Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രജനി ചിത്രം യന്തിരനുവേണ്ടി പട്ടാപ്പകൽ നടുറോഡ് വിട്ടുകൊടുത്ത് ആയിരങ്ങളെ ബുദ്ധിമുട്ടിച്ചു; ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ട് ജീവനക്കാരെ കൊന്നു; പാർട്ടി ഫണ്ട് കൊടുക്കാഞ്ഞതിന് പൊലീസുകാരെ വിട്ട് പിഴ; കരുണാനിധിയുടെ കാലം കൊടിയ അനീതികളുടെതു കൂടിയായിരുന്നു; മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു കരുണാനിധി തന്നെ: കെ എ ഷാജി എഴുതുന്നു

രജനി ചിത്രം യന്തിരനുവേണ്ടി പട്ടാപ്പകൽ നടുറോഡ് വിട്ടുകൊടുത്ത് ആയിരങ്ങളെ ബുദ്ധിമുട്ടിച്ചു; ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ട് ജീവനക്കാരെ കൊന്നു; പാർട്ടി ഫണ്ട് കൊടുക്കാഞ്ഞതിന് പൊലീസുകാരെ വിട്ട് പിഴ; കരുണാനിധിയുടെ കാലം കൊടിയ അനീതികളുടെതു കൂടിയായിരുന്നു; മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു കരുണാനിധി തന്നെ: കെ എ ഷാജി എഴുതുന്നു

കെ എ ഷാജി

ണ്ടായിരത്തിയൊൻപത് നവംബർ മാസം അവസാനം. ട്രിച്ചിയിൽ നിന്നും ചെന്നൈ നഗരത്തിലേയ്ക്കുള്ള ബസിൽ തടസങ്ങൾ ഏതുമില്ലാതെ താംബരം വരെ എത്തിയത് ഓർമ്മയുണ്ട്. പൊടുന്നനെ ഇഴയാൻ തുടങ്ങിയ ബസ് നഗരപ്രാന്തത്തിൽ വലിയൊരു ഗതാഗതകുരുക്കിൽ പെടുന്നത് രാവിലെ എട്ടരയ്ക്ക്. എന്താണ് സംഭവിച്ചത് എന്ന് ആർക്കും പിടിയില്ല. മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ടനിരമാത്രം. കുരുക്കഴിഞ്ഞു ബസ് യാത്ര തുടരുമ്പോൾ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും നഗരത്തിലെങ്ങും ഗതാഗതം താറുമാറായിരുന്നു. കോയമ്പേട് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ വൈകുന്നേരമായി. നഗരത്തിന്റെ പ്രവേശന കവാടത്തിൽ ഉള്ള കത്തിപ്പാറ ഗ്രേഡ് സെപ്പറേറ്റർ ഉച്ചവരെ രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്ന യന്തിരൻ സിനിമയ്ക്കായി കലൈജ്ഞർ മുത്തുവേൽ കരുണാനിധിയുടെ സർക്കാർ നിർമ്മാതാക്കളായ മാരൻ സഹോദരന്മാർക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു.

തെക്കൻ ഗ്രാൻഡ് ട്രങ്ക് റോഡ്, ഇന്നർ റിങ് റോഡ്, അണ്ണാ ശാലൈ, മൗണ്ട്-പൂനമല്ലി റോഡ് എന്നിവയെ കൂട്ടിയിണക്കുന്ന ഗ്രേഡ് സെപ്പറേറ്റർ എപ്പോഴും തിരക്ക് നിറഞ്ഞതാണ്. അതിൽ ഒരു നിമിഷം സ്തംഭനം വന്നാൽ നഗരത്തിന് താങ്ങാൻ ആകില്ല. വിമാനത്താവളത്തിലേക്ക് പോകാനും അത് കയറി ഇറങ്ങണം. അവിടെയാണ് ഭരണത്തിന്റെ തണലിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് യന്തിരൻ ആയി മാറിയ രജനീകാന്ത് കാറുകൾ തള്ളിയിടുന്നത് പട്ടാപ്പകൽ ഷൂട്ട് ചെയ്യുന്നത്. എന്തൊരു ധൈര്യം. ധിക്കാരം. ട്രാഫിക് രാമസ്വാമി പിന്നീട് കേസ് കൊടുത്തു. കാര്യം ഉണ്ടായില്ല.
ഒടുവിലെ കരുണാനിധി ഭരണത്തിൽ സത്യം പറഞ്ഞാൽ കരുണാനിധി ഇല്ലായിരുന്നു. സ്റ്റാലിൻ നിഴലും അഴഗിരി പതിരും മാരൻ സഹോദരങ്ങൾ റിമോട്ട് കണ്ട്രോളും ആയിരുന്നു. ഗുണങ്ങൾ പറ്റാൻ കള്ളന്മാരും കൊള്ളക്കാരും ക്യൂ നിന്നു.

മധുരയിൽ മൂത്തമകൻ നാട്ടുരാജാവായി. സ്വന്തം പാർട്ടിയുടെ നേതാവിനെ മകന്റെ ഗുണ്ടകൾ തട്ടി. ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ടു. ജീവനക്കാർ വെന്തു മരിച്ചു. ചോദിച്ചത്രയും പാർട്ടി ഫണ്ട് കൊടുക്കാഞ്ഞ ജോയ് ആലുക്കാസിന്റെ മധുരൈ ബ്രാഞ്ചിന് മുന്നിൽ പൊലീസുകാർ വാഹനങ്ങൾ നിർത്തി പകൽ മുഴുവൻ പരിശോധിച്ച് പിഴയിട്ടു കൊണ്ടിരുന്നു. പേടിച്ചു ആരും സ്വർണം വാങ്ങാൻ പോകാതായി. ദ്രാവിഡ രാഷ്ട്രീയവും സ്വാഭിമാനവും ഒക്കെ അട്ടത്തായി. പകരം അവസരവാദം ആയി ആപ്തവാക്യം. അണ്ണാ ശാലയിലൂടെ അകമ്പടി വാഹനങ്ങൾക്കിടയിൽ ജനനേതാവ് ജനങ്ങളിൽ നിന്നും ഒരുപാട് അകന്നു മാറി യാത്ര ചെയ്തു. ശ്രീലങ്കയിലെ വംശഹത്യകളെ കണ്ടില്ലെന്നു നടിച്ചു. കൂട്ടക്കുരുതികൾക്കിടയിൽ കരുണാനിധിയിൽ രക്ഷകനെ പ്രതീക്ഷിച്ച ശ്രീലങ്കൻ തമിഴ് സമൂഹം നിരാശരായി. മറീനയിലെ ജനലക്ഷങ്ങൾ സാക്ഷികൾ ആകുന്ന മാസ്മരിക പ്രഭാഷണങ്ങൾ വഴിപാടായി. പഴയ കരുണാനിധി എന്നേ ഓർമയായി മാറിയിരുന്നു.

മാറ്റങ്ങൾ തുടങ്ങുന്നത് അതിനും മുൻപാണ്. ദ്രാവിഡ രാഷ്ട്രീയവും മതേതര പ്രതിബദ്ധതകളും പുരോഗമാനത്മകതയും ഹിന്ദുത്വത്തിന് അടിയറ വച്ച് അദ്ദേഹം വാജ്പേയിയെ പ്രധാനമന്ത്രിയാക്കാൻ ബിജെപിയുടെ കൂടെ പോയപ്പോൾ കാലവും ചരിത്രവും വഴിമാറുകയായിരുന്നു. രണ്ടു ഭാര്യമാരും മക്കളും കൊച്ചുമക്കളും മരുമക്കളും സ്തുതിപാടകരും ചേർന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ദ്രാവിഡ മുന്നേറ്റ കഴഗം മാറിയിരുന്നു. പറയാൻ ഉണ്ടായിരുന്ന ഏക വിഷയം ജയലളിതയുടെ അഴിമതി. അതിലും വലിയ അഴിമതികൾ ഇപ്പുറത്ത് ഉണ്ടാകുന്നതിൽ അദ്ദേഹത്തിന് ജാള്യം തോന്നിയില്ല. സിനിമയും മാധ്യമ രംഗവും വ്യവസായ മേഖലയും കുടുംബം അടക്കി ഭരിച്ചു. കോൺഗ്രസ്സുകാർ തിരികെ വിളിച്ചു മുന്നണിയിൽ നിലനിർത്തിയതിനാൽ ഇപ്പോൾ പഴയ മതേതര മുഖം ബാക്കിയുണ്ട്.

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു കരുണാനിധിയെ ആദ്യമായി കാണുന്നത്. കൂനൂരിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി അവിടെ കോയമ്പത്തൂർ കണക്ഷൻ ബസ് കാത്തു നിൽക്കുമ്പോൾ തൊട്ടടുത്ത് ഡി എം കെ യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി. അവിടെ ആർക്കോട്ട് വീരസാമിക്കും കെ അൻപഴകനും ഒപ്പം കരുണാനിധി വന്നിറങ്ങുന്നു. ചുണ്ടിൽ മനോഹരമായ ചിരി. കണ്ണുകൾക്ക് മീതെ കറുത്ത കട്ടി കണ്ണട. പ്രസംഗം കേട്ടിട്ടേ പോകുന്നുള്ളൂ എന്ന് വച്ചു. എത്ര സരളവും സുന്ദരവുമായ ഭാഷ. തമിഴ് അതിന്റെ പൂർണ മനോഹാരിത നേടുന്നത് അദ്ദേഹം പ്രസംഗിക്കുമ്പോൾ ആണെന്ന് തോന്നി. ആ ഒഴുക്കിൽ ജനത്തിന്റെ മനസ്സുകൾ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചു. കാലവും സമയവും ദേശവും മറന്നു അന്ന് അത് കേട്ടു നിന്നു.

തമിഴ്‌നാടിന്റെ ഭാഗമായി മാറ്റപ്പെട്ട ഗൂഡല്ലൂരിൽ ജനിച്ച ഞങ്ങൾ മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു എന്നും കരുണാനിധി ആയിരുന്നു. എ കെ ജി യും ഫാദർ വടക്കനും എല്ലാം ഇടപെട്ടിട്ടും ഗൂഡല്ലൂരിൽ മലയാളികൾ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു. അവിടുത്തെ മലയാളി ഭൂരിപക്ഷം കുറയ്ക്കുക മുഖ്യമന്ത്രി കരുണാനിധിയുടെ മുഖ്യലക്ഷ്യം ആയിരുന്നു.ശ്രീലങ്കൻ അഭയാർഥികളെയും റിപ്പാർട്രിയറ്റുകളേയും അവിടെ കാടുകൾ വെട്ടി തെളിച്ചു തേയില നട്ട് കുടിയിരുത്തി. മലയാളികളെ മറുവശത്ത് കയ്യേറ്റക്കാർ മാത്രമായി അവതരിപ്പിച്ചു. ആ അജണ്ട വിജയിക്കുകയും ചെയ്തു. കുടിയിറക്കപ്പെട്ട മലയാളികളുടെ ദുർബലമായ ചെറുത്തു നിൽപ്പുകളുടെ ഭാഗമായിരുന്നു അപ്പൻ. ഒളിവിൽ നിന്ന് വന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പള്ളിയിൽ കയറി ആയിരുന്നു അപ്പൻ അമ്മയെ വിവാഹം ചെയ്തത്. ചടങ്ങ് കഴിയാൻ പുറത്ത് പൊലീസ് കാത്തു നിന്നു. സദ്യ വിളമ്പും മുൻപ് അറസ്റ്റ് നടന്നു. ആരുടെയോ കൃഷിഭൂമി പിടിച്ചെടുത്ത് അതിൽ വനം വകുപ്പ് നട്ട യൂക്കാലി തൈകൾ പിഴുതു കളഞ്ഞതായിരുന്നു കുറ്റം. ജാമ്യം കിട്ടി വീട്ടിൽ വരുന്നത് ഒൻപതാം ദിവസം ആയിരുന്നു.

ഭാഷാന്യൂനപക്ഷങ്ങളോട് വേണ്ട മര്യാദ അദ്ദേഹം ഒരിക്കലും കാട്ടിയിട്ടില്ല. കന്യാകുമാരി ജില്ലയിലെ മലയാളി ഭൂരിപക്ഷം ഇല്ലാതാക്കാൻ അദ്ദേഹവും പാർട്ടിയും ചെയ്തത് എല്ലാം ടി എൻ ഗോപകുമാർ ശുചീന്ദ്രം രേഖകളിൽ പറഞ്ഞിട്ടുണ്ട്. കന്നഡ സംസാരിക്കുന്നവർ ഇടതിങ്ങിയിരുന്ന ദിംബം, താളവാടി, കൊള്ളയ്ഗാൽ മേഖലകളിലും ഇതേ സമീപനം ആയിരുന്നു. പ്രധാനമായും ഭാഷാന്യൂനപക്ഷങ്ങൾക്ക് പ്രത്യേകമായുള്ള സ്‌കൂളുകൾ നിർത്തലാക്കുക. അവരുടെ കുട്ടികളെ തമിഴ് മീഡിയത്തിൽ പഠിക്കാൻ നിർബന്ധിതർ ആക്കുക. ഭൂരഹിതരും ദരിദ്രരുമായ തമിഴർക്കു വീടും സ്ഥലവും കൊടുക്കുമ്പോൾ ഇവിടങ്ങളിൽ കൊടുക്കുക. ലക്ഷ്യം വ്യക്തമായിരുന്നു.

ചെറുപ്പം മുതൽ കേട്ടുകൊണ്ടിരുന്ന കരുണാനിധി വിരോധങ്ങൾക്കിടയിലും ആ മനുഷ്യനോട് എന്നും വലിയ ബഹുമാനം ആയിരുന്നു. കടുത്ത ധീരത, ചെറുത്തു നിൽപ്പ്, മലയാളികൾക്ക് ഇല്ലാത്ത സ്വാഭിമാനവും സ്വത്വാഭിമാനവും. ജനകോടികളെ ആവേശം കൊള്ളിക്കുന്ന ഭാഷ കൊണ്ടുള്ള അമ്മാനം ആടൽ. കലയിലും സാഹിത്യത്തിലും സിനിമയിലും ഉള്ള നിപുണത. അയൽപക്കങ്ങളിലെ അഭയാർത്ഥികളുടെ മക്കളിൽ നല്ല സുഹൃത്തുക്കൾ ഉണ്ടായപ്പോൾ തമിഴ് സമൂഹം സ്വന്തം സമൂഹമായി തോന്നി. അവർക്കൊപ്പം തമിഴ് പഠിച്ചു. ദ്രാവിഡ രാഷ്ട്രീയം എന്നും വല്ലാതെ ആകർഷിച്ചു. ഹിന്ദി വിരുദ്ധ സമരമൊക്കെ കോരിത്തരിപ്പിച്ചു. പെരിയാറും അണ്ണാദുരൈയും ഇതിഹാസങ്ങൾ ആയി കൂടെ നിന്നു. ശ്രീലങ്കയിലെ സിംഹള അധീശത്വത്തിൽ വേട്ടയാടപ്പെടുന്ന തമിഴ് സ്വത്വം എന്നും മനസ്സിൽ വേദനയായി.

ലാൽഗുഡി ജയരാമനോടുള്ള ആദരവിൽ ഒരിക്കൽ ട്രിച്ചിയിൽ ലാൽഗുഡി ബസ് കണ്ടപ്പോൾ അതിൽ കയറി. കള്ളക്കുടി അവിടെ അടുത്തായിരുന്നു. അവിടെയും പോകണം എന്ന് തോന്നി. പോയി. ഡാൽമിയ സിമന്റ് ഫാക്ടറി തുടങ്ങിയ കൊച്ചു ഗ്രാമം. പ്രത്യുപകാരമായി പഴയ കോൺഗ്രസ് ഭരണക്കാർ ഗ്രാമത്തിന്റെ പേര് മാറ്റി: ഡാൽമിയാ പുരം. കരുണാനിധിയും ഇതര യുവ ദ്രാവിഡ കഴഗം പ്രവർത്തകരും ഗ്രാമത്തിന്റെ ഉത്തരേന്ത്യൻവത്കരണം അന്ഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. തീവണ്ടി സ്റ്റേഷന്റെ അടക്കം ഡാൽമിയ എന്ന് മാറ്റിയ പേരിനു മുകളിൽ കള്ളക്കുടി എന്നെഴുതി തിരുത്തി. ഓടിയെത്തിയ തീവണ്ടികൾക്ക് മുന്നിൽ വീണു കിടന്നു പ്രതിഷേധിച്ചു. സമരത്തിൽ പങ്കെടുത്തതിന് അഞ്ചു മാസം തടവും മുപ്പതിയഞ്ച് രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പണം അടയ്ക്കാതെ ഒരു മാസം അധികം ശിക്ഷ വാങ്ങിയ കരുണാനിധി കള്ളക്കുടി വീരൻ എന്നറിയപ്പെട്ടു.

പാർട്ടിയിൽ വളർന്നു. പതിനേഴു വയസ്സുമുതൽ ഒരു നാടിന്റെ ചരിത്രത്തെ അയാൾ സ്വാധീനിച്ചു. കലയിലും സാഹിത്യത്തിലും സിനിമയിലും ദേശീയതയിലും തന്റെതായ മൗലിക സംഭാവനകൾ നൽകി. കോൺഗ്രസിനും ഇടതു പക്ഷ കക്ഷികൾക്കും തമിഴ്‌നാട്ടിൽ വളർച്ച മുരടിപ്പിച്ച കരുണാനിധി പക്ഷെ തരാതരം പോലെ ഇരു കൂട്ടരോടും ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഒപ്പം പ്രാദേശിക കക്ഷികളുടെ കൂട്ടായ മുന്നേറ്റം സാധ്യമാക്കി ഫെഡ്റലിസത്തെ ശക്തമാക്കി. മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്നദ്ദേഹം പേരുമാറ്റി. സ്വാഭിമാന വിവാഹങ്ങൾക്ക് നിയമ സാധുത നൽകി. ദ്വഭാഷാ പദ്ധതി വഴി ഇംഗ്ലീഷും തമിഴും പ്രോത്സാഹിപ്പിച്ചു. പൊതുഗതാഗതം പൂർണ്ണമായി ദേശസാത്കരിച്ചു. വൈദ്യുതി സാധാരണക്കാർക്ക് പ്രാപ്യമാക്കി. വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കി. ദളിത്, ആദിവാസി, സ്ത്രീ സംവരണങ്ങൾ നടപ്പാക്കി സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ രാജ്യത്തിന് മൊത്തം മാതൃകയായി. ഒരു രൂപയ്ക്ക് അരിയും ഉഴവർ ചന്തകളും വലിയ മാറ്റം ഉണ്ടാക്കി. തമിഴ് നാട്ടിൽ പട്ടിണി ഇല്ലാതായി.

ഇതിനെല്ലാം ഇടയിലും ഏകാധിപത്യവും പണാധിപത്യവും അഴിമതിയും കുടുംബ വാഴ്ചയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി. ചതിയും വഞ്ചനയും പകയും പ്രതികാരവും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ ചേക്കേറി. തനിക്ക് വിഘാതം ആകുമെന്ന് കണ്ട വി ആർ നെടുംചെഴിയനെ ഒതുക്കാൻ എം ജി ആറിനെ കൂടെ കൂട്ടി. പിന്നെ അതെ എം ജി ആറിനെ പുകച്ചു പുറത്ത് ചാടിച്ചു. മകന് വെല്ലുവിളിയാകും എന്ന് കണ്ട് തീപ്പൊരി നേതാവ് വൈകൊയെ നിഷ്‌കരുണം പുറംതള്ളി. റാഡിക്കലിസം സൗകര്യം പോലെ സങ്കുചിത മത ചിന്തകൾ തിരുകി കയറ്റി ദുർബലമാക്കി. ജ്യോതിഷി പറഞ്ഞപ്പോൾ സ്വന്തം മേൽവസ്ത്രത്തിന്റെ നിറം ദ്രാവിഡ കറുപ്പിൽ നിന്ന് മഞ്ഞയാക്കി.

എല്ലാ പരിമിതികൾക്കും ഇടയിലും കരുണാനിധി ഒന്നേയുള്ളൂ... പെരിയാറും അണ്ണാ ദുരൈയും വളർത്തിയെടുത്ത ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തെ വിദഗ്ദമായി കയ്യിലെടുത്തു അതിനെ സ്വന്തം താത്പര്യങ്ങൾക്ക് അനുസ്രിതമായി ഉപയോഗിച്ചു. ജയലളിത എന്നൊരു എതിരാളി ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പണ്ടേ അപ്രസക്തം ആകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നിരിക്കിലും വാക്കുകളുടെ മായാജാലത്തിൽ ഒരു ജനതയെ എന്നും തന്നോട് ചേർത്ത് നിർത്തി. അവരുടെ വർത്തമാനവും ഭാവിയും നിയന്ത്രിച്ചു. അവരുടെ സ്വപ്നങ്ങളെ തിരുത്തിയെഴുതി.

ഒന്നുറപ്പാണ്: തമിഴകത്തെ ഒടുവിലെ ജനകീയ നേതാവാണ് മരിച്ചത്. ഇനി തമിഴ് നാട്ടിൽ ആ ജനുസ്സിൽ പെട്ടവർ ഇല്ല. ഒരു യുഗം അവസാനിക്കുകയാണ്. ആദരാഞ്ജലികൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP