Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാവ്‌ലിൻ: ഒരു വെടിക്ക് മൂന്നു പക്ഷികളെ ഉന്നം വയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുത്തൻ പൂഴിക്കടകൻ

ലാവ്‌ലിൻ: ഒരു വെടിക്ക് മൂന്നു പക്ഷികളെ ഉന്നം വയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുത്തൻ പൂഴിക്കടകൻ

രവികുമാർ അമ്പാടി

കേരള രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടു സുപ്രധാന സംഭവങ്ങളാണ് ഇന്നലെ ഉണ്ടായത്. ലാവ്‌ലിൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോർട്ടിൽ സർക്കാർ ഹർജി നല്കിയതാണ് ഒന്ന്. മാണിക്കെതിരെ കേസ്സെടുക്കാൻ തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതാണ് മറ്റൊന്ന്.

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഒരു സാഹചര്യത്തിൽ ഇത്തരം നടപടികൾ ആദ്യം വിലയിരുത്തപ്പെടുക, ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനായുള്ള നടപടികൾ മാത്രമായാണ്. എന്നാൽ, ഒരു പുനരന്വേഷണത്തിന് അപേക്ഷിച്ചതുകൊണ്ടോ, വിജിലൻസിനെക്കൊണ്ട് മാണിക്കനുകൂലമായ റിപ്പോർട്ട് എഴുതിച്ചതുകൊണ്ടോ, പിണറയായി വിജയൻ അഴിമതി ചെയ്‌തെന്നും മാണി കുറ്റവിമുക്തനാണെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമെന്ന് മറ്റാരു കരുതിയാലും, ഉമ്മൻ ചാണ്ടി അങ്ങനെ വിശ്വസിക്കില്ല. രാഷ്ട്രീയ തന്ത്രങ്ങൾ ഒരുപാട് പയറ്റി പഴക്കവും തഴക്കവും വന്ന ഒരു നേതാവാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ നീക്കത്തിനും അർത്ഥങ്ങൾ ഒരുപാടുണ്ടാകും.

ആത്യന്തികമായി ഉമ്മൻ ചാണ്ടി ഉന്നം വയ്ക്കുന്നത്, ഒരു വട്ടം കൂടി മുഖ്യമന്ത്രി കസേരയിലെത്തുക എന്നതാണ്. അതിന് വന്നേക്കാവുന്ന വിഘ്‌നങ്ങൾ ഓരോന്നായി നീക്കുക എന്ന പ്രവർത്തിയിൽ വ്യാപൃതനാണ് അദ്ദേഹം. ലാവ്‌ലിൻ പുനരന്വേഷണവും അതിന്റെ ഒരു ഭാഗം തന്നെയാണ്. എന്നാൽ പലരും കരുതുന്നതുപോലെ അത് പിണറായി വിജയനെ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു വെടിയല്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ, കോടതി കുറ്റവിമുക്തനാക്കിയ വിധിക്ക് രണ്ട് വർഷത്തിനപ്പുറം നടത്തിയ ഇത്തരം ഒരു നീക്കം ഒരിക്കലും പിണറായിയുടെ മുഖഛായയെ ബാധിക്കില്ല. മാത്രമല്ല, ഇത്തരം ഒരു ഹർജി നൽകുന്നതിന് സംസ്ഥാന നിയമ വകുപ്പ് എതിരായിരുന്നു എന്നും വാർത്തകളുണ്ട്. അപ്പോൾ പിന്നെ ഇത്തരം ഒരു നീക്കം നടത്തിയത് വി എസ് അച്ചുതാനന്ദനെ മാത്രം മനസ്സിൽ കണ്ടുകൊണ്ടായിരുന്നു.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ, പതിവുപോലെ ഭരണ വിരുദ്ധവികാരം ഉണ്ടായിരുന്നിട്ടും ഐക്യമുന്നണി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിന് പ്രധാന കാരണം വി എസ് എന്ന മനുഷ്യന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു. പിന്നീടുണ്ടായ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ വി എസിന്റെ സ്വാധീനം, ഇടതു മുന്നണീയെ എതിരായി ബാധിച്ചതും ഇത്തരുണത്തിൽ ഓർക്കേണ്ട ഒന്നാണ്. വി എസ് എന്നും പാർട്ടിക്കുള്ളിൽ, കൊലവിളിയുയർത്തുന്ന ഒറ്റയാനായി നിലകൊള്ളേണ്ടത് പാർട്ടിയുടെ ശത്രുക്കളുടെ ആവശ്യമാണ്.

എന്നാൽ അടുത്തയിടെയായി അദ്ദേഹം ഏറെക്കുറെ പാർട്ടി നേതൃത്വവുമായി പൊരുത്തപ്പെട്ടുപോകാനാണ് ശ്രമിക്കുന്നത്. നേതൃത്വവും, അദ്ദേഹത്തോട് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വി എസ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽ പ്രായം ഒരു തടസ്സമല്ലെന്ന യചൂരിയുടെ പ്രസ്താവനയും, താൻ തെരഞ്ഞെടുപ്പിൽ നിൽക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന വി എസ് ന്റെ പ്രസ്താവനയുമൊക്കെ അതാണ് സൂചിപ്പിക്കുന്നത്. വി എസിന്റെ വ്യക്തി പ്രഭാവത്തോടൊപ്പം പാർട്ടിയുടെ സംഘടനാശക്തിയും ചേർന്നാൽ തന്റെ ഉദ്ദേശം പാളുമെന്ന് ഉമ്മൻ ചാണ്ടിക്കറിയാം. ഇവിടെയാണ് വെടിയുടെ ആദ്യ ലക്ഷ്യമായ പക്ഷി ഇരിക്കുന്നത്.

പിണറായി വിജയന്റെ ആദ്യ മാർച്ചിൽ, അസ്വരസ്വമുണ്ടാക്കുന്നതിൽ ലാവ്‌ലിൻ വിഷയം ഏറെ പങ്കു വഹിച്ചു. അന്ന്, ആ വിവാദങ്ങൾ ഏറ്റെടുത്തുകൊഴുപ്പു കൂട്ടിയത് വി എസ് ആയിരുന്നു. ഇത്തവണയും അത് സംഭവിച്ചാൽ, പാർട്ടിയിലെ ഐക്യം വെറുമൊരു കടങ്കഥയാണെന്ന് വരുത്തിത്തീർക്കാനാകും. അതുവഴി വി എസിന്റെ വ്യക്തിപ്രഭാവത്തേയും പാർട്ടിയുടെ സംഘടനാശക്തിയേയും രണ്ടുതട്ടിലാക്കാൻ സാധിക്കും. അതുവഴി, തെരഞ്ഞെടുപ്പ് പോരാട്ടം താരതമ്യേന എളുപ്പമാകുകയും ചെയ്യും.

അടുത്ത പക്ഷി കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ്. കേരളത്തിലെ കോൺഗ്രസ്സിനെ ഗ്രൂപ്പുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിക്കാനാണ്, ഗ്രൂപ്പുകൾക്ക് അതീതനെന്ന മുഖഛായയുള്ള സുധീരനെ ഹൈക്കമാന്റ് പ്രസിഡന്റാക്കിയത്. എന്നാൽ സുധീരൻ സ്വന്തമായ ഒരു ഗ്രൂപ്പുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു ഇക്കാലമത്രയും. പല ജില്ലാക്കമ്മിറ്റികളിലും, ഇഷ്ടക്കാരെ കുത്തിതിരുകിയത് ഇതിന്റെ മുന്നോടിയാണെന്നായിരുന്നു, മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. അത് എന്തൊക്കെയായാലും, വി എം സുധീരൻ സ്വന്തമായ ഒരു പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുനുണ്ടെന്നുള്ളത് സത്യമാണ്. മദ്യ നയത്തിലെ കടും പിടുത്തവും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ന്യൂനപക്ഷം കോൺഗ്രസ്സിൽ നിന്നും അകന്നു എന്ന വാദം ഉയർന്നപ്പോൾ, വിവാദ പ്രസ്താവനക്കെതിരെ നടേശന്റെ പേരിൽ പരാതി നൽകിയതുമെല്ലാം, സ്വന്തം പ്രതിഛായ വർദ്ധിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. സുധീരൻ നേരത്തെ ഒരു യാത്ര നടത്തുകയും അത് തിരുവനന്തപുരത്തെത്തിയപ്പോൾ ബാറുകൾ പൂട്ടുകയും ചെയ്തത്, അദ്ദേഹത്തിന് പൊതു സമൂഹത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിൽ പ്രതിഛായ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മറ്റൊരു യാത്രകൂടി വിജയിച്ചാൽ സുധീരൻ ഭാവിയിൽ തനിക്ക് ഭീഷണിയാകുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു.

നവകേരള മാർച്ചിലുടനീളം പിണറായിയും പാർട്ടിയും ലാവ്‌ലിൻ വിഷയത്തി പ്രതിരോധിക്കുവാനും ബാർകോഴയിലെ റിപ്പോർട്ട് ഉയർത്തി ആക്രമിക്കാനും ശ്രമിക്കും എന്ന് ഉമ്മൻ ചാണ്ടിക്കറിയാം. ചുരുക്കത്തിൽ മാദ്ധ്യം ശ്രദ്ധയും അതുവഴി പൊതുജനശ്രദ്ധയും മൊത്തമായും നവകേരളാ യാത്രയിൽ കേന്ദ്രീകരിക്കുകയും കേരള രക്ഷായാത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പ്രതീക്ഷിക്കുന്നു. അങ്ങിനെ സുധീരന്റെ പ്രതിഛായ വർദ്ദിക്കുന്നത് തടയാമെന്നും അദ്ദേഹം കരുതുന്നു.

ഉമ്മൻ ചാണ്ടിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള മൂന്നാമത്തെ വിഘ്‌നമാണ് ബിജെപി. കേരളത്തിലെ ബിജെപിയുടെ വളർച്ച ഇടതുപക്ഷത്തെയായിരിക്കും ബാധിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ്, അരുവിക്കര തെരഞ്ഞെടുപ്പിലും മറ്റും, ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സും ബിജെപിയോട് ഒരു മൃദു സമീപനം സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷം എന്നും ഐക്യമുന്നണിയോടൊപ്പം നിൽക്കുമെന്നും, ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ ബിജെപി കടന്നു കയറുമെന്നുമായിരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.

എന്നാൽ, ഈ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗം ഇടതുമുന്നണിയോടൊപ്പം പോയപ്പോൾ, അവർക്കുള്ള പരമ്പരാഗത ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടതുമില്ല. എന്നാൽ പാരമ്പര്യമായി കോൺഗ്രസ്സിനു കിട്ടിക്കൊണ്ടിരുന്ന സ്വർണ്ണ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും ബിജെപി പ്രധാന പ്രതിപക്ഷമായതിന് ഇതു തന്നെയായിരുന്നു കാരണം.

ഇത് തടയുവാൻ ഏറ്റവും നല്ല മാർഗം ബിജെപിയുടെ സ്വരം പുറത്തു കേൾക്കാതിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ആരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, ഏതൊരു പാർട്ടിയും നേതാവും കേരളത്തിൽ വളർന്നിട്ടുള്ളത് വിവാദങ്ങളിലൂടെ മാത്രമാണ്. ഒരു പാർട്ടിക്കും നിശബ്ദമായ ഒരു വളർച്ച ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പൊതുവേദിയിൽ ശബ്ദമുയർത്താൻ ബിജെപി ക്ക് കഴിയാതിരുന്നതാണ്, കഴിഞ്ഞ ഏറെക്കാലമായി അവർ അനുഭവിച്ചിരുന്ന പ്രശ്‌നം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ, വികസന അജണ്ടയുമായി മോദിയെത്തിയപ്പോൾ, വർഗ്ഗീയ ലഹളയും, ഗർഭത്തിൽ ശൂലം കുത്തിയിറക്കിയ കഥകളുമൊക്കെയായി അതിനെ എതിർക്കുവാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബിജെപി വിവാദങ്ങൾക്ക് നടുവിൽ അകപ്പെടുകയും അവരുടെ സ്വരം പൊതുവേദിയിൽ എത്തുകയും ചെയ്തു. അത് ഇവിടെ ബിജെപിയുടെ വളർച്ചക്ക് വഴിയൊരുക്കുകയും ചെയ്തു.

കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും ബിജെപി കുറെയൊക്കെ ചർച്ചക്ക് വിധേയമായി. അതിൽ അവർ കാര്യമായ സ്വാധീനം നേടുകയും ചെയ്തു. ഇവിടെയാണ് ഉമ്മൻ ചാണ്ടിയുടെ വെടിയുണ്ട കൊള്ളേണ്ട മൂന്നാമത്തെ പക്ഷി.

ഒരു ഭാഗത്ത് ബാറും സോളാറും, മറ്റേഭാഗത്ത് അരുൺ കുമാറും ലാവ്‌ലിനുമായി രംഗം കൊഴുത്താൽ, ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് അജണ്ട ഈ രണ്ടു മുന്നണികളുടെ അഴികതികഥകളിലൊതുങ്ങും. മുൻകാലങ്ങളിലേതുപോലെ, ഇരു മുന്നണികളുടെയും തമ്മിൽതമ്മിലുള്ള ആക്രോശങ്ങൾക്കിടയിൽ, ബിജെപിയുടെ ശബ്ദം ആരും കേൾക്കാതെ പോകും. സ്വാഭാവികമായും, അത് ബിജെപി യുടെ മുന്നേറ്റത്തെ തഴയുകയും, കോൺഗ്രസ്സിന്റെ പരമ്പരാഗത ഹിന്ദുവോട്ടുകൾ കാത്തു സൂക്ഷിക്കുവാനുമാകും.

ഇപ്പോൾ ഉതിർത്ത് ഈ വെടിയുണ്ട കൃത്യമായി ഈ മൂന്നുലക്ഷ്യങ്ങളേയും ഭേദിച്ചാൽ, രണ്ടാംവട്ടം മുഖ്യമന്ത്രി കസേര എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകും എന്നാണ് ഉമ്മൻ ചാണ്ടി കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP