Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജാവിന്റെ മകന്റെ കഥ തമ്പി കണ്ണന്താനം ആദ്യം പറയുന്നത് അന്ന് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന നടനോടായിരുന്നു; മൂന്ന് സിനിമകൾ എടുത്ത് പരാജയപ്പെട്ട തമ്പി കണ്ണന്താനത്തിനോട് 'പോയി സംവിധാനം പഠിച്ചിട്ട് വരൂ' എന്നാണ് നടൻ പറഞ്ഞത്; കണ്ണന്താനം പിന്നീട് സമീപിച്ച നടൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരം; രാജാവിന്റെ മകൻ: 33 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു

രാജാവിന്റെ മകന്റെ കഥ തമ്പി കണ്ണന്താനം ആദ്യം പറയുന്നത് അന്ന് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന നടനോടായിരുന്നു; മൂന്ന് സിനിമകൾ എടുത്ത് പരാജയപ്പെട്ട തമ്പി കണ്ണന്താനത്തിനോട്  'പോയി സംവിധാനം പഠിച്ചിട്ട് വരൂ' എന്നാണ് നടൻ പറഞ്ഞത്; കണ്ണന്താനം പിന്നീട് സമീപിച്ച നടൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരം; രാജാവിന്റെ മകൻ: 33 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്

 'മലയാള സിനിമയിലെ ഏറ്റവും വലിയ താരം പിറന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ''

July 17 1986...

'രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്?' ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്...പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു,

' Prince'',
'രാജകുമാരൻ''
'രാജാവിന്റെ മകൻ''

Yes Iam a Prince...underworld prince..

അധോലോകങ്ങളുടെ രാജകുമാരൻ..'എന്നും പറഞ്ഞ് തമ്പി കണ്ണന്താനത്തിന്റെയും ഡെന്നിസ് ജോസഫിന്റെയും വിൻസന്റ് ഗോമസ് എന്ന ആ രാജകുമാരൻ വന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ... അതെ, മോഹൻലാൽ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം പിറന്നിട്ട്
ഇന്നേക്ക് 33 വർഷങ്ങൾ...

മോഹൻലാൽ, എടുത്ത് പറയത്തക്ക ആകാരഭംഗിയൊന്നും ഇല്ലാതെ, അല്പം സ്‌ത്രൈണതയുള്ള വില്ലനായി 1980 ഡിസംബറിൽ അരങ്ങേറ്റം കുറിച്ച നടൻ....പിന്നീട് ഒരുപാട് വില്ലൻ വേഷങ്ങൾ, വില്ലനിൽ നിന്നും സ്വഭാവ നടനിലേക്ക്, സഹനടനിലേക്ക്, സഹനടനിൽ നിന്നും നായക വേഷങ്ങളിലേക്ക്...അതും കോമഡി ചെയ്യുന്ന നായക വേഷങ്ങൾ...മലയാള സിനിമയിൽ നായക കഥാപാത്രങ്ങൾ സ്വാഭാവികമായി കോമഡി ചെയ്തു തുടങ്ങിയത് വില്ലനായി അരങ്ങേറ്റം കുറിച്ച മോഹൻലാലിലൂടെയാണ് എന്നത് കൗതുകകരമായ ഒപ്പം വിസ്മയിപ്പിക്കുന്ന ഒരു കാര്യമാണ്...

കോമഡി വേഷങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ആക്ഷൻ വേഷങ്ങളും മോഹൻലാൽ ചെയ്തിരുന്നു...കേവലം 6 വർഷങ്ങൾക്കുള്ളിലാണ് മോഹൻലാൽ മേല്പറഞ്ഞ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചത്..ആ പ്രേക്ഷക പ്രീതിയുടെ പട്ടാഭിഷേകം ആയിരുന്നു 'രാജാവിന്റെ മകൻ'...അതെ, മലയാള സിനിമയിലെ പുതിയ സൂപ്പർസ്റ്റാർ ആയി മോഹൻലാൽ തോള് ചെരിച്ചു നടന്നു കയറിയത് രാജാവിന്റെ മകനിലൂടെ ആണ്, അതും തന്റെ 26 ആം വയസിൽ.....മലയാള സിനിമ ചരിത്രത്തിൽ വേറെ ഒരു നടനും മോഹൻലാലിനെ പോലെ 26 ആം വയസിൽ ഒരു ഇൻഡസ്ട്രിയുടെ നെടുംതൂണ് ആയിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്....

മോഹൻലാലിന് മുമ്പും പിമ്പും എന്നാണ് മലയാള സിനിമയെ വിഭജിക്കേണ്ടത്...മോഹൻലാലിന് മുമ്പും മലയാള സിനിമയിൽ ഒരുപാട് നടന്മാർ/താരങ്ങൾ ഉണ്ടായിട്ടുണ്ട്..പക്ഷെ ഒരു നടന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുക, സിനിമയ്ക്കു ടിക്കറ്റ് കിട്ടാതെ ആളുകൾ അടുത്ത ഷോയ്ക്ക് വേണ്ടി കാത്തു നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ കൂടുതൽ കണ്ടു തുടങ്ങിയത് രാജാവിന്റെ മകനിലൂടെ ആണ്, മോഹൻലാലിലൂടെ ആണ്....

വിൻസന്റ് ഗോമസ്, മലയാള സിനിമയിലെ ഡോൺ കഥാപാത്രങ്ങളിൽ മുൻ നിരയിൽ ഉള്ള കഥാപാത്രം... ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെയൊ, ആക്രോശിക്കുന്ന സംഭാഷണങ്ങളിലൂടെയൊ സ്‌ളൊമോഷൻ രംഗത്തിലൂടെയൊ ഒക്കെ വിൻസന്റ് ഗോമസ് എന്ന പവർഫുൾ നായകനെ സംവിധായകൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്താമെന്നിരിക്കെ അതൊന്നും പിൻതുടരാതെ വളരെ ലളിതമായിമായിട്ടാണ് സംവിധായകൻ അത് ചെയ്തിരിക്കുന്നത്.

കാറിൽ നിന്നിറങ്ങി കോടതിയിലേക്ക് നടന്ന് പോകുന്ന വിൻസന്റ് ഗോമസ്...പക്ഷെ കോടതിയിലേക്ക് കയറി പോകുന്ന വിൻസന്റ് ഗോമസിന്റെ ഫോട്ടൊ എടുക്കുന്ന ഫോട്ടൊഗ്രാഫറെ തീവ്രമായി നോക്കുന്നതിലൂടെ, അത് കണ്ട് ഫോട്ടൊഗ്രാഫർ ക്യാമറയിൽ നിന്നും ഫിലിം റോൾ എടുത്ത് കളയുന്നതിലൂടെ വിൻസന്റ് ഗോമസ് എന്ന ഡോൺ കഥാപാത്രം എത്രമാത്രം ശക്തനാണെന്ന് സംവിധായകൻ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തു.... തിരശ്ശീലയിൽ വിൻസന്റ് ഗോമസ് വെടിയുണ്ടകൾ ഏറ്റ് മരിച്ച് വീഴുമ്പോൾ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരം ജനിക്കുകയായിരുന്നു.....

അധോലോക നായകന്റെയും ആഭ്യന്തരമന്ത്രിയുടെയും ശത്രുതയുടെ കഥ പറഞ്ഞ രാജാവിന്റെ മകൻ എന്ന സിനിമയ്ക്കു അന്നുവരെ നമ്മൾ കണ്ട് ശീലിച്ച സിനിമകളിൽ നിന്നും വ്യത്യസ്തമായ ചില പ്രത്യേകതകൾ ഉണ്ട്. കാലങ്ങളായി സിനിമയിൽ നമ്മൾ കണ്ടു വരുന്ന ക്ലിഷേകൾ ആണ് വില്ലന്റെ മേലുള്ള നായകന്റെ വിജയം, ഇനി നായകൻ ക്ലൈമാക്‌സിൽ മരിച്ചാലും വില്ലൻ മരിച്ചെന്നു ഉറപ്പ് വരുത്തിയ ശേഷമേ മരിക്കൂ, മരിക്കുന്നതിന് മുമ്പുള്ള നായകന്റെ നെടുനീളൻ സംഭാഷണങ്ങൾ തുടങ്ങിയവ....എന്നാൽ ആ ക്ലിഷേകളെ/മുൻവിധികളെ പാടെ പൊളിച്ചെഴുതുന്നതായിരുന്നു രാജാവിന്റെ മകൻ എന്ന സിനിമയുടെ ക്ലൈമാക്‌സ്....വില്ലന്റെ മുന്നിൽ പരാജയപ്പെടുന്ന, മരിച്ചു വീഴുന്ന നായകനെയാണ് തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും കൂടി മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്...ഒരു ആക്ഷൻ സിനിമയിലാണ് ഈ ഒരു വ്യത്യസ്ത സിനിമയുടെ സ്രഷ്ടാക്കൾ കൊണ്ട് വന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത...നായകന് പ്രണയിക്കാൻ വേണ്ടി മാത്രം ഒരു നായിക, അത് രാജാവിന്റെ മകൻ എന്ന സിനിമയിൽ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരവസരത്തിൽ വിൻസെന്റ് ഗോമസ് നാൻസിയോട് തന്റെ പ്രണയം പറയുന്നുണ്ടെങ്കിലും അത് നാൻസി നിരസിക്കുന്നതിലൂടെ അധോലോക നായകനായ കഥാപാത്രം അവിടേം പരാജയപ്പെടുകയാണ്.

രാജാവിന്റെ മകൻ എന്ന സിനിമയുടെ ഏറ്റവും വലിയ മേന്മകളിൽ ഒന്ന് അതിന്റെ തിരക്കഥയും അതിമനോഹരമായ സംഭാഷണങ്ങളും ആണ്....

'മൈ ഫോൺ നമ്പർ ഈസ് 2255'...

''വിൻസന്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല'...

'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'....

'രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്'...

'പണ്ട് വായിച്ചിട്ടുണ്ട്,പരിശുദ്ധമായ ഒരു ഗ്രാമം,ആമ്പൽകുളങ്ങളും മുക്കുറ്റി പൂക്കളും,കാത്തിരിക്കാൻ ഒരു അമ്മിണികുട്ടി,അങ്ങനെ ഒരു അപ്പും അമ്മിണികുട്ടീം ഈ ലോകത്തു എവിടെയെങ്കിലും കാണോ.,ചിലപ്പൊ കാണുമായിരിക്കും, ഭാഗ്യം ചെയ്തവർ''....

''കുഴുപ്പള്ളി തോമ, കൊണ്ടൊട്ടി മൂസ, തീപ്പൊരി കേശവൻ''തുടങ്ങിയവ ഒരു കാലഘട്ടത്തിൽ എല്ലാവരും ഏറ്റുപറഞ്ഞിരുന്ന സംഭാഷണങ്ങൾ ആയിരുന്നു...ശരിക്കും പറഞ്ഞാൽ മലയാള സിനിമയുടെ ഭാഗമായ സംഭാഷണങ്ങൾ....അതിൽ '' രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു' സീനിൽ എത്ര ഗംഭീരമായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്, എത്ര മനോഹരമായിട്ടാണ് ആ സംഭാഷണങ്ങൾ പറഞ്ഞിരിക്കുന്നത്....
പണ്ട് സിനിമകളുടെ ശബ്ദരേഖ ഓഡിയോ കാസറ്റ് ആയി ഇറക്കിയിരുന്നു, പാട്ടുകൾ കേൾക്കുന്നത് പോലെ അത് എല്ലാവരും കേൾക്കുകയും ചെയ്തിരുന്നു...അത്തരത്തിൽ ഏറ്റവും ഹിറ്റായ ശബ്ദരേഖ രാജാവിന്റെ മകന്റേതാണ്....

മോഹൻലാലിന്റെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തെ ഉദ്ദേശിച്ചാണ് രാജാവിന്റെ മകൻ എന്ന ടൈറ്റിൽ സിനിമയ്ക്ക് കൊടുത്തിരിക്കുന്നതെങ്കിലും ശരിക്കും നായക കഥാപാത്രം വിൻസന്റ് ഗോമസ് ആണൊ കൃഷ്ണദാസ് ആണൊ?? അത് പോലെ തന്നെ വില്ലൻ കഥാപാത്രവും ഇവരിൽ ആരാണ്?? കാരണം ഈ രണ്ട് കഥാപാത്രങ്ങളെയും നന്മയുടെ പ്രതീകങ്ങളായിട്ടല്ല തിരക്കഥാകൃത്തും സംവിധായകനും കൂടി അവതരിപ്പിച്ചിരിക്കുന്നത്... മോഹൻലാലിനൊപ്പം രതീഷ്, അംബിക, സുരേഷ് ഗോപി, മോഹൻ ജോസ് തുടങ്ങിയ നടീനടന്മാരും നല്ല പ്രകടനം കാഴ്‌ച്ചവെച്ചു....രാജാവിന്റെ മകനിൽ എടുത്ത് പറയേണ്ടത് എസ്‌പി വെങ്കിടേഷിന്റെ സംഗീതമാണ്.... പാട്ടുകളും പശ്ചാത്തല സംഗീതവും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു... പിന്നെ മോഹൻലാലിന്റെ കോസ്റ്റ്യൂംസും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു....

രാജാവിന്റെ മകന്റെ കഥ തമ്പി കണ്ണന്താനം ആദ്യം പറയുന്നത് അന്ന് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന നടനോടായിരുന്നു... മൂന്ന് സിനിമകൾ എടുത്ത് പരാജയപ്പെട്ട തമ്പി കണ്ണന്താനത്തിനോട് 'പോയി സംവിധാനം പഠിച്ചിട്ട് വരൂ' എന്നാണ് നടൻ പറഞ്ഞത്... അന്ന് നടന്റെ മുഖത്ത് നോക്കി തമ്പി കണ്ണന്താനം പറഞ്ഞത് 'ഞാനിത് മറ്റവനെ വെച്ച് ചെയ്യും, ആ സിനിമ വന്ന് കഴിഞ്ഞാൽ പിന്നെ അവന്റെ താഴെയായിരിക്കും നിന്റെ സ്ഥാനം''
(കടപ്പാട്: ഡെന്നീസ് ജോസഫിന്റെ ഇന്റർവ്യൂകൾ, പഴയ സിനിമ മാസികകൾ)....

ശരിക്കും യാഥാർത്ഥ്യം തന്നെ ആയി മാറി തമ്പി കണ്ണന്താനത്തിന്റെ ആ വാക്കുകൾ... 33 വർഷങ്ങൾക്കിപ്പുറം ഈ 2019 ലും മലയാള സിനിമയിലെ ഏറ്റവും വലിയ താരമായി മോഹൻലാൽ ഇന്നും നിലകൊള്ളുന്നു.1986 July 19 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ കണ്ടതാണ് ഞാൻ രാജാവിന്റെ മകൻ... സാധാരണ മോണിങ് ഷോയ്ക്ക് മറ്റു ഷോകളുടെ അത്രയും വലിയ തിരക്ക് ഉണ്ടാകാറില്ല, പക്ഷെ അന്ന് വരെ കൊടുങ്ങല്ലൂർ കാണാത്ത തിരക്കായിരുന്നു രാജാവിന്റെ മകന്. മെഷിൻ ഗണ്ണ് കൊണ്ട് തുരുതുരാ വെടിവെയ്ക്കുന്ന വിൻസന്റ് ഗോമസ് അന്നത്തെ ആറാം ക്ലാസുക്കാരനായ എനിക്ക് നല്കിയ ആവേശം പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്. മോഹൻലാൽ എന്ന നടൻ അന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ഹരമായത് രാജാവിന്റെ മകനിലൂടെയാണ്. TP ബാലഗോപാലനും ഗാന്ധിനഗറും ഒക്കെ മോഹൻലാൽ എന്ന നടനെ ജനപ്രിയൻ ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള സിനിമകൾ ആണെങ്കിലും രാജാവിന്റെ മകൻ എന്ന സിനിമയാണ് മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയതെന്ന് നിസംശയം പറയാം.

മലയാള സിനിമയിൽ ആക്ഷൻ ജോണറിലുള്ള സിനിമകളിൽ മുൻനിരയിൽ രാജാവിന്റെ മകൻ ഉണ്ട്. ആക്ഷൻ മൂഡിലുള്ള സിനിമകളുടെ കുത്തൊഴുക്കിന് കാരണമായതും രാജാവിന്റെ മകന്റെ മികച്ച ബോക്‌സ് ഓഫീസ് വിജയം തന്നെയാണ്. 1986 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായ സിനിമകളിൽ ഒന്ന് രാജാവിന്റെ മകനാണ്. 33 വർഷങ്ങൾക്കിപ്പുറവും രാജാവിന്റെ മകൻ എന്ന സിനിമയും വിൻസന്റ് ഗോമസും എന്ന കഥാപാത്രവും ഡയലോഗുകളും ഇന്നും മായാതെ നില്ക്കുന്നു പ്രേക്ഷക മനസിൽ...

മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിനെ രാജാവിന്റെ മകൻ എന്ന അടിപൊളി സിനിമയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, നിർമ്മാതാവും സംവിധായകനുമായ തമ്പി കണ്ണന്താനം, പിന്നെ വിൻസന്റ് ഗോമസായി നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP