Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോട് കൂടി ഇന്ത്യൻ ഇക്കോണമിയുടെ നട്ടെല്ലൊടിഞ്ഞു; പ്രളയത്തിൽ കുടുങ്ങി കേരളം പരിതാപകരമായ അവസ്ഥയിലേക്കും; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റിലൂടെയും ഒന്നു കണ്ണോടിക്കണം; സാലറി ചലഞ്ചിന് മുൻപ് ചില വെള്ളാനകളെ തളയ്ക്കേണ്ടതുണ്ട് .!

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോട് കൂടി ഇന്ത്യൻ ഇക്കോണമിയുടെ നട്ടെല്ലൊടിഞ്ഞു; പ്രളയത്തിൽ കുടുങ്ങി കേരളം പരിതാപകരമായ അവസ്ഥയിലേക്കും; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റിലൂടെയും ഒന്നു കണ്ണോടിക്കണം; സാലറി ചലഞ്ചിന് മുൻപ് ചില വെള്ളാനകളെ തളയ്ക്കേണ്ടതുണ്ട് .!

സാജിദ് നാസർ

കോവിഡ് 19 സർക്കാരിനും ജനങ്ങൾക്കും വരുത്തി വച്ച ബാധ്യതകൾ ചെറുതല്ല. അല്പസ്വല്പം കരുതൽ നിക്ഷേപങ്ങൾ ഉണ്ടായിരുന്നവർ വലിയ പരിക്കേൽക്കാതെ പിടിച്ച് നിൽക്കുകയും അല്ലാത്തവർ പണത്തിനായി നെട്ടോട്ടമോടുകയും ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി നാം കണ്ട് കൊണ്ടിരിക്കുന്നത്. കോവിഡ് 19 കാരണമായി വന്ന് ഭവിച്ച അധികബാധ്യതകളെ നേരിടുന്നതിനായി പല സംസ്ഥാന സർക്കാരുകളും ചെലവ് ചുരുക്കൽ ഒരു നയമായി തന്നെ സ്വീകരിച്ചും കഴിഞ്ഞു. ചരിത്രത്തിലേക്കും വച്ച് ഏറ്റവും വലിയ തൊഴിലില്ലായ്മയും അതിനൊപ്പം സാമ്പത്തികമാന്ദ്യവുമായി ഇന്ത്യൻ സമ്പദ്ഘടന ഇങ്ങനെ പകച്ച് നിൽക്കുന്ന സമയത്താണ് വെള്ളിടി പോലെ കോവിഡ് 19 വന്നു ഭവിച്ചത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോട് കൂടി ഇന്ത്യൻ ഇക്കോണമി യുടെ നട്ടെല്ലൊടിഞ്ഞുവെന്നു തന്നെ പറയാം. കേരളമാകട്ടെ രണ്ട് പ്രളയങ്ങൾ ഉണ്ടാക്കി വച്ച ബാധ്യതകളിൽ നിന്നും കരകയറുന്നതെ ഉണ്ടായിരുന്നുള്ളു. കേരളത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരമൊരവസരത്തിൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള ധനവിനിമയം കുറയുകയാണെങ്കിൽ അത് സമ്പദ്വ്യവസ്ഥയെ അത്യന്തം പ്രതികൂലമായി ബാധിക്കും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. എന്നാലിവിടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് അഞ്ച് മാസങ്ങളിലായിട്ട് മാത്രമേ ഒരു മാസത്തെ ശമ്പളം പിടിക്കൂ എന്നാണ്. ഇത് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ അത്ര കണ്ട് ബാധക്കില്ല എന്നാണ് കരുതപ്പെടുന്നത്. തന്നെയുമല്ല, ഇത്രയും നാൾ തങ്ങളെ ഒരല്ലലുമില്ലാതെ പോറ്റിയ തൊഴിൽദാതാവിനു ഒരു പ്രശ്‌നം വന്നാൽ അത് പരിഹരിക്കുകയെന്നത് തൊഴിലാളിയുടെ കടമയും ബാധ്യതയുമാണ്.

എന്നാൽ ജീവനക്കാരുടെ ശമ്പളത്തിൽ കൈ വെക്കുന്നതിനു മുൻപായി സർക്കാർ ഒരു തവണയെങ്കിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റിലൂടെ ഒന്ന് കണ്ണോടിക്കണം. നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങളിൽ പകുതിയിലേറെയും നഷ്ടത്തിലോ അല്ലെങ്കിൽ കാര്യമായ ലാഭം ഉണ്ടാക്കാത്തതോ ആണ്. 2018-ൽ പബ്ലിക് സെക്ടർ റീ-സ്ട്രക്റ്ററിങ് ആൻഡ് ഇന്റെര്ണല് ഓഡിറ്റ് ബോർഡ് ( RIAB ) പുറത്തു വിട്ട കണക്കുകൾ പ്രകാരം കെമിക്കൽ സെക്ടറിലും വുഡ് ബേസ്ഡ് സെക്ടറിലും ഡെവോലെപ്‌മെന്റ് സെക്ടറിലും ഉള്ള കമ്പനികൾ മാത്രമാണ് ആ സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കിയത്. അതിൽ വുഡ് ബേസ്ഡ് സെക്ടറിലും ഡെവോലെപ്‌മെന്റ് സെക്ടറിലും നാമമാത്രമായ ലാഭം മാത്രമാണ് ഉണ്ടായത്. നിലവിലെ സ്ഥിതിയിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ല. 66 കോടി രൂപ കെമിക്കൽ സെക്ടറിൽ നിന്നും ലാഭമുണ്ടാക്കിയെങ്കിൽ മറ്റ് കമ്പനികൾ ഉണ്ടാക്കിയ നഷ്ടങ്ങൾ കിഴിച്ച് വെറും 17 കോടി രൂപ മാത്രമാണ് ഖജനാവിലേക്കെത്തിയത്. ടെക്‌സ്‌റ്റൈൽ സെക്ടറിലെ കമ്പനികളാകട്ടെ ഭീമമായ ബാധ്യതയാണ് ഓരോ വർഷവും സർക്കാരിന് നൽകി കൊണ്ടിരിക്കുന്നത്. തുടർച്ചയായ നഷ്ടം സമ്മാനിച്ചിട്ടും എന്തുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ ഡിസിൻവെസ്‌റ്‌മെന്റിലേക് ( അടച്ച് പൂട്ടലോ ഓഹരി വിറ്റഴിക്കലോ) നീങ്ങാത്തത്? എന്തുകൊണ്ടാണ് സാധാരണക്കാരന്റെ നികുതിപ്പണം ഇങ്ങനെ കാര്യക്ഷമമല്ലാത്ത രീതിയിൽ വിനിയോഗിക്കപ്പെടുന്നത് ?

ഉത്തരം ലളിതമാണ്. ഇന്ത്യൻ സംസ്‌കാരം. ഇന്ത്യയുടെ സംസ്‌കാരവും കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളും തമ്മിൽ എന്ത് ബന്ധമെന്നാണോ ചിന്തിക്കുന്നത്? വ്യക്തമാക്കാം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുതും വലുതുമായ സംരംഭകർ തങ്ങളുടെ ബിസിനസ് അല്ലെങ്കിൽ ഉത്പന്നം എത്ര നഷ്ടത്തിലായാലും അത് ചക്രശ്വാസം വലിക്കുന്നത് വരെയും അതുമായി വിപണിയിലുണ്ടാകും. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മനസ്സിലാക്കി പിന്മാറുക എന്നത് വളരെ വിരളം ഇന്ത്യൻ സംരംഭങ്ങളിലേ കാണാറുള്ളു. ഇത്തരം പിന്മാറ്റം തങ്ങളുടെ സത്പേരിനെ പ്രതികൂലമായി ബാധിച്ചേക്കും എന്നതാണ് വ്യവസായികളെ അലട്ടുന്ന പ്രധാന പ്രശനം. ഒരു കാലത്തു ലാപ്‌ടോപ്പ് വിപണിയിലെ നിറസാന്നിധ്യമായിരുന്നു സോണി വയോ. എന്നാൽ വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മൂലവും തങ്ങൾക്ക് കൂടുതൽ കരുത്തുള്ള മേഖല ഡിജിറ്റൽ ഇമേജിങ്ങും ഗെയിമിങ്ങും ആണെന്ന് മനസ്സിലാക്കിയതുകൊണ്ടും സോണി വയോയുടെ വില്പന നിർത്തുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നില്ലെന്ന് കാലം തെളിയിച്ചതാണ്. ഷെവർലെ 2017 യിൽ ഇന്ത്യ വിട്ടതും തുടർച്ചയായ നഷ്ടം കാരണമാണ്. ബ്രേക്ക് ഈവൻ ആയോ അല്ലെങ്കിൽ നഷ്ടത്തിലോ എത്ര കാലം കമ്പനി പ്രവർത്തിക്കുന്നുവോ അത്രയും ബാധ്യത കൂടുകയേ ഉള്ളു. എന്നാൽ ഇന്ത്യയിൽ അടച്ച് പൂട്ടലിനെ എല്ലാത്തിന്റെയും ഒടുക്കമായിട്ടാണ് സംരംഭകരും പൊതുജനങ്ങളും കാണുന്നത്. അതുകൊണ്ട് തന്നെ സർക്കാർ സ്ഥാപനങ്ങളുടെ 51 ശതമാനത്തിൽ താഴെ ഷെയറുകൾ വിറ്റഴിക്കുന്നത് പോലും സർക്കാരുകൾക്ക് കീറാമുട്ടിയാണ്. ഭാരത സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ലക്ഷണമൊത്ത വെള്ളാനയായ എയർ ഇന്ത്യ യുടെ ഓഹരികൾ വിൽക്കുന്നതിന് പോലും സമാനതകളില്ലാത്ത പ്രതിഷേധം കേന്ദ്ര സർക്കാർ നേരിടേണ്ടി വന്നുവെന്നതാണ് യാഥാർഥ്യം. ഭാരത് പെട്രോളിയത്തിന്റെയും LIC യുടെയും ഓഹരി വില്പന ഇതോടൊപ്പം ചേർത്ത് വായിക്കുകയുമരുത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നവയുണ്ട് എന്ന യാഥാർഥ്യം തള്ളിക്കളയേണ്ടതല്ല. KMML ഉം ടൈറ്റാനിയവുമൊക്കെ സ്തുത്യർഹമായ പ്രവർത്തനം തന്നെയാണ് കാഴ്ച വക്കുന്നത്. എന്നാൽ സംസ്ഥാനത്തെ പകുതിയിലധികം പൊതുമേഖലാ സ്ഥാപനങ്ങളും ഖജനാവിന് ബാധ്യതയാണ്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ സിമന്റ്‌സ് ഒരു ചാക്ക് സിമിന്റെങ്കിലും ഉത്പാദിപ്പിച്ചിട്ട് കാലങ്ങളേറെയാകും. ഈ കടലാസു കമ്പനിക്കും മാനേജിങ് ഡയറക്ടറും ഡയറക്ടർ ബോർഡും ഒക്കെ ഉണ്ടെന്നത് എത്ര അപഹാസ്യമാണ്. നികുതിപ്പണത്തിൽ നിന്നും ഇവർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വച്ച് ബോർഡ് മീറ്റിംഗുകളും കൂടുന്നുണ്ടാകും. സുതാര്യമായൊരന്വേഷണം വന്നാൽ ഇത്തരത്തിൽ അനവധി സ്ഥാപനങ്ങൾ കണ്ടെത്താനാകും. ഇവയെ കണ്ടെത്തി ഓഹരികൾ വിൽക്കുകയോ അത് സാധ്യമല്ലെങ്കിൽ അടച്ച് പൂട്ടുകയോ ചെയ്യുകയെന്നതാണ് സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യ പടിയായി ചെയ്യേണ്ടത്. ഓഹരികൾ വിൽക്കുകയാണെങ്കിലും സ്ഥാപനത്തിന്റെ ക്രയവിക്രയങ്ങളെ നിയന്ത്രിക്കാനുതകുന്ന കടിഞ്ഞാൺ സർക്കാരിന്റെ പക്കലുണ്ടെങ്കിൽ പിന്നെന്തിനാണ് ഈ അധികബാധ്യത പൊതുഖജനാവിന്? ഇതിൽ ഏത് തന്നെ ആയാലും പ്രതിപക്ഷ കക്ഷികളും ഭരണപക്ഷത്തിനൊപ്പം നിലകൊണ്ടാൽ മാത്രമേ പദ്ധതി നടപ്പിലാകൂ.

ഇതൊക്കെ നടപ്പിലാക്കുന്നതിന് മുൻപ് തൊഴിലാളികൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മാത്രം. എന്നാൽ എത്ര തന്നെ സുരക്ഷിതത്വം ഉറപ്പ് പറഞ്ഞാലും അവർ ഇത്തരം നീക്കങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാനേ ഇടയുള്ളൂ. ഇതിൽ ബാഹ്യ ഇടപെടലുകളും സ്വാധീനം ചെലുത്തിയേക്കാം. എന്നാൽ തൊഴിലാളികളുടെ ഭാഗത്തു നിന്നും ഇങ്ങനെയുള്ള നീക്കങ്ങൾ സ്വാഭാവികമാണ്. ലോകത്താകമാനം നടക്കുന്നതുമാണ്. തൊഴിൽസ്ഥാപനത്തിലുണ്ടാകുന്ന മാറ്റങ്ങളെ തൊഴിലാളികൾ പലപ്പോഴും എതിർക്കുന്നത് ഭയം കൊണ്ടാണ്. ഭയത്തെയും മറ്റ് രീതിയിലുള്ള എതിർപ്പുകളെയും അതിജീവിക്കത്തക്ക രീതിയിലുള്ള ശാസ്ത്രീയമായ രീതികൾ നിലവിലുണ്ട്. അമേരിക്കൻ സൈക്കോളജിസ്‌റ് ആയ കർട്ട് ലെവിൻ ( Kurt Levin ) മുന്നോട്ട് വച്ച 3 സ്റ്റെപ് ചേഞ്ച് മോഡൽ അതിനൊരുദാഹരണം മാത്രം. ഇത്തരം ശാസ്ത്രീയമായ രീതികൾ അവലംബിക്കാതെ തൊഴിലാളി സംഘാടകളുമായുള്ള ചർച്ചകളിൽ മാത്രം ഒതുങ്ങിപ്പോയാൽ പിന്നെ ഒന്നും പറയാനില്ല.

സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ഒരിക്കലും സർക്കാർ ഭാഗമാകരുത് എന്ന അഭിപ്രായക്കാരാണ് ഈ രംഗത്തെ ഗവേഷകരിലധികവും. സർക്കാർ ഇവയുടെ സുഗമമായ നടത്തിപ്പിനുള്ള മാധ്യമം ആയി മാറണം. അതല്ലാതെ സ്ഥാപനങ്ങളുടെ നടത്തിപ്പ് കൂടി സർക്കാർ ഏറ്റെടുത്താൽ ഭരിക്കാൻ എവിടെയാണ് സമയം ലഭിക്കുക. പല വികസിത രാജ്യങ്ങളിലെയും രീതി ഇത് തന്നെയാണ്. എന്നാൽ ഈ രീതി മൊത്തമായി ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും നടപ്പിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെയെങ്കിൽ, നമുക്ക് ഏറ്റവും നൈപുണ്യമുള്ളതും ഏറ്റവും കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാൻ കഴിയുന്നതുമായ വ്യവസായങ്ങൾ സർക്കാർ ഉടമസ്ഥതയിൽ നടത്തുകയും അല്ലാതെയുള്ളവ സ്വകാര്യവത്ക്കരിക്കുകയോ സിയാൽ ( CIAL ) മാതൃകയിൽ PPP ആയി മാറ്റുകയോ ചെയ്യുന്നത് മികച്ച മുന്നേറ്റമാവില്ലേ.

ഓസ്ട്രേലിയയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും അധികമായുള്ളത് ഊർജ്ജഉത്പാദനവുമായി ബന്ധപ്പെട്ടവയാണ്. അവിടെ ഊർജ്ജഉത്പാദനമാണ് ഏറ്റവും മികച്ച രീതിയിൽ നടത്തി കൊണ്ട് പോകാൻ കഴിയുക എന്നതുകൊണ്ടാണിങ്ങനെ. ഇത്തരത്തിൽ കേരളത്തിന്റെ കോർ കോംപീറ്റൻസി ഏതാണെന്ന് കണ്ടെത്തിയ ശേഷം കാടടച്ചു വെടി വയ്ക്കാതെ ഏറ്റവും മികച്ച രണ്ടോ മൂന്നോ മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുന്നതാവില്ലേ ഉചിതം. കൂടുതൽ ലാഭമുണ്ടാക്കാനായാൽ തൊഴിലവസരങ്ങളും സർക്കാരിന്റെ വരുമാനവും ഇനിയും വര്ധിക്കുമെന്നതിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലല്ലോ. ഇതൊക്കെ കുത്തക ബൂർഷാ ചിന്തകളല്ലേ എന്ന് ചോദിക്കുന്നവർ ചിന്തിക്കേണ്ടത് നിങ്ങളുടെ കൂടി നികുതിപ്പണം ആണ് ഇങ്ങനെ ധൂർത്തടിച്ചു കളയുന്നത് എന്നതാണ്.

സിവിൽ സപ്ലെസും ബീവറേജ് കോർപറേഷനും പോലെയുള്ളവക്ക് മേല്പറഞ്ഞവയൊന്നും പര്യാപതമാവില്ലെങ്കിലും, അത് നടപ്പിലാക്കാൻ കഴിയുന്ന ഒട്ടേറെ സ്ഥാപനങ്ങൾ ഇന്ന് കേരള സർക്കാരിന് കീഴിലുണ്ട്. സാലറി ചലഞ്ചിനും ഏറെ മുൻപേ സർക്കാർ കൈ വയ്ക്കേണ്ട ഒരു പ്രശനം കൂടിയാണിത്. (ലേഖകൻ സാമ്പത്തിക ഉപദേഷ്ടാവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിലെ ഗവേഷകനുമാണ് ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP