Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമർദ്ദം നമ്മളെ ബാധിക്കുന്നത്; വീണ്ടും ഒരു പ്രളയമോ? മുരളി തുമ്മാരുകുടി എഴുതുന്നു

മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമർദ്ദം നമ്മളെ ബാധിക്കുന്നത്; വീണ്ടും ഒരു പ്രളയമോ? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

വീണ്ടും ഒരു പ്രളയം ?

കേരളത്തിൽ കനത്ത മഴയാണ്. മണ്ണിടിച്ചിലും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ആദ്യമായിട്ടല്ല കേരളത്തിൽ മഴയും മണ്ണിടിച്ചിലും ഒക്കെ ഉണ്ടാകുന്നത്, പക്ഷെ രണ്ടായിരത്തി പതിനെട്ടിലെ മഹാ പ്രളയം കണ്ടതിന് ശേഷം നമുക്ക് മഴയെ പേടിയാണ്. ഏതൊരു വെള്ളപ്പൊക്കവും രണ്ടായിരത്തി പതിനെട്ടിലെ പോലെ ആകുമെന്നാണ് നാം പേടിക്കുന്നത്. അതുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.

ഈ വർഷത്തെ മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ 'ഈ വർഷം കേരളത്തിൽ പ്രളയം ഉണ്ടാകുമോ' എന്നൊരു ക്ലബ്ബ് ഹൗസ് ചർച്ച നടത്തിയിരുന്നു. പ്രളയം ഉണ്ടാകുമോ എന്നത് മാസങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല എന്നും കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും മഴയെ കൂടുതൽ തീവ്രതയോടെ പെയ്യിക്കുന്നു, വർഷത്തിലെ മൊത്തം മഴക്ക് മാറ്റം ഇല്ലെങ്കിലും മഴ കുറച്ചു സമയം കൊണ്ട് പെയ്യുമ്പോൾ പ്രാദേശികമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഒക്കെ ഇനി എല്ലാ വർഷവും ഉണ്ടാകും എന്നുമാണ് അന്ന് പറഞ്ഞു നിർത്തിയത്. ഭാഗ്യത്തിന് നമ്മുടെ പ്രധാന മഴക്കാലത്ത് അതുണ്ടായില്ല. പക്ഷെ ഇപ്പോൾ രണ്ടു മൺസൂൺ കാലത്തിന്റെയും ഇടക്ക് ഒരു ന്യൂനമർദ്ദം ആണ് പ്രളയന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നത്.

നമ്മുടെ വീട്ടിനുള്ളിൽ വെള്ളം കയറിയാൽ അല്ലെങ്കിൽ നമ്മുടെ വീടിരിക്കുന്ന സ്ഥലം ഉരുൾ പൊട്ടലിന്റെ പാതയിൽ വന്നാൽ നമ്മുടെ ചുറ്റുമുള്ള മരങ്ങൾ കടപുഴകി വീണാൽ നമ്മുടെ ലോക്കൽ റോഡുകൾ വെള്ളത്തിനടിയിലായാൽ പിന്നെ ഇത് 'മഹാ പ്രളയം' ആണോ 'പ്രാദേശിക പ്രതിഭാസമാണോ' എന്നതിന് നമുക്ക് വലിയ പ്രസക്തിയില്ല. ദുരിതവും നഷ്ടവും ഒക്കെ ഒരുപോലെയാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി രക്ഷാ പ്രവർത്തനങ്ങളും ദുരിതാശ്വാസവും ഏറ്റവും നല്ല നിലയിൽ തന്നെ തുടങ്ങണം. കൊറോണക്കാലം ഏതാണ്ട് അവസാനിച്ചത് നന്നായി. രക്ഷാ പ്രവർത്തനത്തിനും ക്യാമ്പുകൾ ഉണ്ടാക്കാനും ഒക്കെ അധികം പേടിക്കാതെ ചെയ്യാം. കഴിഞ്ഞ വർഷം ഈ സമയത്തായിരുന്നുവെങ്കിൽ സമൂഹം ഏറെ പണിപ്പെട്ടേനേ !.

നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ നിന്നും ഏറെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ അറിവും അധികാരവും ഉണ്ട്. റെവന്യൂ തലത്തിൽ പരിചയമുള്ള ഉദ്യോഗസ്ഥനിര തന്നെയുണ്ട്. പൊലീസ് മുതൽ സന്നദ്ധ സേവനത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ വരെ ഏവർക്കും അനുഭവ പാഠങ്ങൾ ഉണ്ട്. അവരൊക്കെ നന്നായി പ്രവർത്തിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

സംസ്ഥാന തലത്തിലും കാര്യങ്ങൾ വേഗത്തിൽ നീക്കാനുള്ള പരിചയമുണ്ട്. ഇപ്പോൾ തന്നെ വ്യോമസേനയുടെ സഹായം ഒക്കെ തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതാണ് ശരിയായ രീതി. സഹായം തേടുന്നത് നമ്മുടെ സംവിധാനങ്ങളുടെ ദൗർബല്യമല്ല, പരസ്പര പൂരകങ്ങൾ ആയി നമ്മുടെ ദുരിതാശ്വാസ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

മുൻപ് പറഞ്ഞത് പോലെ നമ്മുടെ വീടിന് ചുറ്റും വെള്ളമെത്തിയാൽ അത് വൻ പ്രളയമാണോ ചെറു പ്രളയമാണോ എന്നൊന്നും നോക്കരുത്. എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കുക. റോഡിൽ ഒരടി വെള്ളമേ ഉള്ളൂ എന്നുള്ളതിനാൽ അതിലൂടെ വാഹനങ്ങൾ ഓടിച്ചു പോകാൻ ശ്രമിക്കുന്നതൊക്കെ കാണുന്നു. പ്രളയകാലത്ത് ഒരടി വെള്ളത്തിന്റെ ഒഴുക്കുപോലും വാഹനങ്ങളെ ഒഴുക്കി കൊണ്ടുപോകാം, ആളുകളുടെ അടി തെറ്റിക്കാം.

മണ്ണിടിച്ചിൽ ഉള്ള സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കാനോ മലകളിലേക്ക് പോകാതിരിക്കാനോ ഒക്കെയുള്ള അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. സംസ്ഥാനമൊട്ടാകെ മുങ്ങുന്ന ഒരു രീതിയിൽ ഉള്ള ദുരന്തം അല്ലാത്തതിനാൽ വേഗത്തിലും കാര്യക്ഷമമായും സഹായങ്ങൾ എത്തും. അതുവരെ സുരക്ഷിതരായിരിക്കുക. ഒട്ടും റിസ്‌ക് എടുക്കരുത്.

ന്യൂനമർദ്ദവും ചുഴലിക്കാറ്റും ഒക്കെ ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണ്. മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമർദ്ദം നമ്മളെ ബാധിക്കുന്നത് എന്ന് ശ്രദ്ധിക്കുക. വൻ പ്രളയങ്ങൾ നൂറ്റാണ്ടിൽ ഒരിക്കൽ എന്നുള്ളത് നാല്പതോ അമ്പതോ കൊല്ലത്തിൽ ഒരിക്കലാകും. പ്രാദേശികമായ പ്രളയങ്ങളും വെള്ളക്കെട്ടുകളും എല്ലാ വർഷവും തന്നെ ഉണ്ടാകും. കടലാക്രമണവും മണ്ണിടിച്ചിലും കൂടി വരും. സുസ്ഥിരമായ സ്ഥല വിനിയോഗ രീതികളിലൂടെ ഇതോടൊത്ത് ജീവിക്കാൻ പ്ലാൻ ചെയ്യുക എന്നതാണ് സമൂഹം എന്നുള്ള നിലക്ക് നമുക്ക് ചെയ്യാനുള്ളത്. സുരക്ഷയുടെ പാഠങ്ങൾ നമ്മൾ പഠിച്ചേ തീരൂ.

സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP