Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ യുഡിഎഫ് ഭരണത്തെയും എൽഡിഎഫ് ഭരണത്തെയും ഒരു ദാഷണ്യവും കൂടാതെ വിമർശിച്ച ആളാണ് വിനു വി ജോൺ; അതു കൊണ്ടു വിനുവിനെ വിമർശിക്കുന്നതിലും തെറ്റില്ല; എന്നാൽ അയാളെ ടാർഗറ്റ് ചെയ്തു ആക്രമിക്കുന്നതും മാധ്യമ ഓഫിസിലേക്ക് മുറവിളി കൂട്ടി മാർച്ചു നടത്തുന്നതും ഫാസിസം: ജെ എസ് അടൂർ എഴുതുന്നു

കേരളത്തിൽ യുഡിഎഫ് ഭരണത്തെയും  എൽഡിഎഫ് ഭരണത്തെയും ഒരു ദാഷണ്യവും കൂടാതെ വിമർശിച്ച ആളാണ് വിനു വി ജോൺ; അതു കൊണ്ടു വിനുവിനെ വിമർശിക്കുന്നതിലും തെറ്റില്ല; എന്നാൽ അയാളെ ടാർഗറ്റ് ചെയ്തു ആക്രമിക്കുന്നതും മാധ്യമ ഓഫിസിലേക്ക് മുറവിളി കൂട്ടി മാർച്ചു നടത്തുന്നതും ഫാസിസം: ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ഫാസിസം അധികാര അപ്രമാദിത്വത്തിന്റെയും അധികാര അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും ഭീഷണിയുടെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രമാണ്.അതു പല രീതിയിലും വരാം. അതിന് ഒരു സാമൂഹിക രാഷ്ട്രീയ മനഃശാസ്ത്രമുണ്ട്. അതു വെറുപ്പിന്റെയുടെ ഹിംസയുടെയും തങ്ങളുടെ ഇങ്ങിതം അടിച്ചേൽപ്പിച്ചു ആളുകളെ ഭീഷണിപെടുത്തി നിശബ്ദരാക്കാനുള്ള പ്രവണതയാണ്. തങ്ങൾക്ക് ഇഷ്ട്ടം ഇല്ലാത്തത് പറയുന്നവരെ കുലംകുത്തികളായി ചാപ്പകുത്തി ഇല്ലായ്മ ചെയ്യാനുള്ള മനുഷ്വത്വ വിരുദ്ധ പ്രവണതയാണ്.

ഇറ്റലിയിൽ മുസോളിനി തുടങ്ങിയത് സോഷ്യലിസ്റ്റ് ആയിട്ടായിരുന്നു. പതിയെ പതിയെ സ്വരം മാറി അധികാരതിന്റെ അപ്രമാദിത്വം കൂടി. ഫാസിസ്റ്റ് പാർട്ടിക്ക് അധികാരതിന്റെ ഗുണഭോക്താക്കളും ബ്ലാക് ഷർട്ട് എന്ന കുറുവടി കാലാൾപടയുണ്ടായി. അതിൽ നിന്നാണ് ഡോ. മുഞ്ചേ എന്ന ആർഎസ്എസ് ആചാര്യൻ കാക്കി നിക്കറും കുറുവടിയും ഇന്ത്യയിൽ തുടങ്ങിയത്.

അധികാരത്തിന്റെ അപ്പക്കഷണങ്ങൾ തിന്നാൽ കൊതിയോടെ നിന്ന അക്കാദമിക് ബുദ്ധിജീവികളും പത്രലേഖകരും എല്ലാം മുസോളിനിയുടെ വാഴ്‌ത്തുപാട്ടുകാരായി. മുസോളിനിയെയോ ഫാസിസ്റ്റ് പാർട്ടിയെയോ വിമർശിച്ചവരുടെ വായടപ്പിക്കാൻ അധികാരത്തിന്റെ ഗുണഭോക്തക്കളായ ബുദ്ധിജീവികളും ' സാംസ്‌കാരിക നായകരും ' അധികാര അപ്രമാദിത്വതിന്റെ കാവൽ നായ്ക്കളെ പോലെ കുരച്ചു. ബ്ലാക്ക് ഷർട്ടുകൾ മുസോളിനിയെ വിമർശിച്ചവരെ വേട്ട നായ്ക്കളെ പോലെ ആക്രമിച്ചു.
അധികാരം മസിൽ കൊണ്ടും കൈമൂച്ചു (coercions )കൊണ്ടും അതേസമയം ബുദ്ധിജീവി -സാംസ്‌കാരിക നായകരെകൊണ്ടു സാധുത, (legitimizing consetn) നടത്തിയാണ് അധീശ്വത്വ രാഷ്ട്രീയ അധികാരം പ്രയോഗം (hegemonic politics ). ഇത് പറഞ്ഞത് മുസോളിനിയുടെ ഇറ്റലിയിൽ ജയിലിൽ അടച്ച ഇറ്റാലിയൻ കമ്മ്യൂണിസ്‌റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന അന്തോണിയോ ഗ്രാംഷിയാണ്.

അന്തോണിയോ ഗ്രാംഷിയുടെ പ്രിസൺ നോട്ട് ബുക്ക് നിരന്തരം വായിച്ചറിഞ്ഞാണ് ഞാൻ എന്നും അധികാരത്തിന്റെയും അക്രമത്തിന്റെയും സാമൂഹിക രാഷ്ട്രീയ അധികാര അക്രമ പ്രയോഗങ്ങളുടെയും എതിർ പക്ഷത്തായത്. കാരണം എല്ലാം അധികാര അഹങ്കാരങ്ങളുടെയും അധികാര അക്രമങ്ങളുടെയും അസഹിഷ്ണുതയുടെയും തങ്ങൾക്ക് ഹിതമല്ലാത്തത് പറയുന്നവരെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ഉന്മൂലനം ചെയ്യുന്ന അധികാര അപ്രമാദിത്വതിന്റെ സാമൂഹിക മനഃശാസ്ത്രം ഫാസിസതിന്റെതാണ്. അതു ജനായത്ത വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവും മനുഷ്വത്വ വിരുദ്ധവുമാണ്. ആരു എവിടെ അധികാര അപ്രമാദിത്വ ഐഡിയിലേജിയിൽ ജനായത്ത വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവും മനുഷ്യത്വവിരുദ്ധവും വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ചെയ്താൽ അതിനെ അനുകൂലിക്കാൻ സാധിക്കില്ല.

അതുകൊണ്ടാണ് എന്റെ ജനായത്ത രാഷ്ട്രീയ ബോധം തുടങ്ങിയത് അടിയന്തരാവസ്ഥകാലത്താണ്. അധികാരത്തിനും അധികാരികൾക്കും ഇഷ്ട്ടം ഇല്ലാത്തവരെ പൊലീസ് നിഷ്ട്ടൂരമായി അക്രമിച്ചു നിശബ്ദമാക്കാൻ നിരന്തരം ശ്രമിക്കുന്നത് കണ്ടാണ് ഞാൻ മനുഷ്യവകശ പ്രവർത്തകനായത്. രാജൻ എന്ന ഇരുപതുകാരനെ കക്കയം ക്യാമ്പിൽ ഉരുട്ടി കൊല്ലുന്നത് വായിച്ചറിഞ്ഞ മനുഷ്വത്വ ആത്മ രോക്ഷത്തിലാണ് ഞാൻ സ്റ്റേറ്റ് വയലിൻസിന്റെയും പൊലീസ് അതിക്രമങ്ങളുടെ ഭരണഘടന വിരുദ്ധയെ അറി ഞ്ഞത്. ഇന്ത്യൻ ഭരണഘടന വായിച്ചാണ് ഞാൻ ഇന്ത്യക്കാരനായ ജനായത്തവാദിയായത്.

ഈച്ചര വാരിയർ എന്ന അച്ചന്റെ നിയമ പൊരാട്ടം വായിച്ചു വളർന്നാണ് ഹെബിയസ് കോർപ്പസ് എന്താണ് എന്നു മനസ്സിലാക്കിയത്. ടീനെജിൽ സൈലന്റ് വാലി വിദ്യത്ച്ചക്ത്തി പ്രൊജക്റ്റിന് എതിരായി അന്നത്തെ ശാസ്ത്ര സാഹിത്യ പരീക്ഷത്തും പ്രൊഫസർ എം കെ പ്രസാതും ആർ വി ജി യും പിന്നെ എം പി പരമേശ്വരനുമൊക്കെ എഴുതിയത് വായിച്ചാണ് സുസ്ഥിര വികസനം എന്താണ് എന്നു മനസ്സിലായത്. എൻ വി കൃഷ്ണവാരിതരും അയ്യപ്പ പണിക്കരും സുഗത കുമാരിയും കടമ്മനിട്ടയും ഓ എൻ വി കുറുപ്പും എഴുതിയ കവിതകൾ വായിച്ചാണ് പ്രകൃതിയെ കുറിച്ചും പരിസ്ഥിതിയെകുറിച്ചും മനുഷ്യനെകുറിച്ചും ആശങ്കപെട്ടാൻ തുടങ്ങിയത്.
നെഹ്റുവിനെയും ഗാന്ധിജിയെയും അംബേദ്കറേയും മാർട്ടിൻ ലൂഥറേയും വായിച്ചാണ് ജനായത്ത ബോധവും സാമൂഹിക നീതിയും മനസിലായത്.
നാട്ടിൽ മനുഷ്യത്വവും ജനായത്തവും സോഷ്യലിസവും പ്രസംഗിച്ച സഖാവ് ഈ കെ പിള്ള സാറിന്റെ പ്രസങ്ങങ്ങൾ കേട്ടാണ് കമ്മ്യൂണിസത്തിൽ താല്പര്യമുണ്ടായത്. അങ്ങനെയാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചും സഖാവ് ദാമോദരൻ ഉണ്ണിത്താൻ ക്ളാസുകൾ കേട്ടും ഇടതുപക്ഷ ധാരാണകൾ വളർത്തിയത്.

പക്ഷെ വായിച്ചു വായിച്ചു സ്റ്റാലിൻന്റെയും പോൾപൊട്ടിന്റയും കിം ഇൽ സുങ്ങിന്റെയും മാവോയുടെയും അധികാര അഹങ്കാര അപ്രമാദിത്വ അക്രമ ഉന്മൂലന രാഷ്ട്രീയത്തിന്റെ നിഷ്ട്ടൂരത വായിച്ചും പിന്നീട് അവിടെങ്ങളിലൊക്കെപോയി കണ്ടു കേട്ടും അറിഞ്ഞശേഷമാണ് പുസ്തകങ്ങളിൽ വായിച്ച, പ്രസംഗങ്ങളിൽ കേട്ട സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് സ്വർഗവും അതിന്റ പ്രയോഗവും തമ്മിലുള്ള വലിയ അകലവും വൈരുധ്യവുംമനസ്സിലായത്.എതിർപക്ഷത്തുള്ളവരെയും എതിർ സ്വരം മനസ്സിൽ പോലുമുള്ളവരെ ആക്രമിച്ചു ഉന്മലനം ചെയ്യുന്ന, പാർട്ടി പറയുന്നത് എന്തിനും സിന്ദാബാദ് വിളിക്കുന്ന അധികാര പാർട്ടി അപ്രമാദിത്വം ഫാസിസത്തോടാണ് കൂടുതൽ അടുത്തത് എന്ന വീണ്ടുവിചാരമാണ് എന്നെ കമ്മ്യുണിസ്റ്റ് അധികാര അപ്രമാദിത്ത രാഷ്ട്രീയത്തോടെ തീർത്തും വിമുഖനാക്കിയത്.

യൂ പി യിൽ ഒരു വീട്ടിലെ ഫ്രിഡ്ജിൽ ബീഫ് ഇരുപ്പുണ്ടെന്ന് ആരോ പറഞ്ഞത് കേട്ട് ന്യൂനപക്ഷ മത വിശ്വാസിയെ അടിച്ചു കൊല്ലുന്നത് ഫാസിസമാണ്. അധികാര രാഷ്ട്രീയ അപ്രമാദിത്വം കൊണ്ടു കൂട്ടത്തിൽ നിന്നും പിരിഞ്ഞ ഒരാളെ കുലം കുത്തി എന്ന ചാപ്പ കുത്തി അമ്പത്തി രണ്ടു വെട്ടിൽ കുലചെയ്യുന്ന സാമൂഹിക രാഷ്ട്രീയ മനഃശാസ്ത്രം ഫാസിസത്തിന്റെതാണ് .

ഫാസിസം അധികാര അപ്രമാദിത്വത്തിന്റെ അക്രമ പ്രയോഗങ്ങളാണ്. അധികാര അപ്രമാദിതിന്റെ ഗുണാഭോക്താക്കളായ എഴുത്തുകാരും വാഴ്‌ത്തുപാട്ടുകാരായ വ്യവസ്ഥാപിത 'ബുദ്ധിജീവികളും' പുരോഗമന സാഹിത്യ സാംസ്‌കാരിക നായകരുമെല്ലാം ഫാസിസത്തിന് അവരറിയാതെ വഴിവെട്ടുകയാണ്. തെറി വിളിക്കുന്ന കൂവുന്ന ട്രോള്ളുന്ന കാലാൾപടയുടെ സംസ്‌കൃത രൂപമാണ് അധികാരത്തിന്റ്‌സ പ്രൊക്‌സി എഴുത്തുകാരും സാംസ്‌കാരിക നായകരും. അതു പോലെ എന്നും അധികാരതിന്റെ പട്ടും വളയും പ്രതീക്ഷിക്കുന്നവരും മൗനം പാലിക്കും.

പത്ര പ്രവർത്തനവും രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് അധികാരത്തിനു അനുരൂപരായി തെളിഞ്ഞും ഒളിഞ്ഞും സ്തുതി പാടുന്നവർ. തെളിഞ്ഞു പാടുന്നവർ ഭരണ പാർട്ടി പ്രോപഗണ്ട മാധ്യമ സംരഭകരാണ്. അവർക്ക സർക്കാർ സെക്യൂരിറ്റിയും രാജ്യസഭ സീറ്റുമൊക്കെ കൊടുത്തു അധികാരികൾ ആശ്രീതർക്ക് അപ്പകഷ്ണങ്ങൾ കൊടുക്കും. അർണാബ് ഗോസാമിമാർ അധികാര അപ്രമാദിത്വത്തിന്റെ പ്രിയകുരക്കാരാണ്.

യഥാർത്ഥ പത്ര പ്രവർത്തക ധർമ്മം വഹിക്കുന്നവർ അധികാരത്തിന്റ് അപ്പുറം നിൽക്കുന്നവരാണ്. അവർ എപ്പോഴും ജനപക്ഷ പ്രതിപക്ഷതിന്റെ സ്വരമാണ്. അവർ അധികാരത്തിന്റെ ഭരണ -പ്രതിപക്ഷ ദ്വന്ദത്തിന്റെ അപ്പുറത്താണ്. അവർ സിവിക് രാഷ്ട്രീയ പ്രതിപക്ഷത്താവുമ്പോഴാണ് അവർ ഫോർത് എസ്റ്റേറ്റ് ആകുന്നത്.
ഇന്ന് എല്ലാ മാധ്യമ സംരഭങ്ങളും ബിസിനസാണ്. പലപ്പോഴും പെയ്ഡ് ന്യൂസ് കൊടുക്കുന്നതിൽ അവർക്കു പ്രശ്‌നം ഇല്ല. മാധ്യമ മൊതലാളിക്ക് ലാഭമുണ്ടാകാൻ സർക്കാർ പരസ്യവും അതുപോലെ തിരെഞ്ഞെടുപ്പ് ക്വട്ടേഷനും ഒക്കെഎടുക്കും. ഇങ്ങനെയുള്ള കോർപ്പറേറ്റ് മാധ്യമ ഇടങ്ങളിൽ പോലും അവരവരുടെ ജനായത്ത മൂല്യങ്ങൾ സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തകർ ഉണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്നവർ ഉണ്ട്. അധികാരതിന്റെ അപ്പ കഷ്ണങ്ങളിൽ നിന്നു മാറി നടക്കുന്നവർ.

കുൽദ്വിപ് നയ്യരും ബി ജി വർഗീസും, ടി ജെ എസ് ജോർജും ബി ആർ പി ഭാസ്‌ക്കറും എല്ലാം ആ ഗണത്തിൽപെട്ട ജനായത്ത പത്ര പ്രവർത്തകരാണ്. അവർ അധികാര അപ്രമാദിത്വത്തെ നിരന്തരം സ്വതന്ത്ര നിലപാടിൽ വിമർശിച്ചവരാണ്. അവരെപോലെ ഇന്നും അധികാരതിന്നു മനസ്സ് പണയം വയ്ക്കാത്ത അനേകം സ്വതന്ത്ര പത്ര പ്രവർത്തകർ ഉണ്ട് എന്നുള്ളതാണ് ജനായത്ത പ്രക്രിയയുടെ പ്രത്യാശ.

കേരളത്തിൽ വിനു വി ജോൺ യൂ ഡി എഫ് ഭരണ അധികാര ഭരണ അധികപറ്റുകളെയും എൽ ഡി എഫ് അധികാര ഭരണ അധിക പറ്റുകളെയും ഒരു ദാഷണ്യവും കൂടാതെ നിരന്തരം നിലപാട് എടുക്കുന്നയാളാണ്. പലപ്പോഴും ഭരണ -പ്രതിപക്ഷ പാർട്ടികൾക്കപ്പുറത്തു ജനപക്ഷ നിലപാട് എടുക്കുന്നയാൾ. അതു കൊണ്ടു എന്നും അധികാരത്തിലുള്ളവരുടെ കണ്ണിലെ കരടാണ് വിനു വി ജോൺ.

ആരും വിമർശനങ്ങൾങ്ങൾക്ക് അതീതരല്ല. മീഡിയക്കും അധികാര രൂപങ്ങൾ ഉണ്ട് സഭ്യമായ വിമർശനങ്ങൾ ജനായത്തത്തിന് ആവശ്യമായ ഒക്‌സിജനാണ്. അതു കൊണ്ടു വിനു വി ജോൺ എന്ന മാധ്യമ പ്രവർത്തകനെയും വിമർശിക്കുന്നതിൽ പ്രശ്‌നം ഇല്ല. എന്നാൽ അയാളെ ടാർഗറ്റ് ചെയ്തു ആക്രമിക്കുന്നതും മാധ്യമ ഓഫിസിലേക്ക് അയാളെ പുറത്താക്കണം എന്ന മുറവിളി കൂട്ടി മാർച്ച് ചെയ്യുന്നതും അസഹിഷ്ണുതയോടെ അടിച്ചോതുക്കി വായടപ്പിക്കാൻ ശ്രമിക്കുന്നത്മൊക്കെ ഫാസിസ്റ്റ് രീതിയാണ്. ഭൂരിപക്ഷ മത രാഷ്ട്രീയവും ഭൂരിപക്ഷ മത അധീശ്വത്വ പാർട്ടികളും മാത്രം അല്ല ഫാസിസത്തിന്റ വക്താക്കൾ. അധികാര അപ്രമാദിത്വവും അധികാര ഭരണ പാർട്ടിയുടെ ഇങ്ങിതം മാത്രമാണ് ' വികസനം ' എന്നൊക്ക അടിച്ചോതുക്കി പറയുന്നതും ഫാസിസമാണ്.

ശ്രീ ലങ്കയിൽ രാജപക്ഷെ അദ്ദേഹത്തിന്റെ വൻ പ്രോജെറ്റുകളെ എതിർത്തവരെ വിളിച്ചത് ' വികസന വിരോധികൾ ' തീവ്ര വാദികൾ ' ' വിവരം ഇല്ലാത്തവർ എന്നൊക്കയാണ് '.പോർട്ടിനും, ഹൈവേക്കും എയർപോർട്ടിനും കമ്മീഷൻ വാങ്ങി. ആ പണം ഇറക്കി കുടുംബം ഭരണത്തിലെത്തി. പക്ഷെ അതു ഭൂരിപക്ഷ ഫാസിസം ആണെന് പറഞ്ഞ ലസന്ത വിഗ്‌ന രാജ എന്ന സ്വതന്ത്ര പത്ര പ്രവർത്തകനെ വെടിവച്ചു കൊന്നു. വിമർശിച്ച സിവിൽ സമൂഹ സംഘനകളുടെ രജിസ്‌ട്രേഷൻ റദ്ദു ചെയ്തു. ശ്രീ ലങ്ക കടക്കേണിയിലേക്ക് പോകുന്നു എന്ന് പറഞ്ഞവരുടെ വായടപ്പിച്ചു.

സോഷ്യലിസ്റ്റ് ഇടതുപക്ഷമായി തുടങ്ങിയ കുടുംബ ആധിപത്യത്തെ എതിർത്ത മഹിന്ദ് രാജ പക്ഷെ അധികാരത്തിന്റ തേരിൽ കയറിയതോടെ ആളുമാറി. നേരത്തെ സോഷ്യലിസവും മനുഷ്യാവകാശവും പ്രസംഗിച്ചയാൾ ഭരണത്തിൽ ഏറിയപ്പോൾ ' വികസന നായകനായി, കുടുംബ ഭരണ വക്താവായി ചോദ്യം ചെയ്തവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിയുടെ പ്രയോക്തവായി. സ്ഥിരം കടം എടുത്ത് അദ്ദേഹതിന്റെ ഹബം തൊട്ട ' വിക്‌സിപ്പിച്ചു ' ഹമ്പൻതൊട്ട ലോബിയും രാജപക്ഷെ കുടുംവും ഭരണത്തിൽ പിടിമുറുക്കി. അതാണ് പതിനഞ്ചു കൊല്ലം കഴിഞ്ഞു ഇപ്പോൾ ശ്രീ ലങ്ക അനുഭവിക്കുന്ന കഷ്ടപ്പാടിന്റ തുടക്കം.

മനുഷ്യനാകണം മനുഷ്യരാകണം എന്ന് പാടിയവരെയൊക്കെ അധികാരത്തിന്റെ ആശ്രീതരാക്കി നിശബ്ദരാക്കി.സ്ത്രീകളെ വലിച്ചിഴച്ചു മർദിക്കുമ്പോൾ പൊലീസ് ഭീഷണി അധികാര അക്രമത്തിൽ വീടുകൾ കയ്യെറി അധികാര വികസന കുറ്റിയടിക്കുമ്പോൾ ഫാസിസത്തിന് വഴിവെട്ടുകയാണ്. സർക്കാർ അധികാര യുക്തികളെ ചോദ്യം ചെയ്യുന്നവരെ തീവ്ര വാദികൾ എന്നും വികസന വിരുദ്ധരെന്നും ദേശദ്രോഹികൾ എന്നും ചാപ്പകുത്തി ആക്രമിക്കുന്നതും കലാൾപടയെ ഇറക്കി വെരുട്ടുന്നതും ഫാസിസത്തിന് വഴിവെട്ടുന്നവരാണ്.

മസോളിനി തുടങ്ങിയത് ഇടതുപക്ഷ സോഷ്യലിയാസ്റ്റയാണ്. ഹിറ്റ്ലർ തുടങ്ങിയത് നാഷണൽ സോഷ്യലിസം പ്രസംഗിച്ചാണ്. മാവോ ലക്ഷങ്ങളെ കൊന്നത് സോഷ്യലിസ്റ്റ് സാംസ്‌കാരിക വിപ്ലവത്തിന്റെ പേരിലാണ്. മോദി അധികാരത്തിൽ വന്നത് ' വികസനവും സൽഭരണവും ' വാഗ്ദാനം ചെയ്താണ്. എല്ലാം ശരിയാകും. എല്ലാം ഉറപ്പാണ് എന്നു പറഞ്ഞു ഞാൻ ചെയ്യുന്നത് ചോദ്യം ചെയ്യുന്ന എല്ലാവരെയും ശരിയാക്കും എന്നതാണ് അധികാര അപ്രമാദിത്വ രാഷ്ട്രീയത്തിന്റെ സ്വഭാവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP