Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരേ കഥ രണ്ടാമതു പറഞ്ഞാൽ ആളുകൾക്ക് ബോറടിക്കും; ചേട്ടൻ കഴിഞ്ഞ തവണ പറഞ്ഞതാണെന്ന് പറഞ്ഞു കോട്ടുവായിടും; ഫുജൈറയിലെ മലമുകളിൽ വച്ച് 'കൊടകരപുരാണം' ഫെയിം ബ്ലോഗ് സൂപ്പർ സ്റ്റാർ സജീവിനെ കണ്ടുമുട്ടിയതോടെ ആ തോന്നലും മാറി; കുറച്ചുനാളായി ഒന്നും എഴുതാതെ മടിപിടിച്ചിരിക്കുന്ന സജീവിൽ നിന്ന് ഇനിയും കഥകൾ ഉണ്ടാകട്ടെ: മുരളി തുമ്മാരുകുടി എഴുതുന്നു

ഒരേ കഥ രണ്ടാമതു പറഞ്ഞാൽ ആളുകൾക്ക് ബോറടിക്കും; ചേട്ടൻ കഴിഞ്ഞ തവണ പറഞ്ഞതാണെന്ന് പറഞ്ഞു കോട്ടുവായിടും; ഫുജൈറയിലെ മലമുകളിൽ വച്ച് 'കൊടകരപുരാണം' ഫെയിം ബ്ലോഗ് സൂപ്പർ സ്റ്റാർ സജീവിനെ കണ്ടുമുട്ടിയതോടെ ആ തോന്നലും മാറി; കുറച്ചുനാളായി ഒന്നും എഴുതാതെ മടിപിടിച്ചിരിക്കുന്ന സജീവിൽ നിന്ന് ഇനിയും കഥകൾ ഉണ്ടാകട്ടെ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

മലമുകളിലെ മുട്ടക്കഥകൾ...

ണ്ട് തൊട്ടേ കവികളോട് എനിക്ക് ചെറിയൊരു കുശുമ്പുണ്ട്. ഒരു കവിത എഴുതിയാൽ പിന്നെ ഒരായിരം സ്റ്റേജിൽ പാടിയാലും അവർക്ക് കയ്യടി കിട്ടും. പോരാത്തതിന് എവിടെ എങ്കിലും അവർ പാടിയില്ലെങ്കിൽ ആളുകൾ 'സാർ, പ്ലീസ് ആ കവിത ഒന്ന് ചൊല്ലൂ' എന്ന് പറഞ്ഞു പുറകേ വരും.

കഥ എഴുത്തുകാരന്റെ കാര്യം അങ്ങനെ അല്ല. ഒരേ കഥ രണ്ടാമതു പറഞ്ഞാൽ ആളുകൾക്ക് ബോറടിക്കും. 'ചേട്ടൻ കഴിഞ്ഞ തവണ പറഞ്ഞതാണെന്ന് പറഞ്ഞു കോട്ടുവായിടും'. സമൂഹ മാധ്യമത്തിന്റെ കാലത്ത് ജനീവയിൽ പറഞ്ഞ കഥ ദുബായിൽ പോലും പറയാൻ പറ്റില്ല. അതുകൊണ്ട് ഓരോ സ്ഥലത്ത് പോകുമ്പോളും പുതിയ കഥകൾ ഉണ്ടാക്കണം. അതിന് മാത്രം കഥ എവിടെ ഇരിക്കുന്നു ?

എന്നൊക്കെ ആണ് ഞാൻ കഴിഞ്ഞ മാസം വരെ ധരിച്ചിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഫുജൈറയിലെ ഒരു മലമുകളിൽ വച്ച് ഞാൻ കൊടകരപുരാണത്തിന്റെ എഴുത്തുകാരൻ ആയ ബ്ലോഗ് ലോകത്തെ സൂപ്പർ സ്റ്റാറായ സജീവിനെ കണ്ടു മുട്ടുന്നത്. കാബൂളിൽ നിന്നും ജനീവയിലേക്ക് പോകുന്ന വഴിക്ക് ഒരു ദിവസത്തെ 'റസ്റ്റ് ആൻഡ് റിക്രിയേഷൻ' സ്റ്റോപ്പ് ഓവർ ആണ്. അബു ദാബിയിലെ സുഹൃത്തുക്കളോടൊപ്പം കഴിയുക എന്നതാണ് എന്റെ സ്‌ട്രെസ് റിലീഫ്. പക്ഷെ ഇത്തവണ കിരൺ ഒരു ഐഡിയ വച്ചു ഫുജൈറയിൽ രാത്രി ക്യാംപ് ചെയ്യാം. അങ്ങനെയാണ് രാത്രി മലമുകളിൽ എത്തുന്നതും സജീവിനെ കണ്ടുമുട്ടുന്നതും.

ഏറെ കഥകൾ ഉള്ള ആളാണ്, പക്ഷെ വിശാലഹൃദയൻ ആയതിനാൽ ആകണം അദ്ദേഹം ആദ്യത്തെ ഒരു മണിക്കൂർ ഒന്നും സംസാരിച്ചില്ല. ഞാൻ പതിവ് പോലെ കത്തി തുടങ്ങി, തുടർന്നു. അദ്ദേഹം ഒന്നും പറയാത്തതിനാൽ ആകണം കിരൺ അദ്ദേഹത്തെ നിർബന്ധിച്ചു.

'ചേട്ടാ, ആ മുട്ടയുടെ കഥ ഒന്ന് പറയണം ?'.

വിശാല മനസ്‌കൻ തുടങ്ങി. ഓരോ കഥ നിർത്തുമ്പോഴും കൂട്ടത്തിൽ ഉള്ള ആളുകൾ 'സജീവ് മറ്റേ സിഗരറ്റിന്റെ കഥ പറയൂ, പോക്കറ്റടിയുടെ കഥ പറയൂ' എന്നിങ്ങനെ പ്രോത്സാഹിപ്പിക്കും.

'ഏയ് അതൊന്നും വലിയ കഥയല്ല, എന്നൊക്കെ പറഞ്ഞു അദ്ദേഹം കഥ പറച്ചിൽ തുടങ്ങും. നിർമ്മലമായ നർമ്മം ആണ്. ഗ്രാമത്തിന്റെ ഭാഷയാണ്. പുതിയ ലോകത്തിന്റെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ഒന്നും നോക്കിയല്ല പറയുന്നത്, വാക്കുകൾക്ക് ക്ഷാമമില്ല, കൃത്രിമത്വം ഇല്ല. ഞാൻ ആദ്യമായി കേൾക്കുകയാണ്, പക്ഷെ മറ്റുള്ളവർ പലവുരു കേട്ടിട്ടുണ്ട്, എന്നാലും കേൾക്കാൻ തോന്നുന്ന ഭാഷ, സംഭാഷണ രീതി, കഥകൾ.

എഴുതാൻ ഒരാളെ നോക്കിയിരിക്കുന്ന കഥകൾ നമുക്ക് ചുറ്റും ഉണ്ട്. ഓരോ ഗ്രാമത്തിലും നഗരത്തിലും ഉണ്ട്. നമ്മുടെ എല്ലാം ചുറ്റുമുള്ള ആളുകൾ, നമുക്കറിയാവുന്ന കഥകൾ. കൊടകരക്കാർ പുണ്യം ചെയ്തവർ ആണ്. അവരുടെ കഥകൾക്ക് അക്ഷര രൂപം നല്കാൻ ദിവസം മനസ്സുകൊണ്ട് ഫുജൈറയിൽ നിന്നും കൊടകരയിൽ പോയി വരുന്ന ഒരാൾ അവിടെ ഉണ്ട്.

സമയം പന്ത്രണ്ടു കഴിഞ്ഞു. ഞാൻ വിട്ടു കൊടുത്ത പന്ത് ഇപ്പോഴും അദ്ദേഹം തിരിച്ചു തന്നിട്ടില്ല. പതിനൊന്നു കഴിഞ്ഞാൽ സെക്കൻഡ് ഷോ സിനിമ പോലെ ഉള്ള കഥകൾ വരണം, അതാണ് ആചാരം. നിർമ്മല ഹൃദയനായ വിശാല മനസ്‌കനിൽ നിന്നും അതുണ്ടാകുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.

ദാ വരുന്നു നൗഫലിന്റെ ചോദ്യം.

'സജീവ്, ആ മൂവന്തി നേരത്ത് വാടാനപ്പള്ളിയിൽ പെണ്ണ് കാണാൻ പോയ കഥ പറയൂ'

' ആ കുവൈറ്റിലെ ചേട്ടൻ വാങ്ങി തന്നെ കാമറ തെങ്ങിൽ കയറുന്ന അച്ഛനെ ലക്ഷ്യമാക്കിയ കഥ പറയൂ'.

ഇതിലൊക്കെ എന്താണ് 'എ' എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. വായിച്ചു നോക്കിയാൽ മതി. പക്ഷെ സീരിയസ് ആയി കഥ പറയുന്ന അതേ മുഖ ഭാവത്തോടെ അദ്ദേഹം കഥകൾ പറയുമ്പോൾ ചുറ്റുമിരുന്ന് ഞങ്ങൾ പൊട്ടിച്ചിരിക്കുന്നത് പോലും അദ്ദേഹത്തെ ചിരിപ്പിക്കുന്നില്ല. നിഷ്‌കളങ്കമായി ഒന്നിന് പുറകെ ഒന്നായി കഥയോട് കഥ.

നിങ്ങൾ 'ദി സമ്പൂർണ്ണ കൊടകര പുരാണം' വാങ്ങിയോ വായിച്ചോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. അത് ഇത് വരെ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം. ഗ്രീൻ ബുക്കിന്റെ ശാഖയിൽ കിട്ടും. ഇന്ദു ലേഖയിൽ ഓൺലൈൻ ആയി കിട്ടും. ഇല്ലെങ്കിൽ സജീവിനെ നേരിട്ട് ബന്ധപ്പെടൂ. വായിക്കാതെ പോകരുത്.

എന്റെ വായനക്കാരിൽ ഇദ്ദേഹത്തെ അറിയാത്തവർ ഉണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ ഇപ്പോഴും പതിനായിരത്തിന് താഴെ ആളുകൾ ആണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. അത് നമുക്ക് 'ഒറ്റ രാത്രി കൊണ്ട്' മാറ്റി കൊടുക്കണം. വെറുതെ അല്ല. കുറച്ചു നാളായി അദ്ദേഹം കഥകൾ എഴുതാതെ മടിപിടിച്ചിരിക്കയാണ്. അത് മാറ്റണം, കൂടുതൽ ആളുകൾ ഫോളോ ചെയ്യുമ്പോൾ കൂടുതൽ പുരാണങ്ങൾ പുറത്തു വരും. അതുകൊടകരയിൽ നിന്ന് തന്നെ ആകണം എന്നില്ല. വിശാലമനസ്‌കന്റെ കണ്ണിൽ പെട്ട ജബൽ അലിയിൽ നിന്നും, ഫുജൈറയിൽ നിന്നും ദുബായിൽ നിന്നും കൊടകരക്കാരന്റെ ഭാഷയിൽ ഇനിയും കഥകൾ ഉണ്ടാകട്ടെ, അത് പുസ്തകമായി, നാടെങ്ങും വായിക്കപ്പെടട്ടെ.

Sajeev Edathadan എല്ലാ ആശംസകളും.

മുരളി തുമ്മാരുകുടി ഫേസ്‌ബുക്കിൽ കുറിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP