Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുദ്ധക്കളത്തിൽ തലയോട്ടി തകർന്നു കിടന്ന ആ സൈനികന്റെ ഓർമകൾ പെട്ടെന്നു മനസ്സിലേക്ക് വീണ്ടും വന്നത് കാസർകോട്ടെ കൃപേഷിന്റെ കൊലപാതക വാർത്ത വായിച്ചപ്പോഴാണ്; ഒറ്റവെട്ടിനു അക്രമികൾ കൃപേഷിന്റെ തലയോട്ടി പിളർത്തിയെന്നാണ് വാർത്ത. ഹോ... എത്ര മാത്രം ക്രൂരനാണ് മനുഷ്യൻ! പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

യുദ്ധക്കളത്തിൽ തലയോട്ടി തകർന്നു കിടന്ന ആ സൈനികന്റെ ഓർമകൾ പെട്ടെന്നു മനസ്സിലേക്ക് വീണ്ടും വന്നത് കാസർകോട്ടെ കൃപേഷിന്റെ കൊലപാതക വാർത്ത വായിച്ചപ്പോഴാണ്;  ഒറ്റവെട്ടിനു അക്രമികൾ കൃപേഷിന്റെ തലയോട്ടി പിളർത്തിയെന്നാണ് വാർത്ത. ഹോ... എത്ര മാത്രം ക്രൂരനാണ് മനുഷ്യൻ! പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

പി.ടി. മുഹമ്മദ് സാദിഖ്

ഹെന്റി ഡ്യൂനാന്റെ എ മെമ്മറി ഓഫ് സോൽഫെറിനോ എന്ന പുസ്‌കത്തിൽ ഹൃദയം നുറുക്കുന്ന ചില വിവരണങ്ങളുണ്ട്. സോൾഫെറിനോ യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്നവരുടെ ഇടയിലൂടെ നടക്കുകയാണ് അദ്ദേഹം. മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന നൂറുകണക്കിനു മനുഷ്യർ. വൈദ്യ ശുശ്രൂഷ ലഭിക്കാതെ, യുദ്ധക്കളത്തിൽ കിടന്നു നരകിക്കുന്ന അവരുടെ മുറിവുകളിൽ പുഴുക്കൾ അരിച്ചു കൊണ്ടിരിക്കുന്നു. രക്തമിറ്റുന്ന അവരുടെ മുഖങ്ങളെ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു. വായന മുന്നോട്ടു പോകുമ്പേൾ ഹൃദയം നുറുങ്ങും. പെട്ടെന്നാണ് അദ്ദേഹം മറ്റൊരു മനുഷ്യനെ കാണുന്നത്. തലയോട്ടി പൊട്ടിപ്പിളർന്ന നിലയിലാണ് അയാൾ. പിളർന്ന തലയോട്ടിയിൽ നിന്നു തലച്ചോർ പുറത്തേക്ക് ഒഴുകി, നിലത്തു പരന്നു കിടക്കുന്നു. വഴിയിൽ കിടക്കുന്ന അദ്ദേഹത്തെ, വേദനിക്കുന്ന മുറിവുകളുമായി അതു വഴി കടന്നു പോകുന്ന അദ്ദേഹത്തിന്റെ സഹ ഭടന്മാർ കാലുകൊണ്ട് തട്ടി മാറ്റുന്നു. ഹെൻ റി ഒരു തൂവാല കൊണ്ടു വെറുതെ ആ മനുഷ്യന്റെ തല മൂടി. ആ മനുഷ്യന്റെ അവസാന നിമിഷങ്ങൾക്ക് അഭയം നൽകാൻ സാധിച്ചുവെന്നാണ് ഹെന്റി എഴുതുന്നത്.

നെപ്പോളിയൻ മൂന്നാമന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സഖ്യസേനയും ഫ്രാൻസ് ജോസഫ് ചക്രവവർത്തിയുടെ കീഴിലുള്ള ഓസ്ട്രിയൻ സൈന്യവും തമ്മിൽ നടന്ന സോൾഫെറിനോ യുദ്ധത്തിന്റെ കാഴ്ചകളാണ് ഈ പുസ്‌കകത്തിൽ അദ്ദേഹം വിവരിക്കുന്നത്. കരൾ പിടഞ്ഞു കീറും വായിക്കുമ്പോൾ. സ്വയംഅച്ചടിച്ച പുസ്‌കതത്തിന്റെ കോപ്പികൾ അദ്ദേഹം അക്കാലത്തെ രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും പട്ടാള മേധാവികൾക്കും അയച്ചു കൊടുത്തിരുന്നു. വിനോദ സഞ്ചാരിയായി സോൾഫാറിനോയിലെത്തിയ അദ്ദേഹം യാദൃച്ഛികമായാണ് യുദ്ധക്കളത്തിലെത്തുന്നത്. ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിക്കുന്നത്. സമാധാനത്തിനുള്ള ആദ്യ നൊബേൽ സമ്മാനം അദ്ദേഹത്തിനാണ് ലഭിച്ചത്.

സോൾഫെറിനോ യുദ്ധക്കളത്തിൽ തലയോട്ടി തകർന്നു കിടന്ന ആ സൈനികന്റെ ഓർമകൾ പെട്ടെന്നു മനസ്സിലേക്ക് വീണ്ടും വന്നത് കാസർകോട്ടെ കൃപേഷിന്റെ കൊലപാതക വാർത്ത വായിച്ചപ്പോഴാണ്. ഒറ്റവെട്ടിനു അക്രമികൾ കൃപേഷിന്റെ തലയോട്ടി പിളർത്തിയെന്നാണ് വാർത്ത. ഹോ... എത്ര മാത്രം ക്രൂരനാണ് മനുഷ്യൻ!

എല്ലാ അക്രമവും വേദനയാണ്. മുആവിയയുടെ അനുയായികൾ അലിയുടെ വീട് ആക്രമിക്കുമ്പോൾ അകത്ത് ഭാര്യ ഫാത്തിമയും പിഞ്ചു മക്കളുമുണ്ടായിരുന്നു. മുഹമ്മദ് നബിയുടെ മകളാണ് ഫാത്തിമ. അന്നേരം അവർ ഗർഭിണിയായിരുന്നു. വീടിനു തീ വെയ്ക്കുകയായിരുന്നു ശത്രുക്കൾ. വീടു തകർന്നു വീണു ഫാത്തിമയുടെ വാരിയെല്ലും കയ്യും തകർന്നു. അതിൽ പിന്നെ അവർ കിടപ്പിൽനിന്നു എഴുന്നേറ്റിട്ടില്ല. മരണ നേരത്ത് അവർ അലിയെ അടുത്തു വിളിച്ചു പറയുന്ന വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു.

ഫാത്തിമ പറയുന്നു:

അലീ, ഇന്ന് എന്റെ അവസാന ദിനമാണ്. ഞാൻ സന്തുഷ്ടയാണ്. ഒപ്പം ദുഃഖിതയും. ഈ വേദനയും കഷ്ടപ്പാടും ഇന്ന് അവസാനിക്കും. എത്രയും പെട്ടെന്ന് പിതാവിന്റെ അടുത്തു എത്താമല്ലോ എന്നതാണ് എന്ന സന്തോഷിപ്പിക്കുന്നത്. താങ്കളെ പിരിയേണ്ടി വരുന്നതാണ് ദുഃഖം. എന്റെ മരണ ശേഷം താങ്കൾക്കു ആരെ വേണമെങ്കിലും വിവാഹം കഴിക്കാം. പക്ഷേ, എന്റെ കസിൻ യമാമയെ നിർബന്ധമായും വിവാഹം കഴിക്കണം. അവൾ നമ്മുടെ കുട്ടികളെ അഗാധമായി സ്നേഹിക്കുന്നു. മാത്രമല്ല, ഹുസൈനു അവളോട് വല്ലാത്ത അടുപ്പമാണ്. കുട്ടികളോട് താങ്കൾക്കു അതിയായ സ്നേഹമുണ്ടെന്ന് അറിയാം. ഹുസൈനെ പ്രത്യേകം ശ്രദ്ധിക്കണം. ഞാനില്ലാതെ അവനു പറ്റില്ല. പരിക്കേറ്റു ഞാൻ കിടപ്പിലാകുന്നതുവരെ എന്റെ നെഞ്ചിൽ കിടന്നാണ് അവനുറങ്ങിയത്. താങ്കൾ അവന്റെ ഉമ്മ കൂടിയാകണം.

അധികം വൈകാതെ ഫാത്തിമ മരിച്ചു. ഗർഭത്തിലുള്ള കുട്ടിയും അവരോടൊപ്പം പോയി. വേദനയോടു കൂടിയല്ലാതെ ഇത്തരം ചരിത്രങ്ങൾ വായിക്കാൻ പറ്റില്ല.

മനുഷ്യൻ നന്നാകുമെന്നു തോന്നുന്നില്ല. സാപിയൻസ് -എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ് എന്ന പുസ്‌കത്തിൽ ഇസ്രായിൽ ചരിത്രകാരനായ യുവാൽ നോഹ് ഹരാരി പറയുന്നത് നോക്കൂ:

ഏഴുപതിനായിരം വർഷം മുമ്പ് മനുഷ്യൻ ആഫ്രിക്കൻ മൂലയിൽ സ്വന്തം കാര്യം നോക്കി നടക്കുന്ന ഒരു അപ്രധാന ജീവിയായിരുന്നു. തുടർന്നുള്ള സഹസ്രാബ്ദത്തിൽ ഭൂഗോളത്തിന്റെ മുഴുവൻ യജമാനനായി. ഒപ്പം പാരിസ്ഥിതിക സംവിധാനങ്ങളുടെ ഭയകാരണവുമായി. ഇന്നിതാ, നിത്യ യൗവ്വനം കൈവരിക്കാൻ മാത്രമല്ല, സൃഷ്ടിക്കും സംഹാരത്തിനുമുള്ള ശേഷി കൂടി സ്വായത്തമാക്കി ദൈവത്തോളമെത്തിയിരിക്കുന്നു. നിർഭാഗ്യവശാൽ, ഭൂമിയിൽ അഭിമാനിക്കാവുന്ന തരത്തിൽ യാതൊന്നും മനുഷ്യൻ ഉൽപാദിപ്പിച്ചിട്ടില്ല. പരിസരങ്ങൾ കീഴടക്കി, ഭക്ഷ്യോൽപാദനം വർധിപ്പിച്ചു, നഗരങ്ങൾ പണിതു, സാമ്രാജ്യങ്ങൾ സ്ഥാപിച്ചു, വിശാല വ്യാപാര ശൃംഖലകൾ തീർത്തു. പക്ഷേ, ലോകത്തിന്റെ ദുരിതങ്ങൾ കുറയ്ക്കാൻ നമുക്കു സാധിച്ചുവോ? കാലമിത്രയായിട്ടും, മനുഷ്യാധികാരം ഭീമമായി വർധിച്ചിട്ടും, വ്യക്തിഗത മനുഷ്യന്റെ ക്ഷേമം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, മറ്റു ജീവജാലങ്ങൾക്കെല്ലാം കലശലായ ദുരിതം നൽകാൻ ഹേതുവാകുകയും ചെയ്തിരിക്കുന്നു (പേജ് 465).

അസംതൃപ്തരും ഉത്തരവാദിത്തമില്ലാത്തവരുമായ, എന്താണ് തങ്ങൾക്കു വേണ്ടതെന്ന് അറിയാത്ത ദൈവങ്ങളേക്കാൾ വലിയ അപകടം വേറെയുണ്ടോ എന്ന ഒരു ചോദ്യത്തോടെയാണ് ഹരാരി പുസ്തകം അവസാനിപ്പിക്കുന്നത്.

(പി.ടി. മുഹമ്മദ് സാദിഖ് ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP