Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടി അപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്ന പോലെയാണ്; ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്, അതിശക്തമായ മഴ; 24ൽ ആരായിരുന്നു പുഴയും മലയും കൈയേറിയത്; ഇതെല്ലാം വെറും പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ മാത്രമാണ്; പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും ജീവിച്ചത്; രജീഷ് പാലവിള എഴുതുന്നു

പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടി അപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്ന പോലെയാണ്; ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്, അതിശക്തമായ മഴ; 24ൽ ആരായിരുന്നു പുഴയും മലയും കൈയേറിയത്; ഇതെല്ലാം വെറും പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ മാത്രമാണ്; പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും ജീവിച്ചത്; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

നത്തമഴ മൂലമുണ്ടായ കടുത്ത കെടുതികൾ നേരിടുകയാണ് കേരളം. നമ്മുടെ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകയാണ്. അണക്കെട്ടുകളിലേക്ക് കൂടുതൽ ജലം ഒഴുകിയെത്തിയതും വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ തുടർന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കി. മുല്ലപ്പെരിയാർ ഉൾപ്പടെയുള്ള അണക്കെട്ടുകൾ തുറക്കേണ്ട അവസ്ഥ വന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരത്തിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്താനും കൂടുതൽ വെള്ളം ഒഴുക്കിക്കളയാനും നമ്മൾ നിർബന്ധിതരായി.

ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നുകിടക്കുന്നു. ഇതിൽ നിന്നെല്ലാം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കേരളത്തിന്റെ ഒട്ടനവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും മുക്കിക്കളഞ്ഞു. സമാന്തരമായി സംഭവിച്ച ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തെ കൂടുതൽ ഭീകരമാക്കി. ഇതിനകം അനവധി ജീവനുകൾ പൊലിഞ്ഞു. അനേകംപേരെ കാണാതെയായി. ഗുരുതരമായ പരിക്കുകളോടെ നിരവധിപേർ ആശുപത്രികളിലായി. ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസക്ക്യാമ്പുകളിൽ അഭയംതേടി.

രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ നെടുമ്പാശ്ശേരി അടച്ചിടേണ്ടിവന്നു.മെട്രോ റെയിൽ ഗതാഗതം പൂർണ്ണമായി നിർത്തലാക്കി.റോഡ് ഗതാഗതം പലയിടങ്ങളിലും നിശ്ചലമായി.പാളങ്ങളിൽ മണ്ണിടിഞ്ഞതും വെള്ളം കയറിയതുംമൂലം ട്രെയിൻ ഗതാഗതവും താറുമാറായി.പൊലീസും ഫയർ ഫോഴ്സും ദുരന്തനിവാരണസേനയും സൈന്യവും സന്നദ്ധപ്രവർത്തകരും നാട്ടുകാരും എല്ലാം ചേർന്ന് രാപകലില്ലാതെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. അത്തരത്തിൽ കേരളത്തിന്റെ മുഴുവൻ ജീവിതചലനങ്ങളും തകിടം മറിച്ചു കൊണ്ടാണ് മഴ താണ്ഡവമാടിയത്. കണക്കാക്കാൻ കഴിയാത്ത നാശനഷ്ടങ്ങൾ. ഏറെ അധ്വാനവും സമ്പത്തും വേണ്ടുന്നതാണ് നമ്മുടെ ഉയർത്തെഴുന്നേൽപ്പ് .അതിനുവേണ്ടി നമ്മൾ ഒരുമിച്ചു പ്രവർത്തിക്കുകയാണ്.

വില്ലനായത് കേരളചരിത്രത്തിലെ റെക്കോർഡ് മഴ!

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിശക്തമായ ന്യൂനമർദ്ദം മൂലം കേരളത്തിൽ പെയ്തിറങ്ങിയത് അപ്രതീക്ഷിതമായ മഴയാണ്. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജൂൺ ഒന്നിനും ഓഗസ്റ്റ് പതിനാറിനുമിടയിൽ തെക്ക്പടിഞ്ഞാറൻ മൺസൂൺ കൊണ്ടുവന്നത് 2,227.67 മില്ലിമീറ്റർ മഴയാണ്.സാധാരണ ലഭിക്കേണ്ട മഴയുടെ മുപ്പത്തിയെട്ടു ശതമാനം അധികമാണിത്. 1924ലെ വെള്ളപ്പൊക്കം കൊണ്ടുവന്നത് 3368 മില്ലി മീറ്റർ മഴ ആയിരുന്നു .കേരളചരിത്രത്തിലെ റെക്കോർഡ് മഴ!

മൺസൂൺ മഴയെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിൽ പെയ്യുന്ന മഴയുടെ ശരാശരി ഉയരുന്നതായിട്ടാണ്. 2013ലാണ് അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും അധികം മഴപെയ്തത് അത് 2,561.2മില്ലിമീറ്റർ ആയിരുന്നു. ഭാവിയിൽ മഴയുടെ ലഭ്യത ഇത്തരത്തിൽ കൂടിവരാനുള്ള സാധ്യതയെ നാം ഗൗരവമായെടുക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് നാം നേരിടുന്ന മഴക്കെടുതി ഭാവിയിൽ എത്രത്തോളം കുറയ്ക്കാമെന്നും എങ്ങനെയെല്ലാം നമുക്ക് സുരക്ഷിതരാവാം എന്നുമാണ് ഈ പാഠങ്ങളിൽ നിന്നും നാം പഠിച്ചുതുടങ്ങേണ്ടത്

സോഷ്യൽ മീഡിയയിൽ നടക്കുന്നത് പരിസ്ഥിതി മൗലികവാദം

അതിനിടയിൽ പലതരം അതിശയോക്തികളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതിലെ ഏറെക്കുറെ ''അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന'' ഒന്നാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതാണ് കേരളം നേരിടുന്ന പ്രളയക്കെടുതിക്ക് കാരണമെന്നത്! പരിസ്ഥിതി മൗലികവാദികൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ പ്രചാരമാണ് ഇതിനു നൽകുന്നത്. മാധവ് ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ കേരളം കാലാവസ്ഥാപരമായി ഒരു സുരക്ഷിത സംസ്ഥാനമാകുമെന്ന് പറയുന്നത് കേവലം അതിശയോക്തിപരം മാത്രമല്ല മറിച്ച് പാരിസ്ഥിതിക അന്ധവിശ്വാസം കൂടിയാണ്! ഇക്കാര്യത്തിൽ 'പ്രമുഖരായ' പലരും പൊടിപ്പും തൊങ്ങലും ചേർത്തെഴുതിയ കുറിപ്പുകളും ലൈവ് വീഡിയോകളും കരച്ചിലുകളും സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രചരിക്കുന്നുണ്ട്. ചുരുക്കത്തിൽ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയതിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയുടെ അരിശം ചെറുതല്ല.

ഈ പാരിസ്ഥിതിക അന്ധവിശ്വാസത്തെ കേട്ടപാടെ കേൾക്കാത്തപാടെ പല ആളുകളും വെള്ളംതൊടാതെ വിഴുങ്ങുകയാണ്. പ്രളയദുരിതത്തിൽ പെട്ടിരിക്കുന്ന സാധുജനതയെ അവർ കുറ്റവാളികളാക്കി. പുഴയുടേയും മഴയുടേയും ഡി.എൻ.എ ടെസ്റ്റ് നടത്തി കവിതകളെഴുതി! സത്യത്തിൽ മഴയും മാധവ് ഗാഡ്ഗിലും തമ്മിലെന്താണ് ബന്ധം? പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടിയപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്നപോലെ പരിഹാസ്യമായ കാര്യമാണ്. ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്.അതിശക്തമായ മഴ!

ഓർക്കുക 24ൽ പ്രകൃതി എത്ര സൗഹാർദപരമായിരുന്നു!

1924ൽ വെള്ളപ്പൊക്കത്തെക്കുറിച്ച് പറഞ്ഞും അറിഞ്ഞും കേട്ട അറിവുകളാണ് നമുക്കുള്ളത്. കേട്ടിടത്തോളം അതൊരു ഭീകരമായ അവസ്ഥയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തചിത്രം. എല്ലാം കുത്തിയൊലിപ്പിച്ച് അലറിയൊഴുകിയ പുഴകൾ അന്ന് കൊന്നുമുടിച്ചതിന് പ്രത്യേകിച്ച് കണക്കുകളില്ല. പുഴയോ മലയോ ''കയ്യേറിയവ''രായിരുന്നില്ല ആ ദുരന്തത്തിൽ പെട്ടവർ !അന്ന് പുഴകൾ ഒഴുകിയ വഴികളിൽ ഇന്നുള്ളത്ര തടസ്സങ്ങളില്ലായിരുന്നു. പുഴയെ തടയുന്ന മാലിന്യമലകളില്ലായിരുന്നു! ''പ്രകൃതിയെ ചൊടിപ്പിക്കാൻ'' കൂറ്റൻ ഫ്ളാറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളുമില്ലായിരുന്നു. എന്നിട്ടും കരകവിഞ്ഞൊഴുകി! അന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വന്നപ്പോൾ 'കരിന്തിരിമല 'യെന്നൊരു മല തന്നെ ഒലിച്ചുപോയെന്ന് ചരിത്രം പറയുന്നു. ഏതാണ്ട് മൂന്നാഴ്ചകൾ പെയ്തു തകർത്ത ആ മഴ കേരളത്തിന്റെ ജനജീവിതത്തെ തകർത്തുടച്ചു.

പട്ടിണിയും പരിവട്ടവും കൊണ്ട് ആളുകൾ ഏറെക്കാലം നട്ടം തിരിഞ്ഞു. ഏതാണ്ട് തൊണ്ണൂറ്റിന്നാലാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെ അന്തരീക്ഷം ഇന്നത്തേതുമായി നോക്കുമ്പോൾ എത്രയോ ''പ്രകൃതി സൗഹാർദ്ദപരമായിരുന്നു!'' എന്നിട്ടും ആ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു. കാരണം മറ്റൊന്നുമായിരുന്നില്ല അന്ന് കേരളത്തിൽ പെയ്തത് റെക്കോഡ്് മഴയായിരുന്നു!

അങ്ങനെ സർവ്വസംഹാരിയാവാൻ കഴിയുന്ന മഴയെ എല്ലാ കാലത്തും നാം പ്രതീക്ഷിക്കേണ്ടതുണ്ട് .അതിനെ എങ്ങനെയെല്ലാം നേരിടണം എന്ന് പഠിക്കേണ്ടതുണ്ട്. പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും എവിടെയും ജീവിച്ചത്.ഈ കുറിപ്പ് ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകളെ കുറിച്ചുള്ള വിലയിരുത്തലല്ല. മറിച്ച് മൺസൂൺ മഴയുടെ പ്രതിഭാസങ്ങളെ പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ കൊണ്ട് മറച്ചുവയ്ക്കുകയും ആ മേഖലയിൽ നടക്കേണ്ടതായിട്ടുള്ള പഠനങ്ങളെയും ചർച്ചകളെയും വഴിതെറ്റിച്ചുവിടുന്നതിനെക്കുറിച്ചുമാണ്. ഈ മഴക്കെടുതിയിൽ വലയുന്നവരോട് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് എന്ന് പറഞ്ഞുപരത്തുന്നവരോട് ചോദിക്കാനുള്ളത്, കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും മാധവ് ഗാഡ്ഗിലും തമ്മിൽ എന്താണ് ബന്ധമെന്നാണ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP