Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മകര നക്ഷത്രം ശബരിമലയിൽ മാത്രം കാണുന്ന പ്രതിഭാസമല്ല; സിറിയസ് എന്നാൽ നമുക്ക് കാണാവുന്നതിൽ ഏറ്റവും തിളക്കമുള്ളതെന്നാണ്; മകരജ്യോതി തുടങ്ങിയത് മലയരയന്മാർ; ആ ദിവസം ആകാശത്ത് കാണപ്പെടുന്ന പക്ഷികളെല്ലാം വിശ്വാസ മനസ്സ് പരുന്താക്കുന്നു; മകര നക്ഷത്രത്തിന്റെയും തിരുവാഭരണ ഘോഷയാത്രയ്ക്കിടെ പരുന്തുപറക്കുന്നുവെന്ന് പറയുന്നതിന്റെയും ശാസ്ത്രീയ വീക്ഷണം ഇങ്ങനെയാണ്

മകര നക്ഷത്രം ശബരിമലയിൽ മാത്രം കാണുന്ന പ്രതിഭാസമല്ല; സിറിയസ് എന്നാൽ നമുക്ക് കാണാവുന്നതിൽ ഏറ്റവും തിളക്കമുള്ളതെന്നാണ്; മകരജ്യോതി തുടങ്ങിയത് മലയരയന്മാർ; ആ ദിവസം ആകാശത്ത്  കാണപ്പെടുന്ന പക്ഷികളെല്ലാം വിശ്വാസ മനസ്സ് പരുന്താക്കുന്നു; മകര നക്ഷത്രത്തിന്റെയും തിരുവാഭരണ ഘോഷയാത്രയ്ക്കിടെ പരുന്തുപറക്കുന്നുവെന്ന് പറയുന്നതിന്റെയും ശാസ്ത്രീയ വീക്ഷണം ഇങ്ങനെയാണ്

എം റിജു

തിരുവനന്തപുരം: ശബരിമലയിലെ മകരനക്ഷത്രവും മകരജ്യോതിയും തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട് പരുന്ത് പറക്കുന്നുവെന്ന് പറയുന്നതിന്റെയും ശാസ്ത്രീയ വീക്ഷണമെന്താണ? ഇവയൊന്നും ദിവ്യാത്ഭുതങ്ങൾ അല്ലെന്നും സാധാരണക്കാർക്കുപോലും വിശദീകരിക്കാവുന്നവയാണെന്നുമാണ് ശാസ്ത്ര പ്രചാരകർ അഭിപ്രായപ്പെടുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട ഒരു ദിവ്യാത്ഭുതമായി മകരജ്യോതിയെ വർഷങ്ങളായി കണക്കാക്കിയിരുന്നെങ്കിലും 2008 ൽ നടന്ന കോടതി വ്യവഹാരങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ, ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പൊലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്ഠര് മഹേശ്വരര് സമ്മതിക്കുകയുണ്ടായി. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ
ദേവസ്വം ബോർഡും ഇതേകാര്യം സമ്മതിക്കുന്നുണ്ട്. ഇതോടുകൂടിയാണ് മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതയ്ക്ക് വിരാമമായത്. പൊന്നമ്പലമേട്ടിൽ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് മലയരയർ വിളക്കു തെളിയിച്ച് ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത് എന്ന് ഡോ. കെ.കെ.എൻ.കുറപ്പിനെപ്പോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

മകര നക്ഷത്രം മകരജ്യോതി നാളിൽ ശബരിമലയിൽ മാത്രം കാണാൻ കഴിയുന്ന പ്രത്യേകതയുള്ള നക്ഷത്രമാണെന്ന ചിലരുടെ വാദവും ശരിയല്ല. ആകാശത്തിലെ മറ്റു നക്ഷത്രങ്ങളെ പോലെ തന്നെ ഒരു സാധാരണ നക്ഷത്രമാണ് മകര നക്ഷത്രവുമെന്ന് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുാമയ ഡോ. വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടുന്നു. സിറിയസ് എന്ന് പൊതുവെ അറിയപ്പെടുന്ന ഈ നക്ഷത്രത്തിന്റെ പ്രത്യേകത നമുക്ക് കാണാവുന്നതിൽ ഏറ്റവും തിളക്കമുള്ളതിൽ ഒന്നാണ് എന്നതാണ്. സൗരയൂഥത്തിനോട് അടുത്ത നക്ഷത്രങ്ങളിൽ (8.6 പ്രകാശ വർഷം) ഒന്നായതുകൊണ്ടാണ് ഇതിനു ഇത്ര തിളക്കം തോന്നുന്നത്.

ദക്ഷിണ ധ്രുവത്തിൽ എല്ലായിടത്തും, ഉത്തര ധ്രുവത്തിൽ ഏതാണ്ട് 70 ഡിഗ്രി വടക്ക് വരെയുള്ള എല്ലാവർക്കും മിഥുന (ജൂൺ - ജൂലൈ) മാസം ഒഴികെയുള്ള സമയങ്ങളിൽ കാണാവുന്ന ഒരു നക്ഷത്രം ആണ് സിറിയസ്. ഇതിൽ നവംബർ മുതൽ മെയ്‌ മാസം വരെ ഈ നക്ഷത്രത്തിനെ കാണാൻ വളരെ എളുപ്പവുമാണ്.

ഇന്ന് രാത്രി (ജനുവരി 6) ഏകദേശം 7:30 മണിക്ക് തെക്ക് കിഴക്ക് ഭാഗത്തായി (ഉത്തരാർദ്ധ ഗോള ഭാഗത്ത് നിന്നും നോക്കുന്നവർക്ക് ) ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിനെ കണ്ടെത്തിയാൽ അത് സിറിയസ് അഥവാ മകര നക്ഷത്രം ആണ് എന്നുറപ്പിക്കാം.പുലർച്ച ഏകദേശം 6 മണിയാകുമ്പോൾ സിറിയസ് അസ്തമിക്കും. രാത്രി വൈകി നോക്കുന്നവർ അതിനനുസരിച്ച് നോക്കേണ്ടി വരും. നിങ്ങൾ എല്ലാവരും എന്നെങ്കിലും ഈ നക്ഷത്രത്തിനെ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നത് തീർച്ചയാണ്.ശ്വാന നക്ഷത്രം (Dog Star), രുദ്ര (ശിവൻ) നക്ഷത്രം എന്നതൊക്കെ സിറിയസിന്റെ മറ്റു പേരുകൾ ആണ്.

പരുന്ത്, വേഴാമ്പൽ, മഴപ്പുള്ള് തുടങ്ങിയ പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഘോഷയാത്രയോ ജാഥയോ പോലുള്ള വലിയ പരിപാടികൾ നടന്നാൽ അവ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് സാധാരണമാണ്. ദൂരക്കാഴ്ചയുള്ള ഇത്തരം പക്ഷികൾ അവയ്ക്ക് ഇര പിടിക്കാൻ പറ്റിയ എന്തോകിട്ടുമെന്ന് കരുതിയാണ് വട്ടമിടുന്നത്. ഇതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ലെന്നാണ് പ്രമുഖ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്.
പ്രശസ്ത ജന്തുശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ ഡോ. പ്രവീൻ വടക്കേക്കാടും ഇതേ അഭിപ്രായക്കാരനാണ്. 'താഴെ എന്തെങ്കിലും ഭക്ഷ്യ വസ്തുവാണെന്ന് തോന്നിയാൽ അതിനു മുകളിൽ വട്ടമിട്ടു പറന്നു നിരീക്ഷിക്കുക എന്നതാണ് പരുന്തു വർഗത്തിൽപെട്ട ജീവികളുടെ അടിസ്ഥാന സ്വഭാവം. അവസരം വരുമ്പോൾ ഭക്ഷണം തേടൽ ആണ് ലക്ഷ്യം. ഇവിടെ പരുന്ത് മാത്രമല്ല വേഴാമ്പൽ, പുള്ള് തുടങ്ങിയ പക്ഷികൾക്കൊക്കെ സമാനമായ സ്വഭാവമുണ്ട്. പലപ്പോഴും മറ്റു പക്ഷികളെ പരുന്തായും തെറ്റിദ്ധരിക്കാറുണ്ട്. പരിണാമപരമായി പരുന്തിന് കിട്ടിയ ഒരു അനുഗ്രഹമാണ് അതിന്റെ കാഴ്ചശക്തി. ആ ജീവി അത് ഉപയോഗപ്പെടുത്തുകയാണ് വട്ടമിടലിലൂടെ ചെയ്യുന്നത്'.-അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പണ്ടു കാലത്ത് കേരളത്തിലടക്കം ധാരാളമായി മെരുക്കിയെടുത്ത പരുന്തിനെ ഉപയോഗിക്കാറുണ്ടായിരുന്നെന്നും, കൃത്യമായ മൂന്ന് വട്ടം നിശ്ചിത അകലത്തിൽ പറക്കുക എന്നത് ഇങ്ങനെ പരിശീലനം കിട്ടിയ പരുന്തുകളുടെ സ്വഭാവമാണെന്നും പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുണ്ടാകുന്ന ആൾക്കൂട്ടങ്ങളിൽ കാണുന്ന പരുന്തിന് ഇങ്ങനെ കൃത്യമായി മുന്നു തവണ പറക്കാൻ കഴിയില്ല. മെരുക്കിയെടുത്ത ഒരു പരുന്തിനെ ആസൂത്രണ പ്രകാരം ഘോഷയാത്ര സമയത്ത് തുറന്നു വിടുക എന്നത് ആഘോഷത്തിന്റെ ഭാഗമായി പണ്ട് തിരുവിതാകൂറിൽ ഉണ്ടായിരുന്നെന്ന് ചരിത്രഗവേഷകനായ മലയിൻകീഴ് ഗോപാലകൃഷ്ണനെപ്പോലുള്ളവർ പറയുന്നു.

എന്നാൽ വിശ്വാസ മസ്തിഷ്‌ക്കവും പരുന്തു പറക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പ്രശസ്ത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പ്രസ്‌കതഭാഗങ്ങൾ ഇങ്ങനെയാണ്.

'പരുന്തു പറക്കുന്നതിന്റെ കാര്യത്തിൽ പ്രത്യേകിച്ച് വിശദീകരണം തന്നെ ആവശ്യമില്ല. ഒരു അന്ധവിശ്വാസിയുടെ മനസ്സിലേക്ക് ഇത്തരം സംശയങ്ങൾ എടുത്തുകൊടുത്താൽ മതി അവന്റെ മസ്തിഷ്‌ക്കം എങ്ങനെയെങ്കിലും പരുന്തിനെ കണ്ടത്തിക്കോളും. ബ്രാഹ്മണിണി കൈറ്റ് ( brahmini kite) എന്ന് പറയുന്ന കടപ്പുറത്ത് കൂടുതൽ കാണപ്പെടുന്ന സീ ഈഗിൾ ആണിത് ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിൽ കൂടുതൽ കാണപ്പെടും എന്നതാണ് ഈ പരുന്തിന്റെ പ്രത്യേകത. ഇത് വട്ടം ചുറ്റിയാണ് പറക്കുന്നത്. ഒരു എയ്റോ ഡൈനാമിക്സാണ് അതിന്റെ തത്വം. ഏത് പരുന്താണെങ്കിലും അങ്ങനെയാണ് ചെയ്യുക. എന്തെങ്കിലും ആഹാരം കിട്ടുമോ എന്നാണ് ഈ ജീവി നോക്കുന്നത്. അതാണ് ചന്തയുടെ മുകളിലൊക്കെ എപ്പോഴും പരുന്തുണ്ടാവുന്നത്. ഒരുപക്ഷേ ചരിത്രത്തിലെ ആദ്യത്തെ നാച്ചുറൽ സാറ്റലൈറ്റ് എന്ന് പരുന്തുകളെ വിശേഷിപ്പിക്കാം. സാറ്റലൈറ്റുകൾ ചിത്രങ്ങൾ എടുക്കുന്നപോലെ, താഴെയുള്ള ഒരു കോഴിക്കുഞ്ഞിന്റെ കൊക്കിന്റെ ചിത്രം വരെ കൃത്യമായി എടുക്കാൻ അത്രയും കിലോമീറ്റർ മുകളിൽനിന്ന് പരുന്തിന് കഴിയും. അത്തരത്തിലുള്ള ഒരു കണ്ണാണ് അതിനുള്ളത്. പരുന്തുകൾ വട്ടം ചുറ്റുന്നത് അന്തരീക്ഷത്തിലെ നിമ്നോന്നതങ്ങളും എയർപോക്കറ്റുകളും കൈകാര്യം ചെയ്യുന്നതിന്റെ കൂടി ഭാഗമായാണ്. ഇതിന് താരതമ്യേന വളരെ കുറച്ച് ഊർജ്ജം മാത്രമെ ആവശ്യമുള്ളൂ. എകാഗ്രതയോടെ ഭൂതലം പരിശോധിക്കാനും ഇതുമൂലം കഴിയുന്നു.

മലമ്പ്രദേശത്ത് പരുന്തുകൾ കാണുന്നില്ല എന്ന വാദവും ശരിയല്ല. കടപ്പുറത്തുനിന്നും തീരപ്രദേശത്തും പോലെ എണ്ണത്തിൽ കുറവാണെങ്കിലും ഇവിടെയും പരുന്തുകൾ ഉണ്ട്. പന്തളവും പരുന്തുകൾ സുലഭമായ പ്രദേശം തന്നെയാണ്. രാവിലെ എഴുമണിക്കുതന്നെ തിരുവാഭരണഘോഷയാത്രയുടെ സമയത്തൊക്കെ ഇവിടെ ജനം നിറഞ്ഞിരിക്കും. അപ്പോൾ പരുന്തുവരാം, വരാതിരിക്കാം. ചിലപ്പോൾ പത്തുമണിക്കാവും വരിക. ചിലപ്പോൾ തീർത്തും വരാതിരിക്കാം. ഇങ്ങനെ റാൻഡമായി അനന്ത സാധ്യതയാണ്.

തിരുവാഭരണവുമായി പരുന്തിന് യാതൊരു ബന്ധവുമില്ല. ബഹളവും വാദ്യാഘോഷവും പരുന്തുകളെ ആകർഷിക്കാം. ഇരകിട്ടുമെന്ന് കരുതി ചുറ്റും പിന്തുടർന്നു എന്നും വരാം. എന്നാൽ ഭക്തവിവശരായ തുള്ളലുകാർ പരുന്ത് തങ്ങളെ പിന്തുടരുന്നതായി സങ്കൽപ്പിക്കുന്നു. ആ ദിവസത്ത് ആകാശത്ത് പരുന്തിനെപ്പോലെ കാണപ്പെടുന്ന പക്ഷികളെല്ലാം ഭക്തമനസ്സ് പരുന്താക്കുന്നു. അത് ഒരു കാക്കയായാലും മതി. തിരുവാഭരണം എടുക്കുമ്പോൾ കൃത്യസമയത്ത് പരുന്ത് എത്തുമെന്നും മൂന്നു വട്ടം ചുറ്റിപ്പറക്കും എന്നതിനൊന്നും തെളിവില്ല. റാൻഡമായി പരുന്തുകൾ വരുന്ന കൂട്ടത്തിൽ ഒത്താൽ ഒത്തു എന്നേയുള്ളൂ. പക്ഷേ ആകാശത്ത് എന്തുകണ്ടാലും വിശ്വാസികൾ അത് പരുന്താക്കും. അടിസ്ഥാനമായി വിശ്വാസ മസ്തിഷ്‌ക്കവും പരുന്തു പറക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.'- സി രവിചന്ദ്രൻ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP