സത്യം ലോകം മുഴുവൻ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു കൊണ്ട് വെമുല ദിനം ആചരിക്കുമ്പോൾ കേരളം ഇതെല്ലാം ഓർക്കുന്നു. രോഹിത് വെന്മുല ഉയർത്തിയ മുദ്രാവാക്യത്തെ മറച്ചു പിടിക്കുക വഴി സി പി എം അദ്ദേഹത്തെ അപമാനിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP