Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ റോഡുകളിലെ സിംഹം ബസും ട്രക്കുകളും ആണ്; അവർക്ക് എന്തും ആകാം എവിടെയും ഓടിക്കാം; ഈ കാട്ടുനീതിയിൽ നിന്നും നമ്മുടെ സൈക്കിളുകളെ മോചിപ്പിക്കേണ്ട സമയമായി; അപകടം കൂടാതെ സൈക്കിൾ ഓടിക്കാൻ ഹൈവേയിൽ പറ്റിയില്ലെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും എങ്കിലും പ്രത്യേക പാതകൾ ഉണ്ടാകണം; മുരളി തുമ്മാരുകുടി എഴുതുന്നു ഭരണഘടനയിലേക്ക് സൈക്കിൾ ഓടിക്കുമ്പോൾ

കേരളത്തിലെ റോഡുകളിലെ സിംഹം ബസും ട്രക്കുകളും ആണ്; അവർക്ക് എന്തും ആകാം എവിടെയും ഓടിക്കാം; ഈ കാട്ടുനീതിയിൽ നിന്നും നമ്മുടെ സൈക്കിളുകളെ മോചിപ്പിക്കേണ്ട സമയമായി; അപകടം കൂടാതെ സൈക്കിൾ ഓടിക്കാൻ ഹൈവേയിൽ പറ്റിയില്ലെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും എങ്കിലും പ്രത്യേക പാതകൾ ഉണ്ടാകണം; മുരളി തുമ്മാരുകുടി എഴുതുന്നു ഭരണഘടനയിലേക്ക് സൈക്കിൾ ഓടിക്കുമ്പോൾ

മുരളി തുമ്മാരുകുടി

ഭരണഘടനയിലേക്ക് സൈക്കിൾ ഓടിക്കുമ്പോൾ..

ഴിഞ്ഞ ഞായറാഴ്ച സ്വിറ്റ്‌സർലാൻഡിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നു. രാജ്യത്ത് സൈക്കിൾ ഓടിക്കാനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. എഴുപത്തിമൂന്നു ശതമാനം പേരും അതിന് അനുകൂലമായി വോട്ടു ചെയ്തതോടെ സൈക്കിൾ ഭരണഘടനയിൽ എത്തി. അതവിടെ വെറുതെ ഇരിക്കാൻ പോവുകയല്ല, മറിച്ച് രാജ്യമെമ്പാടും സൈക്കിൾ ഓടിക്കാനുള്ള വഴികൾ ഉണ്ടാക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ സർക്കാർ സംവിധാനങ്ങൾക്കുണ്ട്. 'വേഗത കുറക്കുക' എന്നതാണ് ഇപ്പോൾ യൂറോപ്പിലെ മൊബിലിറ്റിയിലെ പുതിയ തത്വം.

യൂറോപ്പിൽ ആളുകൾ ഭരണഘടനയിലേക്ക് സൈക്കിൾ ഓടിക്കുമ്പോൾ കേരളത്തിൽ റോഡുകളിൽ നിന്നും സൈക്കിളുകളെ തള്ളിപ്പുറത്താക്കുകയാണ്. കേരളത്തിൽ ഹൈവേയിൽ മാത്രമല്ല ഗ്രാമത്തിലെ വഴികളിൽ പോലും മോട്ടോർ വാഹനങ്ങൾ പാഞ്ഞു നടക്കുമ്പോൾ സൈക്കിളിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. ഇതിനൊരു കാരണം കേരളത്തിലെ റോഡുകളിൽ നില നിൽക്കുന്നത് റോഡ് നിയമങ്ങൾ അല്ല കാട്ടുനീതിയാണ് എന്നതാണ്.

ഞാൻ മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും പുതിയതായി വന്നവർക്ക് വേണ്ടി ഒന്ന് കൂടി പറയാം. കേരളത്തിലെ റോഡുകൾ എന്നെ ആഫ്രിക്കയിലെ മസായി മാര നാഷണൽ പാർക്കിനെ ആണ് ഓർമ്മിപ്പിക്കുന്നത്. സിംഹം മുതൽ മാൻ വരെ വസിക്കുന്ന ഒരു പാർക്കാണത്. ഒളിക്കാനായി അധികം മരങ്ങൾ ഒന്നുമില്ല. സിംഹത്തിന് ഒളിക്കേണ്ട കാര്യവുമില്ല. മൃഗരാജൻ അല്ലേ, എവിടെയും തോന്നുന്നതു പോലെ നടക്കാം, തോന്നുന്നിടത്ത് കിടക്കാം, ആരെയും ഓടിച്ചു പിടിച്ചു കൊല്ലാം, തിന്നാം.

സിംഹത്തിന്റെ തൊട്ടു താഴെയാണ് പുലിയുടെ സ്ഥാനം. അതിനും അധികം പേടിക്കാനില്ല. സിംഹം ആ വഴി വരുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. ബാക്കിയുള്ളവരെല്ലാം പുലി വരുന്നുണ്ടോന്ന് നോക്കി മാറി നടന്നോളും.

അതിലും താഴെയാണ് കുറുക്കന്റെ കാര്യം. ഇതേ കാട്ടിൽ തന്നെയാണ് കുറുക്കനും ജീവിച്ചു പോകേണ്ടത്. പക്ഷെ സിംഹത്തിന്റെയോ പുലിയുടെയോ മുന്നിൽ പെട്ടാൽ കഥ കഴിഞ്ഞു. പാത്തും പതുങ്ങിയും നടന്നാൽ മാനിനെയോ മുയലിനെയോ പിടിക്കാം.

മാനിന്റെയും മുയലിന്റെയും കാര്യമാണ് കഷ്ടം. സിംഹം മുതൽ കുറുക്കൻ വരെ ആരുടെ മുന്നിലേക്കും പോകാൻ പറ്റില്ല. മുൻപിൽ ചെന്ന് പെട്ടാൽ ജീവൻ പോയത് തന്നെ.

കേരളത്തിലെ റോഡുകളിലെ സിംഹം ബസും ട്രക്കുകളും ആണ്. അവർക്ക് എന്തും ആകാം, എവിടെയും ഓടിക്കാം. ബാക്കിയുള്ളവരും റോഡിൽ ഉണ്ടെന്നത് അവർക്ക് വിഷയമല്ല. ട്രക്ക് ബൈക്കിൽ ഇടിച്ചാലും ബൈക്ക് ട്രക്കിൽ ഇടിച്ചാലും ചാവുന്നത് ബൈക്കുകാരൻ ആണ്. ബസിന്റെ താഴെ പുലിയായി ടിപ്പർ ലോറികൾ, അതിനു താഴെ കുറുക്കനായി ഓട്ടോ റിക്ഷകൾ, അതിനൊക്കെ താഴെ ജീവൻ ഈ വന്യജീവികളിൽ നിന്നും രക്ഷിക്കാൻ നെട്ടോട്ടമോടുന്ന മാനും മുയലും ആണ് ബൈക്കും സൈക്കിളും എല്ലാം. ഒരു വർഷം രണ്ടായിരം ആളുകളാണ് ഇരുചക്ര വാഹനങ്ങളിൽ റോഡിലിറങ്ങി മരിച്ചു പോകുന്നത്.
ഭരണഘടനയിൽ ഒന്നും എത്തിയില്ലെങ്കിലും ഈ കാട്ടുനീതിയിൽ നിന്നും നമ്മുടെ സൈക്കിളുകളെ മോചിപ്പിക്കേണ്ട സമയമായി. അപകടം കൂടാതെ സൈക്കിൾ ഓടിക്കാൻ ഹൈവേയിൽ പറ്റിയില്ലെങ്കിലും നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും എങ്കിലും പ്രത്യേക പാതകൾ ഉണ്ടാകണം.

ജീവിതത്തിന്റെ സ്പീഡ് നമുക്കും അല്പം കുറക്കാം. മരണത്തിലേക്ക് ഓടിയെത്താൻ എന്തിനാണ് തിരക്ക് കൂട്ടുന്നത്?

മുരളി തുമ്മാരുകുടി ഫേസ്‌ബുക്കിൽ കുറിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP