Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അവിയൽ മസാല ബോണ്ട് ആഗോള ചന്തയിൽ; ജെ എസ് അടൂർ എഴുതുന്നു

അവിയൽ മസാല ബോണ്ട് ആഗോള ചന്തയിൽ; ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

സാല ബോണ്ട് എന്നത് ഇന്ത്യൻ കമ്പിനികളും പൊതു മേഖല സ്ഥാപനങ്ങളും ഇന്ത്യൻ രൂപയിൽ കടപ്പത്രം (ബോണ്ട് ) ഇറക്കി വിദേശത്തു കാശുള്ളവരിൽ നിന്ന് കാശു കടം മേടിക്കുന്ന പരിപാടിയാണ് . സാധാരം ക്രെഡിറ്റ് റേറ്റിങ്ങു അനുസരിച്ചേ ലോകത്തു ആർക്കും ആരും ഇപ്പോൾ കടം കൊടുക്കുള്ളു. ചുരുക്കത്തിൽ നമ്മൾ പൈസ കടം എടുത്താൽ അത് തിരികെ കൊടുക്കാൻ വരുമാനമുണ്ടോ പാങ്ങുണ്ടോ , തിരികെ കൊടുക്കാതെ മുങ്ങാൻ സാധ്യതയുണ്ടോ ഇതൊക്കെ നോക്കിയേ ആരും ലോൺ കൊടുക്കുകയുള്ളൂ .

അപ്പോൾ ക്രെഡിറ്റ് റേറ്റിങ് നല്ലതാണെങ്കിൽ കടം കൊടുത്താൽ തിരിച്ചടക്കുമെന്ന് ഉറപ്പുണ്ടോ എന്നൊക്ക നോക്കിയാണ് കടം കൊടുക്കുന്നത് . ഇതൊക്കെ കഴിഞ്ഞും ഏതാണ്ട് 9 ലക്ഷം കോടിയാണ് നമ്മുടെ ബാങ്കുകളെ ഗോപി വരപ്പിച്ചു കൊണ്ട് വൻ പണച്ചാക്കുകൾ ലണ്ടനിലേക്ക് മുങ്ങിയത്.

ഇവിടെ കാശു കടം കിട്ടാനില്ലെങ്കിൽ വിദേശത്തുള്ള മുതലാളി സംരംഭകരിൽ നിന്നും കാശു പലിശക്ക് കടം വാങ്ങുന്നു . അങ്ങനെ മസാല ബോണ്ട് എന്ന കടപ്പത്രം ഇറക്കി വിദേശ മുതലാളിമാരോട് ഞങ്ങൾക്ക് കുറെ കാശു വേണം എന്ന് പറയാനാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നമ്മുടെ മുഖ്യ മന്ത്രി ധനകാര്യ മന്ത്രി പരിവാരങ്ങൾ എല്ലാം കൂടി പോയി മണി അടിച്ചത്.

കേന്ദ്ര സർക്കാരിന് 2013 മുതൽ കമ്മി കൂടി പല പദ്ധതികളും നടത്താൻ കാശില്ലാത്ത അവസ്ഥയിലാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇന്ത്യൻ രൂപയുടെ പേരിൽ കടപ്പത്രമിറക്കിയാൽ കാശു കടം തരാൻ ആളുണ്ടാകും എന്ന് ഉപദേശിച്ചത് രഘുറാം രഞ്ജനാണ് . അതിന് മുമ്പ് 2007 മുതൽ ചൈനീസ് കമ്പനികൾ ഡിം സം ബോണ്ട് എന്ന പേരിൽ കടപ്പത്രമിറക്കി കാശു വൻ തോതിൽ കടം വാങ്ങിയിട്ടുണ്ട് . ചൈനക്കാരന് ഡിം സം കടമെങ്കിൽ ഇന്ത്യക്കാരൻ മൊത്തം കുറെ എരിവും പുളിവുമുള്ള വിളഞ്ഞ കക്ഷികളായതുകൊണ്ട് അവര് രൂപയിൽ കടമെടുക്കുന്നതിനെ മസാല കടപ്പത്രം എന്ന് വിളിച്ചു

അതിന് മസാല ബോണ്ട് എന്ന പേര് കൊടുത്തത് വേൾഡ് ബാങ്ക് ഗ്രൂപ്പിലെ ഇന്റർ നാഷണൽ ഫിനാൻസ് കോർപ്പഡറേഷനാണ് .പക്ഷെ ഈ മസാല ബോണ്ടിന് റിസേർവ് ബാങ്ക് 2015 ഇൽ അംഗീകാരം കൊടുത്തത് മുതലാണ് സംഗതി ഓടാൻ തുടങ്ങിയത് .ഇപ്പോൾ മസാല ബോണ്ട് ഉപയോഗിച്ചു 750 മില്യൺ ഡോളർ വരെ പ്രതിവർഷം സംഘടിപ്പിക്കാം.

അപ്പോൾ അധികം ഡെക്കറേഷൻ ഇല്ലാതെ പറഞ്ഞാൽ സംഗതി ഇന്ത്യൻ രൂപയിൽ കടപത്രമിറക്കി വിദേശ ഫിനാൻസ് മാർകെറ്റിൽ നിന്ന് പലിശക്ക് കടം വാങ്ങുന്ന ഏർപ്പാട് തന്നെ .ഇന്ത്യൻ രൂപയിൽ പൈസ കടപത്രത്തിൽ ഇറക്കുന്നവർക്കാണ് എക്‌സ്‌ചേഞ്ചു റേറ്റ് റിസ്‌ക്ക് . പക്ഷെ കാശ് തിരിച്ചടിക്കേണ്ടത് ഡോളറിലാണ് . മസാല ബോണ്ട് മാർക്കറ്റ് താരതമ്യേന ഒരു ചെറിയ മാർക്കറ്റ് സെഗ്മെന്റാണ് . ഇപ്പോഴത്തെ കുഴാമറിഞ്ഞ സാമ്പത്തിക പരിസ്ഥിയും അമേരിക്ക -ചൈന വ്യപാര ടെൻഷനും എല്ലാം മസാല ബോണ്ട് മാർക്കറ്റിനെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം .

പണ്ട് കേരളത്തിൽ കടം കിട്ടിയില്ലെങ്കിൽ മദ്രാസില് പോയി ചെട്ടിയാരോട് പലിശക്ക് കടം വാങ്ങുന്ന പരിപാടി. ഇപ്പോൾ ലണ്ടൻ സ്റ്റോക്ക് എസ്ചേഞ്ചിൽ പോയി ലോകത്തുള്ള ചെട്ടിയാന്മാരോട് വയ് ചേട്ടാ വെയ് ,നല്ല പലിശ തരാം വെയ് ചേട്ടാ വായ് കാശും പലിശേം കൃത്യ സമയത്തു തിരികെ തരുമെന്ന് സർക്കാർ ഗാരെന്റി . ആ ഗ്യാരന്റി അന്താരാഷ്ട്ര ഫിനാൻസ് മുതലാളിത്ത ചന്തയായ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പോയി മണി അടിച്ചു അറിയിക്കാനാണ് നമ്മുടെ ബഹുമാനപെട്ട മുഖ്യ മന്ത്രി ലണ്ടനിൽപോയത് .

ഈ മസാല ബോണ്ട് ലണ്ടൻ കടച്ചന്തയിലിറക്കി ആദ്യം കാശു സംഘടിപ്പിച്ചത് കേരളത്തിലെ വിപ്ലവകാരികൾ പണ്ട് തൊട്ട് 'സാമ്രാജ്യത്ത കുത്തക ' എന്ന് വിശേഷിപ്പിച്ച വേൾഡ് ബാങ്കാണ്. ഇന്ത്യയിലെ റോഡ് , പാലം , ഫ്‌ളൈ ഓവർ മുതലായ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന് സ്വകാര്യ മാർകെറ്റിൽ നിന്ന് ആയിരം കോടി രൂപ 2014 നവമ്പറിൽ ഇറക്കിയകടപത്രത്തിലൂടെ സംഘടിപ്പിച്ചു .വീണ്ടും വേൾഡ് ബാങ്ക് 2015 ഇൽ ഒരു 3150 കോടി രൂപ ഇവിടെ ക്ലൈമറ്റ് ചേന്ജ്ജു മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പിനികൾക്കു വേണ്ടി സംഘടിപ്പിച്ചു .പിന്നെ ആദ്യമായി ഒരു ഇന്ത്യൻ ബാങ്ക് HDFC ബാങ്ക് 2016 ഇൽ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്ന് 3000 കോടി കടം സംഘടിപ്പിച്ചു .പിന്നെ നാഷണൽ ഹൈവേ അഥോറിറ്റി .

അങ്ങനെ നാട് ഓടുമ്പോൾ നടുവേ ഓടണമെന്നും ഹം കിസി സെ കം നഹി എന്നൊക്ക വാശിയുള്ള കേരള സർക്കാരും മസാല ബോണ്ടിൽ കയറിപിടിച്ചു . കിഫ്ബി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അക്ഷയ പാത്രമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് 1999 ഇൽ തുടങ്ങിയ സ്പെഷ്യൽ പർപ്പൊസ് വെഹിക്കിൾ എന്ന ഏർപ്പാടാണ് .അത് പൊതു മേഖലയിൽ ഉള്ള ഒരു സ്റ്റാറ്റയൂറ്ററി ബോഡിയാണ് .അത് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായി ആണ് വിഭാവനം ചെയ്തത് . എന്നാൽ ആഭ്യന്തര മാർകെറ്റിൽ നിന്നെ അതിന് കടം മേടിക്കാൻ അധികാരമുള്ളായിരുന്നു . ചില പരിധികളൊക്കെ ഉണ്ടായിരുന്നു .2016 ഇൽ അത് പൊളിച്ചെഴുതി പുതിയ നിയമുണ്ടാക്കി . അത് പൂർണ്ണമായി നിയോ ലിബറൽ മോഡലാണ് . പൈസ വിദേശത്തു നിന്നോ സ്വദേശത്തു നിന്നോ ഡോളർ മാർകെറ്റിൽ നിന്നോ ഒക്കെ സംഘടിപ്പിക്കാം .

നമ്മുടെ ഐസക് മന്ത്രിയുടെ സ്വപ്ന പദ്ധതികളെല്ലാം കിഫ്ബി കിഫ്ബി കിഫ്ബി എന്ന അക്ഷയ പാത്രത്തിൽ നിന്നാണ് എന്ന് പറഞ്ഞിട്ടും അത് അത്ര മാത്രം ക്ലച് പിടിച്ചില്ല. പ്രവാസി ചിട്ടി ഫണ്ടും ഒക്കെ പ്രസംഗ വാഗ്ദാനങ്ങൾക്ക് അനുസരിച്ചു ക്ലച്ചു പിടിച്ചില്ല. അങ്ങനെയാണ് ഇവിടെ കടം കിട്ടിയില്ലേൽ ലണ്ടൻ ചന്തയിലോ സിംഗപ്പൂർ ചന്തയിലോ പോയി മസാല ബോണ്ട് ഇറക്കി കടം സംഘടിപ്പിച്ചാലോ എന്നായി ചിന്ത . അത് മാത്രമല്ല കഴിഞ്ഞ വര്ഷം മസാല ബോണ്ടിലൂടെ പണം നിക്ഷേപിക്കുന്നവരുടെ മേളിൽ ചുമത്തിയിരുന്ന 5% നികുതി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു . പിന്നെ കഴിഞ വര്ഷം റിസേർവ് ബാങ്കിന്റെ അംഗീകാരം കിട്ടി . . അത് കഴിഞ്ഞു കൃത്യമായ പ്ലാനിങ് . കാര്യം എല്ലാം പറയണമെല്ലോ . ഇന്ത്യയിൽ തന്നെ ഈ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ഡോ കെ എം എബ്രഹാമാണ് കിഫ്ബി യുടെ സി ഇ ഓ .ഈ രംഗത്ത് വളരെ പരിചയമുള്ള സഞ്ജീവ് കൗശിക്ക് ആണ് ഡെപ്യൂട്ടി . കിഫ്ബി യുടെ മാനേജേനെന്റ് കപ്പാസിറ്റി മികച്ചതാണ് എന്നാണ് എന്റെ അഭിപ്രായം . അതാണ് അതിന് വിദേശമാർകെറ്റിൽ സാമാന്യം നല്ല വിലയിരുത്തൽ കിട്ടിയത് .സർക്കാർ ചുവന്ന നാടകൾക്ക് അപ്പുറമാണ് എന്നതും കാര്യമാണ്

കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് നിശ്ചയിക്കുന്ന അന്താരാഷ്ട സ്വകാര്യ കുത്തക ഏജൻസി നമ്മൾക്ക് ഒരു ആവറേജ് BB തന്നു ഏറ്റവും നല്ലത് AAA യാണ് . BB എന്ന് പറഞ്ഞാൽ വലിയ കുഴപ്പമില്ലത്ത പാർട്ടി എന്നർത്ഥം. പക്ഷെ ക്രെഡിറ്റ് റേറ്റിങ് കുറയുന്നതിന് അനുസരിച്ചു പലിശ കൂടും. കാര്യം എന്ത് പറഞ്ഞാലും കേരളത്തിന് വിദേശ ചെട്ടിയാരുമാർ പോലും കടം തരാൻ തയ്യാറായി എന്നതാണ് സർക്കാരിനെയും നമ്മളെയും സന്തോഷിപ്പിക്കുന്നത് .അത് മാത്രമല്ലഅന്താരാഷ്ട്ര സ്വകര്യ ബൂർഷ മുതലാളിമാരിൽ നിന്നും കടം വാങ്ങുന്ന ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമാണ് എന്നത് നമ്മളെ കോൾമയിർകൊള്ളിക്കും . മാത്രമല്ല ലണ്ടനിലെ മുതലാളിത്ത ചന്തയിൽ വരെ കേരളത്തിന് ഡിമാൻഡ് ഉണ്ടെന്ന് സ്ഥാപിച്ച ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ .ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പോയി മണിയടിച്ച ലോകത്തെ ആദ്യത്തെ കറകളഞ്ഞ ശുദ്ധ കമ്മ്യൂണിസ്റ്റ് മാർക്‌സിറ്റ് നേതാവ് നമ്മുടെ കേരളത്തിന്റെ സ്വന്തം നേതാവാണ് എന്നതിൽ വികസന സ്‌നേഹികളായ ഓരോ മലയാളിയും അഭിമാനം കൊള്ളണം .

അങ്ങനെയാണ് കേരളം 2150 കോടിക്ക് വേണ്ടിയുള്ള കടപ്പത്രം പ്രതി വർഷം 9.723% പലിശ കൊടുക്കാമെന്ന കരാറിൽ ഇറക്കി യിരിക്കുന്നത് . അത് ഇറക്കുന്നതിന് കൂടെ നിൽക്കുന്നത് ഇന്ത്യയിലെ ആക്‌സിസ് ബാങ്കും സ്റ്റാൻഡേർഡ് ചാർറ്റെഡ് എന്ന വിദേശ ബാങ്കുമാണ് .വർഷം തോറും പലിശ 210 . കോടി . അഞ്ചു കൊല്ലത്തെ . അഞ്ചു കൊല്ലത്തെ പലിശയും മാനേജ്‌മെന്റ് ഫീയും 1050 കോടി രൂപ .ചുരുക്കത്തിൽ മൊത്തം അഞ്ചു കൊല്ലത്തിന് അകം തിരികെ അടക്കണ്ടത് 3200 കോടി രൂപയാണ്. ഉള്ളത് പറയണമല്ലോ ബജറ്റ് കടം കയറി കയറി പരിധി എത്തിയതിനാൽ വേറെ എന്തെങ്കിലും വഴി കടമെടുത്താലേ ഇവിടെ റോഡും പാലവും ആശുപത്രീമൊക്കെ വികസിപ്പിക്കുവാൻ സാധിക്കുള്ളൂ . അതൊക്ക നല്ല കാര്യം .പക്ഷെ കടം കൂട്ടി കൂട്ടി കെണിയിൽപെട്ടാൽ പണി പാളും . കാരണം ഇത് അന്താരാഷ്ട സ്വകാര്യ കട മാർകെറ്റിൽ നിന്ന് എടുക്കുന്ന കടമാണ് .

സംഗതി കിഫ്ബി , പൊതു ബജറ്റിന് പുറത്തുള്ള സെറ്റ് അപ്പ് ആണ് .പക്ഷെ കേരള സർക്കാർ ആണ് ഈ കാശിന് ഗ്യാരന്റി .കേരള സർക്കാരിന് സ്വന്തമായി കാശില്ലല്ലോ .ആ സംഭവം ഓടുന്നത് നമ്മൾ അറിഞ്ഞും അറിയാതെയും നമ്മുടെ കൈയിൽ നിന്ന് പിരിക്കുന്ന പല തരം കരങ്ങൾ കൊണ്ടാണ് . ചുരുക്കം പറഞ്ഞാൽ ഈ സർക്കാർ എന്ന് പറയുന്ന സൂത്രത്തിന്റെ ഗ്യാരന്റി ഐസക് മന്ത്രിയും മുഖ്യ മന്ത്രിയുമൊന്നുമല്ല ഇവിടുത്തെ ജനങ്ങളാണ്. അപ്പോൾ ലണ്ടിനിൽ പോയി കടം വാങ്ങിയാലും.കാനഡയിലെ കുബെക്കിലെ സായിപ്പ്മാരുടെ പെൻഷൻ ഫണ്ട് ആയ CDPQ ആയാലും കട ബാധ്യത കേരളത്തിലെ ജനങ്ങളുടെ മേളിൽ തന്നെ.

സത്യത്തിൽ ഇനി കാര്യം പറയാമല്ലോ .കേരളത്തിന്റെ ആകെ മൊത്തം കാര്യങ്ങൾ നോക്കുമ്പോൾ ഇവിടെ കാര്യങ്ങൾ നടക്കണമെങ്കിൽ കടം മേടിക്കണം . നാട്ടിൽ കിട്ടാവുന്നടേതെല്ലാം കൂടി ഏതാണ്ട് 2 ലക്ഷത്തിലധികം കടം .പലിശ കൊടുക്കാൻ മാത്രം മൊത്തം ബജറ്റിന്റെ 16% .ഇവിടെ കടം കിട്ടാതായപ്പം നമ്മൾ ലണ്ടൻ ചന്തയിൽ ഇറങ്ങി ഒന്ന് കറങ്ങുന്നു .അത്ര മാത്രം. കേരളത്തിന്റെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അല്ലെങ്കിൽ അകെ മൊത്തം സാമ്പത്തിക അവസ്ഥ ഏതാണ്ട് 8 .76 ലക്ഷം കോടി രൂപക്കടുത്തു ( കൃത്യമായി 8, 75, 514 കോടി ) എന്നാണ് കണക്ക് . ഈ നടപ്പ് വർഷ ബജറ്റ് ഏകദേശം 1 .42 ലക്ഷം കോടി (1,41,980) .ഈ വര്ഷം നമ്മൾ സർക്കാർ സെറ്റ് അപ്പ് ഓടിക്കാനും നാട് വികസിപ്പിക്കുവാനും കടമെടുക്കുന്നത് 26, 291 കോടി .ചുരുക്കത്തിൽ കേരളത്തിന്റ ആകെമൊത്തം വരുമാനത്തിന്റെ മൂന്നിലൊന്നോളം കടം കേറും .ഇപ്പോൾ ഏതാണ്ട് മുപ്പത് ശതമാനം .അതിന്റ കൂടെ ഒരു മൂവായിരത്തി ശിഷ്ടവും കൂടിയാൽ ആന വായിൽ അമ്പഴങ്ങ .അത് മാനേജ് ചെയ്യും. വീണ്ടും കടം മേടിച്ചു

അങ്ങനെ കടം വാങ്ങിയാൽ വീണ്ടും വീണ്ടും കടം വാങ്ങി നമ്മൾ പലിശ സഹിതം തിരികെ കൊടുത്തു കൊണ്ടേയിരിക്കും .കടം കേറി മുടിയുമോ എന്ന് അറിയണമെങ്കിൽ കുറെ കാലം കൂടിപിടിക്കും . അപ്പോഴേക്കും ഇപ്പോൾ ഭരിക്കുന്നവർ അടിത്തൂൺ പറ്റും . കടമെടുത്തു ഓണ സദ്യ ഉണ്ണുമ്പോൾ , ഹാ പ്രധമനു എന്ത് രുചി എന്ന് പറയുന്നത് പോലെയാണ് കേരളത്തിന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വരെ വിലയുണ്ടെന്നു അർമാദിക്കുന്നവർ ചെയ്യുന്നത് .അപ്പൻ കടമെടുത്തു വീട് പണിയിച്ചിട്ട് തട്ടിപ്പോയ ശേഷം മക്കളുടെ കാലത്തു വീട് ജപ്തി ചെയ്യല്ലെന്ന് പ്രത്യാശിക്കാം ..അന്താരാഷ്ട്ര മാർക്കറ്റിലെ കടക്കെണിയിൽ അകപ്പെട്ടു നട്ടം തിരിഞ്ഞു കോൺ തെറ്റിയ കുറെ രാജ്യങ്ങളുണ്ട് .ഈ കടം ചിന്ന കടം .ഇത് പലിശ സഹിതം ആറാറു മാസം കൊടുത്താൽ നമ്മുക്ക് കൂടുതൽ ക്രെഡിറ്റ് റേറ്റിങ് കിട്ടി കൂടുതൽ ബോണ്ടിറക്കം . പക്ഷെ സംഗതി സൂക്ഷിച്ചില്ലെങ്കിൽ കടം നമ്മളെ മുക്കും .അതുകൊണ്ട് ജാഗ്രതൈ

എന്തായാലും എത്രയൊക്കെ വിപ്ലവം ഇടത് പക്ഷം എന്നൊക്ക ലോകത്തെല്ലായിടത്തും പോയി മലയാളി വാചകമടിക്കുമെങ്കിലും മലയാളി പ്രായോഗികമതികളാണ് നാട്ടിൽ പണി കിട്ടിയില്ലെങ്കിൽ നമ്മൾ ആഗോള ചന്തയിൽ ഇറങ്ങി ശമ്പളം വാങ്ങും ..നാട്ടിൽ നമുക്ക് വിപ്ലവം പറഞ്ഞിട്ടും ജോലി കിട്ടിയില്ലെങ്കിൽ നമ്മൾ കൂളായി ഗൾഫിലും ന്യൂയോർക്കിലും ലണ്ടനിലും മെൽബണിലും ഒക്കെപ്പോയി നല്ലവിലയും നിലയുമുള്ളൂ ഡോളറും , ദിർഹവും , പൗണ്ടും യൂറോയിലും ആഗോള മുതലാളിത്ത വ്യവസ്ഥിതിയിൽ നിന്ന് വാങ്ങി കൂട്ടി സന്തോഷമായി ജീവിക്കും .പക്ഷെ പണ്ട് പാടി പഠിച്ച മുതലാളിത്വ ബൂർഷകൾക്കെതിരെ ഇടത് പക്ഷ പ്രതിരോധം സ്റ്റാർബാക്‌സ് കോഫി കുടിച്ചു കൊണ്ട് നമ്മൾ നന്നായി ചെയ്യും .നമ്മളെകണ്ടല്ലേ നമ്മുടെ നേതാക്കളും പഠിക്കുന്നത്.

അപ്പോൾ ലെഫ്റ്റ് -റൈറ്റ് - ലെഫ്റ്റ് -റൈറ്റ് എന്ന് തൊണ്ണൂറ് മുതൽ ചാടി കിളിത്തട്ട് കളിക്കുന്ന നമ്മള് പുരോഗമന മലയാളികളാണ് നമ്മുടെ നേതാക്കളുടെ ആശയും ആവേശവും. നമ്മൾ ആഗോളവൽകൃത മുതലാളിത്വാ വ്യവസ്ഥയുടെ ഭാഗമായിട്ട് കൊല്ലം മുപ്പതായി. കേരളത്തിന്റ വളർച്ച നിരക്ക് കൂട്ടിയത് ആഗോള മാർകെറ്റിൽ നിന്ന് നമ്മുടെ എക്‌സ്‌പോർട്ട് മേന്മയുള്ള മനുഷ്യരെ കയറ്റി അയച്ചു റെമിറ്റൻസ് വന്നതുകൊണ്ടാണ് .പണ്ട് നമുക്ക് നാട്ടിൽ ജോലിയും കൂലിയും കിട്ടാതെ നമ്മൾ വണ്ടി കയറി ലോകമെങ്ങും പോയി ശമ്പളം വാങ്ങി.

നമ്മുടെ സർക്കാരിന് നാട്ടിൽ കടം കിട്ടാതായപ്പോൾ നമ്മളെപ്പോലെ അവരും ആഗോള ചന്തയിലിറങ്ങി മണിയടിച്ചു പത്തു പുത്തൻ നമ്മുടെ നന്മക്ക് വേണ്ടി കടം മേടിക്കുന്നതിൽ അഭിമാനിക്കാം. പിന്നെ നീല വെള്ളത്തിൽ വീണാലും കുറുക്കൻ കൂവും എന്നത് പോലെ നമ്മൾക്ക് ലണ്ടനിലും ന്യൂയോർക്കിലും ദുബായിലും ഇരുന്നു മുതലാളിത്വ സാമ്രാജ്യ വ്യവസ്ഥകളെയും നാട്ടിലെ വലത് പക്ഷ പെറ്റി ബൂർഷ്വാ വർഗ്ഗ ശത്രുക്കളെയും പ്രതിരോധിക്കാം

എന്നിട്ട് ലണ്ടൻ മുതാളിത്വ ചന്തക്കു പുറകിലുള്ള മാർക്‌സ് പുണ്യവാള പ്രവാചകന്റെ കുടീരത്തിൽ മുന്നിൽ പോയി ഇൻക്വലാബ് സിന്ദാബാദ് വിളിച്ചു ആശ്വസിക്കാം. നമ്മൾ ഇപ്പോൾ പെരിസ്ട്രോയ്ക്ക ഒക്കെ കഴിഞ്ഞു സഖാവ് ഡെങ്‌സിയാപ്പിങിന് ഒപ്പമാണ്. ലോകം മൊത്തം ചൈനീസ് ലൈൻ പിന്തുടരുമ്പോൾ നമ്മളായിട്ട് എന്തിന് കുറക്കണം അതല്ലേ ഡിം സം ബോണ്ടിന് പിറകെ നമ്മുട കേരള അവിയൽ മസാല ബോണ്ടുമായി ആഗോള ചന്തയിൽ ചന്തമായി ഇറങ്ങിയത്. എല്ലാം നല്ലതിന് എന്ന് വിചാരിച്ചു ആശ്വസിക്കാം.


(2019 മേയിൽ എഴുതിയ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP