Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഓരോ കുട്ടിയും ഒരു തെമ്മാടിയാണ്' എന്ന മാനേജ്മെന്റ് ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ അച്ചടക്കരീതികളോടു തോന്നിയ അഭിമാനവും ആദരവും ആണ് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി കോളേജുകളിൽ ഇടിമുറിയുണ്ടാക്കാൻ അവർക്കു കരുത്തായത്: ജിജോ കുര്യൻ എഴുതുന്നു

'ഓരോ കുട്ടിയും ഒരു തെമ്മാടിയാണ്' എന്ന മാനേജ്മെന്റ് ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ അച്ചടക്കരീതികളോടു തോന്നിയ അഭിമാനവും ആദരവും ആണ് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി കോളേജുകളിൽ ഇടിമുറിയുണ്ടാക്കാൻ അവർക്കു കരുത്തായത്: ജിജോ കുര്യൻ എഴുതുന്നു

ജിജോ കുര്യൻ

20 വയസ്സ് കടന്ന എൻജിനിയറിങ് വിദ്യാർത്ഥിയായ നിങ്ങളുടെ മകൻ കൃത്യം 9 മണിക്ക് ക്ലാസ്സിൽ എത്തിയില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ സന്ദേശം വരുന്നു 'Tom is absent today'. അതു കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ മകനെക്കുറിച്ച് അസ്വസ്ഥരാകുന്നു; ഇത്രയും ഉത്തരവാദിത്വമുള്ള മാനേജുമെന്റിനെക്കുറിച്ച് അഭിമാനവും ആദരവും തോന്നുന്നു. മകന്റെ വണ്ടി വൈകിയോ എന്നുപോലും ആശങ്കപ്പെടാതെ 'ഓരോ കുട്ടിയും ഒരു തെമ്മാടിയാണ്' എന്ന മാനേജ്മെന്റ് ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ അച്ചടക്കരീതികളോട് തോന്നിയ അഭിമാനവും ആദരവും ആണ് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി കോളേജുകളിൽ ഇടിമുറിയുണ്ടാക്കാൻ അവർക്ക് കരുത്തായത്.

കുട്ടികളെ കൈകൾ പിന്നിൽ കെട്ടിച്ച് നിരനിരയായി മൂത്രമൊഴിക്കാൻ കൊണ്ടുപോകുന്നതിനെക്കുറിച്ചും, ക്ലാസ്സിൽ അവനെങ്ങാൻ ഒന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇന്ന ക്ലാസിൽ ഇത്രാമത്തെ ബെഞ്ചിൽ ഇന്ന സ്ഥാനത്തിരിക്കുന്ന എബിൻ എഴുന്നേറ്റ് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് വരണം എന്ന് ക്ലാസ്സിനുള്ളിൽ മൈക്കിലൂടെ അനൗൺസ്‌മെന്റ് വരുന്നതിനെക്കുറിച്ചും, പെങ്ങൾ ഒരു ദിവസം വാചാലയായപ്പോൾ ഞാൻ പറഞ്ഞു എബിനെ അടുത്ത വർഷം ആ സ്‌കൂളിൽ നിന്ന് മാറ്റണം. നമ്മുടെ കുട്ടികളുടെ ബാല്യം ഇത്ര നീട്ടിക്കൊണ്ടു പോയതിനും, അവരെ ഒരിക്കലും വിശ്വാസത്തിൽ എടുക്കാതിരുന്നതിനും, അവർക്ക് വേണ്ടി പീഡനമുറകൾ സാങ്കേതികമായി നിർമ്മിച്ചെടുത്തതിനും നമ്മുടെ മാതാപിതാക്കൾക്കും നല്ലൊരു പങ്കുണ്ട്.

വിദ്യ കൊടുത്ത വിദ്യാലയത്തിന്റെ പൈപ്പുകൾ ഇടിച്ചുപൊട്ടിച്ചും ക്ലോസറ്റുകൾ തല്ലിത്തകർത്തും ആ കുട്ടികൾ രഹസ്യമായി അവരുടെ പ്രതിഷേധം അവിടങ്ങളിൽ കാണിക്കുന്നുണ്ടായിരുന്നു. ഒരു സാഹചര്യം കിട്ടിയപ്പോൾ അവർ പരസ്യമായി അത് ചെയ്യാൻ തുടങ്ങിയെന്നേയുള്ളൂ. മാനേജ്‌മെന്റുകളേ, നിങ്ങൾ കൊടുത്ത വിദ്യ നിങ്ങളുടെ കുട്ടികളിൽ ഉണ്ടാക്കിയ പകയും വെറുപ്പും മാത്രം മതി നിങ്ങളുടെ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസമൂല്യത്തെ വിലയിരുത്താൻ.

ഇന്നത്തെ സ്‌കൂൾ വിദ്യാഭ്യാസരീതിയുടെ ചരിത്രത്തിലേയ്ക്ക് സഞ്ചരിക്കുന്ന ''വിലക്കപ്പെട്ട വിദ്യാഭ്യാസം'' എന്ന ഡോക്യുമെന്ററി പൗരാണിക ഗ്രീസില് ഏഥൻസിൽ അടിമകൾക്ക് നല്കിയിരുന്ന നിർബന്ധിത വിദ്യാഭ്യാസത്തിലും സ്പാർട്ടയില് നല്കപ്പെട്ട അതിക്രൂരമായ സൈനിക പരിശീലനത്തിലുമൊക്കെയാണ് ഇതിന്റെ ചരിത്രം കണ്ടെത്തുന്നത്.

അതിന്റെ ആധുനികരൂപം പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ സ്വേച്ഛാധിപത്യ ഭരണകൂടത്തോട് ജനം മറുതലിക്കാതിരിക്കാനായി പ്രഷ്യയിൽ രൂപം കൊടുത്ത സ്‌കൂളുകൾ ആയിരുന്നു. അങ്ങനെയാണ് സൈനിക നിയമങ്ങളും ജയിൽ ജീവിതവും ഓർമ്മിപ്പിക്കുന്ന നമ്മുടെ സ്‌കൂളുകൾ രൂപപ്പെടുന്നത്. സൈന്യത്തിൽ അച്ചടക്കമാണ് പ്രധാനമൂല്യം; സ്‌കൂളിലും അങ്ങനെ തന്നെ. രണ്ടിടത്തും അധികാരികളുടെ ആജ്ഞകൾ ലംഘിച്ചുകൂടാ.

സൈന്യത്തിലും സ്‌കൂളിലും അച്ചടക്കലംഘനത്തിന് നിയതമായ ശിക്ഷാരീതികളുണ്ട്. ഒപ്പം സ്‌കൂളും ജയിലും തമ്മിലും കൃത്യമായ ഒരു താരതമ്യപഠനം സാധ്യമാണ്. രണ്ടിടത്തും വ്യക്തികളെ തമ്മിൽ വേർതിരിച്ചറിയാൻ പാടില്ലാത്തവിധം സമാനത നിലനിർത്തുന്ന യൂണിഫോം വസ്ത്രധാരണ രീതിയുണ്ട്. രണ്ടിടത്തും ജീവിതം ക്രമപ്പെടുത്തിയിരിക്കുന്നത് മണിമുഴക്കത്തിനനുസൃതമാണ്. ഇവിടെ ആർക്കും പേരുകളില്ല. പേരുകൾ ഉണ്ടെങ്കിലും അവ വിളിക്കപ്പെടുന്നില്ല. ജയിൽപ്പുള്ളികൾക്കും വിദ്യാർത്ഥികൾക്കും നമ്പറുകൾ മാത്രമാണുള്ളത്. അങ്ങനെ പേരുകളില്ലാതെ, മുഖങ്ങളില്ലാതെ, വ്യത്യസ്തതകളില്ലാതെ ഒരു സൈനിക പരേഡിലോ സ്‌കൂൾ അസംബ്ലിയിലോ ഒരുമിച്ച് നിർത്തപ്പെട്ട കുറെ ചതുരംഗ കരുക്കൾ മാത്രമാണിവർ. ജയിൽ ഒരാളുടെ ശരീരത്തെ മാത്രമെ പീഡിപ്പിക്കുന്നുള്ളു, എന്നാൽ സ്‌കൂൾ കുഞ്ഞുങ്ങളുടെ ശരീരത്തേയും മനസ്സിനേയും പീഡിപ്പിക്കുന്നു.

കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കുന്ന മാതാപിതാക്കൾ അവരെ തടവറയിലേക്ക് ആണോ അയക്കുന്നത് എന്ന് ചിന്തിക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ ഇനിയും ജിഷ്ണുമാർ മരിച്ചുകൊണ്ടേയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP