Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൂട്ടത്തിൽ ഒരാൾക്ക് നോവുമ്പോൾ ഉടലെടുക്കുന്ന ഈ സിസ്റ്റത്തെക്കുറിച്ചുള്ള വേദന ഉണ്ടല്ലോ, അത് മരിക്കാൻ പോകുന്ന ആ കുഞ്ഞ് അനുഭവിച്ച വേദനയോളം വരില്ല; എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി വെനം സ്റ്റോക്ക് വേണം എന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ ഏത് സംഘടനയാണ് സമരം ചെയ്തത്? ആരോഗ്യ മേഖലയിൽ കേരളം നമ്പർ വണ്ണോ? എം.എസ്.സനിൽ കുമാർ എഴുതുന്നു

കൂട്ടത്തിൽ ഒരാൾക്ക് നോവുമ്പോൾ ഉടലെടുക്കുന്ന ഈ സിസ്റ്റത്തെക്കുറിച്ചുള്ള വേദന ഉണ്ടല്ലോ, അത് മരിക്കാൻ പോകുന്ന ആ കുഞ്ഞ് അനുഭവിച്ച വേദനയോളം വരില്ല; എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി വെനം സ്റ്റോക്ക് വേണം എന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ ഏത് സംഘടനയാണ് സമരം ചെയ്തത്? ആരോഗ്യ മേഖലയിൽ കേരളം നമ്പർ വണ്ണോ? എം.എസ്.സനിൽ കുമാർ എഴുതുന്നു

എം.എസ്.സനിൽ കുമാർ

മാളങ്ങളിൽ ഒളിച്ചിരുന്ന തൊരപ്പന്മാർ

കുറേ ഡോക്ടർമാർ ഉണ്ട് ഇവിടെ. ആരോഗ്യ മേഖലയിൽ കേരളം No.1 എന്ന് ഇടയ്ക്കിടെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നവർ. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ആരോഗ്യരംഗത്ത് വീഴ്ചകൾ ഉണ്ടാകുമ്പോൾ ഇവർ ലൗഡ് സ്പീക്കർ എടുക്കും. കേരളത്തെ കണ്ട് പഠിക്കൂ. ഇപ്പോൾ സ്വന്തം വർഗ്ഗത്തിൽപ്പെട്ട ഒരാളുടെ വലിയ പിഴ കൊണ്ട് ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞു. അപ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കണമല്ലോ. ഡോക്ടർക്കും പ്രശ്‌നം വരരുത്, എന്നാൽ സർക്കാരിനെയും കുറ്റം പറയരുത് അതിന് ആദ്യം ജനങ്ങളെ കുറ്റം പറയാൻ ശ്രമിച്ചു. അടി കിട്ടും എന്ന് പേടിച്ച് ഡോക്ടർമാർ ഡിഫൻസീവ് പ്രാക്ടീസ് ശീലിക്കുകയാണ്. അത് അടപടലം പൊളിഞ്ഞപ്പോൾ പിന്നെ അവശേഷിക്കുന്നത് സിസ്റ്റവും സർക്കാരും. ഇപ്പോ അതിലേക്കായിട്ടുണ്ട് കാര്യങ്ങൾ. കേരളത്തിലെ ആരോഗ്യ സംവിധാനം അമ്പേ പരാജയമാണ് എന്ന് നിങ്ങൾക്ക് ഇപ്പോഴെങ്കിലും ബോധ്യമായതിൽ ....പുരപ്പുറത്ത് നിന്ന് കൂവാൻ തയ്യാറായതിൽ അഭിനന്ദനം .

ബത്തേരിയിലെ കുഞ്ഞു മരിച്ചപ്പോൾ ഞാൻ എഴുതിയ പോസ്റ്റുകൾ വായിച്ച ഒരു ഡോക്ടർ ഒടുവിൽ എന്നോട് ചോദിച്ചത് .....

ചോദ്യം

അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് മാറി വൈകാരികമായി വിലയിരുത്തുന്നതിൽ എന്ത് കാര്യം നാടിന്റെ സ്പന്ദനം അറിയുന്ന ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കുക തന്നെ വേണം.

ഉത്തരം.

പ്രിയപ്പെട്ട ഡോക്ടർ...ഞാൻ വൈകാരികമായി പ്രതികരിക്കുകയല്ല.. ഈ അടിസ്ഥാന പ്രശ്‌നങ്ങൾ നിലവിൽ ഉണ്ടെന്ന് നാടിന്റെ സ്പന്ദനം അറിയുന്ന ഡോക്ടർമാർ ഇത് വരെ വിളിച്ചു പറയാത്തതെന്താ ? ഇത് വരെ ഈ ഗ്രൂപ്പിൽ ആരെങ്കിലും ഒരാൾ ഇത്തരം വിഷയം ചർച്ചയ്ക്ക് കൊണ്ടു വന്നിട്ടുണ്ടോ ? അപ്പോൾ പറയുമായിരിക്കും.. ഗ്രൂപ്പിന്റെ ലക്ഷ്യം അതല്ല എന്ന്... ശരി.. സമ്മതിച്ചു.. ഒരു ഡോക്ടറെ.. അവരുടെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയപ്പോൾ... ഒരു വിഭാഗം മോഡേൺ മെഡിസിൻ ഡോക്ടർമാർ അധാർമികമായി.. വെറും വർഗ സ്‌നേഹം മാത്രം മുൻനിർത്തി.. കാമ്പയിൻ. നടത്തുമ്പോൾ അത് കണ്ടു മിണ്ടാതിരിക്കണം എന്നാണോ ? കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രീതികൾ ഉണ്ട്. ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന ഒട്ടേറെ അപാകതകൾ ഉണ്ട്. സിസ്റ്റത്തിന്റെ പ്രശ്‌നങ്ങൾ ഉണ്ട്. നിപ ബാധ കേരളത്തിൽ ഉണ്ടായപ്പോൾ സർക്കാർ കണക്കിൽ പെടാത്ത മരണങ്ങൾ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ എനിക്കെതിരെ കേസ് എടുത്ത സർക്കാർ ആണിത്. ആ വിഷയം പരിശോധിക്കാതെ.. അത് എന്തുകൊണ്ട് സംഭവിച്ചു എന്ന ധവള പത്രം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കാതെ.. നിപയെ കീഴടക്കിയ ആരോഗ്യമന്ത്രിയുള്ള നാടാണ് കേരളം എന്ന് വാഴ്‌ത്തിപ്പാടുമ്പോൾ.. എന്താണ് നിങ്ങൾ ചർച്ച ആക്കിയത് ?

ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ ജീവൻ പണയം വെച്ചില്ലായിരുന്നെങ്കിൽ നിപ എന്താകുമായിരുന്നു ?നിപ ബാധിച്ചു മരിച്ച ആദ്യ ആരോഗ്യ പ്രവർത്തക ലിനി അല്ല കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റ് സുധ ആണെന്ന് വാർത്ത വന്നപ്പോൾ കേരളം ആ പാവം സ്ത്രീയെ കുറിച്ച് ചർച്ച ചെയ്‌തോ ? അതേക്കുറിച്ച് അന്വേഷിക്കാൻ സോ കോൾഡ് മെഡിക്കൽ സ്പന്ദ മാപിനികൾ ആരെങ്കിലും ഒരു fact finding committee രൂപീകരിച്ചോ ? അന്വേഷണം നടത്തിയോ ? ബത്തേരി ആശുപത്രിയിലെ വെന്റിലേറ്റർ തകരാറിൽ ആയിരുന്നു എന്ന് വാർത്ത കണ്ടു. അത് അവിടുത്തെ ഡോക്ടർമാർക്ക് അറിയാമായിരുന്നു. അവർ മുകളിൽ അറിയിച്ചു കാണും. ശരി. നടപടി ഉണ്ടായില്ല. IMA ഉണ്ടല്ലോ... KGMOA ഉണ്ടല്ലോ. അവരുടെ ഘടകം അവിടെയില്ലേ. ആശുപത്രിയിലെ ഡോക്ടർമാർക്ക് സർവീസ് ചട്ടം ഉള്ളതുകൊണ്ട് പരസ്യപ്രതികരണം പറ്റില്ല എന്ന് വാദിക്കാം. സംഘടനകൾക്ക് ഇടപെടാമല്ലോ. അവർക്ക് ജനങ്ങളെ അറിയിക്കാമല്ലോ. ആശുപത്രിക്ക് മുന്നിൽ വെന്റിലേറ്റർ നന്നാക്കുന്നത് വരെ സമരം ചെയ്യാമല്ലോ. കേരളത്തിലെ ഏതെങ്കിലും ഒരു സർക്കാർ ആശുപത്രിയിൽ ഇന്ന സംവിധാനം ഇല്ല എന്ന് പറഞ്ഞു ഡോക്ടർമാരുടെ ഏത് സംഘടനയുടെ പ്രാദേശിക ഘടകങ്ങളാണ് ആവശ്യം നടപ്പാക്കി കിട്ടും വരെ സമരം ചെയ്തിട്ടുള്ളത് ?

വെറും ട്രേഡ് യൂണിയൻ മാത്രമാണോ ഡോക്ടർമാരുടെ സംഘടനകൾ. കേരളത്തിലെ ഓരോ സർക്കാർ ആശുപത്രിയിലെയും.. ആവശ്യങ്ങൾ.. പരിമിതികൾ.. സംബന്ധിച്ച data collection.. പ്രൊഫഷണ ബോഡീസ് എന്നവകാശപ്പെടുന്ന നിങ്ങളുടെ സംഘടനകൾ ശേഖരിച്ചിട്ടുണ്ടോ ? സമയബന്ധിതമായി update ചെയ്തിട്ടുണ്ടോ ? ആശുപത്രിയിൽ നിന്ന് സർക്കാർ തലത്തിൽ കൃത്യമായി റിപ്പോർട്ട് പോകുന്നുണ്ടാകും. മെഷീൻ കേടായി.. ആ കേടായി.. റിപ്പോർട്ട് എഴുതി മുകളിലേക്ക് അയയ്ക്കും. സർക്കാരിന് സൗകര്യം ഉണ്ടെങ്കിൽ നന്നാക്കും. ഇല്ലെങ്കിൽ ഇല്ല. ഒരുത്തൻ വന്ന് ചികിത്സ കിട്ടാതെ മരിക്കും. ചിലപ്പോൾ ബന്ധുക്കൾ വയലന്റ് ആകും. ഡോക്ടർക്ക് അടി കിട്ടും. അപ്പോൾ നിങ്ങളുടെ സംഘടന രംഗത്ത് ഇറങ്ങും. ആ ഉപകരണം നന്നാക്കണം എന്ന ആവശ്യം ആ ആശുപത്രിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഘടകം ഒരു strong നിലപാട് എടുത്താൽ കുറച്ചെങ്കിലും monitoring ഈ രംഗത്ത് സാധ്യമാവില്ലേ ?ഒരു വശത്ത് no, 1.. എന്ന് അട്ടഹസിക്കുക.. മറുവശത്ത് കൂട്ടത്തിൽ ഒരാൾ കുറ്റം ചെയ്യുമ്പോൾ സിസ്റ്റത്തെ കുറ്റം പറഞ്ഞു ചാടി വീഴുക. ഈ സിസ്റ്റം ഇങ്ങനെ വീഴ്ചകളോടെ മുന്നോട്ട് പോകുന്നതിൽ നിങ്ങൾക്കും നിങ്ങളുടെ സംഘടനകൾക്കും വലിയ പങ്കുണ്ട് എന്ന കാര്യം ഓർമ വേണം. ഡോക്ടർ ജിനേഷ് എഴുതിയിട്ടുണ്ട്....

' മുൻപൊരിക്കൽ ആരോഗ്യ നയരൂപീകരണ കമ്മിറ്റിയോട് ഒരു ചർച്ചയിൽ പോയപ്പോൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ട് അംഗീകരിക്കാത്ത ഒരു കാര്യമാണ്. പാമ്പ്കടി ചികിത്സക്കുള്ള സൗകര്യങ്ങൾ പെരിഫറൽ ആശുപത്രികളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്. ആരും സമ്മതിച്ചില്ല.പലപ്പോഴും പാമ്പുകടി ഏൽക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. സൗകര്യങ്ങളുള്ള ആശുപത്രി നഗരങ്ങളിലും. മനുഷ്യരുടെ ജീവൻ രക്ഷിക്കണം എന്ന ആഗ്രഹം സർക്കാരിന് ഉണ്ടെങ്കിൽ പെരിഫറൽ ആശുപത്രിയിലും സൗകര്യങ്ങൾ ഒരുക്കണം.

ആരോഗ്യ നയരൂപീകരണ കമ്മിറ്റി ഈ ആവശ്യം തള്ളിയത് മരുന്നിനോട് അലർജി ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്ന് പറഞ്ഞായിരുന്നു. ശരിയാണ്, അലർജി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പക്ഷേ ചിലപ്പോൾ ഒരു ജീവൻ രക്ഷപെടും, അലർജി ഉണ്ടാവാനുള്ള സാധ്യതയേക്കാൾ ഒരു ജീവൻ രക്ഷപ്പെടാനുള്ള സാധ്യത തന്നെയാണ് കൂടുതൽ. എന്തിനും ഏതിനും ആരോഗ്യ പ്രവർത്തകരെ കൈ വെക്കുന്ന സമൂഹം ഉള്ളപ്പോൾ ആരോഗ്യപ്രവർത്തകർ ഡിഫൻസീവ് പ്രാക്ടീസ് പിന്തുടർന്നാൽ, അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല.'

എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി വെനം സ്റ്റോക്ക് വേണം എന്ന് ഇത് സംബന്ധിച്ച സർക്കാർ സമിതിക്ക് മുന്നിൽ ആവശ്യപ്പെട്ടിരുന്നു എന്ന് ഡോക്ടർ തന്നെ വെളിപ്പെടുത്തുന്നു. അവർ നിരസിച്ചു. ഈ വിഷയം ഇത് വരെ നിങ്ങളാരും അറിഞ്ഞില്ലേ. അറിഞ്ഞെങ്കിൽ അങ്ങനെ ഒരു ആവശ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്‌തോ ? കൂട്ടത്തിൽ ഒരാൾക്ക് നോവുമ്പോൾ ഉടലെടുക്കുന്ന ഈ സിസ്റ്റത്തെക്കുറിച്ചുള്ള വേദന ഉണ്ടല്ലോ, അത് മരിക്കാൻ പോകുന്ന ആ കുഞ്ഞ് അനുഭവിച്ച വേദനയോളം വരില്ല.

എന്തായാലും ഒട്ടേറേ ഡോക്ടർമാർ കേരളത്തിലെ കൊടി കെട്ടിയ ആരോഗ്യമേഖല തള്ളുകളുടെ പൊള്ളത്തരം വിളിച്ചു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട് . രാജാക്കന്മാർ നഗ്‌നരാണ് എന്ന് വിളിച്ചു പറയുന്നവരുടെ കൂടെ എപ്പോഴും .നിങ്ങൾക്ക് അഭിവാദ്യങ്ങൾ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP