Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നോ മീൻസ് നോ' എന്നത് നമ്മുടെ ആൺകുട്ടികളെ പഠിപ്പിക്കണം; 'വെറുത്തു വെറുത്ത് ഒരു പെൺകുട്ടിയും കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടില്ല; പൊലീസുകാരൻ ആയതു കൊണ്ട് സൗമ്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ആനുകൂല്യം കിട്ടരുത്; ഏറ്റവും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുക; കത്തി, കുത്ത് പെട്രോൾ; പകർച്ചവ്യാധി ആകുന്ന ദുരന്തം: മുരളി തുമ്മാരുകുടി എഴുതുന്നു

'നോ മീൻസ് നോ' എന്നത് നമ്മുടെ ആൺകുട്ടികളെ പഠിപ്പിക്കണം; 'വെറുത്തു വെറുത്ത് ഒരു പെൺകുട്ടിയും കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടില്ല; പൊലീസുകാരൻ ആയതു കൊണ്ട് സൗമ്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ആനുകൂല്യം കിട്ടരുത്; ഏറ്റവും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുക; കത്തി, കുത്ത് പെട്രോൾ; പകർച്ചവ്യാധി ആകുന്ന ദുരന്തം: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ള്ളിക്കുന്നിൽ നിന്നുള്ള വാർത്തകൾ ഏറെ സങ്കടപ്പെടുത്തുന്നു. മൂന്നു കുട്ടികളുടെ അമ്മയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. തിരക്കഥയിലും ഏറെ മാറ്റമില്ല. പെൺകുട്ടിയോട് 'സ്‌നേഹം' തോന്നിയ ഒരാൾ, വിവാഹാഭ്യർത്ഥന നടത്തുന്നു. പെൺകുട്ടി അത് നിരസിക്കുന്നു. എനിക്കില്ലെങ്കിൽ പിന്നെ നിനക്ക് വേറൊരു ജീവിതം വേണ്ട എന്ന് പുരുഷൻ തീരുമാനിക്കുന്നു. പിന്നെ എല്ലാം ഇപ്പോൾ കേരളത്തിൽ പതിവുള്ള പാറ്റേൺ തന്നെ, കത്തി, കുത്ത് പെട്രോൾ, ദാരുണമായ മരണം. എന്തൊരു കഷ്ടമാണ് ഇത്.

ഇത്തവണ ഒരു മാറ്റം കൂടി ഉണ്ട്. കൊല്ലപ്പെട്ടത് ഒരു പൊലീസുകാരി ആണ്. കൊല്ലപ്പെട്ടേക്കാം എന്ന് അവർക്ക് അറിയാമായിരുന്നു. വീട്ടുകാരോട് ആ കാര്യം പറഞ്ഞിരുന്നു. ഇന്ന് ഇപ്പോൾ സൗമ്യയുടെ 'അമ്മ പറയുന്നതനുസരിച്ച് സൗമ്യയുടെ മേലുദ്യോഗസ്ഥനോടും കാര്യങ്ങൾ പറഞ്ഞിരുന്നു.

ജീവിതത്തിൽ പലപ്പോഴും കണ്ടിട്ടുള്ള കാര്യമാണ്. നമുക്ക് ഒരു കാര്യം വഷളായേക്കാം എന്ന് സംശയം തോന്നും, എന്നാലും 'ഏയ് അതൊന്നും ഉണ്ടാകില്ല, അയാൾ അത്ര മണ്ടത്തരം ഒന്നും കാണിക്കില്ല, ഞാൻ വെറുതെ അനാവശ്യമായി പേടിക്കുന്നതാണ് ' എന്ന് ആശ്വസിക്കാൻ ശ്രമിക്കും. ചുറ്റുമുള്ളവരും പലപ്പോഴും അത് തന്നെ പറയും. ചില സാഹചര്യത്തിലെങ്കിലും വീട്ടിലോ ഓഫീസിലോ പൊലീസിലോ പരാതിപ്പെടുന്നത് പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരം ആക്കിയേക്കാം എന്ന് അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കാമെന്ന് (ഉദാഹരണം, ബ്ലാക്ക് മെയിൽ ചെയ്യുന്ന സാഹചര്യങ്ങളിൽ) തോന്നാം.

സൗമ്യയുടെ മരണവും നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ഒരു അപകട സാധ്യത ഉണ്ടെന്ന് നമ്മുടെ മനസ്സ് നമ്മളോട് പറയുന്നുണ്ടെങ്കിൽ അത് സീരിയസ് ആയി എടുക്കുക. ഏറ്റവും വേഗം വീട്ടിലും, കോളേജിലോ ഓഫിസിലോ വേണമെങ്കിൽ കോടതിയിലോ പൊലീസിലോ പരാതി പറയുക. 'err on the side of caution എന്ന് ഇംഗ്‌ളീഷിൽ ഒരു പ്രയോഗം ഉണ്ട്. അതാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. പരാതി പറഞ്ഞതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ പരാതി പറയാതിരിക്കുന്നതിലും ഏറെ കുറവായിരിക്കും.

'നോ മീൻസ് നോ' എന്നത് നമ്മുടെ ആൺകുട്ടികളെ പഠിപ്പിക്കണം എന്നും 'വെറുത്തു വെറുത്ത് ഒരു പെൺകുട്ടിയും കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടില്ല' എന്നും ഈ വിഷയത്തിൽ ഞാൻ മുൻപൊരിക്കൽ എഴുതിയിട്ടുണ്ട്. ഇതിപ്പോൾ കുട്ടികളെ മാത്രമല്ല സമൂഹത്തെ മൊത്തം 'നോ മീൻസ് നോ' പഠിപ്പിക്കണം എന്ന് തോന്നുന്നു.

ഈ നോ മീൻസ് നോ പഠിച്ചില്ലെങ്കിൽ പഠിപ്പിക്കാനുള്ള സംവിധാനവും കേരളത്തിൽ ഉണ്ടാകണം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മാതൃകാപരമായി വേഗത്തിൽ ശിക്ഷിക്കണം. വിദ്യാർത്ഥി ആയതുകൊണ്ടോ പൊലീസുകാരൻ ആയതു കൊണ്ടോ മുൻപ് ഒരു ക്രിമിനൽ റെക്കോർഡ് ഇല്ലാത്തതുകൊണ്ടോ ഒന്നും ഇക്കാര്യത്തിൽ പ്രതികൾക്ക് ആനുകൂല്യം കിട്ടരുത്. ഏറ്റവും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുക, കേസ് കോടതിയിൽ എത്തിക്കുക, വേഗത്തിൽ വിചാരണ നടത്തി ശിക്ഷ വിധിക്കുക. പൊലീസുകാർ പ്രതികളയായിരുന്ന ഒരു ഉരുട്ടിക്കൊലക്കേസിൽ ഒരു പതിറ്റാണ്ടു കഴിഞ്ഞു ശിക്ഷ വിധിക്കാൻ. ഒരാളെ വണ്ടിയിടിച്ച് വീഴ്‌ത്തി കത്തിക്ക് കുത്തിയതിന് ശേഷം പെട്രോളൊഴിച്ചു കത്തിച്ച ഒരാൾ ഒരു മാസത്തിനകം ജാമ്യത്തിൽ ഇറങ്ങി അടുത്ത പത്തു വർഷം കേസ് തീരുന്നത് വരെ പുറത്ത് സ്വാതന്ത്ര്യത്തോടെ നടക്കാൻ ചെയ്യാൻ സാധ്യത ഉള്ള സ്ഥലത്ത് എങ്ങനെയാണ് സ്ത്രീകൾക്ക് സ്വര്യമായി ജീവിക്കാൻ പറ്റുന്നത് ?. എന്ത് ധൈര്യത്തിൽ അവർ നോ പറയും ? . അത് സംഭവിക്കാൻ അനുവദിക്കരുത്. നോ മീൻസ് നോ എന്നതിനെ പറ്റി മനസ്സിലാക്കുന്ന പോലെ തന്നെ വേണം അത് മനസ്സിലാക്കാതിരുന്നാൽ ഉള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും.

ഇതൊക്കെ വെറും ആഗ്രഹങ്ങൾ മാത്രം. സംഭവിക്കാൻ പോകുന്നതെന്തെന്ന് എനിക്ക് നല്ല ഊഹം ഉണ്ട്. അത്‌കൊണ്ട് ആ കുട്ടികളെ ഓർത്താണ് ഏറെ ദുഃഖം. എത്ര പെട്ടെന്നാണ് ജീവിതങ്ങൾ മാറി മറിയുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ഈ വാർത്ത ഒക്കെ മാധ്യമങ്ങളിൽ നിന്നും പോകും. ആ കുട്ടികളുടെ ജീവിതത്തിൽ നിന്നും ഈ സംഭവത്തിന് ഇനി ഒരു ഒഴിഞ്ഞുപോക്കില്ല. നമ്മുടെ പൊലീസ് അസോസിയേഷൻ ഒക്കെ ആ കുട്ടികളെ സ്വന്തം കുട്ടികളായി എടുത്ത് സാമ്പത്തികവും മാനസികവും ആയ സുരക്ഷിതത്വവും കരുതലും നൽകും എന്ന് ആഗ്രഹിക്കുന്നു. നന്മകൾ മാത്രം നേരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP