Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടിലെ തീ അണക്കുക, നാട്ടിലെ തീ അണക്കുന്നത് പോലെ എളുപ്പമല്ല; കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്, അഗ്‌നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം; തീപിടുത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുകയും എളുപ്പമല്ല; കാട് കത്തുന്ന കാലത്തെ കുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു

കാട്ടിലെ തീ അണക്കുക, നാട്ടിലെ തീ അണക്കുന്നത് പോലെ എളുപ്പമല്ല; കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്, അഗ്‌നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം; തീപിടുത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുകയും എളുപ്പമല്ല; കാട് കത്തുന്ന കാലത്തെ കുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ പൊതുവെ വർദ്ധിച്ചു വരികയാണ്. ചുഴലിക്കാറ്റും, വരൾച്ചയും വെള്ളപ്പൊക്കവും ഇതിൽ പെടും. എന്നാൽ ഇതിനേക്കാൾ വേഗത്തിലാണ് വേനൽക്കാലത്ത് കാടുകൾക്ക് തീപിടിക്കുന്നത്. പണ്ടൊക്കെ ഇത് വനങ്ങൾക്ക് ഉള്ളിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇത് നഗരത്തിനടുത്തും നഗരമധ്യത്തിലുള്ള വലിയ പാർക്കുകളിലും സംഭവിച്ചു തുടങ്ങി. അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിപ്പോൾ വാർഷിക സംഭവമായി.

ഇതിന് പല കാരണങ്ങളുണ്ട്. മഴയുടെ അളവ് കുറയാത്തിടത്ത് പോലും പെയ്യുന്ന മഴ കുറച്ചു സമയത്ത് പെയ്യുന്നതിനാൽ മഴദിവസങ്ങളുടെ എണ്ണം കുറയുന്നു. മഴയുള്ള ദിവസവും മഴയില്ലാത്ത ദിവസവും തമ്മിലുള്ള അകലം കൂടുന്നു. വന നശീകരണം, വനത്തിൽ ഒരേ തരത്തിലുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്, കാടുകളുടെ തൊട്ടടുത്ത് ആളുകൾ താമസിക്കുന്നത്, വനം നശിപ്പിക്കാൻ ആളുകൾ മനഃപൂർവ്വം തീയിടുന്നത് ഇങ്ങനെ പല കാരണങ്ങളുണ്ട്.

കാരണം എന്തായാലും 2015 ലേ ഒരു കാര്യം ഞാൻ ഉറപ്പിച്ചു. ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടിയേ പറ്റൂ. അമേരിക്കയിലും ഓസ്ട്രേലിയയിലും തീ പിടിക്കുന്‌പോൾ അത് നേരിടാനുള്ള സംവിധാനം അവിടെ ഉണ്ട്. പക്ഷെ ഇനിയുള്ള കാലം സ്വന്തമായി വലിയ അഗ്‌നിബാധ നേരിടാൻ സൗകര്യമില്ലാത്ത രാജ്യങ്ങൾക്ക് ഐക്യരഷ്ട്ര സഭയുടെ സഹായം തേടും. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടുമെന്ന് പഠിച്ചേ പറ്റൂ.

ഫ്രാൻസിലെ അഗ്‌നിസുരക്ഷാ ഓഫിസർമാരുടെ ട്രെയിനിങ്ങ് അക്കാദമിയാണ് 'Ecole Nationale Supérieure des Officiers de Sapeurs-Pompiers (ENSOP)' ഈ വിഷയം പഠിക്കാൻ തിരഞ്ഞെടുത്തത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് അല്ലെങ്കിൽ അഗ്‌നിശമന വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ ആണ് കൂടെ പരിശീലനത്തിന് വന്നിരിക്കുന്നത്. ഇന്ന് ഗ്രീസിലും റഷ്യയിലുമുള്ള പ്രശ്‌നം നാളെ അവരുടേത് കൂടി ആകുമെന്ന് അറിയാവുന്ന - അഥവാ ചിന്തിക്കുന്ന നാട്ടിൽ നിന്നുള്ളവരാണ്.

ഫയർ എൻജിനും ഹെലികോപ്ടറും വിമാനവും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് കാട്ടുതീ കെടുത്തുക എന്നതായിരിക്കും ഞങ്ങളെ പഠിപ്പിക്കുക എന്നാണ് വിചാരിച്ചത്. പക്ഷെ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.

മറ്റെല്ലാ ദുരന്തങ്ങളേയും പോലെ ദുരന്തം ഒഴിവാക്കുക എന്നതാണ് കാട്ടുതീയുടെ കാര്യത്തിലും ഏറ്റവും അടിസ്ഥാനവും ശരിയുമായ ദുരന്ത നിവാരണ മാർഗ്ഗം. എങ്ങനെയാണ് വനത്തിൽ അഗ്‌നിബാധ ഉണ്ടാകുന്നത്? ഓരോ വർഷവും മഴയുടെയും ചൂടിന്റെയും അടിസ്ഥാനത്തിൽ എവിടെ, എപ്പോൾ ഉണ്ടാകുമെന്ന് മുൻകൂർ എങ്ങനെ പ്രവചിക്കാം? എന്തൊക്കെ മുൻകരുതലുകൾ ചെയ്യാം? ആളുകളെ എങ്ങനെ ബോധവൽക്കരിക്കാം? അഗ്‌നിബാധ ഉണ്ടായാൽ ഏറ്റവും വേഗത്തിൽ എങ്ങനെ കൺട്രോൾ റൂമിൽ അറിയാം? അഗ്‌നിബാധ പടരാതിരിക്കാൻ വനത്തിൽ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടത്താം? എന്നിങ്ങനെ അഗ്‌നിപ്രതിരോധത്തിന്റെ പാഠങ്ങൾ ഏറെ പഠിപ്പിച്ചത് അഗ്‌നിശമന സേനയിലെ ആളുകളല്ല, പരിസ്ഥിതി ശാസ്ത്രജ്ഞരാണ്.

ഫ്രാൻസിനു മാത്രമല്ല മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ രാജ്യങ്ങൾക്കും വേണ്ടിവന്നാൽ സഹായം നൽകാൻ ഫ്രാൻസിലെ കാട്ടുതീ അഗ്‌നിശമന സംവിധാനം തയ്യാറാണ്. അതിനായി അവർ ഓരോ ദിവസവും പരിശീലിക്കുകയാണ്. മെഡിറ്ററേനിയൻ തീരത്തെ ഓരോ രാജ്യങ്ങളിലെയും കാട്ടിലേയും നാട്ടിലേയും തീ പിടിക്കാനിടയുള്ള ഓരോ കാടിന്റെയും മാപ്പും കന്പ്യൂട്ടർ മോഡലും അവരുടെ സിമുലേഷൻ സെന്ററിൽ ഉണ്ട്. ചൂട് കൂടിവരുന്നതും ഈർപ്പം കുറഞ്ഞു വരുന്നതും ഓരോ ആഴ്ചയിലും ഉപഗ്രഹങ്ങൾ നിരീക്ഷിക്കുകയാണ്. കൂടുതൽ അഗ്‌നിബാധക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഇൻഫ്രാറെഡ് സെൻസറുള്ള ഡ്രോണുകൾ പറക്കുന്നു. ഈ വിവരങ്ങളെല്ലാം കന്പ്യൂട്ടറിൽ മോഡൽ ചെയ്ത് എങ്ങനെയാണ് ഓരോ പ്രദേശത്തും അഗ്‌നിബാധ ഉണ്ടായാൽ നേരിടുന്നത് എന്ന് മുൻകൂട്ടി കന്പ്യൂട്ടർ സിമുലേഷനിൽ കൂടി പഠിക്കുന്നു. കണ്ട് കണ്ണ് തള്ളിപ്പോയി!

കേരളത്തിലെ കാടുകളുടെ വിസ്തീർണ്ണം കൂടുകയാണ്. പോരാത്തതിന് നാട്ടിലും കൃഷി ചെയ്യാതെ, ശ്രദ്ധിക്കാതെ കൃഷിസ്ഥലങ്ങൾ കൂടി വരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് കാട്ടിൽ മാത്രമല്ല നാട്ടിലും നഗരത്തിലും ഇനി മരങ്ങൾക്ക് തീപിടിക്കും. എവിടെയാണ് നമ്മുടെ റിസ്‌ക് കൂടുതൽ ഉള്ളത് എന്ന് നമുക്കറിയാമോ?, നമ്മുടെ കാട്ടിലും നാട്ടിലും ഉള്ള മരങ്ങളുടെ അഗ്‌നിബാധ സാധ്യത അനുസരിച്ചുള്ള ഒരു മാപ്പ് നമുക്കുണ്ടോ? അവ ഡിപ്പാർട്ട്‌മെന്റുകൾ പരസ്പരം കൈമാറുന്നുണ്ടോ? വനം വകുപ്പിന് അറിയാവുന്ന കാര്യങ്ങൾ അഗ്‌നിശമന വകുപ്പിനും തിരിച്ചും അറിയാമോ? വനത്തിലെ ചൂട് കൂടുന്നതും ഈർപ്പം കുറയുന്നതും നമ്മുടെ ഉപഗ്രഹങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? അതിന്റെ റിപ്പോർട്ട് വനം വകുപ്പിനും ഫയർ ഡിപ്പാർട്‌മെന്റിനും കിട്ടുന്നുണ്ടോ? ഇല്ലെങ്കിൽ ഇതെല്ലാം വേണ്ടേ?

കാട്ടിലെ തീ അണക്കുക, നാട്ടിലെ തീ അണക്കുന്നത് പോലെ എളുപ്പമല്ല. കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്, അഗ്‌നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം. തീപിടുത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുകയും എളുപ്പമല്ല. തറനിരപ്പിൽ നിന്ന് തീ അണക്കുന്‌പോൾ മരത്തിന്റെ മുകളിലൂടെ തീ എങ്ങോട്ടാണ് പകരുന്നതെന്ന് കാണാൻ പറ്റില്ല. അപ്പോൾ ആകാശത്തൊരു കണ്ണില്ലാതെ തറനിരപ്പിൽ നിന്നും കാട്ടുതീ അണക്കുന്നത് ആത്മഹത്യപരമാണ്. വനം കാവലിനായി നിൽക്കുന്ന ആളുകൾക്ക് കാട്ടുതീ ഉണ്ടാകാതെ നോക്കാനും ഉണ്ടായിക്കഴിഞ്ഞാൽ കൈകാര്യം ചെയ്യാനുമുള്ള പരിശീലനം നൽകിയിട്ടുണ്ടോ? കാട്ടുതീ ഉണ്ടായാൽ അതിനെ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങൾ, കാട്ടുതീ കൈകാര്യം ചെയ്യുന്‌പോൾ തീ പിടിക്കാതിരിക്കാനും പുകയേറ്റ് ബോധം കെടാതിരിക്കാനും ഉള്ള സംവിധാനം നമ്മുടെ വനം വകുപ്പിലെ ജീവനക്കാർക്കുണ്ടോ? ചുരുങ്ങിയത് തീപിടിക്കാത്ത കവറോൾ എങ്കിലും ഉണ്ടോ?

കഴിഞ്ഞ ദിവസം തൃശൂരിൽ മൂന്ന് വനപാലകർ കാട്ടുതീ കെടുത്താനുള്ള ശ്രമത്തിൽ മരിച്ചത് അറിഞ്ഞു. കാട്ടുതീ (നാട്ടിലും) ഇനി പഴയതിലും കൂടുതലാകും. മുകളിൽ പറഞ്ഞ കാര്യങ്ങൾ മുന്നറിയിപ്പായി എടുത്താൽ കൂടുതൽ ജീവനുകൾ രക്ഷിക്കാം, കൂടെ കുറച്ചു കാടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP