Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിമരുന്ന് പ്രയോഗം അപകടം പിടിച്ചതോ നിരോധിക്കപ്പെടേണ്ടതോ അല്ല; സുരക്ഷാ മുൻകരുതലുകളാണ് പ്രധാനം; കൊല്ലത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ശ്രദ്ധിക്കാൻ മൂന്ന് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

കരിമരുന്ന് പ്രയോഗം അപകടം പിടിച്ചതോ നിരോധിക്കപ്പെടേണ്ടതോ അല്ല; സുരക്ഷാ മുൻകരുതലുകളാണ് പ്രധാനം; കൊല്ലത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ശ്രദ്ധിക്കാൻ മൂന്ന് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കൊല്ലത്തിനടുത്ത് പരവൂരിൽ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തു എന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഒരു അപകടം ദുരന്തമാകുന്നത് മരണസംഖ്യ കൊണ്ട് മാത്രമല്ല. ഇതിനു മുമ്പും കേരളത്തിൽ എത്രയോ വെടിക്കെട്ടപകടങ്ങൾ ഉണ്ടായിരുന്നു. അതിൽനിന്നും നാം, ഒരു സമൂഹമെന്ന നിലയിൽ, ഒന്നും പഠിക്കാത്തതിനാലാണ് ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.

വെടിക്കെട്ടപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടി വരുന്നതേ ഉള്ളൂ. പക്ഷേ, പ്രധാനമായ ചർച്ചകളെല്ലാം മത്സര കമ്പം നടത്താനുള്ള അനുമതി ഉണ്ടായിരുന്നോ, അങ്ങനെയില്ലെങ്കിൽ ഇതു നടന്നതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ് എന്നതിനെ ചൊല്ലിയാണ്. കമ്പപ്പുര ഉടൻ തന്നെ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങളും ടിവിയിൽ കണ്ടു. ഇനി ഒരു അപകടം ഒഴിവാക്കലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഇതെല്ലാം തെറ്റായ പ്രവൃത്തികളാണ്.

ഓരോ വൻ അപകടങ്ങളും ഉണ്ടാകുന്നത് നമ്മൾ ചെറിയ ചെറിയ അനവധി സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുമ്പോഴാണ്. ഉപയോഗിക്കുന്ന വെടിമരുന്നിന്റെ രാസഘടന, കൂട്ടിവച്ചിരുന്ന രാസവസ്തുക്കളുടെ അളവ്, പുറത്ത് ചൂടുകൂടുമ്പോൾ വെടിപ്പുരയിൽ ചൂട് വർധിക്കാതെ നോക്കാനുള്ള സംവിധാനം, വെടിപ്പുരയുടെ തൊട്ടടുത്ത് അധികം ആളുകൂടാതെ നോക്കാനുള്ള സംവിധാനം എന്നിങ്ങനെ അനവധി വിഷയങ്ങൾ ഇതിലുണ്ട്. ഇത് ഓരോന്നും ശാസ്ത്രീയമായി പരിശോധിക്കണം. അതിനുശേഷം ആവശ്യമായ നിയമങ്ങൾ പാലിച്ചിരുന്നോ, ഇപ്പോൾ ഉള്ള നിയമങ്ങൾ ഇതുപോലെ ഒരപകടം ഒഴിവാക്കാൻ പര്യാപ്തമാണോ എന്നിങ്ങനെ ഒക്കെയാണ് അന്വേഷണത്തിന്റെ ഗതി പോകേണ്ടത്. ഇതിനുപകരം അമ്പലക്കമ്മിറ്റി അംഗങ്ങളെയോ വെടിക്കെട്ട് നടത്തിയവരേയോ ഒക്കെ കുറ്റവാളികളായി കരുതി മുൻധാരണയോടെ അന്വേഷണം നടത്തിയാൽ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ പുറത്ത് വരില്ല. ഭാവിയിൽ അപകടം ഒഴിവാക്കാനുള്ള സാധ്യതയും ഇല്ലാതാകും.

ലോകത്ത് ഏറെ സ്ഥലങ്ങളിൽ ഫയർവർക്‌സ് ഉണ്ട്. മനോഹരമായ ഒരു കലാരൂപമാണിത്. യൂറോപ്പിലെ ഏറ്റവും വലിയ ഫയർവർക്‌സ് നടത്തുന്നത് ജനീവയിലാണ്. അത് എല്ലാവർഷവും ഞാൻ പോയി കാണാറുമുണ്ട്. കേരളത്തിലെ മാദ്ധ്യമ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ അതിലേക്ക് ക്ഷണിക്കാറുമുണ്ട്. അപ്പോൾ കരിമരുന്ന് പ്രയോഗം എന്നത് അപകടം പിടിച്ചതോ നിരോധിക്കപ്പെടേണ്ടതോ അല്ല. മറിച്ച് വേണ്ടത്ര സുരക്ഷാ മുൻകരുതലുകളോടെ വേണം ഇതു നടത്താൻ. അതാണ് പ്രധാനം.

മൂന്നു കാര്യങ്ങൾ ആണ് ഈ അപകടത്തിന്റെ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടത്. ഒന്നാമത് കരിമരുന്ന് പ്രയോഗങ്ങൾ നടത്താൻ ഇപ്പോൾ ഉള്ള നിയമങ്ങൾ ഇതുപോലെ ഒരു അപകടം ഒഴിവാക്കാൻ പര്യാപ്തമായിരുന്നോ? ഇതിൽ കരിമരുന്ന് പ്രയോഗം നടത്തുന്നവരുടെ പരിശീലനം ഒരു പ്രധാന കാര്യമാണ്. ഇന്ത്യയിൽ ഒരിടത്തും കരിമരുന്ന്പ്രയോഗത്തെപ്പറ്റി ശാസ്ത്രീയമായി പഠിപ്പിക്കാൻ സംവിധാനം ഇല്ല. പലപ്പോഴും പാരമ്പര്യമായിട്ടാണ് ഈ കലാരൂപം പഠിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോകത്ത് മറ്റു സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ നമ്മൾ അറിയുന്നില്ല.

രണ്ടാമത് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തെ ആൾക്കൂട്ടത്തിന്റെ നിയന്ത്രണം. ഏറെ തുറന്ന സ്ഥലം ഇല്ലാത്ത പ്രദേശങ്ങളിലാണ് പലപ്പോഴും കരിമരുന്ന് പ്രയോഗങ്ങൾ നടത്തപ്പെടുന്നത്. കരിമരുന്ന് പ്രയോഗങ്ങളുടെ പ്രസിദ്ധി കൂടുന്നതോടെ ഏറെ സ്ഥലങ്ങളിൽ നിന്നും ആളെത്തുന്നു. ഉദാഹരണത്തിന് നൂറു കൊല്ലം മുമ്പത്തെ തൃശൂർ പൂരത്തിന്റെ ആൾക്കൂട്ടത്തിന്റെ പത്തിരട്ടിയെങ്കിലും ആളുകൾ ഇപ്പോൾ അവിടെ എത്തുന്നുണ്ട്. അതേസമയം സ്ഥലത്തിന്റെ അളവ് കൂടിയിട്ടില്ല. ഏറെ കുറഞ്ഞിട്ടും ഉണ്ട്. അപ്പോൾ ഒരു അപകടം ഉണ്ടായാൽ അതിന്റെ വ്യാപ്തി ഏറെ കൂടുമല്ലോ. അതുകൊണ്ടുതന്നെ ലഭ്യമായ സ്ഥലത്തിന്റെ പരിമിതി അനുസരിച്ചു വേണം നമ്മൾ അവിടെ വെടിക്കെട്ടോ പൂരമോ എന്തും പ്ലാൻ ചെയ്യാൻ.

മൂന്നാമത്തെ കാര്യം സമൂഹത്തിന്റെ അടിസ്ഥാനമായ സുരക്ഷാബോധത്തിന്റെ അഭാവമാണ്. ഇത് വെടിക്കെട്ടപകടത്തിന്റെ മാത്രം പ്രശ്‌നമല്ല. പല സ്ഥലങ്ങളിലും അപകടം ഉണ്ടായിട്ടും വെടിക്കെട്ടിന്റെ കാര്യത്തിൽ അല്പം മാറ്റങ്ങളോ കുറവോ വരുത്താനുള്ള അധികാരികളുടെ ശ്രമത്തെ സമൂഹം പിന്തുണയ്ക്കാറില്ല. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ സമ്മർദങ്ങൾ ഉപയോഗിച്ച് ആനകളെ വച്ചുള്ള പൂരമോ വെടിക്കെട്ടുകളോ ഒക്കെ നടത്താൻ നമ്മൾ തയ്യാറാകുന്നതോടെ ദുരന്തങ്ങൾ നാം വിളിച്ചു വരുത്തുകയാണ്.

രക്ഷാപ്രവർത്തനങ്ങളിൽ ആയിരിക്കണം ആദ്യത്തെ ശ്രദ്ധ. അതിനുശേഷം സമഗ്രമായ ഒരു സുരക്ഷാ അന്വേഷണം ഇക്കാര്യത്തിൽ നടത്തണം. അതിൽനിന്നും വരുന്ന നിർദ്ദേശങ്ങൾ ജനങ്ങളെ ബോധവത്ക്കരിക്കണം. കർശനമായി പാലിക്കുകയും വേണം.

(ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം മേധാവിയാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP