Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഒരു നല്ല കാര്യം പറയണമല്ലോ..രണ്ടു ബജറ്റിലും ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഒന്നുണ്ട്: കവിതകൾ..അരേ വാ ... കഥ രണ്ടിലും ഉണ്ടായിരുന്നില്ല; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിലയിരുത്തുന്നു മുരളി തുമ്മാരുകുടി

ഒരു നല്ല കാര്യം പറയണമല്ലോ..രണ്ടു ബജറ്റിലും ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഒന്നുണ്ട്: കവിതകൾ..അരേ വാ ... കഥ രണ്ടിലും ഉണ്ടായിരുന്നില്ല; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിലയിരുത്തുന്നു മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

കഥയില്ലാത്ത ബജറ്റുകൾ...

നൂറ്റി അറുപത് മിനുട്ട് സമയം എടുത്താണ് കേന്ദ്രമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഈ വർഷത്തെ കേന്ദ്ര ബജറ്റ് വായന പൂർത്തിയാക്കിയത്. അവസാനം ആയപ്പോഴേക്കും അവർ ക്ഷീണിച്ചിരുന്നുവെന്നും അതുകൊണ്ട് ബജറ്റ് പ്രസംഗം വെട്ടിച്ചുരുക്കിയതാണെന്നും ആണ് വായിച്ചത്.

കേന്ദ്രത്തിലെ ബജറ്റ് തുകയുടെ മുപ്പതിലൊന്നാണ് കേരളത്തിന്റെ ബജറ്റ്, എന്നാലും നമ്മുടെ മന്ത്രിയും ഒട്ടും കുറച്ചില്ല. രണ്ടര മണിക്കൂറായിരുന്നു കേരളത്തിലെ ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടു സഭകളിലും ഉറക്കം തൂങ്ങാതിരിക്കാൻ ആളുകൾ കഷ്ടപ്പെടുന്ന കാഴ്ച കണ്ടു.

സത്യത്തിൽ എന്തിനാണ് ഈ ബജറ്റ് പ്രസംഗം ? ബജറ്റ് നിർദ്ദേശങ്ങൾ ഒക്കെ ഇലക്ട്രോണിക്ക് ആയി അംഗങ്ങൾക്ക് അയച്ചു കൊടുക്കുക, അതേ സമയം തന്നെ മാധ്യമങ്ങൾക്കും കൊടുക്കുക. വേണമെങ്കിൽ ഒരു കോപ്പി എടുത്ത് 'സഭയുടെ മേശപ്പുറത്ത് വച്ചാൽ പോരെ ?' ഇങ്ങനെയൊക്കെയാണ് ഇപ്പോൾ ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബജറ്റ് അമേരിക്കയുടേതാണ് . 4.75 ട്രില്യൺ ഡോളറിന്റേതായിരുന്നു 2019-2020 ലെ ബജറ്റ് നിർദ്ദേശങ്ങൾ. ഇന്ത്യൻ രൂപ വച്ച് നോക്കിയാൽ മുപ്പത്തി മൂന്നു കോടി ഇരുപത്തി അഞ്ചു ലക്ഷം കോടി രൂപയുടേതാണ് , ഇന്ത്യൻ ബജറ്റിന്റെ നൂറു മടങ്ങ് വരും. കേരളത്തിലെ ബജറ്റിന്റെ മുന്നൂറു മടങ്ങും.

അമേരിക്കൻ പ്രസിഡന്റാണ് അവിടെ ബജറ്റ് നിർദ്ദേശങ്ങൾ സമാപിക്കുന്നത്. അതിന് അദ്ദേഹം എത്ര സമയം എടുക്കും ? ഒട്ടും സമയമെടുക്കില്ല, ബജറ്റ് നിർദ്ദേശങ്ങൾ സഭയിലേക്ക് അയച്ചു കൊടുക്കും, അത്രേ ഉള്ളൂ കാര്യം. സമയം ചെലവാക്കുന്നത് ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനാണ്.

എന്തിനാണ് നമ്മൾ ഇപ്പോഴും വലിച്ചു നീട്ടി പ്രസംഗിച്ച് സഭയുടെ സമയം കളയുന്നത് ? പെട്ടിയും പട്ടും വച്ചുള്ള ഫോട്ടോ എടുപ്പോക്കെ വേണമെങ്കിൽ ഇനിയും ആയിക്കോട്ടെ, സഭയിൽ വേണമെങ്കിൽ ഒരു അഞ്ചു മിനുട്ട് പ്രസംഗവും ആകാം, ധനമന്ത്രിക്ക് അല്പം ലൈം ലൈറ്റ് കിട്ടാനുള്ളതല്ലേ. അത് കഴിഞ്ഞാൽ മറ്റു കാര്യങ്ങൾ ചെയ്യാമല്ലോ.

പണ്ടൊക്കെ ഇന്ത്യയിൽ റയിൽവേ ബജറ്റ് എന്നൊരു സംഭവം വേറെ തന്നെ ഉണ്ടായിരുന്നു. ഇതേ തരം ഫോട്ടോ, പ്രസംഗം, ടി വി ചർച്ചകൾ, പത്ര വെണ്ടക്കകൾ. രണ്ടായിരത്തി പതിനാറിൽ റയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിൽ ലയിപ്പിച്ചു. ആരെങ്കിലും റയിൽവേ ബജറ്റ് 'മിസ്' ചെയ്യുന്നുണ്ടോ ?
കേന്ദ്രത്തിലെ ബജറ്റ് നിർദ്ദേശങ്ങൾ ഇപ്പോൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല എന്ന് പറഞ്ഞല്ലോ. കേരളത്തിലെ കാര്യത്തിൽ പക്ഷെ അല്പം കൂടി ശ്രദ്ധ വക്കാറുണ്ട്. പുതിയ ആശയങ്ങൾ എന്തെങ്കിലും കൊണ്ടുവരുന്നുണ്ടോ എന്നറിയാനാണ്. ഹരിത ബജറ്റും കൊഴുപ്പു നികുതിയും ഉൾപ്പടെ പല നല്ല നിർദ്ദേശങ്ങളും കൊണ്ടുവന്നിട്ടുള്ള ആളാണ് ശ്രീ തോമസ് ഐസക്ക്. അതുകൊണ്ട് തന്നെ ഓരോ ബജറ്റിലും അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കും.

വാസ്തവത്തിൽ കേരളത്തിലെ ധനകാര്യമന്ത്രിക്ക് സ്വതന്ത്രമായി ചെലവാക്കാൻ അത്രമാത്രം പണമൊന്നുമില്ല എന്നെനിക്ക് അറിയാം. കിട്ടുന്ന വരുമാനത്തിൽ ഭൂരിഭാഗവും ശമ്പളവും പെൻഷനും മറ്റു സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ഒക്കെയായി എല്ലാ വർഷവും ചെലവാക്കേണ്ടതാണ്. റോഡും കനാലും ഉൾപ്പടെ ഉള്ള കാര്യങ്ങൾ അറ്റകുറ്റപ്പണി നടത്തി കൊണ്ടുപോകുന്നതിനുള്ള പണം കൂടി മാറ്റി വച്ചാൽ പിന്നെ അധികം പണമൊന്നും ബാക്കിയില്ല. നാളത്തെ വരുമാനത്തെ ഇന്നേ തന്നെ ജാമ്യം വച്ച് കിട്ടുന്ന തുകയൊക്കെ ബോണ്ടാക്കി കിഫ്ബി വഴി സംഘടിപ്പിച്ചാണ് എന്തെങ്കിലും ഒക്കെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനിടക്ക് പുതിയ ആശയങ്ങൾക്ക് കൊടുക്കാനായി അധികം പണം ഒന്നും ഉണ്ടാകാറില്ല.

പക്ഷെ ബജറ്റ് പ്രസംഗം എന്നത് പണം അലോക്കേഷൻ മാത്രമല്ല, സർക്കാരിന്റെ ചിന്തകൾ ആളുകളെ അറിയിക്കാനുള്ള ഒരു മാർഗ്ഗമായും ഉപയോഗിക്കാം. സ്വകാര്യ മേഖല എവിടെയാണ് നാളെ പണമിറക്കേണ്ടത് എന്ന് നേരിട്ടോ അല്ലാതെയോ പറഞ്ഞു വക്കാം.
രണ്ടായിരത്തി ഇരുപതുകളിൽ ലോകം കൈകാര്യം ചെയ്യേണ്ടി വരുന്ന മൂന്നു വിഷയങ്ങൾ ആണ് കാലാവസ്ഥ വ്യതിയാനം, നിർമ്മിത ബുദ്ധി, നാലാം വ്യവസായ വിപ്ലവം എന്നിവ. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലും ഈ വിഷയത്തെ പറ്റി എന്തെങ്കിലും ഉണ്ടോ എന്ന് അരിച്ചു പെറുക്കി നോക്കി. കേന്ദ്ര ബജറ്റിൽ 'ഡേറ്റയാണ് പുതിയ എണ്ണ' എന്നൊക്കെ പറയുന്നുണ്ട്, പക്ഷെ ആ എണ്ണ കുഴിച്ചെടുക്കാനുള്ള ഒരു സംരംഭത്തിനും പണം മാറ്റി വച്ചിട്ടില്ല.

വാസ്തവത്തിൽ 'ഡേറ്റയാണ് പുതിയ എണ്ണ' എന്നതിൽ ഒരു സംശയവും ഇല്ല. ആമസോൺ മുതൽ ആപ്പിൾ വരെ, ഫേസ്‌ബുക്ക് മുതൽ യൂട്യൂബ് വരെ ഉള്ള കമ്പനികൾ ശതസഹസ്രം കോടികൾക്കപ്പുറം മാർക്കറ്റ് വിലയുമായി നിൽക്കുന്നത് ഈ ഡേറ്റയാകുന്ന എണ്ണപ്പാടത്തിന്റെ മുകളിൽ നിൽക്കുന്നതുകൊണ്ടാണ്. ലോകത്ത് മൂന്നു ബില്യൺ ആളുകളോളം ആണ് ഇപ്പോൾ ദിവസവും ഇത്തരം സംരംഭങ്ങളിലേക്ക് ഡേറ്റ പമ്പ് ചെയ്തു കൊടുക്കുന്നത്. ഇതിൽ പത്തിലൊന്നു പേർ ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ ഈ ശതസഹസ്രക്കാരുടെ വരുമാനത്തിന്റെ ഒരു ശതമാനത്തിന് നമുക്കും അർഹതയുണ്ട്. അത്തരത്തിൽ അവരെ പിടിച്ചു നിർത്തി വില പേശിയാൽ നമ്മുടെ വിമാനക്കമ്പനി ഒക്കെ വിട്ടുകിട്ടുന്നതിന്റെ പല മടങ്ങ് പണം നമുക്ക് നമ്മുടെ ഡേറ്റ വിറ്റുണ്ടാക്കാൻ പറ്റും. ഇങ്ങനെയാണ് നാളത്തെ ലോകത്ത് രാജ്യങ്ങൾ പണം ഉണ്ടാക്കാൻ പോകുന്നത്, ഇപ്പോഴേ തുടങ്ങേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രത്യേക പദ്ധതികൾ ഒന്നുമില്ല. കേരളത്തിലെ ബജറ്റിൽ ഡേറ്റയും എണ്ണയും ഒന്നുമില്ല. വിദേശ കുത്തകകളെ പറഞ്ഞു വിരട്ടി എണ്ണയുടെ റോയൽറ്റി വാങ്ങുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന് അധികം ചെയ്യാനുമില്ല. എന്നാലും മുപ്പത്തി മൂന്നു ദശലക്ഷം ആളുകൾ, അതിൽ ഭൂരിപക്ഷവും ഇന്റർനെറ്റുമായി ബന്ധപ്പെട്ടവർ, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപഭോഗ ശേഷി ഉള്ളവർ.ഇതൊന്നും നിസ്സാരമല്ല. ഇത്രയും ആളുകളുടെ ഉപഭോഗത്തിന്റെ ഡേറ്റ സംഭരിക്കുന്ന ഏതൊരു സംവിധാനവും നാളത്തെ അക്ഷയപാത്രം ആകും. ഒന്ന് ശ്രമിച്ചെങ്കിലും നോക്കാമായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യക്ക് വീണ്ടും മാതൃകയാവുകയാണ്. ഓരോ പഞ്ചായത്തിനും വേണ്ടി ദുരന്ത നിവാരണത്തിനും കാലാവസ്ഥ വ്യതിയാനം കൈകാര്യം ചെയ്യാനുമായുള്ള പ്ലാനുകൾ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. നല്ലകാര്യം.രണ്ടുദുരന്തങ്ങളിൽ നിന്നും നാം ഇത്രയൊക്കെയെങ്കിലും പഠിക്കേണ്ടേ ?

ഒരു നല്ല കാര്യം പറയണമല്ലോ. രണ്ടു ബജറ്റിലും ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഒന്നുണ്ട്. കവിതകൾ. അരേ വാ .......

കഥ രണ്ടിലും ഉണ്ടായിരുന്നില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP