Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോർത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളിൽ തോന്നേണ്ടതല്ലേ; നിയമത്തിന്റെ പിടിയിൽ നിന്ന് അങ്ങയെ രക്ഷപ്പെടുത്താൻ പലരുമുണ്ടാകും; പക്ഷെ, ദൈവത്തിന്റെ കോടതിയിൽ തലയുയർത്തി നിൽക്കാൻ അങ്ങേയ്ക്ക് കഴിയുമോ? അങ്ങയുടെ മനസിൽ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ ശ്രീരാം നിങ്ങൾ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം; കെ എം ബഷീറിന്റെ സ്മരണയിൽ നിസാർ മുഹമ്മദ് എഴുതുന്നു

ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോർത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളിൽ തോന്നേണ്ടതല്ലേ; നിയമത്തിന്റെ പിടിയിൽ നിന്ന് അങ്ങയെ രക്ഷപ്പെടുത്താൻ പലരുമുണ്ടാകും; പക്ഷെ, ദൈവത്തിന്റെ കോടതിയിൽ തലയുയർത്തി നിൽക്കാൻ അങ്ങേയ്ക്ക് കഴിയുമോ? അങ്ങയുടെ മനസിൽ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ ശ്രീരാം നിങ്ങൾ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം; കെ എം ബഷീറിന്റെ സ്മരണയിൽ നിസാർ മുഹമ്മദ് എഴുതുന്നു

നിസാർ മുഹമ്മദ്

ശ്രീറാം വെങ്കിട്ടരാമൻ സാർ, അങ്ങേയ്ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. റിട്രോഗ്രേഡ് അംനേഷ്യയെന്ന മാരക മറവി രോഗത്തിൽ നിന്ന് അങ്ങ് പൂർണമായും മുക്തനായെന്ന് കരുതട്ടെ. അങ്ങേയ്ക്കുണ്ടായ മറവിക്കാലത്ത് ഞങ്ങൾക്കുമുണ്ടായി ചില നികത്തനാവാത്ത നഷ്ടങ്ങൾ. അതൊന്ന് ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞവർഷം ഇതേ ദിവസമാണ് കെഎം ബഷീറെന്ന ഞങ്ങളുടെ കെ.എം.ബി ജീവനോടെ അവസാനമായി ഈ ഭൂമിയിൽ ഉണ്ടായിരുന്നത്. ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും അവന്റെ ഹൃദയത്തുടിപ്പ് ഈ ദുനിയാവിൽ അവശേഷിക്കില്ലെന്ന് അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.

അർധരാത്രിയിൽ മദ്യപിച്ച് മദോന്മത്തനായി അങ്ങ് പെൺസുഹൃത്തിനൊപ്പം ചീറിപ്പാഞ്ഞ വാഹനം കവർന്നെടുത്ത കെ.എം.ബിയുടെ ജീവനും ജീവിതവുമാണ് നികത്താനാവാത്ത ഞങ്ങളുടെ നഷ്ടങ്ങളിലൊന്ന്. വിധവയായ ജസീലയ്ക്കും ജെന്ന, അസ്മി എന്നീ രണ്ടുകുരുന്നുകൾക്കും ബഷീറിന്റെ കുടുംബത്തിനുമുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇപ്പോഴും ഒന്നും നഷ്ടപ്പെടാത്തവനായി നിൽക്കുന്നവരിൽ ഒരാൾ അങ്ങ് മാത്രമാണ്. അഖിലേന്ത്യാ സർവീസിന്റെ പ്രിവിലേജിൽ അങ്ങ് ഇപ്പോഴും സസുഖം സർവീസിൽ വാഴുന്നു. അറിഞ്ഞിടത്തോളം, അങ്ങ് പഴയ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. മറവിയുള്ള ആളല്ലേ, പഴയതൊക്കെ അങ്ങേയ്ക്ക് പെട്ടെന്ന് മറക്കാനാകും. പക്ഷെ, ഞങ്ങൾക്ക് മറവിരോഗമില്ലാത്തതിനാൽ എല്ലാം ഓർത്തിരിക്കുന്നുണ്ട്.

വാഹനമിടിച്ച് ഒരാൾ മരിക്കുന്നത് ആദ്യത്തെ സംഭവമാണോയെന്ന് അങ്ങയെ ന്യായീകരിക്കുന്നവർ അന്നുമിന്നും ചോദിക്കുന്നുണ്ട്. അല്ലേയല്ല, ആദ്യത്തെ സംഭവമല്ല. പക്ഷെ, കെഎം ബഷീറിനെ കൊലപ്പെടുത്തിയത് സമാനതകളില്ലാത്ത സംഭവമായി മാറ്റിയത് അങ്ങ് ഒരൊറ്റയാളായിരുന്നു സാർ. അപകടമുണ്ടായ സമയത്ത്, ഞാനാണ് വാഹനമോടിച്ചതെന്നും ഞാൻ മദ്യപിച്ചിട്ടുണ്ടെന്നും എന്നെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഏതൊരു നിയമ നടപടി സ്വീകരിക്കാനും ഞാൻ തയാറാണെന്നും അങ്ങ് പറഞ്ഞിരുന്നുവെങ്കിൽ ഇത് സാധാരണ ഒരു അപകട മരണമായി മാറിയേനെ സാർ. നടപടികൾ ആ വഴിക്ക് നീങ്ങിയേനെ. പക്ഷെ, അതിനൊന്നും മുതിരാതെ കിട്ടിയ സമയത്തിനുള്ളിൽ അങ്ങ് തെളിവു നശിപ്പിക്കാനുള്ള കരുക്കൾ നീക്കുകകയായിരുന്നു.

സ്വയം രക്ഷപ്പെടാനുള്ള തത്രപ്പാടിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനുള്ള വിവേകം ആ സമയത്ത് നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇപ്പോഴങ്ങനെയല്ലല്ലോ? അന്നത്തെ സംഭവങ്ങൾ ഒന്നോർത്തു നോക്കൂ! ഞാൻ ഇത്രയ്ക്ക് ക്രൂരനായിരുന്നോ എന്ന തോന്നൽ ഒരിക്കലെങ്കിലും അങ്ങേയ്ക്ക് ഉണ്ടാവേണ്ടതല്ലേ? തന്റേതല്ലാത്ത കാരണത്താൽ ജീവൻ വെടിയേണ്ടി വന്ന, ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോർത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളിൽ തോന്നേണ്ടതല്ലേ. നിയമത്തിന്റെ പിടിയിൽ നിന്ന് അങ്ങയെ രക്ഷപ്പെടുത്താൻ പലരുമുണ്ടാകും. പക്ഷെ, ദൈവത്തിന്റെ കോടതിയിൽ നീതിമാനായി തലയുയർത്തി നിൽക്കാൻ അങ്ങേയ്ക്ക് കഴിയുമോ?

അങ്ങയുടെ ഫാൻസുകാർ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്, അറിയാതെ പറ്റിയ ഒരു അപകടത്തിന്റെ പേരിൽ ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസുകാരനെ മാധ്യമങ്ങൾ വേട്ടയാടിയില്ലേയെന്ന്. ദേവികുളം സബ് കളക്ടറായിരിക്കെ, സർക്കാർ ഭൂമി കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ അങ്ങ് കാട്ടിയ ആർജ്ജവത്തെയും അതിനുമുമ്പും ശേഷവും ഔദ്യോഗിക ജീവിതത്തിൽ അങ്ങെടുത്ത നിലപാടുകളെയും വാനോളം പുകഴ്‌ത്തിയവരാണ് മാധ്യമങ്ങൾ. അക്കൂട്ടത്തിൽ ബഷീറെന്ന മാധ്യമ പ്രവർത്തകനും ഉണ്ടായിരുന്നു. അവിടെ നിന്നാണ് സാർ, അങ്ങേയ്ക്ക് ഫാൻസ് ക്ലബുണ്ടായത്.

വേട്ടയാടാനായിരുന്നുവെങ്കിൽ, അങ്ങയുടെ ജീവിതത്തിലെ അപസർപ്പക കഥകളോരോന്നായി പുറത്തുവിടാമായിരുന്നു ഞങ്ങൾക്ക്. അങ്ങയുടെ സഹപ്രവർത്തകർ പറഞ്ഞിട്ടുള്ള അക്കഥകളുടെ ഏതാനും ഏടുകൾ മാത്രം മതിയായിരുന്നു അതിന്. അന്ന് രാത്രി അപകടം ഉണ്ടായി ബഷീർ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ പിറ്റേന്ന് പുലർച്ചെ ഏത് ഉല്ലാസ കേന്ദ്രത്തിൽ, ആർക്കൊപ്പമാകും അങ്ങ് സമയം ചെലവഴിക്കുകയെന്നതിന്റെ പോലും വിവരങ്ങൾ ഞങ്ങൾക്ക് അറിയാമായിരുന്നു സാർ. അതൊക്കെ പുറത്തുവന്നിരുന്നുവെങ്കിൽ ഫാൻസിന്റെ പിന്തുണ അങ്ങേക്ക് കിട്ടുമായിരുന്നില്ല. അങ്ങയോടുള്ള ആരാധനക്ക് മേൽ അവർ കരി ഓയിൽ ഒഴിച്ചേനെ. അങ്ങയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, ആ ഘട്ടത്തിൽ കെഎം ബഷീറിന്റെ കുടുംബത്തിന് കിട്ടേണ്ട നീതി നഷ്ടപ്പെടരുതെന്ന് ഓർത്തിട്ടായിരുന്നു അതൊന്നും വാർത്തയാവാതെ പോയത്.

ഒരുകാര്യം കൂടി പറഞ്ഞു നിർത്താം സാർ. അടുത്തിടെ, ജസീല കരഞ്ഞുകൊണ്ട് ഫോണിൽ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. 'എനിക്ക് ശ്രീറാം വെങ്കിട്ടരാമനെ ഒന്നുകാണണമെന്നുണ്ട്. ബഷീർക്കയില്ലാത്ത ലോകത്ത് ഞാനും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തോട് ഒന്നു പറയണമെന്നുണ്ട്. എനിക്ക് അതിനുള്ള ഒരവസരം ഉണ്ടാക്കിത്തരുമോ?' ബഷീറും ജസീലയും പരസ്പരം അത്രമേൽ സ്നേഹിച്ചിരുന്നുവെന്ന ബോധ്യമുള്ളതിനാൽ ആ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഞാനൊഴിഞ്ഞു. എന്തു പറഞ്ഞാണ് അവരെ സമാധാനിപ്പിക്കേണ്ടതെന്ന് ഇപ്പോഴും എനിക്കറയില്ല. ശ്രീറാം സാർ, അങ്ങയുടെ മനസിൽ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ നിങ്ങൾ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം. അവരോട് മാപ്പ് ചോദിക്കണം...

(മാധ്യമപ്രവർത്തകനായ നിസാർ മുഹമ്മദ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP