Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് കലാപത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന മിസ്റ്റർ ഒവൈസി.. താങ്കൾ എന്തുകൊണ്ടാണ് അവിടം ഒന്നു സന്ദർശിക്കാത്തത്? മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവിനോട് ഒരു ഗുജറാത്തി മാദ്ധ്യമപ്രവർത്തകൻ ചോദിക്കുന്നു

ഗുജറാത്ത് കലാപത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന മിസ്റ്റർ ഒവൈസി.. താങ്കൾ എന്തുകൊണ്ടാണ് അവിടം ഒന്നു സന്ദർശിക്കാത്തത്? മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവിനോട് ഒരു ഗുജറാത്തി മാദ്ധ്യമപ്രവർത്തകൻ ചോദിക്കുന്നു

സർ, ഈ വർഷം ഒക്ടോബറിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ താങ്കൾ നേതൃത്വം നൽകുന്ന ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ ചില പ്രമുഖ പത്രങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. പക്ഷെ മോദിയുടെ ജന്മനാട്ടിൽ നടക്കുന്ന ഈ പ്രാദേശിക തെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടി അങ്കത്തട്ടിലുണ്ടാവില്ലെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു.

ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ, ഇന്ത്യയിൽ എവിടെയും മത്സരിക്കാനുള്ള അവകാശം താങ്കളുടെ പാർട്ടിക്കുണ്ട്. എ.ഐ.എം.ഐ.എമ്മിന് മഹത്തായ രാഷ്ട്രീയാഭിലാഷങ്ങളുണ്ടെന്നും, തങ്ങളുടെ രാഷ്ട്രീയ തട്ടകം ഹൈദരാബാദിൽ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്. മഹാരാഷ്ട്രയിൽ പാർട്ടിയുടെ പ്രകടനം നാം കണ്ടു. ഇപ്പോൾ നിങ്ങൾ ബീഹാറിലുണ്ട്, അടുത്ത വർഷങ്ങളിൽ ചിലപ്പോൾ നിങ്ങൾ യു.പിയിലേക്കും വെസ്റ്റ് ബംഗാളിലേക്കും പോകാൻ സാധ്യതയുണ്ട്. പക്ഷെ, ഇവിടെ ഒരു ഗുജറാത്തി എന്ന നിലയിൽ എനിക്ക് താങ്കളോട് ചില കാര്യങ്ങൾ പറയാനുണ്ട്. പ്രത്യേകിച്ച് താങ്കളുടെ പാർട്ടിക്ക് ഗുജറാത്തിൽ ചിറക് വിരുത്തി പറക്കണമെന്ന് അതിയായി ആഗ്രഹവുമുണ്ട്. ഒരു മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ താങ്കളോട് ഫോണിൽ സംസാരിച്ചിരുന്നു. അന്നത്തെ സംസാരത്തിൽ, നിലവിൽ ഗുജറാത്തിന് മേൽ താങ്കൾക്ക് കണ്ണില്ലെന്ന് വ്യക്തമാക്കുകയും, പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് എം.ഐ.എമ്മിനെ വളർത്തി കൊണ്ടുവരാൻ യോഗ്യരായ ചിലരെ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തു.

പക്ഷെ, പ്രാദേശിക മാദ്ധ്യമങ്ങൾ മറ്റൊരു വാർത്തയാണ് പ്രചരിപ്പിച്ചത്, അതായത് ഗുജറാത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എം.ഐ.എം മത്സരിക്കാൻ സാധ്യതയുണ്ട് എന്ന വാർത്ത. ഏതായാലും, ഈ സാഹചര്യത്തിൽ, ഒരു ഗുജറാത്തി മുസ്‌ലിം എന്ന നിലക്ക്, എനിക്ക് താങ്കളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. സർ, താങ്കൾക്കറിയാവുന്ന പോലെ, ഹിന്ദുത്വ ശക്തികളുടെ പരീക്ഷണശാലയാണ് ഗുജറാത്ത്. ഇപ്പോൾ തന്നെ വലിയതോതിൽ വർഗീയധ്രൂവീകരിക്കപ്പെട്ട സംസ്ഥാനത്ത് എ.ഐ.എം.ഐ.എംന്റെ സാന്നിധ്യം ഉണ്ടാവുന്നത് മുസ്ലിംങ്ങളും ദലിതുകളുമടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കുകയല്ലേ ചെയ്യുക? വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ ഉയർത്തി കൊണ്ടുവരാൻ താങ്കളുടെ പക്കൽ പ്രത്യേക പദ്ധതികൾ എന്തെങ്കിലുമുണ്ടോ?

2002ലെ കലാപങ്ങൾക്ക് ശേഷം, താങ്കളോ അല്ലെങ്കിൽ താങ്കളുടെ സഹോദരൻ ജനാബ് അക്‌ബറുദ്ദീൻ ഉവൈസിയോ കലാപ ബാധിതരുടെ വേദന അടുത്തറിയാൻ ഗുജറാത്ത് സന്ദർശിച്ചിട്ടില്ല. എന്തു കൊണ്ട്? അതേസമയം താങ്കളും താങ്കളുടെ സഹോദരനും എല്ലാ പൊതുസമ്മേളനങ്ങളിലും ഗുജറാത്ത് കലാപത്തെ പറ്റി സംസാരിക്കാറുമുണ്ട്. 2002ലെ വംശഹത്യയെ കുറിച്ചും, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുംബൈ സ്വദേശി ഇശ്‌റത്ത് ജഹാനെ കുറിച്ചും താങ്കൾ ഉറക്കെ സംസാരിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം, നിരവധി മുസ്‌ലിം യുവാക്കൾക്കെതിരെ അന്യായമായി കേസുകൾ ഫയൽ ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താങ്കളും താങ്കളുടെ പാർട്ടിയും ഇതിനെതിരെ നിശബ്ദത പാലിച്ചത്? എന്തു കൊണ്ടാണ് ഈ ചെറുപ്പക്കാർക്ക് വേണ്ടി കേസുകൾ വാദിക്കാൻ ഒരിക്കൽ പോലും നിങ്ങൾ കോടതി കയറാഞ്ഞത്?

വി.എച്ച്.പി, ബജ്‌റംഗ് ദൾ തുടങ്ങിയ കാവി സംഘടനകൾ ന്യൂനപക്ഷങ്ങൾക്ക് നിരന്തരം ഭീഷണി ഉയർത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇപ്പോൾ ആനന്ദിബെൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന്റെ തണലിൽ ഈ മതഭ്രാന്തന്മാർ കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. ഒരു കാര്യം വളരെ വ്യക്തമാണ്, അറിഞ്ഞോ അറിയാതെയോ ബിജെപിയെ സഹായിക്കുകയാണ് എ.ഐ.എം.ഐ.എം ഇപ്പോൾ ചെയ്യുന്നത്. ഗുജറാത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ള നിങ്ങളുടെ സാന്നിധ്യം മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം വോട്ടുകൾ ഭിന്നിക്കാൻ മാത്രമേ സഹായിക്കൂ.

ഗുജറാത്തിൽ, കോൺഗ്രസ്സിന്റെ കാര്യം വളരെ കഷ്ടത്തിലാണ്. സമീപഭാവിയിലൊന്നും തന്നെ അവർ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഗുജറാത്തിൽ എം.ഐ.എമ്മിന് ചുരുക്കം ചില സീറ്റുകൾ കിട്ടിയേക്കാം, പക്ഷെ ഭരണത്തിലേറാൻ കഴിയില്ല. എ.ഐ.എം.ഐ.എമ്മിനാണെങ്കിൽ കോൺഗ്രസ്സുമായി അടുത്തിടപഴകുന്നതിൽ യാതൊരു പ്രയാസവുമില്ല. കേന്ദ്രത്തിൽ യു.പി.എ സർക്കാറുണ്ടായിരുന്ന കാലത്ത് പുറത്തുനിന്നും അവർ കോൺഗ്രസ്സിനെ പിന്തുണച്ചിരുന്നു. ബിജെപിയെ തടയണമെങ്കിൽ, എല്ലാ സംസ്ഥാനങ്ങളിലുമുള്ള മതേതര പാർട്ടികളുമായി രാഷ്ട്രീയമായ പരസ്പരധാരണയിൽ എം.ഐ.എം നിർബന്ധമായും എത്തേണ്ടതുണ്ട്. എം.ഐ.എമ്മിന് എങ്ങനെ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിഞ്ഞുവെന്നും, അത് മഹാരാഷ്ട്രയിൽ വളരെ എളുപ്പം ഭൂരിപക്ഷം നേടാൻ ബിജെപിയെ എങ്ങനെ സഹായിച്ചുവെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഈ രാഷ്ട്രീയതന്ത്രവുമായി മുന്നോട്ട് പോകാൻ തന്നെയാണ് താങ്കളുടെ പാർട്ടിയുടെ തീരുമാനമെങ്കിൽ, ബീഹാറിലും, യു.പിയിലും വെസ്റ്റ് ബംഗാളിലും ഗുജറാത്തിലും അത് തന്നെയായിരിക്കും ആവർത്തിക്കുക. ഒരു ഗുജറാത്തി മുസ്‌ലിം എന്ന നിലയിൽ, വളച്ചുകെട്ടില്ലാതെ ഞാൻ വിനീതമായി പറയുന്നു, കോൺഗ്രസ്സ് എല്ലായ്‌പ്പോഴും ഞങ്ങളുടെ വോട്ടുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ന്യൂനപക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ, സമൂഹത്തിലെ മറ്റു പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ ഉയർത്തിക്കൊണ്ടുവരാനായി അവർ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷെ അതേസമയം ഞാൻ ഒരുകാര്യത്തിലേക്ക് കൂടി ശ്രദ്ധി ക്ഷണിക്കുകയാണ്. എന്തെന്നാൽ, കൂടുതൽ ധ്രുവീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാവി പാർട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്യുക.

ഗുജറാത്തിലെ മുസ്ലിംങ്ങൾ ഇതിനോടകം ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞു. ഞങ്ങൾക്ക് പുരോഗതി പ്രാപിക്കണം. അവസ്ഥകൾ ധനാത്മകമായി മെച്ചപ്പെടണം എന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ ആവശ്യം. ഇനിയും ആർഎസ്എസ്സ് കോമാളികളുടെ ഭീഷണിക്ക് കീഴിൽ ഒതുങ്ങി കൂടാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അത്തരം സംഘടനകളെ ദുർബലപ്പെടുത്തേണ്ട അനിവാര്യ സമയമാണിത്. അതുകൊണ്ടും നാം മതേതര പാർട്ടികളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷേ, മുസ്‌ലിം വോട്ടുകളെ ആധാരമാക്കി ഗുജറാത്തിൽ ഒരു പാർലമെന്റ് സീറ്റിൽ പോലും വിജയിക്കാൻ എം.ഐ.എമ്മിന് കഴിഞ്ഞെന്ന് വരില്ല. ദലിതുകളിലേക്കും മറ്റു മതേതര ഹിന്ദുക്കളിലേക്കും അത് അതിന്റെ സ്വാധീനവലയം വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരു സർവ്വേ പ്രകാരം, മൊത്തം 520 സീറ്റുകളിൽ, കൂടിയാൽ 8 സീറ്റുകൾ മാത്രമേ മുസ്‌ലിംകൾ മുസ്‌ലിംകൾക്ക് വോട്ടു ചെയ്താൽ ലഭിക്കുകയുള്ളു.

അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. എളുപ്പം പൊട്ടിത്തെറിക്കാവുന്ന വിധത്തിൽ വളരെ നേർത്തതാണ് രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം. ബിജെപിക്ക് അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായി അനുഭവപ്പെട്ടു തുടങ്ങിയാൽ അത് മുസ്ലിംങ്ങൾക്കെതിരെ എളുപ്പും തിരിയും, പ്രത്യേകിച്ച് ബീഹാറിൽ. 30 വർഷങ്ങൾ മുമ്പ് (1985) ഗുജറാത്തിൽ, മേൽജാതിക്കാർ ഉൾപ്പെടുന്ന സംവരണ വിരുദ്ധ പ്രസ്ഥാനം ദലിതുകൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. പക്ഷെ, ദലിതുകൾ തങ്ങളുടെ കൈപ്പിടിയിൽ നിന്നും വഴുതിപോകുമെന്ന് ആർഎസ്എസ്സ് തിരിച്ചറിഞ്ഞപ്പോഴാണ് അവർ മുസ്ലിംങ്ങൾക്കെതിരെ തിരിഞ്ഞത്. എം.ഐ.എമ്മിന്റെ കൂടെ അതേ സാഹചര്യങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട്. നിതീഷ് കുമാറിൽ നിന്നും മുസ്‌ലിം വോട്ടുകൾ അടർത്തിയെടുക്കുന്നത്, ബീഹാറിൽ ബിജെപിക്ക് ഉപകാരപ്രദമായി മാറിയേക്കും. ഇതുതന്നെയാണ് കോൺഗ്രസ്സിൽ നിന്നും ഗുജറാത്ത് മുസ്‌ലിംകളുടെ വോട്ടുകൾ ഭിന്നിപ്പിച്ചാലും സംഭവിക്കുക. ഈ രണ്ട് സംസ്ഥാനങ്ങളിലും വർഗീയ ഭിന്നിപ്പുകൾ സൃഷ്ടിക്കുക മാത്രമാണ് ഇനി ബിജെപിക്ക് ആകെ ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ ദയവുചെയ്ത്, അറിഞ്ഞോ അറിയാതെയോ ബിജെപിക്ക് സഹായകരമായ യാതൊന്നും പ്രവർത്തിക്കാതിരിക്കുക.

രാഷ്ട്രീയാസ്വസ്ഥതകളിൽ നിന്നും, അസന്തുലിതത്വത്തിൽ നിന്നും അല്ലാഹു നമ്മുടെ രാജ്യത്തെ കാത്തു രക്ഷിക്കുമാറാകട്ടെ. മതേതരത്വത്തെയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിൽ താങ്കളെ പോലുള്ളവർക്ക് മഹത്തായ പങ്കുവഹിക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

(അഹ്മദാബാദിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും, 'ഗുജറാത്തി സമഞ്ചാറിന്റെ മുൻ പത്രാധിപനുമാണ് ലേഖകൻ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP