Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

ആദ്യം നൽകേണ്ടത് വിദ്യാഭ്യാസം; പിന്നാലെ രാഷ്ട്രീയ ബോധം; കലാലയത്തിലും പ്രവർത്തനമേഖലയിലും രാഷ്ട്രീയനിറം കലരാതിരിക്കാനുള്ള കരുതൽ; ഗ്രാമീണ മേഖലയിൽ നിന്നുള്ള നിർധന വിദ്യാർത്ഥികൾക്ക് നൽകിയത് പ്രത്യേക പരിഗണന; ഡോ. എൻ. നാരായണൻ നായർ പാർശ്വവത്ക്കരിക്കപ്പെട്ടവരെ വഴിനടത്തിയ ഗുരുനാഥൻ

ആദ്യം നൽകേണ്ടത് വിദ്യാഭ്യാസം; പിന്നാലെ രാഷ്ട്രീയ ബോധം; കലാലയത്തിലും പ്രവർത്തനമേഖലയിലും രാഷ്ട്രീയനിറം കലരാതിരിക്കാനുള്ള കരുതൽ; ഗ്രാമീണ മേഖലയിൽ നിന്നുള്ള നിർധന വിദ്യാർത്ഥികൾക്ക് നൽകിയത് പ്രത്യേക പരിഗണന; ഡോ. എൻ. നാരായണൻ നായർ പാർശ്വവത്ക്കരിക്കപ്പെട്ടവരെ വഴിനടത്തിയ ഗുരുനാഥൻ

പ്രശാന്ത് നായർ‌

ഡോ. എൻ. നാരായണനൻ നായർ വിടവാങ്ങുമ്പോൾ വിങ്ങുന്ന ഹൃദയത്തോടെ അദ്ദേഹം പകർന്ന ജീവിതദർശനങ്ങൾ ഓർക്കുകയാണ്. വെറും ഗ്രാമീണപശ്ചാത്തലത്തിൽ ജനിച്ച് ജീവിച്ച് പഠനം പൂർത്തിയാക്കിയ എനിക്ക് ഇനിയുമൊരു വിശാലലോകം കാത്തിരിപ്പുണ്ടെന്ന് പറഞ്ഞുതന്ന മഹാഗുരുവാണ് അദ്ദേഹം. ഒരുപക്ഷേ ആദ്യകാല കമ്യൂണിസ്റ്റ് എന്ന ജീവിതപ്രതിബദ്ധതയാവണം പാർശ്വവത്ക്കരിക്കപ്പെട്ടവരെ ചേർത്തുനിർത്താൻ നാരായണൻ നായർക്ക് പ്രേരണനൽകിയത്.

തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്ക് പാലോടാണ് എന്റെ ഗ്രാമം. പെരിങ്ങമല ഇക്‌ബാൽ കോളേജിൽ നിന്ന് ബിരുദം നേടി നിൽക്കുമ്പോൾ നിയമവിദ്യാഭ്യാസം നേടുകയായിരുന്നു ആഗ്രഹം. പരിമിതമായ ജീവിതപശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുമായിരുന്ന ആ വലിയ ആഗ്രഹം സഫലമാക്കിത്തന്ന ഗുരുതേജസ്സാണെനിക്ക് നാരായണൻ നായർ. ലളിത ജീവിതത്തിനും സാന്ത്വനത്തിനും ഏറെ സ്ഥാനം കൽപിച്ചിരുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത് എന്നെനിക്ക് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ചുപറയാൻ കഴിയും.

ലാ അക്കാദമിയി ഒരു സ്വകാര്യപങ്കാളിത്തമുള്ള സംരഭമാണെന്നും വലിയ ഫീസ് നൽകേണ്ടിവരുമെന്ന മുൻധാരണയോടെയാണ് പ്രവേശനം. പക്ഷേ നാരായണൻ നായർ സർ എന്റെ എല്ലാ ധാരണയും തിരുത്തിക്കുറിച്ചു. നിനക്ക് പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ പഠിപ്പിക്കാൻ ഞങ്ങൾക്കും താല്പര്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമവിദ്യാഭ്യാസരംഗം മാത്രമല്ല രാഷ്ട്രീയ സാംസ്‌കാരിക സമൂഹമൊന്നടങ്കം ആദരവോടെ കാണുന്ന ഒരു വലിയ മനുഷ്യൻ പ്രത്യേകിച്ചൊരു മേൽവിലാസവുമില്ലാത്ത ഒരു ഗ്രാമീണവിദ്യാർത്ഥിയോട് ഇത്ര മമത കാണിച്ചത് എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഒരൊറ്റ വാചകത്തിലൂടെ അദ്ദേഹം എന്നിലേക്കു പകർന്ന പ്രോത്സാഹനപ്രവാഹം ഇപ്പോഴും സജീവമാണ്.

ഇങ്ങനെയൊരു കുറിപ്പെഴുതുന്നത് ഞാനൊരാളാണെങ്കിലും എന്നെപ്പോലൊരു വലിയൊരു വിദ്യാർത്ഥിസമൂഹം അദ്ദേഹത്തിന്റെ വിശാലമനസ്‌കതയും പരിഗണനയും അനുഭവിച്ചറിഞ്ഞ് എനിക്ക് മുമ്പും ശേഷവും പറന്നുയർന്നിട്ടുണ്ടെന്ന് പറഞ്ഞുകൊള്ളട്ടെ. വിദ്യാർത്ഥികളെ, പ്രത്യേകിച്ച് ഗ്രാമീണമേഖലയിൽ നിന്നുള്ളവരേയും സാമ്പത്തികമായി ശേഷിയില്ലാത്തവരേയും അദ്ദേഹം പ്രത്യേകിച്ച് പരിഗണിച്ചിരുന്നു. അത്തരക്കാർക്ക് വ്യക്തിപരമായ ശ്രദ്ധയും മാർഗ്ഗദർശനവും നൽകാൻ കിട്ടുന്ന എല്ലാ അവസരവും അദ്ദേഹം ഉപയോഗപ്പെടുത്തും.

അത്തരത്തിലൊരിക്കൽ എനിക്ക് വ്യക്തിപരമായി പകർന്നു തന്ന വിവേകമാണ് എന്നെ ഭാരതത്തിനു പുറത്തുള്ള നിയമലോകത്തേക്ക് നയിച്ചത്. അദ്ദേഹം തുറന്നിട്ട വാതായനങ്ങളിലൂടെ മുന്നോട്ട് പോകവേയാണ് പാലോട് എന്ന പ്രിയഗ്രാമത്തിന്റെ ആശ്ലേഷപരിമിതികൾക്കപ്പുറത്തെ ലോകം ഞാൻ കണ്ടത്. നിയമബിരുദം നേടിയപ്പോൾ സ്‌നേഹത്തോടെ അദ്ദേഹം എന്നെ അടുത്തുവിളിച്ച് ബിരുദാനന്തര ബിരുദം നേടേണ്ടതിന്റെ ആവശ്യം പറഞ്ഞുതന്നു. ചലവേലൃഹമിറ ഹല ഒമഴൗല അരമറലാ്യ ീള ശിലേൃിമശേീിമഹ ഘമം സാധ്യത കാട്ടിത്തന്നതും ഈ ഗുരുതേജസ്സുതന്നെ.

തികഞ്ഞ ഇടതുപക്ഷരാഷ്ട്രീയ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ഒരു വിദ്യാഭ്യാസപ്രവർത്തകൻ എന്ന നിലയ്ക്ക് തന്റെ കലാലയത്തിലും പ്രവർത്തനമേഖലയിലും രാഷ്ട്രീയനിറം പകരാതിരിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

വിദ്യാഭ്യാസം ആദ്യം, പിന്നാലെയുണ്ടാകേണ്ടതാണ് രാഷ്ട്രീയബോധം എന്ന് ഒരിക്കലദ്ദേഹം പറഞ്ഞതോർക്കുന്നു. കുട്ടികൾ പഠിക്കട്ടെ. രാഷ്ട്രീയബോധം ആർജ്ജിക്കട്ടെ. ഇതിനിടയ്ക്ക് കലാലയത്തിൽ രാഷ്ട്രീയാതിപ്രസരം ഉണ്ടാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ച്ച്പ്പാട്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഉന്നതസ്ഥാനം ഉറപ്പിക്കാനൊരു നിയമബിരുദം കൂടിയിരിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ അക്കാദമിയിൽ പ്രവേശനം നേടാൻ രാഷ്ട്രീയക്കാരുടെ വലിയ നിരതന്നെ വർഷാവർഷം നാരായണൻ നായർ സാറിനെ കാണാറുണ്ടായിരുന്നു. അദ്ദേഹം അവരുടെ രാഷ്ട്രീയമൊന്നും ഒരിക്കലും പരിഗണിച്ചിരുന്നില്ല. പക്ഷേ നിയമപഠനത്തോടുള്ള അഭിവാഞ്ച എത്രയുണ്ടെന്ന് കണക്കാക്കിയിരുന്നു.

പലപ്പോഴും ലോ അക്കാദമിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. മജിസ്‌ട്രേറ്റും മന്ത്രിയും ജസ്റ്റിസുമാരുമെല്ലാം ശിഷ്യരായുണ്ടെങ്കിലും ഒരിക്കലും വഴിവിട്ടൊരു നേട്ടത്തിന് അദ്ദേഹം ഇവരെയാരെയും സമീപിച്ചില്ല. അത്യാവശ്യഘട്ടത്തിലെങ്കിലും അങ്ങനെയായിക്കൂടേയെന്ന് ഞാനൊരിക്കൽ ചോദിച്ചിട്ടുണ്ട്. പഠിപ്പിക്കുന്നത് നീതിശാസ്ത്രമാണെന്നും നീതിബോധത്തെ അട്ടിമറിക്കുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നത് ആദർശരാഹിത്യമായിപ്പോകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്കത് പിൽക്കാലത്ത് വലിയ ജീവിതസന്ദേശമായി. ഇന്ത്യയിൽ മാത്രമല്ല ഇങ്ങ് അമേരിക്കയിലും ഓരോപ്രഭാതത്തിലും നാരായണൻ നായർ എന്ന മഹാഗുരു, തികഞ്ഞ മാനവികതാവാദി ഓതിത്തന്ന ദർശനങ്ങൾ ഓരോന്നോർത്തുകൊണ്ടാണ് ഞാൻ കർമ്മമേഖലയിൽ തുടരുന്നത്. ഗുരുവിന് സാദരപ്രണാമം.

(ഐക്യരാഷ്ട്രസഭാ മുൻ കൊളാബറേറ്ററും യൂറോപ്യൻ കമ്മീഷൻ മുൻ ഇൻവെസ്‌റിഗേറ്ററും, ഇപ്പോൾ അമേരിക്കയിൽ ക്രിമിനൽ നിയമ വിദഗ്ദ്ധനുമാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP