Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിത്താബ് നാടകൃത്തിനെ ചൂണ്ടിക്കാട്ടി മതമൗലികവാദികളുടെ മുന്നിൽ സ്വയം മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്തത്; പ്രൊഫ റ്റി.ജെ. ജോസഫുമായി ബന്ധപെട്ട ചോദ്യപേപ്പർ വിവാദ സമയത്ത് അദ്ദേഹത്തെ വിഡ്ഢിയായി ചിത്രീകരിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ അതേ ദ്രോഹമാണ് കഥാകൃത്ത് റഫീക്കിനോട് ചെയ്തത്; എന്തുകൊണ്ടോ മതമൗലികവാദികൾ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി; സി രവിചന്ദ്രൻ എഴുതുന്നു

കിത്താബ് നാടകൃത്തിനെ ചൂണ്ടിക്കാട്ടി മതമൗലികവാദികളുടെ മുന്നിൽ സ്വയം മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്തത്; പ്രൊഫ റ്റി.ജെ. ജോസഫുമായി ബന്ധപെട്ട ചോദ്യപേപ്പർ വിവാദ സമയത്ത് അദ്ദേഹത്തെ വിഡ്ഢിയായി ചിത്രീകരിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ അതേ ദ്രോഹമാണ് കഥാകൃത്ത് റഫീക്കിനോട് ചെയ്തത്; എന്തുകൊണ്ടോ മതമൗലികവാദികൾ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

 മതപിണ്ടങ്ങൾ

(1) ല കയറാനും ബാങ്ക് വിളിക്കാനും പെണ്ണിന് അവകാശമുണ്ടാകണം എന്നാവശ്യപ്പെടുന്ന നാടകമാണ് ഇക്കഴിഞ്ഞ കോഴിക്കോട് സ്‌കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ 'കിത്താബ്'(https://www.youtube.com/watch?v=BvmFgpK47Ow&t=2s)). കോഴിക്കോട് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഈ നാടകം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടുകയുണ്ടായി.

കിത്താബിൽ കൂടുതലും പെൺകുട്ടികളാണ് അഭിനയിച്ചിരിക്കുന്നത്. പുരുഷന്റെ പകുതി ബുദ്ധിയേ സ്ത്രീക്കുള്ളൂ, പുരുഷന്റെ പകുതി സ്വത്തിനേ അവൾക്ക് അവകാശമുള്ളൂ, അവളുടെ സാക്ഷ്യത്തിന് പുരുഷസാക്ഷ്യത്തിന്റെ പകുതി വിലയേ ഉള്ളൂ.... തുടങ്ങിയ പ്രാകൃതവും സ്ത്രീവിരുദ്ധവുമായ മതനിയമങ്ങളെ ഈ നാടകം ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു. ഇസ്ലാമിക സ്വർഗ്ഗത്ത് പുരുഷന് 72 ലൈംഗിക ഇണകളെ സമ്മാനമായി കിട്ടുമ്പോൾ സ്ത്രീകൾക്ക് കഥയനുസരിച്ച് ഒന്നും കിട്ടുന്നില്ലെന്ന് വിളിച്ചുപറയുന്ന നാടകം ജില്ലാകലോത്സവത്തിൽ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

(2) വൈകാതെ നാടകത്തിനെതിരെ ഇസ്ലാമിക മതമൗലികവാദികൾ പ്രതിഷേധങ്ങളും ഭീഷണികളുമായി തെരുവിലിറങ്ങി. മേമുണ്ട സ്‌കൂളിന്റെ ഫേസ് ബുക്ക് പേജിൽ വെറുപ്പ് കൊണ്ട് പൊങ്കാലയിട്ടു. അതോടെ സ്‌കൂൾ അധികൃതർ മാപ്പെഴുതി കൊടുത്ത് നാടകം പിൻവലിച്ചു. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിന് സംസ്ഥാന കലോത്സവത്തിൽ അവതരണാനുമതി നിഷേധിക്കപ്പെട്ടു. വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയമായെങ്കിലും ഇരുമ്പാണി വരെ വെള്ളംതൊടാതെ വിഴുങ്ങുന്ന സാംസ്‌കാരികനായകരും ലിബറൽ ബുദ്ധിജീവികളും കൊത്തിയില്ല. നവോത്ഥാന സിംഹങ്ങൾ ഇങ്ങനെയൊരു നീതിനിഷേധം കണ്ട ഭാവമേ കാണിച്ചില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ഒപ്പുശേഖരണവും കൂട്ടപ്രസ്താവനയുമൊക്കെ ഇറക്കി ശീലിച്ച ചിലർ പ്രതിഷേധപ്രസ്താവനയിൽ അറിയാതെ ഒപ്പിട്ടെങ്കിലും 'കാര്യം മനസ്സിലാക്കി' കുരിശ് കണ്ട പ്രേതത്തെ പോലെ ഒപ്പ് സഹിതം പിന്മാറി. ഇസ്ലാമിനെ 'പ്രാകൃതമത'മായി ചിത്രീകരിക്കുന്നതിലെ ഞെട്ടലും വേദനയുമാണ് ഈ ഞെട്ടലിസ്റ്റുകൾ കാരണമായി ചൂണ്ടിക്കാട്ടിയത്. മതം വ്രണപ്പെടുന്നതിന് മുമ്പേ മതത്തിന് വേണ്ടി വ്രണപ്പെടുന്ന മതവ്രണിതർ!

(3) ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും പ്രാകൃതമാണ്; പ്രാകൃതമല്ലാത്തവയാകട്ടെ ഉത്തരാധുനികവും. Religions are either primitive or post-modern. ആധുനികതയോ യാഥാർത്ഥ്യബോധമോ മതങ്ങളിൽ ഉണ്ടെന്ന് കരുതുന്നത് ഒരു നാണംകെട്ട അന്ധവിശ്വാസം മാത്രമാണ്. മതം മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അതൊക്കെ 'പ്രാകൃത'മാണെന്ന് തോന്നുന്നുവെങ്കിൽ കുഴപ്പം പറയുന്നവരുടെയല്ല മതത്തിന്റേതാണ്. അശുദ്ധി സങ്കൽപ്പങ്ങളും സ്ത്രീവിവേചനവും ബഹുഭാര്യത്വവും പ്രാകൃതം തന്നെയാണ്. ബീയാത്തു എന്നൊരു കഥാപാത്രത്തിന് പേര് വരുന്നതോ വീട്ടമ്മ കോഴിയെ പിടിക്കാൻ കുട്ടയുമായി ഓടി നടക്കുന്നതോ ഇസ്ലാമിനെ പ്രാകൃതമാക്കുന്നില്ല. മനുഷ്യജീവിതങ്ങളിലെ ആന്തരിക നന്മയും ചപലതകളും കലാപരമായി ചിത്രീകരിക്കുകയാണവിടെ. സ്വർഗ്ഗത്ത് പോകാൻ താല്പര്യമില്ലാത്ത പെൺകുട്ടി തനിക്ക് ബാങ്ക് വിളിക്കണമെന്ന് പറയുന്നതിലെ 'ആന്തരികവൈരുദ്ധ്യ'ത്തെ ചൂണ്ടിക്കാണിക്കുന്ന 'ജിമിക്കി കമ്മൽ മോഡൽ കോമഡി ന്യായീകരണങ്ങളൊക്കെ വന്നു കഴിഞ്ഞു. ബാങ്ക് കുറഞ്ഞപക്ഷം വിളിക്കാൻ പറ്റുന്ന ഒന്നാണ്, പക്ഷെ എന്താണ് ഈ സ്വർഗ്ഗം? ഒരു നാടകത്തിൽ കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണ ശകലങ്ങളും രംഗങ്ങളും യാഥാർത്ഥ്യത്തിന്റെയും സാമാന്യയുക്തിയുടെയും കണ്ണിലൂടെ നോക്കി കാണാനുള്ള ശ്രമം ശോചനീയമാണ്. ആക്ഷേപഹാസ്യവും രൂപകങ്ങളും മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കലാസ്വാദനം അസാധ്യമായിരിക്കും.

(4) യഥാർത്ഥത്തിൽ ഇസ്ലാമിനെ പ്രാകൃതമായി ചിത്രീകരിച്ചത് കിത്താബ് എന്ന നാടകമല്ല. മറിച്ച് നാടകത്തിന് ശേഷം ആ മതത്തിലെ മൗലികവാദികൾ പ്രകടിപ്പിച്ച ഹിംസാത്മകതയാണ്. അക്രമവും ഭീഷണിയും പ്രാകൃത ഉപാധികളാണെന്നതിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ലല്ലോ. കിത്താബിന് മറുപടി എന്ന നിലയിൽ 'കിത്താബിലെ കൂറ' എന്ന പേരിൽ കാമ്പസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രതിനാടകം ((https://www.youtube.com/watch?v=z1nyncLKs9o&t=117sതെരുവിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. അഭിനന്ദനീയമായ കാര്യമാണിത്. തികച്ചു ജനാധിപത്യപരവും സൃഷ്ടിപരവും. ഇസ്ലാം എന്നാൽ സംവാദമേ സാധ്യമല്ലാത്ത, എപ്പോൾ വേണമെങ്കിലും അക്രമാസക്തമായി പൊട്ടിത്തെറിക്കാവുന്ന,സഹിഷ്ണുത തീരെയില്ലാത്ത ഒരു മതമാണ് എന്ന് സ്ഥാപിക്കാനുള്ള ഇസ്ലാമിനെ ഒഴിച്ച് ഒന്നിനെയും പേടിയില്ലെന്ന് വീമ്പടിക്കുന്ന ഇസ്ലാംപേടിക്കാരായ സാംസ്‌കാരിക ബുദ്ധിജീവികളുടെ കരണത്തേറ്റ അടി കൂടിയാണ് ഇത്തരം കലാദൗത്യങ്ങൾ. നോക്കൂ, മതമൗലികവാദികൾപോലും കുറെയൊക്കെ കാലികമായി പരിഷ്‌കരിക്കുന്നുണ്ട്. അത്രപോലും മാനവികബോധം മതവ്രണിതർ പ്രകടിപ്പിക്കുന്നില്ലെന്നതാണ് ഖേദകരം. പക്ഷെ ആദ്യ നാടകത്തെ ഞെക്കികൊല്ലാതെ പ്രതിനാടകം അവതരിപ്പിക്കുമ്പോഴേ ഇത്തരം പ്രതികരണങ്ങൾ സാർത്ഥകമാകൂ. മതം പ്രാകൃതമല്ലെന്ന് തെളിയിക്കേണ്ടത് അങ്ങനെയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ടും സംവാദങ്ങളെ സംവാദങ്ങൾകൊണ്ടും കലയെ കല കൊണ്ടും നേരിടുക.

(5)'പ്രാകൃതം' എന്നാൽ പ്രകൃതിപരം എന്നൊരു അർത്ഥം കൂടിയുണ്ട്. പ്രകൃതിയിലെ ഏത് ജീവിയും പ്രകോപിക്കപ്പെടുമ്പോൾ അതിവൈകാരികതയിലേക്കും ഹിംസയിലേക്കും തിരിയും. മസ്തിഷ്‌കത്തിലെ ലിമ്പിക് വ്യവസ്ഥ സക്രിയമാകും, ഫ്രണ്ടൽ കോർട്ടെക്‌സ് മന്ദീഭവിക്കും. ചിന്താശേഷിയും ജനാധിപത്യബോധവുമുള്ള മനുഷ്യർക്കും സംഘടനകൾക്കും കൂടുതൽ സഹിഷ്ണുതയോടെ കാര്യങ്ങൾ കാണാനാവും. മതം ഹിംസയും ഭീഷണികളുമായി കളം നിറയുമ്പോൾ പ്രാകൃതവും ആദിമവുമായ ഉത്തരങ്ങൾക്ക് അപ്പുറമുള്ളതൊന്നും തങ്ങളുടെ കൈവശമില്ലെന്ന് പ്രഖ്യാപിക്കുയാണ്. ഭീഷണിയുടെ മുന്നിൽ വിലപ്പെട്ടതെല്ലാം ത്യജിച്ചായാലും ജീവൻ രക്ഷിക്കാനാവും മനുഷ്യമസ്തിഷ്‌കം നൽകുന്ന സഹജമായ നിർദ്ദേശം. ഭീഷണിയും ഹിംസയും ഉപയോഗിച്ച് എത്ര കൊടിയ അനീതിയും അടിച്ചേൽപ്പിക്കാനാവും. മതത്തിനെന്നല്ല ഹിംസയും അസഹിഷ്ണുതയും മുഖ്യ ആയുധങ്ങളായി കൊണ്ടുനടക്കുന്ന ഏതൊരാൾക്കും അത് നിസ്സാരമായി ചെയ്യാനാവും. ഹിംസ വഴി നേടിയെടുക്കുന്നതെല്ലാം കളവുമുതലാണ്. ചുരുക്കത്തിൽ കിത്താബ് നാടകം ആധുനികവും പരിഷ്‌കൃതവുമാണെങ്കിൽ, പ്രതിനാടകം ഒഴികെ, അതിനോടുള്ള മതമൗലികവാദികളുടെ പ്രതികരണം പ്രാകൃതവും ഹിംസാത്മകവുമായിരുന്നു.

(6) കിത്താബിന്റെ തുടക്കത്തിൽ ഒരു ചെറുകഥയുടെ സ്വതന്ത്ര ആഖ്യാനമാണ് നാടകത്തിന്റെ ഇതിവൃത്തമെന്ന് വിളിച്ചു പറയുന്നുണ്ട്. പരാമർശിക്കപ്പെടുന്ന ചെറുകഥയുമായി 'ബാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്നപെൺകുട്ടി' എന്നൊരു കാര്യത്തിൽ മാത്രമാണ് സാമ്യം. നിഷിദ്ധവും ദുഷ്‌കരവുമായ കാര്യങ്ങൾ സങ്കൽപ്പിക്കുന്നത് മനുഷ്യ സ്വഭാവമാണ്. പറക്കാനാഗ്രഹിച്ച മനുഷ്യർ പറക്കൽവാഹനങ്ങൾ സങ്കൽപ്പിക്കും. പട്ടിണിക്കാരൻ മുന്തിയ ഭക്ഷണവും നിർധനൻ സമ്പത്തും സ്വപ്നംകാണും. ഇതൊരുതരം സങ്കൽപ്പരതിയാണ്. ബാങ്ക് വിളിക്കാൻ അനുവാദമില്ലാത്ത മതത്തിലെ കോടിക്കണക്കിന് സ്ത്രീകൾ അങ്ങനെയൊക്കെ ചെയ്യുന്നതായി സങ്കൽപ്പിക്കുക സ്വാഭാവികമാണ്. അത്തരമൊരു സങ്കൽപ്പം ഏതെങ്കിലും ഒരു കഥാകൃത്താണ് ലോകത്തേക്ക് ആദ്യമായി കൊണ്ടുവന്നത് എന്ന വാദത്തിൽ കഴമ്പില്ല. കിത്താബ് ഒരു കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണെന്ന് പറഞ്ഞ് അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് കഥാകൃത്തിന്റെ പിന്നീടുണ്ടായ പ്രതികരണം വ്യക്തമാക്കുന്നത്. കിത്താബിന്റെ ശിൽപിയായ റഫീഖ് മംഗലശ്ശേരിയുടെ മര്യാദ ഇവിടെ ശ്ലാഘിക്കപ്പെടേണ്ടതുണ്ട്. അനർഹമായ പരിഗണന കിട്ടിയതോടെ കഥാകൃത്തുകൊമ്പത്ത് കയറി. നാടകൃത്തിനെ ചൂണ്ടിക്കാട്ടി ടിയാൻ മതമൗലികവാദികളുടെ മുന്നിൽ സ്വയം മഹത്വപ്പെടുത്തി.

(7) റഫീഖിനെ വിസ്തരിക്കാനുള്ള പരോക്ഷമായ ആഹ്വാനമായിരുന്നു അത്. തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫ റ്റി.ജെ. ജോസഫുമായി ബന്ധപെട്ട ചോദ്യപേപ്പർവിവാദ സമയത്ത് അദ്ദേഹത്തെ വിഡ്ഢിയായി ചിത്രീകരിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ അതേ ദ്രോഹമാണ് പ്രസ്തുത കഥാകൃത്ത് റഫീക്കിനോട് ചെയ്തത്.

പിച്ച കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കാതിരിക്കാനുള്ള മര്യാദപോലും ഉണ്ടായില്ല. എന്തുകൊണ്ടോ മതമൗലികവാദികൾ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി. അത്രപോലും വളർച്ച കാണിക്കാത്തവരാണ് 'ഇസ്ലാംപേടി' മൂത്ത മതത്തിന് വേണ്ടി വ്രണപ്പെടുന്ന ലിബറൽ ബുദ്ധിജീവികൾ! ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി ആത്മഹൂതിക്ക് വരെ തയ്യാറാണെന്ന് വീമ്പിളക്കുന്ന സുകൃതജന്മങ്ങളാണിവർ എന്നോർക്കണം.

(9) വ്യാപാരപരമായി വിജയസാധ്യത കുറഞ്ഞ ഒരു സിനിമാസംരഭത്തിന് വമ്പൻ പരസ്യം നൽകിയതിന് റഫീഖിനോട് നന്ദി പറയുകയാണ് സത്യത്തിൽ കഥാകൃത്തും നിർമ്മാണകമ്പനിയും ചെയ്യേണ്ടത്. രണ്ടാഴ്ചകൊണ്ട് യു-ട്യൂബിൽ ഒന്നര ലക്ഷത്തോളം പേർ കാണുകയും പതിനായിരങ്ങൾ ഡൗൺലോഡ് ചെയ്യുകയും ചെയ്ത 'കിത്താബ് 'ലക്ഷ്യമിടുന്നത് വ്യാപാരവിജയം അല്ല. നാടകത്തിൽ അഭിനയിച്ച കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സംസ്ഥാന കലോത്സവത്തിൽ മത്സരാനുമതി നഷ്ടപ്പെട്ടതോർത്ത് വിതുമ്പി സദസ്സിലിരുന്ന് മറ്റ് നാടകങ്ങൾ കാണുന്ന അവരുടെ മുഖങ്ങൾ അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. 'കിത്താബ് ' മലയാളിക്ക് ഒരു തുറന്ന പാഠപുസ്തകമാണ്. ഇസ്ലാമിൽ ഇല്ലാത്ത അപരിഷ്‌കൃതത്വം അതിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല. ലിംഗനീതിയിൽ അധിഷ്ഠിതമായ ഒരു സാധ്യതയെക്കുറിച്ചാണ നാടകം സംസാരിക്കുന്നത്.

(10) സ്‌കൂൾ നാടകങ്ങൾ ഒരു സംയുക്തദൗത്യമാണ്. സ്‌കൂൾ കലോത്സവത്തിന് 'കുട്ടിപ്രമേയങ്ങൾ' മാത്രമേ അവതരിപ്പിക്കാവൂ, അദ്ധ്യാപകരും മുതിർന്നവരും ഗൗരവമുള്ള പ്രമേയങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് ചെയ്യിക്കരുത്...എന്നൊക്കെയുള്ള വാദങ്ങൾ കഴമ്പില്ലാത്തവയാണ്. വിവാദവും ഭീഷണികളും വന്നിരുന്നില്ലെങ്കിൽ ഇതേ കൂട്ടർ പ്രകീർത്തനസാഹിത്യം പൊഴിച്ചേനെ. മതം ഒഴികെയുള്ള മേഖലകളിൽ സമാനമായ ശ്രമങ്ങൾ വന്നാലും വ്യാപകമായ പിന്തുണ ലഭിക്കും. പക്ഷെ ഇവിടെ കുട്ടികളെകൊണ്ട് മതംവാരിച്ചു എന്നാണ് ആരോപണം! മതത്തെ വല്ലാതെ മഹത്വവൽക്കരിക്കുന്നത് ഭാവിയിൽ ഇക്കൂട്ടർക്ക് തന്നെ അപകടകരമായിത്തീരും. പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് ദേവസ്ത്രീയാക്കാൻ പറ്റിയ ഒന്നല്ല മതം എന്ന ചരിത്രസത്യം അവഗണിക്കരുത്. ആശയപരമായ നിരന്തര സംവാദങ്ങളിലേക്ക് മതങ്ങളെ വലിച്ചിഴയ്ക്കണം. മതത്തിന് വ്രണപ്പെടുന്നതിനെക്കാൾ വേഗത്തിൽ മതത്തിന് വേണ്ടി വ്രണപ്പെടുന്ന സാംസ്‌കാരിക ചാവേറുകളുടെ എണ്ണം പെരുകുന്നതാണ് കേരളത്തിന്റെ ദുർഗതി. മതയാനയുടെ തുമ്പിക്കയ്യിൽ കടന്നൽകൂട് നിക്ഷേപിച്ച് ആളുകളിക്കുന്ന ഇത്തരക്കാർ ജനാധിപത്യബോധമുള്ള ഒരു നാഗരിക സമൂഹത്തിലെ അഞ്ചാംപത്തികളാകുന്നു. മതത്തെക്കാൾ മതപിണ്ടങ്ങളെ ഭയക്കേണ്ട കാലംവരികയാണോ?

( എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP