Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഇന്ത്യൻ തുടക്കം വർഗീസിന്റെ അരുംകൊല; കേരളത്തെ കണ്ടു പഠിച്ച് ആന്ധ്ര കൊന്നൊടുക്കിയത് ആയിരങ്ങളെ; നക്‌സലുകളിൽ നിന്നും മുസ്ലിംങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത് ജയലളിതയും; മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാത്ത സാംസ്കാരിക നായകർ പിണറായി പട്ടേലിന്റെ തൊമ്മിമാരാണോ? അഡ്വ. ജയശങ്കർ എഴുതുന്നു

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഇന്ത്യൻ തുടക്കം വർഗീസിന്റെ അരുംകൊല; കേരളത്തെ കണ്ടു പഠിച്ച് ആന്ധ്ര കൊന്നൊടുക്കിയത് ആയിരങ്ങളെ; നക്‌സലുകളിൽ നിന്നും മുസ്ലിംങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത് ജയലളിതയും; മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാത്ത സാംസ്കാരിക നായകർ പിണറായി പട്ടേലിന്റെ തൊമ്മിമാരാണോ? അഡ്വ. ജയശങ്കർ എഴുതുന്നു

റ്റുമുട്ടൽ കൊലപാതകങ്ങളുടെ തുടക്കം ഇന്ത്യയിൽ കേരളത്തിലാണ്. കൃത്യമായി പറഞ്ഞാൽ 1970 ഫെബ്രുവരി 18ന്. സി അച്യുതമേനോൻ മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയുമായ സമയത്ത് നക്‌സൽ നേതാവ് വർഗീസിനെ പൊലീസ് പിടികൂടുകയും ചോദ്യംചെയ്തതിനുശേഷം വെടിവച്ചുകൊല്ലുകയുമായിരുന്നുവെന്ന് ചരിത്രം. അന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ നിയമസഭയിലും പുറത്തും പറഞ്ഞത് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നാണ്. എന്നാൽ ഏറ്റുമുട്ടലിലല്ല, ഹീനമായ രീതിയിൽ വർഗീസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം സത്യാവസ്ഥ പുറത്തുവന്ന് കുറ്റക്കാരനായ ഡിവൈഎസ്‌പിയെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം മറ്റു പല സംസ്ഥാനങ്ങളിലേക്കും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാപിക്കുകയും അരങ്ങേറുകയും ചെയ്തു. ഏറ്റവുമധികം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉണ്ടായത് ആന്ധ്രപ്രദേശിലാണ്. ആന്ധ്രപ്രദേശ് ആയിരുന്നു നക്‌സൽ പ്രവർത്തകരുടെ പ്രധാന കേന്ദ്രം. 100ഓളം പേരെയാണ് ജെ വെങ്കൽ റാവു മുഖ്യമന്ത്രിയായിരുന്ന സമയത്ത് 1972നും 77നും ഇടയ്ക്കുള്ള കാലത്ത് ആന്ധ്രയിൽ കൊലപ്പെടുത്തിയത്. വെങ്കൽ റാവുവിന് ശേഷം പിന്നീട് വന്ന സർക്കാരുകളുടെ കാലത്തും ഇത് തുടരുകയാണു ചെയ്തത്. ചെന്ന റെഡ്ഡി, വിജയഭാസ്‌കര റെഡ്ഡി, എൻ ടി രാമറാവു, ചന്ദ്രബാബു നായിഡു എന്നിങ്ങനെയുള്ളവർ മുഖ്യമന്ത്രിയായിരുന്ന കാലത്തും ആന്ധ്രപ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതകം നടന്നിട്ടുണ്ട്. സമീപകാലത്തുപോലും ആന്ധ്രപ്രദേശിന്റെയും ഒഡീഷയുടെയും അതിർത്തിയിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെട്ടു. ആന്ധ്രയും തെലങ്കാനയും തമ്മിൽ വിഭജിച്ചതിനുശേഷവും ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല. തെലങ്കാനയിലെ വാറങ്കൽ, കരീം നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നക്‌സലുകളുടെ കേന്ദ്രമാണ്. അവിടെയൊക്കെ ദിവസവും ഇത്തരം സംഭവം നടക്കുന്നുണ്ട്. പക്ഷേ, മാദ്ധ്യമങ്ങളിൽ വരുന്നില്ല.

ആദ്യകാലത്ത് നക്‌സലുകൾക്കു നേരെയാണ് അക്രമം നടന്നിരുന്നതെങ്കിൽ പിൽക്കാലത്ത് തീവ്രവാദക്കേസുകളിൽ പ്രതികളാക്കപ്പെട്ട മുസ്‌ലിംകൾക്കെതിരേയും ഇതുപോലുള്ള അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജയലളിത സർക്കാരാണ് ഇതു തുടങ്ങിവച്ചത്. തമിഴ്‌നാട്ടിലെ ആർഎസ്എസ് ഓഫിസിന് ബോംബ് വച്ച കേസിൽ പിടിയിലായവരെ വെടിവച്ചു കൊലപ്പെടുത്തിയത് ഇതിലൊന്നാണ്. ആ കേസിൽ പിടിയിലായവർ ഒരുതവണ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടുപോയെങ്കിലും വീണ്ടും ഇവരെ പിടികൂടിയതിനുശേഷം ഏറ്റുമുട്ടലുണ്ടാക്കി പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയാണ് ചെയ്തത്. അതുപോലുള്ള സംഭവങ്ങൾ പിന്നീട് ഗുജറാത്തിലുമുണ്ടായി. ഇശ്‌റത് ജഹാൻ, പ്രാണേഷ് കുമാർ എന്ന സുഹ്‌റബുദ്ദീൻ എന്നിവരെ ഗുജറാത്തിൽ ഏറ്റുമുട്ടലെന്ന പേരിൽ കൊലപ്പെടുത്തി. സുഹ്‌റബുദ്ദീൻ തീവ്രവാദക്കേസിലെ പ്രതിയായിരുന്നില്ല. അയാൾ ആളുകളെ തട്ടിക്കൊണ്ടുപോയി പണം വാങ്ങുന്ന കുറ്റവാളിയായിരുന്നു. അയാളുടെ ഭാര്യ കൗസർ ബാനു, കേസിലെ സാക്ഷിയായിരുന്ന തുളസീറാം പ്രജാപതി എന്നിവരെയും കൊലപ്പെടുത്തി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനുമായിരുന്ന സമയത്താണ് ഇതു നടന്നത്. ഒരുപാടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരെ പിന്നീട് കണ്ടുകിട്ടിയിട്ടുമില്ല. സമീപകാലത്ത് ആന്ധ്രപ്രദേശ് തെലങ്കാനയായി വിഭജിക്കപ്പെട്ടതിനുശേഷവും അവിടെ ഏറ്റുമുട്ടലിന് കുറവില്ല. പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ചുപേരെ കോടതിയിലേക്ക് കൊണ്ടുപോവുന്ന വഴി കൈവിലങ്ങ് അണിയിച്ച അവസ്ഥയിൽ പൊലീസ് വാനിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചുവെന്നു പറഞ്ഞ് വെടിവച്ചുകൊന്നു. ആന്ധ്രയിൽ മാവോവാദികളെ വെടിവച്ചുകൊന്ന അതേ ദിവസം തന്നെയാണ് തെലങ്കാനയിലും ഇവരെ വെടിവച്ചുകൊന്നത്. ആന്ധ്രയും തെലങ്കാനയും തമ്മിൽ വലിയ വിദ്വേഷത്തിലും വെറുപ്പിലുമൊക്കെയാണ് കഴിയുന്നതെങ്കിലും ഇക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണ്.

Stories you may Like

മധ്യപ്രദേശിലേക്കും അടുത്തകാലത്ത് ഏറ്റുമുട്ടൽ കൊലപാതകം വ്യാപിച്ചു. അവിടെ ജയിൽ ചാടി രക്ഷപ്പെട്ടവരെ പൊലീസ് വെടിവച്ചുകൊന്നു. ഇതൊക്കെ അവിടെ അരങ്ങേറുമ്പോഴും 1970നുശേഷം സാക്ഷരകേരളത്തിൽ ഇത്തരത്തിലൊന്നും നടക്കുകയുണ്ടായില്ല. കരുണാകരന്റെ ഭരണകാലത്തു പോലും നടന്നിട്ടില്ല. ഇപ്പോൾ മാവോവാദികളെ കൊന്നതുമായി ബന്ധപ്പെട്ട് സിപിഐ(എം) പറയുന്ന ന്യായീകരണം രാജന്റെയും വിജയന്റെയും കൊലപാതകമാണ്. സിപിഐ(എം) പറയുന്നതുപോലെ രാജനെയും വിജയനെയും കൊല്ലാൻ വേണ്ടി പൊലീസ് ആക്രമിച്ചതല്ല; പൊലീസുകാരുടെ മൂന്നാംമുറ പ്രയോഗത്തിനിടയിൽ മരിച്ചുപോയതാണ്. എന്നാൽ ഇവിടെ ഇപ്പോൾ ഉണ്ടായിരിക്കുന്നത് അതുപോലെയല്ലല്ലോ. ആളുകളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് വിചാരണ ചെയ്യുന്നതിനു പകരം വെടിവച്ചുകൊല്ലുന്ന പരിഷ്‌കാരം 1970നു ശേഷം ഇപ്പോൾ തിരിച്ചുവന്നിരിക്കുകയാണ്. 46 വർഷത്തിനുശേഷമാണ് ഇത് എന്നുകൂടി ഓർക്കേണ്ടതാണ്. ഇത് സ്വാഭാവികമായും പൊലീസ് സ്വന്തം നിലയ്ക്കു ചെയ്യില്ല. കൊല്ലപ്പെട്ട സ്ത്രീയടക്കമുള്ള മാവോവാദികൾ പൊലീസിനു നേരെ വെടിയുതിർത്തിട്ടുമില്ല. തെലങ്കാനയിലാണെങ്കിലും ആന്ധ്രയിലാണെങ്കിലും സ്ത്രീകളെ വെടിവച്ചുകൊന്നതായി കേട്ടിട്ടില്ല. ഇശ്‌റത് ജഹാനും കൗസർ ബാനുവുമൊഴികെ സ്ത്രീകൾ വെടിയേറ്റുമരിച്ചതായി ഇന്നുവരെ കേട്ടില്ല. എന്നാൽ കേരളത്തിൽ അതുമുണ്ടായി. ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത് കേരളം ഒരു പൊലീസ് സംസ്ഥാനമായി മാറുകയാണ് എന്നാണ്. ഇത് ഏറ്റവും അപകടകരമാണ്. അത് ആരും കാണുന്നില്ല. സർക്കാരിന്റെ പൂർണ പിന്തുണയോടെയും ഒത്താശയോടെയുമാണ് നിലമ്പൂർ കരുളായി വനത്തിൽ നടന്നിരിക്കുന്ന കൊലപാതകം എന്നതിൽ യാതൊരു സംശയവുമില്ല. അല്ലെങ്കിൽ ഇത്തരത്തിൽ ഒരു സംഭവമുണ്ടാവുമ്പോൾ ആ രീതിയിലല്ലല്ലോ മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. പൊലീസിനെ ന്യായീകരിക്കുകയും ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറയുകയും ചെയ്തു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയും ഒത്താശയും ഇതിന് ഉണ്ടെന്നുള്ളതാണ് ഇതിലൂടെ വ്യക്തമാവുന്നത്. നമ്മൾ പലപ്പോഴും പരിഹാസരൂപേണ പറയാറുണ്ട്, താടിയില്ലാത്ത മോദിയാണ് പിണറായി വിജയൻ എന്ന്; അത് ഇപ്പോൾ സത്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ഒരു സംഭവമുണ്ടായിട്ട് ഇവിടത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊക്കെ എത്തരത്തിലാണ് പ്രതികരിക്കുന്നത് എന്നും കാണണം. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുത്തങ്ങയിൽ വെടിവയ്പുണ്ടായത്. അതും ഏറ്റുമുട്ടലുണ്ടായപ്പോഴാണ് പൊലീസ് വെടിവച്ചത്. അന്ന് ഒരു പൊലീസുകാരനും മരിച്ചു. അന്നു വെടിവയ്പിൽ ആദിവാസി മരിച്ചപ്പോൾ സാംസ്‌കാരിക നായകന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അതിരൂക്ഷമായിരുന്നു. ഒന്നിനെക്കുറിച്ചും കാര്യമായി പ്രതികരിക്കാതിരുന്ന എം ടി വാസുദേവൻ നായർ പോലും പ്രതികരിച്ചു. പുനത്തിൽ കുഞ്ഞബ്ദുല്ല അടക്കമുള്ള ആളുകൾ പ്രതികരിച്ചു. സക്കറിയയും സാറാ ജോസഫും എന്തിനെക്കുറിച്ചും പ്രതികരിക്കുന്നവരാണ്. അവരും പ്രതികരിച്ചു. പക്ഷേ, മുത്തങ്ങയിൽ ഉണ്ടായതിനേക്കാൾ ഗുരുതരമായ സംഭവമാണ് ഇപ്പോൾ കരുളായി വനമേഖലയിൽ നടന്നിരിക്കുന്നത്. നിരായുധരായ ഒരു സ്ത്രീയടക്കം രണ്ടു പേരെയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. അവർ മാവോവാദി ആശയത്തിൽ വിശ്വസിച്ചുവെന്നതാണ് കാരണം. ഇവരുടെ പേരിൽ കേരളത്തിൽ ഒരു പെറ്റി കേസ് പോലുമില്ല.

കേരളത്തിന്റെ ചരിത്രത്തിൽ 1981നു ശേഷം മാവോവാദികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ അക്രമവും ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം നടന്നത് 1981ലെ കേണിച്ചിറ മത്തായിയുടെ കൊലപാതകമാണ്. അതിനു മുമ്പുണ്ടായത് സോമരാജൻ കൊലക്കേസാണ്. 1981നു ശേഷം ഇവർ കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു. കേരളത്തിൽ മാവോവാദികൾ യാതൊരു അക്രമവും നടത്തിയിട്ടില്ല. മാവോവാദി ഭീഷണി മാദ്ധ്യമങ്ങളിൽ മാത്രമാണുള്ളത്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയിട്ടും ഒന്നും മിണ്ടാതെ സാംസ്‌കാരിക നായകന്മാർ എന്തെടുക്കുന്നുവെന്നതാണ് ചോദ്യം. ഇവരുടെയൊക്കെ പ്രതികരണശേഷി പാർട്ടി ഓഫിസിൽ പണയംവച്ചിരിക്കുകയാണോ? പിണറായി പട്ടേലിന്റെ തൊമ്മിമാരാണോ ഇവരൊക്കെയെന്നാണ് സംശയം. വിഷയത്തിലുള്ള സാംസ്‌കാരിക നായകന്മാരുടെ മൗനം ഭീകരമാണ്. പ്രതിപക്ഷ പാർട്ടികൾ പോലും അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. ബിജെപിക്കാർക്ക് വിഷയത്തിൽ പ്രതികരിക്കാൻ കഴിയില്ല. കാരണം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം ഏറ്റുമുട്ടൽ കൊല കാര്യമായി നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ അറിവോടെയും പൂർണ പിന്തുണയോടെയുമാണ് ഇവിടെയും രാജ്യത്തിന്റെ നാനാഭാഗത്തും ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ കൊലപാതകം നടക്കുന്നത്. മാവോവാദി വേട്ടയ്ക്ക് കേന്ദ്രത്തിൽ നിന്നു വൻതോതിൽ ഫണ്ടും ലഭിക്കും. ഈ ഫണ്ട് ലഭിക്കാൻ വേണ്ടിയുള്ള കളികളാണ് നടക്കുന്നത്. മുൻ യുഡിഎഫ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ കാലത്തു തന്നെ മാവോവാദി വേട്ട ആരംഭിച്ചിരുന്നു. എന്നാൽ ആളുകളെ വെടിവച്ചുകൊല്ലാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പൊലീസ് സ്‌റ്റേഷനു നേരെ ആക്രമണമുണ്ടായി, പൊലീസ് തിരിച്ചു വെടിവച്ചു, വച്ച വെടി ആകാശത്തേക്കു പോയി എന്നൊക്കെയല്ലാതെ കൊലപാതകം നടന്നിട്ടില്ല. പക്ഷേ, അന്നും മാവോവാദി വേട്ട നടന്നിട്ടുള്ളതിനാൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ഇപ്പോഴത്തെ സംഭവത്തിൽ പ്രതികരിക്കാൻ പറ്റില്ല.

സുധീരനാണ് പ്രതിപക്ഷത്തു നിന്ന് എന്തെങ്കിലും പറഞ്ഞത്. ഭരണപക്ഷത്തു നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൃത്യമായി തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. സാംസ്‌കാരിക നായകന്മാർക്കൊപ്പം പത്രദൃശ്യ മാദ്ധ്യമങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. ഭരണത്തെ എതിർക്കുന്ന പത്രങ്ങളും എതിർക്കുന്നവരെന്നു ഭാവിക്കുന്ന പത്രങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇത് ആപൽകരമാണ്. സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നു വീഴ്ചയുണ്ടാകും. അത്തരത്തിലുണ്ടാവുന്ന വീഴ്ച ചൂണ്ടിക്കാണിക്കാൻ ഉത്തരവാദിത്തമുള്ള മറ്റൊരു വിഭാഗമുണ്ടിവിടെ. അവരാണ് ജനാധിപത്യത്തെ സാർഥകമാക്കുന്നത്. അതല്ലെങ്കിൽ പിന്നെന്തു ജനാധിപത്യമാണിവിടെ? അഞ്ചുകൊല്ലത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടക്കുന്നത് മാത്രമല്ല ജനാധിപത്യം. ഇവിടെ ജനാധിപത്യ ഭരണകൂടമുണ്ട്; പക്ഷേ, ജനാധിപത്യ സംസ്‌കാരമില്ല. തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കുണ്ട്. മുൻനിര പത്രദൃശ്യ മാദ്ധ്യമങ്ങളായാലും ചെറുകിടക്കാരായാലും തെറ്റു തെറ്റാണെന്ന് വിളിച്ചുപറയാനുള്ള ആർജവം കാണിക്കണം. കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിച്ചതാണ് ഇവിടത്തെ മാദ്ധ്യമങ്ങൾക്കു പ്രധാന കാര്യം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മാദ്ധ്യമങ്ങൾ ശരിയായ രീതിയിൽ സമീപിക്കുന്നില്ല. സാംസ്‌കാരികനായകർ തങ്ങളുടെ നാവും നട്ടെല്ലും പാർട്ടി ഓഫിസുകളിൽ പണയംവച്ചിരിക്കുകയാണ്. ഛത്തീസ്‌ഗഡിലാണ് ഇത്തരത്തിൽ അക്രമം നടന്നിരുന്നതെങ്കിൽ സാംസ്‌കാരിക നായകരിൽ പലരും ഇവിടെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ലേഖനം എഴുതുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇപ്പോഴുണ്ടായിരിക്കുന്നത് കേരളത്തിലായതിനാൽ അവരിൽ പലരുടെയും പേനയിലെ മഷി തീർന്നിരിക്കുകയാണ്. മുത്തങ്ങയിൽ വെടിവയ്പുണ്ടായപ്പോൾ പ്രതികരിച്ച എം ടി വാസുദേവൻ നായർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അപ്പോൾ പേടിക്കേണ്ട കാര്യമില്ലായിരുന്നു. ധൈര്യമായി പ്രതികരിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ പേടിക്കണമെന്നായിരിക്കും അദ്ദേഹത്തിന്റെ ചിന്ത.

1970ൽ വർഗീസിനെ കൊന്നതിൽ ഒരു ന്യായീകരണമുണ്ടായിരുന്നു. വർഗീസ് ഒഴികെയുള്ള പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. വർഗീസ് ആർക്കും പിടികൊടുക്കാതെ മുങ്ങി. പുൽപ്പള്ളി, തലശ്ശേരി കലാപത്തിനുശേഷം വർഗീസിനെക്കുറിച്ച് കുറേനാളത്തേക്ക് ഒരു വിവരവുമില്ലായിരുന്നു. അങ്ങനെ മുങ്ങിയ വർഗീസ് പിന്നെ പൊങ്ങുന്നത് കുറ്റ്യാടി പൊലീസ് സ്‌റ്റേഷൻ ആക്രമണം, തിരുനെല്ലി, തൃശലേരി ആക്രമണവുമായാണ്. ഇതോടെ നാട്ടിലെ ജനങ്ങൾ മുഴുവൻ ചകിതരായിരുന്നു. വർഗീസ് എന്നു കേട്ടാൽ ആളുകൾ ഞെട്ടുമായിരുന്നു. ആ സമയത്താണ് വർഗീസിനെ പിടികൂടുന്നത്. സ്വാഭാവികമായിട്ടും ഇനിയും വച്ചോണ്ടിരിക്കേണ്ട എന്നു പറഞ്ഞ് വർഗീസിനെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കരുളായി വനത്തിൽ കുപ്പു ദേവരാജിനെയും അജിതയെയും വെടിവച്ചുകൊലപ്പെടുത്തിയതിന് ഒരു ന്യായീകരണവുമില്ല. ഇവർ ഇവിടത്തെ ഒരു കേസിലെയും പ്രതികളല്ല. യാതൊരുവിധ ഏറ്റുമുട്ടലും ഉണ്ടായിട്ടില്ല. പൊലീസ് ഏകപക്ഷീയമായി ഇവർക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഇത് തോന്നിവാസമാണ്. ഇത്തരം തോന്നിവാസങ്ങൾ ഇനിയും അനുവദിക്കാൻ പാടില്ല.

കടപ്പാട്: തേജസ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP