Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാർട്ടിക്കാരെ തട്ടിയെടുക്കുന്നു; ഇത് കോൺഗ്രസിന്റെ ബലഹീനതയാണെന്ന വാദവുമായി ചില ബുദ്ധിജീവികളും സംഘിക്കുഞ്ഞുങ്ങളും ഇറങ്ങിയിട്ടുണ്ട്; ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്നു കോൺഗ്രസ്; ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്; കർണാടക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജ്യോതികുമാർ ചാമക്കാല എഴുതുന്നു

ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാർട്ടിക്കാരെ തട്ടിയെടുക്കുന്നു; ഇത് കോൺഗ്രസിന്റെ ബലഹീനതയാണെന്ന വാദവുമായി ചില ബുദ്ധിജീവികളും സംഘിക്കുഞ്ഞുങ്ങളും ഇറങ്ങിയിട്ടുണ്ട്; ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്നു  കോൺഗ്രസ്; ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്; കർണാടക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജ്യോതികുമാർ ചാമക്കാല എഴുതുന്നു

ജ്യോതികുമാർ ചാമക്കാല

 ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്.....

ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ആമുഖം ഇങ്ങനെ പറയുന്നു. 'രാഷ്ട്രീയ കൂറുമാറ്റമെന്ന തിന്മ രാജ്യത്തിന് വലിയ ആശങ്കയുണ്ടാക്കുന്നു. അതിനെതിരെ പോരാടിയില്ലെങ്കിൽ ജനാധിപത്യത്തിന്റെയും അതിനെ നിലനിർത്തുന്ന മൂല്യങ്ങളുടെയും അടിത്തറയിളകും.'

അതെ, ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് , ജനാധിപത്യം തലയുയർത്തി നിലനിൽക്കണമെന്ന നിർബന്ധമാണ് രാജീവ് ഗാന്ധിയെന്ന കോൺഗ്രസ് പ്രധാനമന്ത്രിയെ പത്താം ഷെഡ്യൂൾ അഥവാ കൂറുമാറ്റനിരോധനനിയമം എന്ന ചിന്തയിലേക്ക് നയിച്ചത്.

അന്ന് ഭയപ്പെട്ട അതേ കാര്യം , ജനാധിപത്യത്തിന്റെ അടിത്തറയിളക്കലാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാർട്ടിക്കാരെ തട്ടിയെടുക്കുന്നു. ഇത് കോൺഗ്രസിന്റെ ബലഹീനതയാണെന്ന വാദവുമായി ചില ബുദ്ധിജീവികളും സംഘിക്കുഞ്ഞുങ്ങളും ഇറങ്ങിയിട്ടുണ്ട്.

സമ്മതിച്ചു, കോൺഗ്രസിന് ഒരു പോരായ്മയുണ്ട്. അത് ജനാധിപത്യം എന്നത് പാർട്ടിയിലും നടപ്പാക്കുന്നു എന്നതാണ്.ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്.

ഉൾപാർട്ടി ജനാധിപത്യം അനുവദിക്കാത്ത പാർട്ടിക്കെങ്ങനെ ജനാധിപത്യരീതിയിൽ രാജ്യം ഭരിക്കാനാവും.അതേ സ്വാതന്ത്ര്യം മുതലെടുത്ത അവസരവാദികളാണ് പണവും അധികാരവും മോഹിച്ച് ചാടിപ്പോയിട്ടുള്ളത്.

അമിത് ഷായെപ്പോലെ തിരുവായ്ക്ക് എതിർവായില്ലാത്ത തമ്പ്രാന്മാരായിരുന്നു ഞങ്ങളുടെ നേതാക്കളെങ്കിൽ കോൺഗ്രസിന് ഈ കൂറുമാറ്റങ്ങൾ നേരിടേണ്ടി വരുമായിരുന്നില്ല.ആര് മൽസരിക്കണം, സ്ഥാനാർത്ഥി എങ്ങനെ ശ്വാസമെടുക്കണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആര് മന്ത്രിയാകണം ഇതെല്ലാം ഷായും മോദിയും കൂടി മുറിക്കുള്ളിൽ അടച്ചിരുന്ന് തീരുമാനിക്കുന്ന രീതി കോൺഗ്രസിനില്ല. ഫാസിസ്റ്റ് രീതി ഞങ്ങളുടെ വഴിയുമല്ല. ബിജെപിക്കുള്ളിലെ ഈ ഏകാധിപത്യം രാജ്യഭരണത്തിലും നിറയുന്ന കാലം വിദൂരമല്ല.

കോൺഗ്രസ് ഒരു വലിയ തറവാടാണ്. അംഗങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ പൂർണമായി മാനിക്കുന്ന, സ്‌നേഹവും സഹിഷ്ണുതയും മൂല്യങ്ങളാക്കിയ തറവാട്. അപ്പോ കണ്ടവനെ അപ്പനെന്ന് വിളിക്കുന്ന ചിലരും ആ തറവാട്ടിൽ ജനിച്ചുപോയി എന്നത് തറവാടിന്റെ കുറ്റമല്ല.കോൺഗ്രസിന്റെ ദൗർബല്യം വിവരിക്കുന്ന ബുദ്ധിജീവികളൊന്നും ഭരണഘടനയെ വെല്ലുവിളിക്കുന്ന ബിജെപി രീതിയെക്കുറിച്ച് മിണ്ടുന്നില്ല.

രാജ്യത്ത് നിലവിലുള്ള കൂറുമാറ്റനിരോധനനിയമം പ്രയോഗിക്കാൻ കോടതികൾക്ക് പോലും ഭയമായിരിക്കുന്നു. ഉത്തരാഖണ്ഡിൽ നിയമമനുസരിച്ച് പ്രവർത്തിച്ച ജസ്റ്റിസ് കെ.എം.ജോസഫിനെ മോദി സർക്കാർ വെള്ളം കുടിപ്പിച്ചത് എല്ലാവരും മറന്നുപോയോ.

പണത്തിനുമേലെ പരുന്തുംപറക്കില്ല എന്നത് ചില രാഷ്ട്രീയക്കാർക്കും ബാധകമാണ്.കോർപ്പറേറ്റുകളുടെ കോടികളെറിഞ്ഞാണ് ബിജെപി എംഎൽഎമാരെയും മറ്റ് ജനപ്രതിനിധികളെയും ഒരു ഉളുപ്പുമില്ലാതെ വിലയ്ക്ക് വാങ്ങുന്നത്. ഇത് കൃത്യമായ അഴിമതിയാണ്. അതെക്കുറിച്ചും ബുദ്ധിജീവികൾക്ക് മൗനമാണ്.

ഇന്ത്യൻ ജനാധിപത്യത്തെ വിറ്റുതിന്നുന്ന, കശാപ്പ് ചെയ്യുന്ന ബിജെപിയ്‌ക്കെതിരെ കേരളത്തിലും സാംസ്‌കാരിക നായകരാരും പ്രതികരിച്ച് കണ്ടില്ല. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ നൂറുനാവാണ്. മറ്റത് പറഞ്ഞാൽ നാവ് പിഴുതെടുക്കും അമിത് ഷാ.ഇനിയുള്ള പ്രതീക്ഷ ഈ രാജ്യത്തെ സാധാരണക്കാരിലാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് ഇക്കാര്യങ്ങളിൽ തുല്യ ഉത്തരവാദിത്തമുണ്ട്.

ഒരു രാഷ്ട്രീയപാർട്ടിയുടെ ആശയങ്ങളും നയപരിപാടികളും ഉയർത്തിക്കാട്ടി വോട്ടുനേടിയിട്ട് ഇരുട്ടിവെളുക്കുമ്പോൾ അതെല്ലാം തള്ളിപ്പറയുന്നവരെ വീണ്ടും തിരഞ്ഞെടുക്കണോയെന്ന് ജനം തീരുമാനിക്കണം. അഴിമതി നിറഞ്ഞാടുന്ന ഈ കുതിരക്കച്ചവടം അവസാനിപ്പിക്കാൻ ജനങ്ങൾക്കേ കഴിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP