Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ വിസ്‌കി എന്ന പേരിൽ വിൽക്കപ്പെടുന്ന ഭൂരിപക്ഷം ഡ്രിങ്കുകളും റമ്മാണ്; വിസ്‌കി വാങ്ങുമ്പോൾ അത് മൊളാസിസ് സ്പിരിറ്റ് ചേർത്ത റം ആണോ അല്ലയോ എന്ന് നോക്കി വാങ്ങണം; മദ്യം ഇഷ്ടപ്പെടുന്നവർ അറിയാൻ ചില പൊടിക്കൈകളുമായി നിഖിൽ രവീന്ദ്രൻ

ഇന്ത്യയിൽ വിസ്‌കി എന്ന പേരിൽ വിൽക്കപ്പെടുന്ന ഭൂരിപക്ഷം ഡ്രിങ്കുകളും റമ്മാണ്; വിസ്‌കി വാങ്ങുമ്പോൾ അത് മൊളാസിസ് സ്പിരിറ്റ് ചേർത്ത റം ആണോ അല്ലയോ എന്ന് നോക്കി വാങ്ങണം; മദ്യം ഇഷ്ടപ്പെടുന്നവർ അറിയാൻ ചില പൊടിക്കൈകളുമായി നിഖിൽ രവീന്ദ്രൻ

നിഖിൽ രവീന്ദ്രൻ

ലോകത്ത് ഏറ്റവും അധികം മദ്യം ഉൽപ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എങ്കിലും ഏറ്റവും നിലവാരം കുറഞ്ഞ മദ്യം നിർമ്മിക്കുന്നതും ഇവിടെ തന്നെയാണ്. അമൃത്, പോൾ ജോൺ പോലെ വിരലിൽ എണ്ണാവുന്നവയാണ് ഇന്ത്യയുടേതെന്ന പേരിൽ ലോകം അറിയുന്ന ബ്രാന്റുകൾ.

ഇന്ത്യയിൽ വിസ്‌കി എന്ന പേരിൽ വിൽക്കപ്പെടുന്ന ഭൂരിപക്ഷം ഡ്രിങ്കുകളും ഏറ്റവും വിലകുറഞ്ഞ, കരിമ്പ് ഉൽപ്പന്നമായ മൊളാസിസ് സ്പിരിറ്റ് ചേർത്ത റമ്മാണ്.. ടെക്‌നിക്കലി പറഞ്ഞാൽ റം തന്നെ..

ക്വാളിറ്റിയുള്ള വിസ്‌കി നിർമ്മാണം വളരെ സമയം വേണ്ട ഒന്നാണ്. ബാർളി പോലുള്ള ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന Wort, ഈസ്റ്റുമായി ചേർത്ത് ഫെർമന്റ് ചെയ്യുമ്പോൾ, ഈസ്റ്റ്, വോർട്ടിലെ ഷുഗറിനെ ആൽക്കഹോൾ ആക്കുന്നു (ഈ Wort ഇൽ Hops ആഡ് ചെയ്താണ് ബിയർ ഉണ്ടാക്കുന്നത്). ജലം അധികമുള്ള ഈ അൽക്കഹോൾ , ഡിസ്റ്റിൽ കോളങ്ങളിൽ ചൂടാക്കി കോൺസൺട്രേറ്റഡ് ആൽക്കഹോളിനെ വേർതിരിച്ചെടുക്കുന്നു (നാടൻ ഭാഷയിൽ പറഞ്ഞാൽ വാറ്റുന്നു. ഈഥൈൽ ആൽകഹോളിന്റെ ബോയിലിങ്ങ് പോയിന്റ് ഏതാണ്ട് 78 °C ആയതുകൊണ്ട് ചൂടാക്കുമ്പോൾ ആദ്യം EA വേർതിരിഞ്ഞ് കിട്ടും) ഇങ്ങനെ കിട്ടുന്ന നിറമില്ലാത്ത സ്പിരിറ്റ് പലതരം ട്രീറ്റ്‌മെന്റുകൾ ചെയ്ത പല തരം തടികൾ (പ്രധാനമായും ഓക്ക്) കൊണ്ടുണ്ടാക്കിയ വീപ്പകളിൽ നിറച്ച് വർഷങ്ങൾ ഏജ് ചെയ്യാൻ വയ്ക്കുന്നു. ഈ പ്രൊസസിൽ, തടിയുടെ ഫ്‌ളേവറും മണവും ഒക്കെ ആൽക്കഹോളിലേക്ക് ഇറങ്ങി നിറമുള്ള വിസ്‌കിയായി മാറുന്നു. ഇത്തരത്തിൽ അറുപതും എഴുപതും അതിലധികവും വർഷങ്ങൾ ഏജ് ചെയ്ത വിസ്‌കികൾ ലഭ്യമാണ്.

വീപ്പക്കുപയോഗിക്കുന്ന തടിയും പ്രൊസസിങ്ങും, ഏജിങ്ങിന്റെ കാലാവധിയും ഒക്കെ ഓരോ മാനുഫാക്ചറുടെ താല്പര്യങ്ങൾക്കനുസരിച്ചാണ്. പല രാജ്യങ്ങളിലും സ്പിരിറ്റിനെ വിസ്‌കി എന്ന് ലേബൽ ചെയ്യണം എന്നുണ്ടെങ്കിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട് ഉദാഹരണം പറഞ്ഞാൽ സ്‌കോട്ട്‌ലാന്റിൽ ഉലപ്പാദിപ്പിക്കപ്പെടുന്ന 'വിസ്‌കികൾക്ക്' സ്‌കോച്ച് വിസ്‌കി എന്ന കാറ്റഗറിയിൽ ഉൾപ്പെടണം എങ്കിൽ കുറഞ്ഞത് മൂന്ന് വർഷം എങ്കിലും ഓക് ബാരലിൽ ഏജ് ചെയ്യണം. ഇന്റ്യയിൽ ഇത്തരം നിയമങ്ങൾ ഒന്നും നിലവിലില്ലാത്തതുകൊണ്ടാണ്, മൊളാസിസ് സ്പിരിറ്റ് ചേർത്തവയെ വിസ്‌കി എന്ന പേരിൽ വിൽക്കാൻ കഴിയുന്നത്.

ധാന്യങ്ങളുടെ സെലക്ഷൻ ഉൾപ്പടെ അതിൽ ചേർക്കുന്ന വെള്ളത്തിൽ വരെ എല്ലാ കമ്പനികളും അവരവരുടേതായ യുണീക്‌നസ് കാത്തുസൂക്ഷിക്കാറുണ്ട്. ഉദാഹരണത്തിന് ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ജാക് ഡാനിയൽസ് എന്ന ബ്രാന്റ്, മദ്യമുണ്ടാക്കൻ ഉപയോഗിക്കുന്ന വെള്ളം അവരുടെ ഫാക്റ്ററി പരിസരത്തെ കേവിൽ നിന്ന് എടുക്കുന്ന സ്പ്രിങ്ങ് വാട്ടറാണ് Lynchburg ലാണ് ഇവരുടെ ഫാക്റ്ററി അവരുടെ എല്ലാ ബ്രാന്റുകളും നിർമ്മിക്കുന്നത് ഈ ഒറ്റ ഫാക്റ്ററിയിൽ നിന്നാണ്.

ഇതൊക്കെ ഇന്ത്യക്ക് പുറത്ത് വിസ്‌കി ഉണ്ടാക്കുന്ന രീതികളാണ്. ഇന്ത്യയിലേക്ക് വന്നാൽ ഈ പ്രൊസസ് വളരെ എളുപ്പമാണ്. മുകളിൽ പറഞ്ഞതുപോലെ മൊളാസിസ് സ്പിരിറ്റിൽ, നിറവും, കളറും മിക്‌സ് ചെയ്ത് ബോട്ടിൽ നിറക്കുന്നു, പ്രീമിയം വിസ്‌കി എന്ന ലേബലും അടിക്കുന്നു.ശുഭം.

ഇന്ത്യയിൽ അമൃത് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു?

ഏജിങ്ങ് ആണ് വിസ്‌കി നിർമ്മാണത്തിലെ ഏറ്റവും പ്രധാന ഘടകം, വീപ്പകളിലുള്ള ആൽക്കഹോളിന് കാലക്രമേണ ബാഷ്പീകരണം സംഭവിക്കും(ഇതിനെ ഏഞ്ചൽ ഷെയർ എന്നാണ് പറയുന്നത്) ഇന്ത്യ പോലെ പൊതുവേ ചൂട് കൂടുതലുള്ള ഒരു സ്ഥലത്ത് ഈ ബാഷ്പീകരണ തോത് കൂടുതലാണ്, ബാഷ്പീകരണ തോത് കൂടുതലാണെങ്കിലും, ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥ, വിസ്‌കിയെ അതിവേഗം മെച്വർ ആക്കുകയും, മികച്ച സ്വാദ് നൽകുകയും ചെയ്യും എന്ന അമൃതിന്റെ കണ്ടെത്തലാണ്, പിന്നീട് ലോക മാർക്കറ്റിൽ അമൃതിന്റെ വേരുറപ്പിക്കാനുള്ള കാരണമായത്.

2004 ഇൽ അമൃത് സിംഗിൾ മാൾട്ട് വിസ്‌കി യൂറോപ്യൻ മാർക്കറ്റിൽ വിൽപ്പന തുടങ്ങി. പക്ഷെ കാര്യമായ മാർക്കറ്റ് റസ്‌പോൺസ് ഒന്നും ലഭിച്ചില്ല, ഇന്ത്യക്കാരന് വിസ്‌കി ഉണ്ടാക്കാനറിയില്ല എന്ന ചിന്ത കൊണ്ട് ആരും തന്നെ ആ ബ്രാന്റിന് പിറകേ പോയില്ല. നീണ്ട നാളത്തെ പ്രയത്‌നത്തിന് ശേഷം, പല ബ്രാന്റ് ടെസ്റ്റുകളും ഓർഗനൈസ് ചെയ്തതിന്റെ ഫലമായി അമൃതിനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. 2009 ഇൽ Malt Maniacs എന്ന സംഘടന അമൃത്ഫ്യൂഷന്, 'Best Natural Cask whiskey in Daily Drams' എന്ന കാറ്റഗറിയിൽ അവാർഡ് നൽകിയതോട് കൂടി അമൃതിന്റെ സ്വീകര്യത കൂടി.

ശേഷം 2010 ഇൽ, പ്രശസ്തനായ എഴുത്തുകാരനും വിസ്‌കി ക്രിട്ടിക്കുമായ Jim Murray എന്ന ജേർണലിസ്റ്റ് തന്റെ 'Whisky Bible' ഇൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്‌കിയായി രേഖപ്പെടുത്തിയതോട് കൂടി, ഒരു ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കിയുടെ പേര് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

ഓരോ ബ്രാന്റുകളുടെയും സക്‌സസിന് പിന്നിൽ ഒരാൾ ഉണ്ടാവും, അത് ആ ബ്രാന്റ് പാകം ചെയ്യുന്ന മാസ്റ്റർ ബ്ലന്ററാണ്. പല കുപ്പികളുടെയും പുറത്ത് നോകിയാൽ മാസ്റ്റർ ബ്ലന്ററിന്റെ പേര് എഴുതിയിരിക്കുന്നത് കാണാം (ഉദാഹരണത്തിന് നാട്ടിലുള്ള ബ്രാന്റുകളിൾ UB യുടെ Signature വിസ്‌കിയുടെ പുറത്ത് കാണാം)

അമൃതിനെ കൂടാതെ മറ്റ് ചില ഇന്ത്യൻ ബ്രാന്റുകളും ലോക മാർക്കറ്റിൽ ഇന്ന് വളരെ പോപ്പുലറാണ്, പോൾ ജോണും ( പോൾ ജോൺ, ജിം മുറെയുടെ വിസ്‌കി ബൈബിളിൽ കയറിപ്പറ്റിയിട്ടുണ്ട്), റാഡിക്കോയുടെ ഉടമസ്ഥതയിലുള്ള Rampur എന്നിവയാണ് അത്. ഇതിൽ പോൾ ജോണിന്റെ സ്ഥാപകൻ ഒരു മലയാളിയാണ്.

നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ആളുകളും മദ്യമുപയോഗിക്കുന്നത് ബോധം പോവണം എന്ന ആവശ്യത്തോടെയാണ്. അതിന്റെ മണമോ, ടേസ്റ്റോ, ആസ്വാദനമോ ഒന്നും ഒരു വിഷയമേ അല്ല. അതുകൊണ്ട് തന്നെയാവും ഇന്ത്യയിലെ ഭൂരിപക്ഷം മാനുഫാക്‌ച്ചേഴ്‌സും മദ്യമുണ്ടാക്കുമ്പോൾ ഈ വക കാര്യങ്ങളൊന്നും പരിഗണിക്കാത്തത്.

വിസ്‌കിയുടെ കാര്യത്തിൽ മാത്രമല്ല, റമ്മായാലും, ബ്രാന്റി ആയാലും എല്ലാം ഇതുതന്നെ അവസ്ഥ. മദ്യം ആസ്വദിക്കുന്നവൻ, അതിന്റെ ഇൻഗ്ഗ്രീഡിയൻസും, ഏജിങ്ങും ഒക്കെ കാര്യമായി നോക്കിയാവും വാങ്ങുക. ഇത്രയധികം സമയവും സൂഷ്മതയും ഒക്കെ എടുത്ത് ഉണ്ടാക്കപ്പെടുന്ന മദ്യം, എങ്ങനെ കഴിക്കണം എന്നത് വാങ്ങി കുടിക്കുന്നവന്റെ താല്പര്യം ആണെങ്കിലും, അത് നോസ് ചെയ്ത്, സിപ്പ് ചെയ്ത്, നുണഞ്ഞ് ആസ്വദിച്ച് കഴിച്ചാൽ മാത്രമാണ് അതിനുള്ളിലെ ഫ്‌ളേവറുകൾ ആസ്വദിക്കാൻ കഴിയൂ.

പൂർണ്ണമായും ഇമ്പോർട്ട് ചെയ്യുന്നതും, ഇന്ത്യയിൽ ഉണ്ടാകുന്ന മദ്യവുമല്ലാതെ മറ്റൊരു കാറ്റഗറി കൂടി ഉണ്ട്, പുറം രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന മദ്യം ബാരലുകളിൽ ഇമ്പോർട്ട് ചെയ്ത് ഇവിടെ വച്ച് ബ്ലന്റ് ചെയ്ത് ബോട്ടിൽ ചെയ്യുന്നവ, IMFL എന്നാണിവയെ അറിയപ്പെടുന്നത് (Indian-made foreign liquor). വാറ്റ് 69, സ്മിറ്‌ണോഫ് മുതലായവ ഉദാഹരണങ്ങളാണ്.

വിസ്‌കികൾ പല തരം ഉണ്ടെങ്കിലും പൊതുവേ കേൾക്കുന്ന രണ്ട് വാക്കാണ് ബ്ലന്റഡ് വിസ്‌കിയും, സിംഗിൾ മാൾട്ട് വിസ്‌കിയും. ബ്ലന്റഡ് എന്നാൽ പല തരം വിസ്‌കികൾ വ്യത്യസ്ത സ്വാദിനും മണത്തിനുമായി ഒക്കെ ബ്ലന്റ് ചെയ്ത് ഉണ്ടാക്കുന്ന വിസ്‌കികളാണ്, ഇതിന് പല ഡിസ്റ്റ്‌ലറികളിൽ നിന്ന് ഉള്ള വിസ്‌കികളും ഉപയോഗിക്കുന്നുണ്ട്, സിംഗിൾ മാൾട്ട് വിസ്‌കി എന്നാൽ ഒറ്റ ഡിസ്ലറിയിൽ നിന്ന് മാത്രം പ്രൊഡ്യൂസ് ചെയ്ത് ബോട്ടിൽ ചെയ്യുന്ന വിസ്‌കിയാണ്. കൂടാതെ സിംഗിൾ ബാരൽ എന്നൊരു കാറ്റഗറി കൂടിയുണ്ട്, പേര് പോലെ തന്നെ ഒറ്റ ബാരലിൽ നിന്ന് മാത്രം എടുത്ത് ബോട്ടിൽ ചെയ്യുന്നവയാണ് അത്. നമ്മുടെ നാട്ടിൽ ബ്ലന്റഡ് വിസ്‌കിയാണ് കൂടുതലും അവൈലബിളായി ഉള്ളത്, വിലക്കുറവും ആണ്, സിംഗിൾ മാൾട്ട് താരതമ്യേന അവൈലബിലിറ്റി കുറവും, വിലകൂടുതലും ആണ്.

ഇനി കേരളത്തിലെ മദ്യവിൽപ്പനയിലേക്ക് വരാം, കുറച്ച് നാൾ മുൻപ് വരെ BEVCO ഔട്ട്‌ലറ്റുകളിൽ, കുറച്ച് ഇമ്പോർട്ടട് ബ്രാന്റുകൾ ഒഴിച്ച് ക്വാളിറ്റിയുള്ള മദ്യം വളരെ കുറവായിരുന്നു. വേണമെന്ന് വച്ചാൽ പോലും നല്ല ബ്രാന്റുകൾ ലഭിക്കാത്ത അവസ്ഥ, ഇന്നത് മാറി തുടങ്ങിയിട്ടുണ്ട്, പോൾ ജോൺ നിർവാണയും, അമൃത് ഫ്യൂഷനും ഒക്കെ അവൈലബിളായി തുടങ്ങി പക്ഷെ വാങ്ങണമെങ്കിൽ ലോൺ എടുക്കണം എന്ന് മാത്രം.

അമൃതിന്റെ കേരളത്തിന് പുറത്തുള്ള വില ഏതാണ് 4000+ ആണെങ്കിൽ കേരളത്തിലെ വില 8050 രൂപയാണ്. മദ്യത്തിന് ഇവിടെ ഈടാക്കുന്ന ടാക്‌സാണ് കാരണം എന്ന് പറയേണ്ട ആവശ്യമില്ലല്ലോ.. 100 രൂപക്ക് താഴെ മാത്രം വിലയുള്ള ബോട്ടിലുകൾ പോലും BEVCO യിൽ വിൽക്കപ്പെടുന്നത് 1000 രൂപക്ക് മുകളിലാണ്.

വിസ്‌കി വാങ്ങുമ്പോൾ അത് മൊളാസിസ് സ്പിരിറ്റ് ചേർത്ത റം ആണോ അല്ലയോ എന്ന് നോക്കി വാങ്ങണം. ബോട്ടിലിന്റെ പുറത്തെ ലേബൽ നോക്കിയാൽ ഏറെ കുറെ അത് മനസിലാവും, ക്വാളിറ്റി ഉള്ള വിസ്‌കി ആണെങ്കിൽ അതിലെ ഇൻഗ്രീഡിയൻസ് മാൾട്ട് സ്പിരിറ്റ് + DM വാട്ടർ (ഡീ മിനറലൈസ്ഡ് വാട്ടർ) ഒക്കെയാവും, കൂടെ പെർമിറ്റഡ് കളറും കണ്ടേക്കാം. പല ബ്ലന്റഡ് വിസ്‌കികളിൽ ഗ്രയിൻ നൂട്രൽസ്പിരിറ്റും കാണാം.

ENA ( Extra Neutral Alcohol) ഉണ്ടെങ്കിൽ അത് മൊളാസിസ് സ്പിരിറ്റാകാനാണ് കൂടുതലും സാധ്യത.(വ്യക്തിപരമായ നിരീക്ഷണം). ക്വാളിറ്റി ഉള്ള വിസ്‌കിക്ക് ആൽക്കഹോളിന്റെ മൂക്ക് തുളക്കുന്ന മണം കാണില്ല.

BEVCO യിലെ ഇമ്പോർട്ടഡ് വിസ്‌കികൾ തിരിച്ചറിയാൻ, ബോട്ടിൽ ശ്രദ്ധിച്ചാൽ മതി, ഏത് കമ്പനിയാണ് , എന്നാണ് ഇമ്പോർട്ട് ചെയ്തത് എന്ന വിവരങ്ങൾ ഉൾപ്പടെ ഒരു സ്റ്റിക്കർ ബോട്ടിലിൽ കാണും. അപ്പൊ കുടിയന്മാർ കഴിവതും കുറഞ്ഞ അളവിൽ മദ്യം ആസ്വദിച്ച് കഴിക്കാൻ ശ്രമിക്കുക, ഇടക്കൊക്കെ ഓരോ പെഗ് മറ്റുള്ളവർക്ക് ദാനവും നൽകുക.

NB- മദ്യപാനം ആരോഗ്യത്തിന് ഹാനികരം,
        അമിത ജലപാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP