Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒൻപതല്ല, 900 പ്രശ്‌നങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാം; മാധ്യമപ്രവർത്തകരുടെ പണിയെന്താണെന്ന് മാഡത്തെ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്; ഷെയിം ഓൺ യു... പിറ്റി ഓൺ യു എന്ന് ജനങ്ങൾ പറയാതിരിക്കണമെങ്കിൽ മേൽപ്പറഞ്ഞ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നോക്ക്... എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ; കായംകുളം എംഎൽഎ പ്രതിഭയോട് മാതൃഭൂമി ന്യൂസിലെ കണ്ണൻ നായർക്ക് പറയാനുള്ളത്

ഒൻപതല്ല, 900 പ്രശ്‌നങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാം; മാധ്യമപ്രവർത്തകരുടെ പണിയെന്താണെന്ന് മാഡത്തെ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്; ഷെയിം ഓൺ യു... പിറ്റി ഓൺ യു എന്ന് ജനങ്ങൾ പറയാതിരിക്കണമെങ്കിൽ മേൽപ്പറഞ്ഞ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നോക്ക്... എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ; കായംകുളം എംഎൽഎ പ്രതിഭയോട് മാതൃഭൂമി ന്യൂസിലെ കണ്ണൻ നായർക്ക് പറയാനുള്ളത്

കണ്ണൻ നായർ

ഞാൻ കായംകുളം നിയമസഭ നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരനാണ്. തൊഴിൽ മാധ്യമപ്രവർത്തനമാണ് (സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകനാണ്.). കായംകുളം എംഎ‍ൽഎ അഡ്വ. യു. പ്രതിഭ ഫേസ്‌ബുക്കിൽ വന്ന് മാധ്യമപ്രവർത്തകരോട് ശരീരം വിറ്റ് ജീവിക്കാൻ അഹ്വാനം ചെയ്യുന്നത് കണ്ടു. ബഹുമാനപ്പെട്ട എംഎ‍ൽഎ നിങ്ങൾക്ക് എന്തും പറയാം. നിങ്ങൾ നിങ്ങളുടെ ഫേസ്‌ബുക്കിലൂടെയാണ് പ്രതികരിച്ചത്. അസഭ്യം എംഎ‍ൽഎയല്ല ദേവേന്ദ്രന്റെ പിതാവ് മുത്തുപ്പട്ടര് പറഞ്ഞാലും കേസെടുക്കാൻ ഈ രാജ്യത്തെ നിയമസംവിധാനത്തിന് കഴിയും. കേരളത്തിലെ പൊലീസ് സംവിധാനത്തിന് കഴിയും. ആർജ്ജവമുണ്ടേൽ അവർ അത് ചെയ്യട്ടേ... ഫേസ്‌ബുക്കിലൂടെ നിങ്ങൾ പറഞ്ഞത് നിങ്ങളുടെ സംസ്‌കാരമാണെന്ന് കരുതി ആ വിവാദത്തിനു മേലുള്ള എന്റെ അഭിപ്രായം ഞാൻ അവസാനിപ്പിക്കാം.

കായംകുളത്തുകാരനായ മാധ്യമപ്രവർത്തകനെന്ന നിലയിൽ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് കഴിഞ്ഞ മൂന്നര വർഷം നീളുന്ന എംഎ‍ൽഎ എന്ന നിലയിലെ നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചാണ്.

1) കായംകുളം തൂലൂക്ക് ആശുപത്രി
ആലപ്പുഴ ജില്ലയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന അഞ്ച് താലൂക്ക് ആശുപത്രികളിൽ പ്രധാനപ്പെട്ടതാണ് കായംകുളം താലൂക്ക് ആശുപത്രി. അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിങ്ങൾ എന്താണ് ചെയ്തത്. നബാഡിന്റെ പണം കിട്ടിയെന്ന പ്രസ്താവനകൾ കാണാറുണ്ട്. എന്തേലും പ്രവർത്തനം നടത്താൻ സാധിച്ചോ? ദേശീയപാതയിൽ അപകടത്തിൽപ്പെടുന്നവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ വേണ്ടി മാത്രമുള്ള കേന്ദ്രമല്ലേ അത്?. ബോയിസ് ഹൈസ്‌കൂളിനെ സമീപത്തെ റോഡിലേക്ക് അല്ലേ ആശുപത്രിയിൽ നിന്നുള്ള മനുഷ്യവിസർജ്യം പൊട്ടിയൊഴുകുന്നത്. മൂന്നര വർഷത്തിനിടെ നിങ്ങൾ എന്ത് ചെയ്തു. സാധാരണക്കാരുടെ അഭയകേന്ദ്രമാണ് മാഡം താലൂക്ക് ആശുപത്രി. അതുകൊണ്ട് ആദ്യം ആശുപത്രി നന്നാക്കുക എന്ന നിങ്ങളുടെ ജോലി ഭംഗിയായി ചെയ്യൂ. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

2) കായംകുളം താലൂക്ക്
ഒന്നാമത്തെ പോയിന്റിൽ ഞാൻ സൂചിപ്പിച്ചത് കായംകുളം താലൂക്ക് ആശുപത്രിയെന്നാണ്. സത്യത്തിൽ കായംകുളം താലൂക്ക് സ്വപ്നമായി ഇപ്പോഴും തുടരുകയല്ലേ. നിങ്ങൾ ജനപ്രതിനിധിയായ ശേഷം അദ്യം നടത്തിയ പ്രഖ്യാപനം കായംകുളം താലൂക്ക് യാഥാർത്ഥ്യമാക്കുമെന്നായിരുന്നു. ഈ സർക്കാരിന്റെ കാലയളവിൽ എത്ര താലൂക്കുകൾ സംസ്ഥാനത്ത് അനുവദിച്ചു. എന്തേ നിങ്ങൾക്ക് കായംകുളത്തേ താലൂക്ക് ആക്കാൻ സാധിച്ചില്ല. ആദ്യം കായംകുളം താലൂക്ക് യാഥാർത്ഥ്യമാക്ക്. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

3) മാമ്പ്രകുന്നേൽ റയിൽവേ മേൽപ്പാലം
ഞാൻ കൃഷ്ണപുരത്തുകാരനാണ്. വർഷങ്ങളായി കൃഷ്ണപുരത്തുകാരുടെ യാത്രാപ്രശ്‌നമാണ് മാമ്പ്രകുന്നേൽ റയിൽവേ ലെവൽ ക്രോസ്. നിങ്ങൾ ജനപ്രതിനിധിയായി ചുമതലയേറ്റപ്പോൾ തേനിൽചാലിച്ച് ഞങ്ങൾക്കൊരു വാഗ്ദാനം നൽകിയിരുന്നു. മാമ്പ്രകുന്നേൽ റയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുമെന്ന്. രണ്ട് വർഷങ്ങൾക്ക് മുമ്പ് 60 കോടി രൂപ അതിനായി അനുവദിച്ചെന്ന്, വഴിനീളെയുള്ള നിങ്ങളുടെ ചിത്രം പതിച്ച ഫ്‌ളക്‌സിൽ നിന്ന് അറിയാൻ സാധിച്ചു. സത്യത്തിൽ എനിക്ക് പെരുത്ത് സന്തോഷം തോന്നി. നിങ്ങൾ 60 കോടി രൂപയുടെ പ്രഖ്യാപനം നടത്തി രണ്ട് വർഷം പിന്നിടുന്നല്ലോ? ഇതുവരെ ഈ വിഷയത്തിൽ ചെറുവിരലനക്കാൻ സാധിച്ചോ? സ്ഥലമേറ്റെടുക്കാനെങ്കിലും സാധിച്ചോ? ഇല്ലല്ലോ? ആദ്യം മാമ്പ്രകുന്നേൽ മേൽപ്പാലം യാഥാർത്ഥ്യമാക്ക്. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

4) ടൂറിസം സർക്യൂട്ട്
കൃഷ്ണപുരത്ത് അതിർത്തി ചിറ എന്ന ഒരു സ്ഥലമുണ്ട്. എനിക്ക് ഓർമ്മ വെച്ചകാലം മുതൽ അതിർത്തി ചിറ വഴി പോകാറുണ്ട്. അന്നൊന്നും മൂക്കുപ്പൊത്താതെ അതിലൂടെ പോകാൻ സാധിക്കില്ലായിരുന്നു. ഇന്ന് ഇന്ദിരാഗാന്ധിയെ പോലും കാർട്ടൂണുകളിലൂടെ വിമർശിച്ച കായംകുളത്തുകാരൻ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ പേരിൽ ഒരു കാർട്ടൂർ മ്യൂസിയം ഉണ്ടവിടെ. നിങ്ങളുടെ പൂർവികൻ സി.കെ. സദാശിവൻ എംഎ‍ൽഎ ആയിരിക്കുമ്പോൾ സ്ഥാപിച്ചതാണ് ഈ കേന്ദ്രം. അതിന് സമീപത്ത് തന്നെ കൃഷ്ണപുരം ടൂറിസം കേന്ദ്രം സ്ഥാപിക്കാൻ പണവും അനുവദിച്ചിരുന്നു. കായംകുളം കൊട്ടാരത്തേയും കാർട്ടൂൺ മ്യൂസിയത്തേയും ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ടും സ്ഥാപിച്ചിരുന്നു. അത് എവിടെ എത്തി. കഴിഞ്ഞ വർഷം ഫെബ്രുവരി 25 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കൊണ്ടുവന്ന് കായംകുളം കായലോരത്ത് താങ്കളൊരു ടൂറിസം കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാണ്. ആ പദ്ധതിക്ക് തീരദേശപരിപാലന അഥോറിറ്റിയുടെ അനുമതിയുണ്ടായിരുന്നോ? ഇല്ലെങ്കിൽ ജനങ്ങളുടെ നികുതിപ്പണത്തിലെ കോടികളല്ലേ വെള്ളത്തിൽ കളഞ്ഞത്. ആദ്യം ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്ക്. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

5) സിനിമ തിയേറ്റർ
പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ കായംകുളത്ത് അഞ്ച് സിനിമ തിയേറ്ററുകൾ ഉണ്ടായിരുന്നു. ഇന്ന് ഒരു തിയേറ്ററെങ്കിലും കായംകുളത്തുണ്ടോ? ഇല്ലല്ലോ? ഞങ്ങൾ കായംകുളത്തുകാർ ഇന്നും സിനിമ കാണാൻ മാവേലിക്കരയിലും ഹരിപ്പാട്ടും കരുനാഗപ്പള്ളിയിലും പോകേണ്ട അവസ്ഥയിലാണെന്ന് എംഎ‍ൽഎയ്ക്ക് അറിവുന്നതുമാണ്. അതുകൊണ്ടാണല്ലോ, എപ്പോൾ വികസനകാര്യം പറഞ്ഞാലും കായംകുളത്ത് മൾട്ടിപ്‌ളസ് തിയേറ്റർ വരുന്നുവെന്ന് ഇടമുറിയാതെ പറയുന്നത്. ആ തള്ള് മൂന്നര വർഷമായി കേൾക്കുന്നു. എവിടെ കായംകുളത്തെ മൾട്ടിപ്‌ളസ് തിയേറ്റത്. ആദ്യം കായംകുളത്ത് തിയേറ്റർ യാഥാർത്ഥ്യമാക്ക്. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

6) കുടിവെള്ള പദ്ധതി
ഞാനും എന്റെ കുടുംബവും ഇന്നും വാട്ടർ അഥോറിറ്റിയുടെ പൈപ്പിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൊച്ചീടെ ജെട്ടിയിൽ നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ ജനങ്ങൾക്കാകെ കുടിവെള്ളമെത്തിക്കാൻ പദ്ധതി തയാറാക്കിയിരുന്നല്ലോ? അതിന്റെ പൈപ്പ് തുരുമ്പെടുത്ത് തകർന്ന് തരിപ്പണമായി. അത് മാറ്റിയിടുമെന്ന് എംഎ‍ൽഎ നിരന്തരം പറയുന്നത് കേട്ട് അഭിമാനം കൊള്ളാറുണ്ട് ഞാൻ. എന്തേ ഇതുവരെ കായംകുളത്തുകാർക്ക് കൃത്യമായി കുടിവെള്ളം എത്തിക്കാൻ എംഎ‍ൽഎയ്ക്ക് സാധിക്കുന്നില്ല. എന്തേ മൂന്നര വർഷമായി പൈപ്പ് മാറ്റിയിടാൻ സാധിച്ചില്ല. ആദ്യം ശുദ്ധജലം ജനങ്ങൾക്ക് എത്തിക്ക്. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

7) കരിലകുളങ്ങര പൊലീസ് സ്റ്റേഷൻ
കായംകുളം നിയോജക മണ്ഡലം പരിധിയിൽ മൂന്നു പൊലീസ് സ്റ്റേഷനുകൾ ഉണ്ടല്ലോ? അവയെല്ലാം പ്രവർത്തിക്കുന്നത് മാഡത്തിന്റെ മണ്ഡലത്തിലാണോ? കരിയിലകുളങ്ങര പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട് നിയോജകമണ്ഡലത്തിലല്ലേ.? കരീലക്കുളങ്ങര സ്പിന്നിങ് മില്ല് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനായി 25 സെന്റ് ഭൂമി തന്നതല്ലേ. പൊലീസ് സ്റ്റേഷൻ കെട്ടിടം പണിയാനുള്ള ഒരു കല്ല് പോലും ഇതുവരെ ഇറക്കാൻ സാധിച്ചില്ലല്ലോ മാഡത്തിന്. ആദ്യം കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കൂ. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

8) PWD റെസ്റ്റ് ഹൗസ്
PWD റെസ്റ്റ് ഹൗസിന്റെ പുനർനിർമ്മാണം ആരംഭിച്ചിട്ട് എത്രകാലമായി ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടോ. ഈ വിഷയത്തിൽ ഒരു ചെറുവിരലെങ്കിലും അനക്കാൻ എംഎ‍ൽഎയ്ക്ക് സാധിച്ചിട്ടുണ്ടോ ? ആദ്യം PWD റെസ്റ്റ് ഹൗസിന്റെ പണി പൂർത്തിയാക്കൂ. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

9) മുട്ടേൽ പാലം
പുതുപ്പള്ളി രാഘവൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നാട്ടിലേക്കുള്ള പ്രധാനയാത്രാമാർഗമാണ് മുട്ടേൽ പാലം. കുപ്പിക്കഴുത്ത് പോലെ ഇരുന്ന ആ പാലം പുനർമിർമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മാഡം, ആദ്യം മുട്ടേൽ പാലത്തിന്റെ പണി പൂർത്തിയാക്കു. എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

ഞാൻ ഈ നീണ്ട പോസ്റ്റ് അവസാനിപ്പിക്കുകയാണ്. കായംകുളം നിയോജക മണ്ഡലത്തിൽ ഒൻപത് പ്രശ്‌നങ്ങൾ മാത്രമേ പരിഹരിക്കാനൊള്ളൂ എന്നതുകൊണ്ടല്ല അവസാനിപ്പിക്കുന്നത്. ഒൻപതല്ല, 900 പ്രശ്‌നങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാം. കാരണം പണി മാധ്യമപ്രവർത്തനമാണ്. മാധ്യമപ്രവർത്തകരുടെ പണിയെന്താണെന്ന് മാഡത്തെ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്. എവിടെയെങ്കിലും സ്ഥാപിച്ച ക്യാമറയ്ക്ക് മുന്നിൽ പരിപാടി അവതരിപ്പിക്കുന്നത് മാത്രമല്ല മാധ്യമപ്രവർത്തനം എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്. ഇതാണ് മാഡം ഞങ്ങളുടെ ജോലി. അല്ലാതെ നിങ്ങൾ പറഞ്ഞതു പോലെയുള്ള പ്രവർത്തിയല്ല മാധ്യമപ്രവർത്തനം.

ഇനി ഒന്നര വർഷം കൂടിയുണ്ട് നിയമസഭ തിരഞ്ഞെടുപ്പിന്, അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് തേടി കായംകുളത്തുകാരുടെ മുന്നിലെത്തുമ്പോൾ, ഷെയിം ഓൺ യു... പിറ്റി ഓൺ യു എന്ന് ജനങ്ങൾ പറയാതിരിക്കണമെങ്കിൽ മേൽപ്പറഞ്ഞ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നോക്ക്... എന്നിട്ട് മാധ്യമപ്രവർത്തകരെ ഭരിക്കാൻ വരൂ.

(മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവർത്തകനായ കണ്ണൻ നായർ ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP