Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ ചെഗുവേരയാണ് ശഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; മാപ്പ് പറഞ്ഞാൽ ശിഷ്ടകാലം മക്കയിൽ സുഖമായി ജീവിക്കാൻ അവസരം ഒരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പിൽ നിവർന്ന് നിന്ന് 'നിങ്ങൾക്ക് രക്ഷ വേണമെങ്കിൽ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ' എന്ന് പറഞ്ഞ ധീരനാണ്; കെ ഇ എൻ എഴുതുന്നു

തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ ചെഗുവേരയാണ് ശഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; മാപ്പ് പറഞ്ഞാൽ ശിഷ്ടകാലം മക്കയിൽ സുഖമായി ജീവിക്കാൻ അവസരം ഒരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പിൽ നിവർന്ന് നിന്ന് 'നിങ്ങൾക്ക് രക്ഷ വേണമെങ്കിൽ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ' എന്ന് പറഞ്ഞ ധീരനാണ്; കെ ഇ എൻ എഴുതുന്നു

കെ ഇ എൻ കുഞ്ഞഹമ്മദ്

മാപ്പ് പറഞ്ഞാൽ ശിഷ്ടകാലം മക്കയിൽ സുഖമായി ജീവിക്കാനവസരമൊരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പിൽ നിവർന്ന് നിന്ന് 'നിങ്ങൾക്ക് രക്ഷ വേണമെങ്കിൽ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ' എന്ന് മുഷ്ടി ചുരുട്ടിയ, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന 'സൂര്യസാന്നിധ്യ'മാണ് ശഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സംഭ്രാന്തമാക്കി അദ്ദേഹം സ്ഥാപിച്ച പഴയ സ്വതന്ത്ര രാഷ്ട്രത്തിന്റെ പേര് മലയാളരാജ്യമെന്നായിരുന്നുവെന്നുള്ളത് ആത്മബോധമുള്ള മലയാളികൾ മറക്കരുത്.
'കേരളം മലയാളികളുടെ മാതൃഭൂമി'യെന്ന ഇ എം എസിന്റെ മഹത്തായ 'ദേശീയ കവിത' എഴുതപ്പെടുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ്, സ്വന്തം ജീവിതംകൊണ്ട് നമ്മുടെ മലയാളരാജ്യത്തിന് പ്രാണൻ പകുത്ത് നൽകിയ ഒരു ധീരപോരാളിയുടെ സ്മരണ വരുംകാലങ്ങളിലും അധിനിവേശ ചങ്ങലകൾ പൊട്ടിക്കും.

കാൽ പൊള്ളുമെന്നറിഞ്ഞിട്ടും കനലിൽ നടക്കുന്നവൻ, ചിറകുകൾ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്കു പറക്കുന്നവൻ, പ്രലോഭനങ്ങളുടെ പെരുമഴയിൽ സ്വയം കുടപിടിക്കാതിരുന്നിട്ടും ഒട്ടുമേ നനയാതിരുന്നവൻ, മണ്ണെണ്ണയൊഴിച്ച് മൃതദേഹം കത്തി കരിഞ്ഞപ്പോഴും, രക്തസാക്ഷിത്വത്തിന്റെ സുഗന്ധമായ് സ്വയം പടർന്നവൻ...., മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും അറബിയിലും അവനൊരൊറ്റപേര്. അതാണ് ശഹീദ് വാരിയൻ കുന്നൻ!

തക്‌ബീർ മുഴക്കിയൊരു മലയാള ചെഗുവേര.

അദ്ദേഹത്തെക്കുറിച്ച്, സിനിമ നിർമ്മിക്കുന്ന പി ടി യ്ക്കും, ആഷിക്ക് അബുവിനും, ഇബ്രാഹിം വെങ്ങരക്കും, പിന്നെ 'അങ്ങിനെ ഇങ്ങിനെ എങ്ങിനെ ആ സിനിമയെടുത്താലും' അലി അക്‌ബറിനും അഭിവാദ്യങ്ങൾ.
സിനിമ പറന്നാലും പൊളിഞ്ഞാലും ശഹീദ് വാരിയൻകുന്നനെന്ന ആ സമരത്തിന്റെ സ്രോതസ്സ് വറ്റുകയില്ല. മാർട്ടിൻ ലൂഥർകിങ് ജൂനിയർ പറഞ്ഞത്‌പോലെ 'നീതിയുടെ ബാങ്ക് ഒരിക്കലും പൊളിയുകയില്ല.'

അധീശത്വ ശക്തികളുടെ പോളീഷിട്ട ഷൂസുകളിൽ ജീവിതസാഫല്യം അനുഭവിക്കുന്ന നവഫാസിസ്റ്റുകൾക്ക് ശഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ ഒരുനാളും മനസ്സിലാക്കാൻ സാധിക്കുകയുമില്ല!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP