Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുരക്ഷിതരായിരിക്കുക; കൊൽക്കത്തയിലെ ഡോക്ടർമാരോട് ഒരിക്കൽ കൂടി ഐക്യ ദാർഢ്യം; കേരളത്തിൽ അക്രമങ്ങൾക്കെതിരെ നിയമവും പരിശീലനവും ഉണ്ടാക്കുന്നതിന് പൂർണ്ണ പിന്തുണ; കൊൽക്കത്തയിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം! മുരളി തുമ്മാരുകുടി എഴുതുന്നു

സുരക്ഷിതരായിരിക്കുക; കൊൽക്കത്തയിലെ ഡോക്ടർമാരോട് ഒരിക്കൽ കൂടി ഐക്യ ദാർഢ്യം; കേരളത്തിൽ അക്രമങ്ങൾക്കെതിരെ നിയമവും പരിശീലനവും ഉണ്ടാക്കുന്നതിന് പൂർണ്ണ പിന്തുണ; കൊൽക്കത്തയിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം! മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ൽക്കട്ടയിലെ യുവ ഡോക്ടർമാരെ ഒരു സംഘം തെമ്മാടികൾ ആശുപത്രിയിലിട്ട് തല്ലിച്ചതച്ചു എന്ന വാർത്ത ഏറെ വിഷമത്തോടെയാണ് വായിച്ചത്. ലഭ്യമായ വിവരവും ഈ വിഷയത്തോട് ഡോക്ടർമാർ പ്രതികരിച്ച രീതിയും കാണുന്‌പോൾ ക്രൂരമായിരുന്നു ആക്രമണമെന്നും ഗുരുതരമാണ് പരിക്കേറ്റവരുടെ നില എന്നും മനസിലാക്കാം. ആക്രമണത്തിൽ പരിക്കേറ്റ യുവ ഡോക്ടർമാർക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കട്ടെ, വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സംഘം ചേർന്ന് കുറ്റം ചെയ്തവർ നൂറുപേരിൽ അധികമുണ്ടെങ്കിൽ പോലും ഒന്നൊഴിയാതെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു.

നിർഭാഗ്യവശാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ തന്നെ എത്രയോ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. അമേരിക്കയിൽ ഒരു വർഷം തൊഴിൽ സ്ഥലത്ത് ആളുകൾ നേരിടുന്ന അക്രമങ്ങളിൽ 75 ശതമാനവും ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണെന്നാണ് കണക്ക്. ഇംഗ്ലണ്ടിൽ ഏതെങ്കിലും ഒരു ആശുപത്രിയിലെങ്കിലും അക്രമം റിപ്പോർട്ട് ചെയ്യാത്ത ഒരു ദിവസം പോലുമില്ല എന്നാണ് അവിടുത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രവർത്തകരോടുള്ള അക്രമം രേഖപ്പെടുത്തിവെക്കുന്ന രാജ്യങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് പത്തിൽ നാല് ആരോഗ്യ പ്രവർത്തകരും അവരുടെ തൊഴിൽ കാലത്ത് ഒരിക്കലെങ്കിലും അക്രമിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അസഭ്യം പറയുന്നതിന്റെ കണക്ക് ഇതിലും എത്രയോ കൂടുതലാണ്! അതൊരിക്കലെങ്കിലും നേരിടാതെ ഈ പ്രൊഫഷനിൽ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ്. കേരളത്തിൽ ഇത്തരം കണക്കുകൾ സൂക്ഷിക്കാത്തതിനാൽ ഇവിടെ പ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്നതിന് ഡാറ്റ അടിസ്ഥാനമാക്കി അഭിപ്രായം പറയാനാവില്ല. നിയമങ്ങൾ വളരെ കർശനമായിരിക്കുകയും, ഉള്ള നിയമങ്ങൾ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളിലെ സ്ഥിതി മേല്പറഞ്ഞതാണെങ്കിൽ നമ്മുടെ ആരോഗ്യപ്രവർത്തകരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇത് കഷ്ടമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഒരാളും ഒരു ദിവസവും തൊഴിൽ സ്ഥലത്ത് അക്രമം നേരിടേണ്ടി വരരുത്. അതൊരു സംസ്‌കൃത സമൂഹത്തിന് ചേർന്നതല്ല. നമ്മുടെ കുട്ടികളെ ആരോഗ്യ രംഗത്തേക്ക് പറഞ്ഞു വിടുന്‌പോൾ അവരുടെ തല ആരെങ്കിലും ഇഷ്ടികക്ക് അടിച്ചു പൊട്ടിക്കുമോ എന്ന് പേടിക്കേണ്ട സാഹചര്യം നമുക്കുണ്ടാകരുത്. നിർഭാഗ്യവശാൽ അങ്ങനെയാണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്. ഇത് മാറിയേ പറ്റൂ.

ഞാൻ മുൻപ് പറഞ്ഞതു പോലെ കേരളത്തിലെ ആയിരക്കണക്കിന് സർക്കാർ - സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ എത്ര ആളുകൾ ഒരു വർഷം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇരയാകുന്നു എന്നതിന്റെ കണക്ക് ആരും ശേഖരിക്കുന്നില്ല. അതിനാൽ തന്നെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഒരു സിസ്റ്റം എന്ന നിലക്കോ സമൂഹം എന്ന നിലക്കോ നാം മനസ്സിലാക്കുന്നുമില്ല. എന്റെ അനവധി ഡോക്ടർ സുഹൃത്തുക്കളിൽ പലരും എപ്പോഴെങ്കിലുമൊക്കെ വലുതും ചെറുതുമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അവർ പറഞ്ഞതനുസരിച്ച് ഇത്തരം അക്രമങ്ങളെ അഞ്ചായി തിരിക്കാം.

1. മാനസിക അസ്വാസ്ഥ്യമുള്ള രോഗികകൾ ആരോഗ്യ പ്രവർത്തകരെ ഉപദ്രവിക്കുന്നു.

2. മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ ഉപയോഗം കൊണ്ട് രോഗി അക്രമാസക്തനായി ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നു.

3. രോഗമോ മദ്യമോ ഉപയോഗിച്ചില്ലെങ്കിൽ പോലും മറ്റ് ഏതെങ്കിലും കാരണം കൊണ്ട് രോഗി ആക്രമിക്കുന്നു.

4. രോഗിയുടെ കൂടെ എത്തിയവർ രോഗിക്ക് ചികിത്സ നൽകാത്തതിന്റെ പേരിലോ, നൽകിയ ചികിൽസയുടെ പോരായ്മയുടെ പേരിലോ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ആരോഗ്യപ്രവർത്തകരുടെ പിഴവാണ് എന്ന ധാരണയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നു.

5. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗം കൊണ്ടോ അല്ലാതെയോ രോഗിയുടെ കൂടെ വന്നവർ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നു.

ഈ പറഞ്ഞതെല്ലാം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സംഭവിക്കാമെങ്കിലും, സ്വകാര്യ ആശുപത്രിയിൽ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേക പ്രശ്‌നമുണ്ട്. രോഗി മരിക്കുകയോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ബില്ലടക്കാതെ സ്ഥലം വിടാനുള്ള ഒരു എളുപ്പ വഴിയാണ് എന്തെങ്കിലും പറഞ്ഞു പ്രശ്‌നമുണ്ടാക്കുക എന്നത്. ആശുപത്രിയുടെ സൽപ്പേര് ഓർത്തും ആശുപത്രിയിൽ അക്രമം ഒഴിവാക്കാനായും മിക്കവാറും ആശുപത്രികൾ പണം വേണ്ടെന്ന് വക്കും. ഇതിനായി കരുതിക്കൂട്ടി ഉണ്ടാക്കുന്ന അക്രമങ്ങളുമുണ്ട്.

കാരണം എന്താണെങ്കിലും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ല. ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കുകയും ചെയ്യരുത്. എങ്ങനെയാണ് ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ തടയേണ്ടത് എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തൊഴിൽ സംഘടന, വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകൾ, നല്ല ആശുപത്രികൾ എല്ലാം മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ഒന്ന് കേരളത്തിൽ ഇല്ലെങ്കിൽ അതുണ്ടാക്കാനും എല്ലാവരെയും ഈ വിഷയം ബോധവൽക്കരിക്കാനുമായി കൊൽക്കത്തയിലെ സംഭവത്തെ നമുക്ക് അവസരമാക്കാം. ഇത്തരം തെമ്മാടിക്കൂട്ടങ്ങൾ നമ്മുടെ ആശുപത്രികളിലും വന്നു കയറി ആരോഗ്യ പ്രവർത്തകരുടെ ജീവിതം അപകടത്തിലാക്കാനുള്ള സാധ്യതയുണ്ട്, അതനുവദിക്കരുത്. ഐ എം എ യോ, സർക്കാരോ ഇക്കാര്യത്തിൽ ഒരു മാർഗ്ഗ നിർദ്ദേശമോ, നിയമമോ, പരിശീലനമോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിനായി കൂടുതൽ വിശദമായ നിർദ്ദേശങ്ങൾ നൽകും. തൽക്കാലം കുറച്ചു നിർദ്ദേശങ്ങൾ മാത്രം നൽകാം.

1. സീറോ ടോളറൻസ്: രോഗികളുടെ ബാഹുല്യം, ഭൗതിക സൗകര്യങ്ങളുടെ കുറവ് തുടങ്ങി ധാരാളം പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ നമ്മെ സേവിക്കുന്നത്. അതിനാൽ അവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ സമൂഹത്തിന് സീറോ ടോളറൻസ് ഉണ്ടായേ പറ്റൂ. ഒരു കാരണവശാലും ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ അംഗീകരിക്കപ്പെടാൻ പാടില്ല. അവർക്കെതിരെ നിയമ നടപടികൾ എടുക്കണം.

2. സമയബന്ധിതമായ കടുത്ത ശിക്ഷ: അമേരിക്കയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങൾ സാധാരണ ആളുകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കാൾ ഗുരുതരമായ കുറ്റമായിട്ടാണ് നിയമം കണക്കാക്കുന്നത്. ഇന്ത്യയിലും ഇത്തരം നിയമം വരണം. ആശുപത്രിയിൽ അക്രമമുണ്ടാക്കുന്നവരും ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരും ഒരു മാസമെങ്കിലും ജാമ്യം കിട്ടാതെ ജയിലിൽ കിടക്കണം. ഇത്തരം കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കുകയും വേണം. എന്തക്രമം കാണിച്ചാലും രണ്ടാം ദിവസം ജാമ്യത്തിലിറങ്ങാമെന്നും പിന്നെയൊന്നും സംഭവിക്കില്ല എന്നും ഉറപ്പുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ അക്രമങ്ങൾ കൂടുന്നതിൽ അതിശയമില്ല.

3. നോ കോംപ്രമൈസ്: ആരോഗ്യപ്രവർത്തകർക്ക് എതിരെ ഉണ്ടാകുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ആശുപത്രികൾ തന്നെയും, റിപ്പോർട്ട് ചെയ്താലും കേസാക്കാതിരിക്കാൻ പൊലീസും, പണം കൊടുത്തോ അല്ലാതെയോ ഒത്തുതീർക്കാൻ രാഷ്ട്രീയപ്രവർത്തകരും ഇടപെടുന്നത് സാധാരണമാണ്. ഇത് തെറ്റും ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കലുമാണ്. ഇത്തരം കാര്യങ്ങളിൽ ഒരു കാരണവശാലും ആരും ഒത്തുതീർപ്പ് ചർച്ചയുമായി അക്രമിക്കപ്പെട്ടവരുടെ അടുത്ത് എത്തരുത്, അവരെ സമ്മർദ്ദത്തിലാക്കുകയും അരുത്.


4. പൂർണ്ണ പിന്തുണ: ആക്രമിക്കപ്പെട്ടവർക്ക് പല തരത്തിലുള്ള പിൻതുണയുടെ ആവശ്യമുണ്ട്. ആദ്യമായി അവർക്ക് വേണ്ട വൈദ്യ സഹായത്തിന് പണം ഒരു പ്രശ്‌നമാകരുത്. ആക്രമണത്തിൽ പരിക്കേറ്റ് പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെടുന്നത് പൂർണ്ണ ശന്പളത്തോടെയുള്ള അവധി ആക്കണം. അക്രമണത്തിനിരയായവർക്കും കണ്ടു നിൽക്കുന്നവർക്കും വേണ്ടത്ര കൗൺസലിങ് കൊടുക്കണം. അനാവശ്യമായ മാധ്യമ ശ്രദ്ധയിൽ നിന്നും അവരെ മറച്ചു നിർത്തണം. കേസുമായി മുന്നോട്ടുപോകാനുള്ള പൂർണമായ നിയമ സഹായവും സാന്പത്തിക സഹായവും അവർക്ക് കൊടുക്കണം.

5. പരിശീലനം: കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ആരോഗ്യപ്രവർത്തകർ അക്രമണത്തിനിരയാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ. അസുഖം, അപകടം, മരണം, സാന്പത്തിക ബാധ്യതകൾ, സ്‌നേഹ ബന്ധങ്ങൾ എന്നിങ്ങനെ ഏറെ വിഷയങ്ങളാണ് ആശുപത്രി വരാന്തയിൽ ഒരുമിച്ചു വരുന്നത്. അവിടെ രോഗിയുമായോ അവരുടെ ബന്ധുക്കളുമായോ ഇടപെടേണ്ടി വരുന്നവർക്ക് അക്രമത്തിനിരയാവാനുള്ള റിസ്‌ക് കൂടുതലാണ്. ഇതറിഞ്ഞു വേണം പരിശീലനം നടത്താൻ. ആക്രമിക്കാൻ വരുന്നവരെ അടിച്ചു പരത്താനുള്ള സ്വയരക്ഷ പരിശീലനമല്ല, മറിച്ച് അക്രമ സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാം, എങ്ങനെ അവ മുൻകൂട്ടി അറിയാം, കാര്യങ്ങൾ ഗുരുതരമാകുന്നതിൽ നിന്നും എങ്ങനെ തടയാം, കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കണ്ടാൽ എങ്ങനെ സഹായം അഭ്യർത്ഥിക്കാം, ആരോഗ്യപ്രവർത്തകന്റെ അവകാശങ്ങൾ എന്തൊക്കെയാണ് ഇതെല്ലാം ഡോക്ടർമാരെ പഠിപ്പിക്കണം.

6. അരക്ഷിതമായ സാഹചര്യങ്ങൾ: ഏത് ആശുപത്രിയിൽ എപ്പോൾ വേണമെങ്കിലും ഇത്തരം സാഹചര്യം ഉണ്ടാകാമെങ്കിലും കൂടുതൽ റിസ്‌ക്കുള്ള സ്ഥലങ്ങളും സമയങ്ങളും ഉണ്ട്. രാത്രിയിൽ, അധികം ആളില്ലാത്ത ആശുപത്രികളിൽ, ആക്സിഡൻഡ് ആൻഡ് എമർജൻസി വിഭാഗത്തിൽ (കേരളത്തിൽ കാഷ്വാലിറ്റി എന്ന് പറയും), ഇരുട്ടുള്ള ഇടനാഴികളിൽ ഒക്കെയാണ് ആക്രമണ സാധ്യത കൂടുതൽ. ഇതെല്ലാം അറിഞ്ഞ്, മാറ്റാവുന്ന കാര്യങ്ങൾ മാറ്റണം (ഒറ്റക്ക് ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക, രാത്രിയിൽ എല്ലായിടത്തും നല്ല വെളിച്ചം ഉണ്ടാവുക എന്നിങ്ങനെ).

7. എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഒരേ അപായ സാധ്യത അല്ല ഉള്ളത്. ആഗോള കണക്കുകൾ പറയുന്നത് നഴ്‌സുമാരാണ് ഏറ്റവും കൂടുതൽ ശാരീരിക അക്രമത്തിന് വിധേയരാകുന്നത് എന്നതാണ്. സ്ത്രീ നഴ്‌സുമാർ അനുഭവിക്കുന്ന ലൈംഗികമായ കൈയേറ്റങ്ങൾ കൂട്ടിയിട്ടല്ല ഈ കണക്ക്. എമർജെൻസിയിലുള്ള ഡോക്ടർ, മാനസികാരോഗ്യ വാർഡിലും പുരുഷന്മാരുടെ വാർഡിലും ജോലി ചെയ്യുന്നവർ ഒക്കെയാണ് കൂടുതൽ അക്രമത്തിനിരയാവുന്നത്. ഇവരെ കൂടുതൽ ശ്രദ്ധിക്കണം, പരിശീലനവും പിന്തുണയും നൽകണം.

8. പ്രൊഫഷണൽ ഓർഗനൈസേഷനുകൾ: ഇന്ത്യയിൽ ഡോക്ടർമാർക്ക് ഒരുവിധം ശക്തമായ പ്രൊഫഷണൽ അസോസിയേഷനുകൾ ഉണ്ട്. കേരളത്തിൽ നേഴ്സുമാർക്കും ആയി വരുന്നു. ആശുപത്രിയിലെ മറ്റ് ആരോഗ്യപ്രവർത്തകർ ഒട്ടും സംഘടിതരല്ല. ആരോഗ്യരംഗത്തെ അക്രമങ്ങളെ എല്ലാവരും ഒരുമിച്ച് എതിരിട്ടേ പറ്റൂ. പ്രൊഫഷണൽ സംഘടനകൾ ഇക്കാര്യത്തിൽ പ്രത്യേകം താല്പര്യമെടുക്കണം.

9. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ: ആശുപത്രിയിലെ സുരക്ഷക്ക് സാധിക്കുന്‌പോഴെല്ലാം പ്രൊഫഷണലായ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകണം. അവർക്ക് പൊലീസുമായി നേരിട്ട് ബന്ധവും എപ്പോൾ വേണമെങ്കിലും പൊലീസിനെ വിളിക്കാനുള്ള സംവിധാനവും വേണം. എത്ര ചെറിയ ആശുപത്രി ആണെങ്കിലും അകത്തും പുറത്തും സി സി ടി വി നിർബന്ധമാക്കണം. ഒരു ബഡ്ഡി സംവിധാനം ആശുപത്രിയിൽ ഉണ്ടാകണം, അതായത് ആക്രമണ സാധ്യതയുള്ള സ്ഥലത്ത്/സാഹചര്യത്തിൽ ഒറ്റക്ക് ജോലി ചെയ്യരുത്. കൂടെയുള്ള ആൾ ഡോക്ടറോ നേഴ്സോ ആകണമെന്നില്ലെങ്കിലും മറ്റുള്ളവരുടെ നോട്ടത്തിൽ നമ്മൾ ഒറ്റക്കാണെന്ന് തോന്നരുത്.

10. ഇൻഷുറൻസ് നിർബന്ധം: ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതും നടപ്പിലാക്കാവുന്നതും ലോകത്ത് ധാരാളം പ്രദേശങ്ങളിൽ നടപ്പിലുള്ളതും ആണ്. കുറെയൊക്കെ കേരളത്തിലുമുണ്ടെങ്കിലും, അക്രമികൾക്ക് ഇരട്ടി ശിക്ഷ പോയിട്ട് എന്തെങ്കിലും ഒരു ശിക്ഷ കിട്ടുമെന്ന് പോലും പ്രതീക്ഷിക്കേണ്ട. അക്രമം നടന്നാൽ ഉടൻ കോംപ്രമൈസിന് രാഷ്ട്രീയക്കാർ തൊട്ട് ആശുപത്രിക്കാർ വരെ വരും. അതുകൊണ്ടൊക്കെത്തന്നെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കുടുംബത്തിന്റെ സുരക്ഷക്കുമായി നല്ല ഇൻഷുറൻസുകൾ എടുത്തുവെക്കുക. എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കും കുടുംബത്തിനും നിങ്ങൾ മാത്രമേ കാണൂ.

സുരക്ഷിതരായിരിക്കുക. കൊൽക്കത്തയിലെ ഡോക്ടർമാരോട് ഒരിക്കൽ കൂടി ഐക്യ ദാർഢ്യം, കേരളത്തിൽ അക്രമങ്ങൾക്കെതിരെ നിയമവും പരിശീലനവും ഉണ്ടാക്കുന്നതിന് പൂർണ്ണ പിന്തുണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP