Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു

നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു

മനൂജാ മൈത്രി

നിങ്ങളൊരു ക്യാമറയുമായി ഏതെങ്കിലും ഒരു സർവ്വ സാധാരണ മലയാളി കുടുംബത്തിൽ എത്തുക. അവർ മതവിശ്വാസികൾ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആ വീട്ടിലെ അടുക്കളയിൽ എല്ലാ മൂലകളിലും കാണാവുന്ന ഒരു ഫ്രെയിം സെറ്റ് ചെയ്തു, ക്യാമറ ഓൺ ചെയ്ത് റെക്കോർഡ് ചെയ്യുക. യാതൊരു അതിഭാവുകത്വവുമില്ലാതെ ഒരു ശരാശരി മലയാളി കുടുംബത്തിലെ നടപ്പുരീതികളിൽ എത്രയോ പെണ്ണുങ്ങൾ കുരുങ്ങി കിടക്കുന്നതായി ഏറ്റവും ഒടുക്കം ആ റെക്കോർഡ് ചെയ്ത വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും. ഏറ്റവും ലളിതമായി 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ പറഞ്ഞുവയ്ക്കുന്നത് ഇതാണ്.

ഈ ലേഖനം വായിക്കുന്ന എത്ര പുരുഷന്മാർ കഴിച്ച പാത്രം സ്വന്തമായി കഴുകി വെക്കാറുണ്ട്? അതും പോട്ടെ സ്വന്തം അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്. ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾ തീർച്ചയായും ജിയോ ബേബി സംവിധാനംചെയ്തു സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും അഭിനയിച്ച, ക്ഷമിക്കണം ജീവിച്ച, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ കാണുക. കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മുഖമടച്ചു ഒരു തല്ല് കിട്ടിയതായി തോന്നും. അതത്ര രസമുള്ള ഒന്നല്ല എങ്കിലും ജനിച്ചു കൈയും കാലും നീളുന്ന കാലം മുതൽ സ്ത്രീയായി ജനിച്ചതിൽ അടുക്കള മുതൽ അങ്ങാടി വരെ അവഹേളിക്കപ്പെടുന്ന പെൺ ജീവിതങ്ങളുടെ അത്ര പൊള്ളൽ എന്തായാലും നിങ്ങൾക്ക് ഉണ്ടാവില്ല.

തോട്ടിപ്പണി അഥവാ മാന്വൽ സ്‌കാവെഞ്ചിങ്ങ് ഇന്ത്യയിൽ 2013ൽ നിയമത്താൽ നിരോധിച്ച ഒന്നാണ്. പക്ഷേ നിങ്ങൾ സാമ്പാർ തിന്നുമ്പോൾ ചവച്ചുതുപ്പിയ മുരിങ്ങാക്കോലും കറിവേപ്പിലയും മീന്മുള്ളുമൊക്കെ തിന്ന് പാത്രം അവിടെ വച്ചിട്ട് പോകുന്ന ആ പ്രത്യേക പ്രിവിലേജിൽ അറിയാതെപോകുന്ന ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങളെകുറിച്ചോ മനോഹരമായ തീന്മേശക്കുമപ്പുറം നുറുക്കിയ പച്ചക്കറികളുടെ വേസ്റ്റും അടുക്കളയിലെ പാത്രം കഴുകിയ വെള്ളത്തിന്റെ നാറ്റവും, കക്കൂസും വീടും അടിച്ചു തുടച്ചു കഴുകുന്നതും, നിങ്ങൾ ഇടുന്ന അണ്ടർ ഗാർമെന്റ്‌സ് വരെ പെണ്ണുങ്ങൾ നൂറ്റാണ്ടുകളായി അടുക്കളപ്പുറങ്ങളിലിരുന്നു ചെയ്യുന്നത് ഇതേ തോട്ടിപ്പണിയാണ്. ദോശ ചുട്ടാൽ വക്കു പൊട്ടാത്ത കരിയാത്ത ദോശയും മീനിന്റെ നടുക്കഷ്ണവും മാത്രം കിട്ടുന്ന നിങ്ങൾക്ക് ഈ തോട്ടിപ്പണിയെകുറിച്ചോ അവസാനം കഴിക്കുന്ന പെണ്ണിന്റെ പാത്രത്തിലെ വീതത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചും ഒരു ധാരണയും കാണില്ല.

അമ്മയും അമ്മയുണ്ടാക്കുന്ന ചായയും ചോറും കൂട്ടാനും പുളിശ്ശേരിയും ഒക്കെ മലയാളിക്ക് നൊസ്റ്റാൾജിയയുടെ രസക്കൂട്ടുകളാണ്. അമ്മ ചെയ്താലെ ശരിയാവു എന്നും നിന്റെ ചായയ്ക്ക് എന്തൊരു രുചി ആണെന്ന് പറയുന്നത് സ്‌നേഹത്തിൽ പൊതിഞ്ഞ സെക്‌സിസം ആണ് എന്ന് എത്രപേർക്കറിയാം. സിനിമയിൽ നായികയോട് ഭർത്താവിന്റെ അച്ഛൻ നീ ജോലിക്ക് പോകേണ്ട, കളക്ടർമാരും പൈലറ്റുമാരും ചെയ്യുന്നതിനേക്കാൾ മഹത്തരമാണ് അടുക്കളപ്പണിയെന്നും, എം എ വരെ പഠിച്ച ഭാര്യയെ ജോലിക്ക് വിടാത്തതും മകന്റെ ഭാര്യയും അതേ പാത പിന്തുടരണമെന്ന് പറയുന്നതും, വീട്ടിൽ പെണ്ണിരിക്കുന്നത് ഐശ്വര്യമാണെന്നും പക്ഷേ എന്തിനേക്കാളും കടലക്കറി നന്നായിട്ടുണ്ട് എന്ന് പറയുന്നത് benevolent sexim എന്ന് പറയാം. ഇത്തരം തേൻ പുരട്ടിയ വാക്കുകൾക്കുള്ളിലും ഒളിഞ്ഞിരിക്കുന്നത് സ്ത്രീവിരുദ്ധത തന്നെയാണ്.

അമ്മ മകളുടെ ഡെലിവറി ട്രീറ്റ്‌മെന്റസിനു വിദേശത്ത് പോകുമ്പോൾ നായികയും, നായികക്ക് പീരിയഡ്‌സ് ആവുമ്പോൾ അടുത്ത വീട്ടിലെ അടുക്കളപ്പണിക്ക് പോകുന്ന സ്ത്രീയും, അവർക്ക് പറ്റാത്തപ്പോൾ സ്വന്തം അനുജത്തിയും, അടുക്കളപ്പണി ഏറ്റെടുക്കുമ്പോൾ ഒരു പെണ്ണിന് പകരം മറ്റൊരു പെണ്ണ് തന്നെ റീപ്ലേസ് ആകുന്നതിലൂടെ അടുക്കളയിൽ പെണ്ണ് മതിയെന്ന സമൂഹത്തിലെ നിയമത്തെ സിനിമയിൽ സംവിധായകൻ മിഴിവോടെ പകർത്തിയിട്ടുണ്ട്.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് പോലെയുള്ള ചിത്രങ്ങളെ അവർ തന്നെ പ്രൊ ഫെമിനിസ്റ്റ് മൂവി എന്നു വിളിക്കുന്നത് നായിക ഇടയ്ക്കിടയ്ക്ക് സെക്‌സ് എന്ന് പറയുന്നതുകൊണ്ട് മാത്രമാണ്. എച്ചിൽപാത്രങ്ങൾ കൂട്ടിയിട്ട് കഴുകി കയ്യിൽ എണ്ണയും ഉളുമ്പുംമണം കാരണം മനം പുരട്ടി കൈകൾ സോപ്പിട്ട് കഴുകി അഴുകിയതും വളിച്ചതും കണ്ട് മടുക്കുമ്പോൾ ലൈംഗിക ബന്ധം പോലും യാന്ത്രികം ആകുന്ന എത്രയോ പെണ്ണുങ്ങൾ നമുക്കിടയിലുണ്ട്. തനിക്ക് സെക്‌സ് ചെയ്യുമ്പോൾ ഫോർപ്ലേ ആവശ്യമാണെന്ന് നായിക പറയുമ്പോൾ ആണിന്റെ മാത്രം കുത്തകയായ സെക്‌സിനെക്കുറിച്ച് സംസാരിച്ചതിൽ നായികയെ അവഹേളിക്കുന്ന ഭർത്താവിനെ ഒക്കെ എത്ര അടക്കതോടെയാണ് ജിയോ ഫ്രെയിമിൽ ഒരുക്കിയിരിക്കുന്നത്.

സ്ഥിരം പല്ലവികൾക്കപ്പുറം താങ്ക്‌സ് ടു സയൻസ് എന്നുപറഞ്ഞ് തുടങ്ങുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മലയാള സിനിമ ഇതുവരെ കൈവെക്കാത്ത മതത്തെ നിശിതമായി വിമർശിക്കുന്നു. വീട്ടിൽ മാട്‌പോലെ പണിയെടുക്കുന്ന പെണ്ണിന് ഒരു മാസത്തിലെ ഏഴു ദിവസങ്ങൾ പെട്ടെന്ന് അശുദ്ധമാക്കുന്ന, ഈ തോന്ന്യസത്തെ,പുരുഷാധിപത്യത്തെ സംരക്ഷിച്ചു നിർത്തുന്ന മതത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആർത്തവം അശുദ്ധമാണെന്ന് വിശ്വസിക്കുന്നവരും, മലയ്ക്ക് പോകാൻ മാലയിട്ടാൽ പെണ്ണിനെ കാണാനും തൊടാനും അത് സ്വന്തം ഭാര്യയോ പെങ്ങളോ ആയാൽ പോലും കാണിക്കുന്ന ആർത്തവ അയിതവും ആചാര സംരക്ഷകരെയും സിനിമ കാലിൽ വാരി നിലത്തടിച്ചിട്ടുണ്ട്.

സിനിമ കണ്ടപ്പോൾ ഉടനീളം സുരാജിന്റെ ഒരു ഡയലോഗ് നമ്മുടെ ചെവിയിൽ ഇങ്ങനെ മുഴങ്ങി കേൾക്കും. എന്റെ വീട്ടിൽ ഞാൻ ഇഷ്ടമുള്ളത് ചെയ്യുമത്രേ. ആണുങ്ങൾക്ക് മാത്രം സ്വന്തമായി ഇടങ്ങൾ ഉള്ള സമൂഹമാണ് നമ്മളുടെത്. പെണ്ണായാൽ ജനിച്ചു വളർന്ന വീട് കല്യാണത്തിന് ശേഷം അന്യമാകുന്ന, കെട്ടി കയറിവരുന്ന വീട് ഭർത്താവിന്റെ മാത്രം വീടാക്കുന്ന അങ്ങനെ അനാഥമാകുന്ന പെണ്ണുങ്ങളെയും ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

പുരുഷന്റെ ഇഷ്ടങ്ങൾ. അവൻ നിർമ്മിച്ച മതവും ആ മതം നൽകുന്ന സ്ത്രീവിരുദ്ധതക്കും ഒരേസമയം ഇരയും അറിയാതെ തന്നെ അതിന്റെ നടത്തിപ്പുകാരുമാവുന്ന സ്ത്രീകളും സിനിമയെ റിയൽ ആക്കുന്നു. മറ്റൊന്നാണ് കഥാപാത്രങ്ങള്ക്ക് പേരിട്ടിട്ടില്ലാത്ത ഡയറക്ടർ ബ്രില്ല്യൻസ്. ഈ കഥയ്ക്ക് കഥാപാത്രങ്ങൾക്ക് പേരുകൾ ആവശ്യമില്ല കാരണം യാതൊരു തരത്തിലുള്ള ൗിശൂൗലില ൈഈ കഥാപാത്രങ്ങളില്ല. ഒരർത്ഥത്തിൽ നമ്മളോ,നമ്മൾക്ക് പരിചയമുള്ള എല്ലാ പെണ്ണുങ്ങളും തന്നെയാണ് ഈ സിനിമയിലെ നായിക.

ഒരു പരിചയമില്ലാത്ത നമ്മൾ എന്താണ് സംസാരിക്കേണ്ടത് എന്ന പെണ്ണുകാണൽ ചടങ്ങിൽ ചോദിക്കുന്നവർ തൊട്ടടുത്ത ദിവസങ്ങളിൽ കല്യാണം കഴിക്കുന്നതും, മലയാളിയുടെ കുടുംബ വ്യവസ്ഥിതി പൊള്ളയായ സ്ത്രീവിരുദ്ധത മാത്രമാണെന്നും, മിക്‌സി ഉണ്ടായിട്ടും അച്ഛനിഷ്ടം കല്ലിൽ അരയ്ക്കുന്ന ചമ്മന്തി ആയതിനാൽ ഉരഞ്ഞുതീരുന്ന അരകല്ലും, മകളുടെ പ്രസവശുശ്രൂഷ പോകുമ്പോൾ ഉണ്ണിയപ്പച്ചട്ടികൊണ്ട് വീട്ടിലെ അതേ സെർവെന്റ് ജോലി ചെയ്യാൻ വിദേശത്ത് ചെയ്യാൻ പോകുന്ന അമ്മയും, സ്ത്രീധനം മേടിച്ചു വയ്ക്കുന്ന സ്ഥിരം ചടങ്ങും, അടുത്ത തലമുറയിലേക്ക് മതം കുത്തിവയ്ക്കുന്നതും, സോഷ്യോളജി ക്ലാസിൽ കുടുംബത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അദ്ധ്യാപകനായ ഭർത്താവിന് ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാത്തതും സുരാജിന്റെ അച്ഛനും സുരാജും തമ്മിൽ ഒരു കോഫി മഗിന്റെയും സാദാ ഗ്ലാസ്സിന്റെയും പുറംമോടിയിലെ വ്യത്യസത്തിനപ്പുറം മറ്റൊന്നുമില്ലെന്നും, വീണ്ടും വീണ്ടും മടുക്കുന്ന അടുക്കളപ്പണിയും, പാത്രങ്ങളുടെ ഒച്ചയ്ക്ക്പ്പുറം അടുക്കളയ്ക്ക് മടുപ്പിക്കുന്ന നരച്ച നിശബ്ദത ആണെന്നും പറഞ്ഞു വെക്കുമ്പോൾ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു ഗ്രേറ്റ് ഇന്ത്യൻ സിനിമയാകുന്നു. ആർഷഭാരത വക്താക്കളും, ആചാര സംരക്ഷകരും, ഫെമിനിസ്റ്റ് വിരുദ്ധരും, അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്കൊക്കെ സുഖമല്ലേ വെറുതെ വീട്ടിലിരുന്നാൽ പോരെ എന്ന് പറയുന്നവരും ഈ സിനിമ കാണരുത്. ഒരുപക്ഷെ നിങ്ങൾക്ക് ഈ സിനിമ ദഹിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP