Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെറുതെ ചിന്തിച്ചു കൂട്ടുന്ന മനസ്സിന്റെ അകാരണമായ അശാന്തിയും അനിശ്ചിതാവസ്ഥയും ആധിയും പെരുകുമ്പോൾ.. അവനവനോട് തന്നെ സത്യസന്ധത പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ.. ഒന്ന് പോകണം .. അവിടെ കാൻസർ സെന്ററിൽ... തോന്നാറുണ്ട്, അങ്ങനെ..! ചിന്തകളുടെ കലാപം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ.. എന്റെ മരുന്ന് ഒന്നേ ഒന്നാണ്..; കൗൺസലിങ് സൈക്കോളജിസ്‌റ് കല എഴുതുന്നു  

വെറുതെ ചിന്തിച്ചു കൂട്ടുന്ന മനസ്സിന്റെ അകാരണമായ അശാന്തിയും അനിശ്ചിതാവസ്ഥയും ആധിയും പെരുകുമ്പോൾ.. അവനവനോട് തന്നെ സത്യസന്ധത പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ.. ഒന്ന് പോകണം .. അവിടെ കാൻസർ സെന്ററിൽ... തോന്നാറുണ്ട്, അങ്ങനെ..! ചിന്തകളുടെ കലാപം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ.. എന്റെ മരുന്ന് ഒന്നേ ഒന്നാണ്..; കൗൺസലിങ് സൈക്കോളജിസ്‌റ് കല എഴുതുന്നു   

കല, കൗൺസലിങ് സൈക്കോളജിസ്‌റ്

ചില ഓർമ്മകൾ അങ്ങനെ ആണ്.. മറന്നു പോകുന്നു എന്ന് തോന്നുമ്പോൾ , മനസ്സിന്റെ ഇങ്ങേ അറ്റത് എവിടെയോ ഒരു കത്തൽ ഉണ്ടാകും.. അത് പിന്നെ ആളിപടരും.. തലച്ചോറ് വെന്തുരുകും..ശരീരത്തിൽ തീ പൊള്ളൽ ഏറ്റാൽ പോലും പിന്നെ നോവില്ല..! അറിയില്ല..! റീജിയണല് കാൻസർ സെന്ററിലെ ട്രെയിനിങ് സമയം.. പാലിയേറ്റീവ് കെയർ ഇൽ ആയിരുന്നു ആദ്യത്തെ മൂന്ന് മാസങ്ങൾ.. പിന്നെ, ഡോക്ടർ കൃഷ്ണൻ നായർ സർ ശിശു വിഭാഗത്തിൽ കൂടി പരിശീലനം ചെയ്യാൻ അനുമതി നൽകി.. പാലിയേറ്റീവ് കെയർ കാഴ്ചകൾ തന്നെ അസഹനീയം.. അപഹരിക്കപ്പെടുന്ന നിദ്രകളുടെ തുടക്കം ആ കാലങ്ങളിൽ നിന്നായിരുന്നു.. പ്രക്ഷുബ്ധമായ മനസ്സിന്റെ സംഘര്ഷങ്ങള് പങ്കു വെയ്ക്കാൻ ആരും ഇല്ല..!

ഇതൊക്കെ ജോലിയുടെ ഭാഗമാണ്.. അറിയാഞ്ഞിട്ടല്ല.. പക്ഷെ ,ഇരുപത്തി രണ്ടു വയസ്സുകാരിയുടെ മനസ്സ് അതിനൊത്തോണം പക്വത എത്തിയിട്ടില്ല. സ്വാധീനം ഉപയോഗിച്ച് അവിടെ എത്തിച്ച അച്ഛനോട് ആദ്യമായി ദേഷ്യം തോന്നി... ഇരുട്ടിൽ ഉറക്കം വരാതെ കണ്മിഴിച്ചു കിടക്കുമ്പോൾ , അന്ന് പകൽ ശൂന്യമായ ഓരോ കിടക്കയും മനസ്സിൽ എത്തും.. റലമവേ ആയി എന്ന അശരീരി ഇനി നാളെയും കേൾക്കേണ്ടി വരുമോ എന്ന് ഭയക്കും..

കൈകൾ നെഞ്ചിൽ ചേർത്ത് വെച്ചു ശബ്ദം അമർത്തി കരഞ്ഞു കൊണ്ട് , ജീവൻ നഷ്ടമായ ശരീരത്തിന്റെ ഒപ്പം നടന്നു നീങ്ങുന്നവരെ നോക്കി നിൽക്കുക അസാധ്യമാണ്.. മനസ്സിലേയ്ക്ക് ആണിഅടിക്കും പോലെ കൊടുംഭീതികൾ തറച്ചു കേറും... എനിക്കിവിടെ വയ്യ.. ഈ പരിശീലനം വയ്യ.. എന്നോട് തന്നെ പറഞ്ഞു കൊണ്ട് മുന്നോട്ടു നീങ്ങിയ കാലങ്ങൾ..

ആ ദിവസങ്ങളിൽ ഒരുനാൾ , അരുൺ എന്ന കുട്ടിയുടെ അടുത്തേയ്ക്കു ഞാൻ റെഫർ ചെയ്യപ്പെട്ടു.. മുറിയുടെ മുന്നിൽ എത്തിയ ഞാൻ എന്നത്തേയും പോലെ ,
ഒന്ന് പ്രാർത്ഥിച്ചു വാതിലിൽ കൊട്ടി.. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള കുറച്ചു കാലങ്ങളിൽ ആണ് ആ കുഞ്ഞ് എന്നറിയാം.. മുറിയിൽ അവനൊപ്പം മാതാപിതാക്കൾ ഉണ്ട്..

അച്ഛന്റെയും അമ്മയുടെയും മുഖം എനിക്കു അപരിചിതമല്ല.. ആ കണ്ണുകൾ പോലെ എത്രയോ എത്രയോ പേരുടേത് നാളുകളയായി കണ്ടു കൊണ്ടേ ഇരിക്കുക ആണ്..! രോഗത്തിന്റെ ഭീകരാവസ്ഥയെ കുറിച്ചും ആയുസ്സിന്റെ നാളുകളെ കുറിച്ച് ഡോക്ടർ കൊടുത്ത മുന്നറിയിപ്പിന്റെ പൊള്ളുന്ന സത്യത്തിനും മുന്നിലാണ് അവരുടെ ഓരോ നിമിഷവും... മനസ്സിന്റെ എല്ലാ ഭാരങ്ങളും ഒരുമിച്ചു ലയിച്ചു മിഴികളിൽ പുതിയ നിറം ഉടലെടുക്കും.. തളർന്നും തകർന്നും മനസിന്റെ അരൂപികളായ ഭീതികൾ ചാലിച്ച ഒരിടം ആണ് മനസ്സ്.. ആ ഉള്ളിലേയ്ക്ക് നോക്കാൻ ശക്തി ഇല്ല.. അവരുടെ ഉള്ളിലെ ഇരുളിൽ വെളിച്ചമായി ജ്വലിക്കാൻ ആണ് എനിക്കുള്ള നിർദ്ദേശം..
എന്ത് പറഞ്ഞാണ് അവരെ ഞാൻ സമാധാനിപ്പിക്കേണ്ടത്..?

അരുൺ എന്നെ നോക്കി ചിരിച്ചു..
പേര് ചോദിച്ചു..
കൈ തന്നു...
ശരീരം നുറുങ്ങിയൊരു നിലവിളി ഇരമ്പി വരുന്ന നേരം ഒഴിച്ച്..., ആ ചിരി പിന്നെ ഉള്ള രണ്ടു മാസങ്ങളിലും അവന്റെ മുഖത്ത് കണ്ടു.. ഇമ അനങ്ങാത്ത കണ്ണുകളോടെ അവനെ നോക്കി ഇരിക്കുന്ന മാതാപിതാക്കൾ ..ഞങ്ങളുടെ സംസാരങ്ങൾ കേട്ടിരിക്കും.. ചില നേരം ഞാൻ ചെല്ലുമ്പോൾ അവൻ ഉറക്കമായിരിക്കും..
അവന്റെ തലയ്ക്കലും മുൻവശത്തുമായി അച്ഛനും അമ്മയും ഇരിക്കുന്നുണ്ടാകും.. ആ നേരം പോലും , അവരുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ...!

വര്ഷങ്ങള്ക്കു ഇപ്പുറം , ഇന്നാണ് ആ കാഴ്ചയുടെ ഓർമ്മകൾ ഉള്ളം പൊള്ളിക്കുന്നത്.. ഇളയ രണ്ടു കുട്ടികൾ കൂടി ഉണ്ട്.. നാട്ടിൽ ആണ്..
ഇവനെ നഷ്ടപ്പെട്ടു ഞങ്ങൾ എങ്ങനെ ജീവിക്കും..? സത്യത്തെ മാറ്റി നിർത്തി കൊണ്ട്, ആ ജീവനെ കുറിച്ചുള്ള വ്യർത്ഥ പ്രതീക്ഷകളുമായി
ഇരുണ്ട ഒരു മഹാശൂന്യതയുടെ മദ്ധ്യത്തിൽ ആണ് നിൽക്കുന്നത് എന്നവർക്കറിയാം... എന്നാലും ആ ചോദ്യം എന്നോടും ,
പിന്നെ പരസ്പരവും ആവർത്തിച്ച് കൊണ്ടേ ഇരിക്കും..

ചേച്ചിക്ക് കടം കഥ അറിയാമോ..? ചേച്ചിക്ക് പാട്ടു പാടാൻ അറിയാമോ.? ചില ദിവസങ്ങളിൽ അവൻ മിടുമിടുക്കൻ ആണ്...
ഭക്ഷണം കഴിക്കാനും മരുന്ന് കഴിക്കാനും ഒന്നും മടിയില്ല.. ഇടയ്ക്കു രൂക്ഷമാകുന്ന വേദനയുടെ കൊടുംകാറ്റും ഇടിമിന്നലുകളും എത്തുന്നതിന്റെ തൊട്ടു മുൻപ് വരെ അവൻ കിലുക്കാംപെട്ടി ആണ്.. വായനയും ചോദ്യങ്ങളും കൊണ്ട് നിറയ്ക്കുന്ന നല്ല സമയങ്ങൾ..

ശനിയാഴ്ച വൈകുന്നേരം ഞാൻ കൊല്ലത്തേക്ക് തിരിക്കും.. വരുമ്പോൾ കൊണ്ട് എന്താണ് കൊണ്ട് വരിക..? അമ്മയുടെ സ്‌പെഷ്യൽ അയല കട്ട്‌ലെറ് ആണ്.. അത് മതിയോ.? കൊണ്ട് വരണം കേട്ടോ.. തിങ്കളാഴ്ച , അതവന്റെ കയ്യിൽ കൊടുക്കുമ്പോൾ , കണ്ണുകളിൽ നോക്കി അവന്റെ ഒരു ചിരി ഉണ്ട്...എന്നിട്ടു, ആസ്വദിച്ച് കഴിക്കും.. അടുത്ത വര്ഷം സ്‌കൂളിൽ പോകണം... അവന്റെ മനോഹരമായ മുഖത്ത് നിശ്ചയ ദാര്ഢ്യവും ഓജസ്സും തിളങ്ങും... മിടുക്കൻ ആയിരുന്നു സ്‌കൂളിലെ..!

അച്ഛൻ അത് പറയുമ്പോൾ ഒന്നു വിതുമ്പി ..'അമ്മ അവന്റെ നെറ്റിയിലെ ഭസ്മം മായാതെ വീണ്ടും ഇട്ടു.. അധികമായ തരികൾ സൂക്ഷ്മതയോടെ കയ്യിലിരിക്കുന്ന തൂവാലയിൽ ഒപ്പിയെടുത്തു.. അവരുടെ കയ്യിൽ എപ്പോഴും മുറുക്കി പിടിക്കുന്ന കൊന്ത അന്നേരവും ഉണ്ടായിരുന്നു.. മകനെ കാർന്നു തിന്നുന്ന മാരക രോഗത്തിന്റെ മുന്നിൽ. അവർ ഹിന്ദു അല്ല .,മുസ്ലിം അല്ല... ക്രിസ്ത്യനും അല്ല.. മരണത്തിന് കാലൊച്ച മകന്റെ അടുത്ത് എത്തരുത്.. അത്ര മാത്രമാണ് പ്രാർത്ഥന..

ആ ആഴ്ചയും അവനെന്നെ സ്‌നേഹത്തോടെ യാത്ര ആക്കി.. എന്റെ കൈവിരൽ നിവർത്തിയും മടക്കിയും ശക്തി പോരാ എന്ന് കളിയാക്കി.. തിങ്കളാഴ്ച ഞാൻ പതിവ് പോലെ എത്തി.. അരുൺ ന്റെ മുറിയിൽ ഇന്ന് പോകേണ്ട കേട്ടോ.. സോഷ്യൽ വർക്കർ ലത ചേച്ചിയുടെ ശബ്ദം.. അരുൺ death ആയി..!

ഭീമമായ ഒരു മലയുടെ ഉയർന്ന സ്ഥാനത്ത് നിന്നും ഞാൻ താഴേക്ക് താഴേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്ന ഒരു തോന്നൽ.. ആ വീഴ്ചയിൽ ഓർമ്മയുടെ നേരത്ത ഞരമ്പുകൾ പൊട്ടിയെങ്കിൽ.. ചിന്തകളുമായി ബന്ധങ്ങൾ വേർപെട്ടതു പോലെ ഞാൻ ലത ചേച്ചിയെ നോക്കി നിന്നു... ഒറ്റ വര്ഷം മാത്രമായിരുന്നു ട്രെയിനിങ് RCC യിൽ..
പൂർണ്ണമാക്കാനോ സ്ഥിരപ്പെടുത്താനോ ആഗ്രഹിക്കാതെ ഇറങ്ങി....

പക്ഷെ, ആ കാലങ്ങൾ എനിക്ക് മറക്കാൻ ആകില്ല.. വ്യക്തി ജീവിതവും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത പോലെ മറിയാൻ ഇടയായത് അവിടെ നിന്നായിരുന്നു...

വർഷങ്ങൾ ആയി..വിവിധ മേഖലയിൽ... വെറുതെ ചിന്തിച്ചു കൂട്ടുന്ന മനസ്സിന്റെ അകാരണമായ അശാന്തിയും അനിശ്ചിതാവസ്ഥയും ആധിയും , പെരുകുമ്പോൾ..
അവനവനോട് തന്നെ സത്യസന്ധത പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ.. ഒന്ന് പോകണം .. അവിടെ കാൻസർ സെന്ററിൽ... തോന്നാറുണ്ട്, അങ്ങനെ..!

വികാരങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് നട്ടം തിരിയുന്ന ദിവസങ്ങളിൽ.. ചിന്തകളുടെ കലാപം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ..
എന്റെ മരുന്ന് ഒന്നേ ഒന്നാണ്.. ആ നാളുകളിലെ എന്റെ ഡയറിയിൽ മനസ്സ് അർപ്പിക്കും.. അപ്പോൾ , ഞാൻ എന്നെ തന്നെ സ്‌നേഹിക്കും..
കർമ്മഫലമെന്നോ മുന്ജന്മ ദോഷമെന്നോ വിധിക്കാതെ, ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുനേൽക്കും..



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP