Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആഭ്യന്തരമന്ത്രിക്ക് സ്‌നേഹപൂർവം; ചെന്നിത്തലയ്ക്ക് തുറന്ന കത്തുമായി മാവോയിസ്റ്റുകളായ രൂപേഷിന്റേയും ഷൈനയുടേയും മകൾ ആമി

മാവോയിസത്തിലേക്ക് പോകരുതെന്ന ഉപദേശവുമായി അറസ്റ്റിലുള്ള രൂപേഷിന്റേയും ഷൈനയുടേയും മക്കൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്ന കത്ത് എഴുതിയിരുന്നു. അതിന് മറുപടിയായി രൂപേഷിന്റേയും ഷൈനയുടേയും മുത്തമകൾ ആമിയും തുറന്ന കത്ത് എഴുതി. ഈ കത്തിന്റെ പൂർണ്ണ രൂപം ചുവടെ.

ആഭ്യന്തരമന്ത്രിക്ക് സ്‌നേഹപൂർവം-മാവോയിസ്റ്റ്‌  തടവുകാരായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമി എഴുതുന്ന തുറന്ന കത്ത്

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,

രണ്ടു മക്കളുടെ അച്ഛൻ എന്നനിലയിൽ, മാതാപിതാക്കളുടെ സാമീപ്യമില്ലാതെ വളർന്ന ഞങ്ങളോട് സഹതപിച്ചുകൊണ്ടുള്ള അങ്ങയുടെ തുറന്ന കത്ത് വായിക്കുകയുണ്ടായി. ഞങ്ങൾക്കുവേണ്ടി ഒരു കത്തെഴുതാൻ അങ്ങ് കാണിച്ച സന്മനസ്സിന് നന്ദിപറയുന്നു. എങ്കിലും അങ്ങയുടെ കത്തിലെ ആത്മാർഥതയില്ലായ്മയും പൊരുത്തക്കേടുകളും യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങളും തുറന്ന് സൂചിപ്പിക്കണമെന്ന് കരുതുന്നു.

മാതാപിതാക്കളുടെ സ്‌നേഹമില്ലാതെ വളർന്നവരാണ് ഞാനും എന്റെ അനുജത്തി സവേരയുമെന്നത് വാസ്തവവിരുദ്ധമാണ്. മറ്റേതൊരു കുട്ടിയേക്കാൾ കൂടുതൽ മാതാപിതാക്കളുടെ സ്‌നേഹം കിട്ടിയ കുട്ടികൾ തന്നെയാണ് ഞങ്ങളും. എന്റെ കുട്ടിക്കാലത്ത് അവർ പോകുന്നയിടങ്ങളിലെല്ലാം എന്നെ കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് അങ്ങ് വയനാട്ടിൽ സന്ദർശനം നടത്തിയ ആദിവാസി കോളനിയിൽ എന്റെ മാതാപിതാക്കളോടൊപ്പം എനിക്ക് അഞ്ചുവയസ്സുള്ളപ്പോൾതന്നെ പോയി നിന്നിട്ടുള്ളതാണ്. കൊൽക്കത്തയിലും റാഞ്ചിയിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെ പോകാനും വിവിധ സംസ്‌കാരങ്ങളും ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമൊക്കെ അറിയാനും കഴിഞ്ഞതും എന്റെ കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിന് മാറ്റമുണ്ടായത് അങ്ങയുടെ മുൻഗാമികളുടെ പൊലീസ് നയങ്ങൾ മൂലമായിരുന്നു. എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്റെ മാതാവ് ഷൈനയെയും നാലുവയസ്സുള്ള അനുജത്തി സവേരയെയും ഉൾപ്പെടെ അനാവശ്യമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർച്ചയായ പൊലീസ് പീഡനങ്ങൾ മൂലം എന്റെ മാതാവ് ഹൈക്കോടതിയിലെ ജോലി രാജിവച്ച് മുഴുവൻസമയ സാമൂഹിക പ്രവർത്തനങ്ങൾക്കിറങ്ങുകയായിരുന്നു (മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന് തുറന്ന കത്തെഴുതിയാണ് എന്റെ മാതാവ് ഇത്തരം തീരുമാനമെടുത്തത്) എന്ന് അങ്ങയെ വിനയപൂർവം ഓർമിച്ചുകൊള്ളുന്നു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന പൊലീസ് തന്നെയാണ് ഞങ്ങളെ അരക്ഷിതരാക്കിയത്.

അങ്ങയുടെ കത്തിൽ മറ്റാളുകൾ ഞങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാൻ സാധ്യതയുണ്ട്, അതുകൊണ്ട് ജാഗ്രത കാണിക്കണമെന്ന് എഴുതിയിട്ടുണ്ട്. യാഥാർഥ്യം മറ്റൊന്നാണ്. ഞങ്ങളുടെ വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് ഒരു വാറന്റുമില്ലാതെ വീട് റെയ്ഡ് ചെയ്യുകയും വലിയൊരു സംഘം പൊലീസുകാർ എന്നെ അപമാനിക്കുകയും ചെയ്തു. അഞ്ചുവയസ്സായ എന്റെ അനുജത്തിയോട് രൂപേഷിനെ കിട്ടിയാൽ വലിയ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് പറഞ്ഞു. തീർന്നില്ല, ഒരു സാംസ്‌കാരിക സംഘടനയുടെ യോഗത്തിനുപോയ എന്നെയും അനുജത്തിയെയും മാവോവാദികളാണെന്ന് പറഞ്ഞ് മഹിളാമന്ദിരത്തിലടച്ചു. അന്നും എന്റെ ചാരിത്ര്യശുദ്ധിയെക്കുറിച്ചായിരുന്നു അങ്ങയുടെ പൊലീസിന്റെ വിചാരണ. ഞാൻ കന്യകയാണോ, കന്യാചർമം പൊട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു പൊലീസിൻേറത്. ഫേസ്‌ബുക്കിന്റെ പാസ്വേഡ് ചോദിച്ച പൊലീസുകാരനോട് ഉന്നത ഉദ്യോഗസ്ഥന്റെ മുന്നിൽ മാത്രമേ തുറന്നുകാണിച്ചുതരാൻ സാധിക്കൂ എന്നുപറഞ്ഞ എന്നോട് അടുത്തകാലത്തൊന്നും പുറംലോകം കാണിക്കില്‌ളെന്നായിരുന്നു പൊലീസ് ഭാഷ്യം. മഹിളാമന്ദിരത്തിൽ രാത്രിമുഴുവൻ കരഞ്ഞു കഴിച്ചുകൂട്ടിയ അനുജത്തിയോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്? ഞങ്ങൾ പങ്കെടുത്ത യോഗം സംഘടിപ്പിച്ചവർക്ക് ഞങ്ങളെ തട്ടിക്കൊണ്ടുവന്നു എന്നുപറഞ്ഞ് കേസ് ചുമത്തപ്പെട്ടു. യു.എ.പി.എ പോലുള്ള ജനവിരുദ്ധ നിയമങ്ങളും തുടർച്ചയായ പൊലീസ് വേട്ടയും അവരുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണിന്ന്. ഞങ്ങളെ തട്ടിക്കൊണ്ടുവന്നതല്‌ളെന്ന് ആവർത്തിച്ച് ഞങ്ങൾ പറഞ്ഞിട്ടും ഇന്നും അവരുടെ പേരിലെ പ്രധാന കേസ് തട്ടിക്കൊണ്ടുവന്നു എന്നതാണ്. ഇങ്ങനെ തുടർച്ചയായ പീഡനങ്ങളിലൂടെ നിലവിലുള്ള ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ഞങ്ങളെ മനസ്സിലാക്കിത്തന്നത് അങ്ങയുടെ പൊലീസാണ്. പൊലീസിന്റെ ഈ ജനാധിപത്യവിരുദ്ധ നയങ്ങളാണ് ഞങ്ങളുടെ മാതാപിതാക്കൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ ശരിയാണെന്ന് ഞങ്ങളെ ചിന്തിപ്പിച്ചത്.

കുട്ടികൾ രക്ഷിതാക്കളുടെ കരുതലില്ലാതെ വളരുന്നതിൽ ഉത്കണ്ഠപ്പെടുന്ന അങ്ങേക്ക്, അട്ടപ്പാടിയിൽ പിറന്നുവീഴുമ്പോൾതന്നെ മരിച്ച 150ഓളം കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാവുമോ? മണ്ണും വെള്ളവും വായുവും വിഷമയമാക്കുന്ന കാതിക്കുടത്തെ നീറ്റാ ജലാറ്റിൻ കോർപറേറ്റ് കമ്പനിക്കെതിരെ സമരംചെയ്ത 10 വയസ്സുകാരനെപ്പോലും തല്ലിച്ചതച്ച പൊലീസുകാരല്ലേ അങ്ങയുടേത്? എൻഡോസൾഫാനും പ്‌ളാച്ചിമടയും അരിപ്പയും ചെങ്ങറയും കാതിക്കുടവുമടക്കം അനവധി ഭൂസമരങ്ങളും മാലിന്യത്തിനെതിരായ സമരങ്ങളുമടക്കം അനവധി ജനകീയസമരങ്ങൾ നടക്കുന്ന നാടായി മാറിയിരിക്കുകയാണ് കേരളം. ഇവിടെയും അനവധി കുട്ടികൾ ജനിക്കുന്നുണ്ട്. എന്തുകൊണ്ട് അങ്ങ് ഇവരെയൊന്നും കാണുന്നില്ല? പാർശ്വവത്കൃത വിഭാഗത്തിൽനിന്ന് പ്രൈമറി സ്‌കൂളിൽ ചേരുന്ന പകുതിയോളം കുട്ടികൾ അപ്പർ പ്രൈമറിയിലും മുക്കാൽഭാഗത്തോളം കുട്ടികൾ ഹൈസ്‌കൂളിലും എത്താത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമോ? വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കപ്പെടുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിലധികം ആളുകൾ വിദ്യാഭ്യാസ ലോണിന്റെ പേരിൽ കടക്കെണിയിൽപെടുന്നതും ആത്മഹത്യകൾ പെരുകുന്നതും കണ്ടില്‌ളെന്ന് നടിക്കാനാകുമോ?

നശീകരണമല്ല, നിർമ്മാണമാണ് നടത്തേണ്ടതെന്ന് അങ്ങയുടെ കത്തിൽ ഉണ്ടായിരുന്നതാണ്. ഭൂമിയും പട്ടയവും ഇല്ലാത്തതിനാൽ കഷ്ടപ്പെടുന്ന ആദിവാസികളെക്കുറിച്ചും കാർഷികോൽപന്നങ്ങൾക്ക് വില ലഭിക്കാത്തതിനാൽ അവർ നരകിക്കുന്നതിനെക്കുറിച്ചും ഒക്കെയുള്ള ഒരു തുറന്നകത്ത് കഴിഞ്ഞ ഡിസംബറിൽ എന്റെ പിതാവ് രൂപേഷ് അങ്ങേക്കെഴുതിയിരുന്നത് ഞാൻ വായിച്ചു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന സർക്കാർ നയങ്ങളിൽ തകർന്നുകൊണ്ടിരിക്കുന്ന ആദിവാസികളും തോട്ടംതൊഴിലാളികളും കർഷകരും അനുഭവിക്കുന്ന ദുരിതങ്ങളാണ് ആ തുറന്നകത്തിൽ ഞാൻ വായിച്ചത്. എന്നാൽ, ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അങ്ങ് ഒരു മുൻകൈയെടുത്തുമില്ല. ഹൈവേ സ്വകാര്യവത്കരണം, കാതിക്കുടം പോലുള്ള മലിനീകരണം, കുടിയൊഴിപ്പിക്കലുകൾ എന്നിങ്ങനെ നിരവധി ജനവിരുദ്ധ നയങ്ങളിലൂടെ ജനജീവിതം നശിപ്പിക്കുകയാണ് അങ്ങും അങ്ങ് പ്രതിനിധാനംചെയ്യുന്ന സർക്കാറും ചെയ്യുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
അങ്ങ് ഞങ്ങളുടെ മാതാപിതാക്കളെ അക്രമികളെന്ന് വിളിച്ചേക്കും. അങ്ങേക്കും അങ്ങയുടെ പൂർവപിതാക്കൾക്കും അത് അക്രമംതന്നെയാണ്. ഭഗത്സിങ്ങും സുഭാഷ് ചന്ദ്ര ബോസും മാത്രമല്ല, കൊളോണിയലിസത്തിനെതിരെ നിന്നവരെല്ലാം അന്നത്തെ അധികാരികൾക്ക് അക്രമികളായിരുന്നു. ജനവിരുദ്ധ നിയമങ്ങളും കാലാപാനികൾപോലുള്ള തടവറകളുമൊക്കെയാണ് അവരെ നേരിട്ടത്. ഇന്ന് അങ്ങും എന്റെ മാതാപിതാക്കളടക്കമുള്ളവരെ അതേ രീതിയിൽതന്നെയാണല്ലോ നേരിടുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ, ദരിദ്രരായ ജനങ്ങൾ എന്റെ മാതാപിതാക്കളെ അക്രമികളായി കരുതുന്നില്ല. അവരുടെ ആശയങ്ങൾക്ക് മുമ്പിലാത്തവിധം കേരളത്തിൽ ഇന്ന് സ്വീകാര്യത ലഭിക്കുന്നത് അതുകൊണ്ടാണ്. സ്വന്തം ഭാവിയും സ്ഥാനമാനങ്ങളും സമ്പാദ്യങ്ങളും ഉണ്ടാക്കാനായല്ല എന്റെ മാതാപിതാക്കൾ ഇറങ്ങിത്തിരിച്ചത്; അവർ മുന്നോട്ടുവച്ച ആശയങ്ങൾക്കുവേണ്ടിയായിരുന്നു; ഇന്ത്യയിലെയും കേരളത്തിലെയും ബഹുഭൂരിപക്ഷം ജനങ്ങൾക്കുവേണ്ടിയായിരുന്നു; എനിക്കും എന്റെ അനുജത്തിക്കും വേണ്ടിയായിരുന്നു. തടവറകൾ അവരുടെ പോരാട്ടം തടയുകയാണ്. യു.എ.പി.എഎൻ.എസ്.എ കൊണ്ട് നിങ്ങൾ അവരെ വീണ്ടും വീണ്ടും ചങ്ങലക്കിടുന്നു. അതുകൊണ്ടാണ്, അവരുടെ മക്കളായതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത്.

വ്യക്തിപരമായി എനിക്കെന്തും തുറന്നുപറയാനും പങ്കുവെക്കാനും എന്റെ മാതാപിതാക്കളോട് കഴിഞ്ഞിരുന്നു. എന്റെ സ്വകാര്യങ്ങൾപോലും. നല്ല സുഹൃത്തുക്കളായാണ് അവർ ഞങ്ങളെ വഴിനടത്തിയത്, ദൂരെയാണെങ്കിലും. ഈയടുപ്പം അങ്ങേക്ക് മനസ്സിലാകില്ല. വിദ്യാർത്ഥികാലം മുതലേ സാമൂഹികപ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന അങ്ങ് എന്തുകൊണ്ടാണ് അങ്ങയുടെ മക്കളെ ആ വഴിയിൽ നടത്താത്തത്? എന്തുകൊണ്ടാണ് അവരെ കരിയറിസ്റ്റുകളാക്കുന്നത്? സാമൂഹികപ്രവർത്തകരായ എന്റെ മാതാപിതാക്കൾ ഞങ്ങളും ആ വഴി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവരുടെ വഴിയെക്കുറിച്ച് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അവർ അങ്ങനെ ആലോചിക്കുന്നത്. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടായിരിക്കുമല്ലേ അങ്ങ് ഇതാഗ്രഹിക്കാതിരുന്നത്....

ഇങ്ങനൊരു കത്തെഴുതിയതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾക്കായി അങ്ങയുടെ വിലപ്പെട്ട സമയം മാറ്റിവച്ചതിൽ സന്തോഷമുണ്ട്.

ബഹുമാനപൂർവം,
ആമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP