Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ബജറ്റ് പ്രസംഗ കവർ പേജിലുള്ളത് ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തൽ; പൊതുവെ ഗാന്ധി വിമർശകരായ മാർക്‌സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവർത്തകനായ നമ്മുടെ ധനമന്ത്രി അത് ഉപയോഗിച്ചതിലെ രാഷ്ട്രീയം ഇന്നു പ്രസക്തം; കേന്ദ്ര സർക്കാരിനു നേരെയുള്ള വിമർശനത്തിൽ അല്പം കഴമ്പുണ്ട്; പക്ഷെ അത് മാത്രമല്ല കേരളത്തിലെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് പ്രശ്‌നം: ആടിനെ ആനയാക്കുന്ന വിദ്യ: ജെ എസ് അടൂർ എഴുതുന്നു

ബജറ്റ് പ്രസംഗ കവർ പേജിലുള്ളത് ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തൽ; പൊതുവെ ഗാന്ധി വിമർശകരായ മാർക്‌സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവർത്തകനായ നമ്മുടെ ധനമന്ത്രി അത് ഉപയോഗിച്ചതിലെ രാഷ്ട്രീയം ഇന്നു പ്രസക്തം; കേന്ദ്ര സർക്കാരിനു നേരെയുള്ള വിമർശനത്തിൽ അല്പം കഴമ്പുണ്ട്; പക്ഷെ അത് മാത്രമല്ല കേരളത്തിലെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് പ്രശ്‌നം: ആടിനെ ആനയാക്കുന്ന വിദ്യ: ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ബജറ്റ് ചിത്രങ്ങൾ, വിചിത്രങ്ങൾആടിനെ ആനയാക്കുന്ന വിദ്യ

ബജറ്റ് പ്രസംഗം 194 പേജാണ്. എന്താണ് അതിൽ ഏറ്റവും ഇഷ്ട്ടപെട്ടത്.? ബജറ്റ് പ്രസംഗ കവർ പേജിലുള്ള ചിത്രമാണ്. ഗാന്ധിജിയുടെ രക്ത സാക്ഷിത്വത്തിന്റെ അടയാളപ്പെടുത്തൽ. പൊതുവെ ഗാന്ധി വിമർശകരായ മാർക്‌സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവർത്തകനായ നമ്മുടെ ധന മന്ത്രി അത് ഉപയോഗിച്ചതിലെ രാഷ്ട്രീയം ഇന്നു പ്രസക്തമാണ്. ബജറ്റ് ഒരു രാഷ്ട്രീയ പ്രസ്താവം എന്ന് കൃത്യമായി പറയുകയാണ് അദ്ദേഹം. എന്തായാലും കേന്ദ്ര സർക്കാരിനു നേരെയുള്ള വിമർശനത്തിൽ അല്പം കഴമ്പുണ്ട്. പക്ഷെ അത് മാത്രമല്ല കേരളത്തിലെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് പ്രശ്‌നം.

ബജറ്റ് ഇൻ ബ്രീഫിന്റ കവർ ചിത്രവും മനോഹരം.

പിന്നെ ഏത് ചിത്രമാണ് വിചിത്രം? . വെറും നാലു മണിക്കൂറുംകൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടിന് കുതിക്കുന്ന ജപ്പാൻ മാതൃകയിലുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ വെറും ആയിരത്തി അഞ്ഞൂറിൽ താഴെ രൂപ മുടക്കി യാത്ര ചെയ്യുന്ന സ്വപ്ന ചിത്രം. പക്ഷെ ആ ചിത്രം പണ്ട് നമ്മുടെ പ്രിയ മന്ത്രി പറഞ്ഞത് പല സ്വപ്നങ്ങൾ പോലെ അത് അദ്ദേഹത്തിന്റെ മനസ്സിലാണ്. അല്ലാതെ അതിന്റ പ്രൊപോസലോ, ഫണ്ടിങ്ങോ, കോസ്റ്റ് -ബെനിഫിറ്റ് അനാലിസിസോ ഒന്നും നടന്നിട്ടില്ല. എന്തായാലും സംഗതി പണ്ടും പലരും പറഞ്ഞിട്ട് ഉണ്ടെങ്കിലും 2030 ൽ എങ്കിലും ആരെങ്കിലും നടത്തിയാൽ ആദ്യം ബജറ്റിൽ പറഞ്ഞത് നമ്മുടെ മന്ത്രിയാണ് എന്ന് പ്രത്യാശിക്കാം.

ബജറ്റ് ആകെ മൊത്തം കാര്യമെന്താണ്? നികുതിയും അല്ലാത്തതും കടവും എല്ലാകൂടി പ്രതീക്ഷിക്കുന്ന വരുമാനം 1.44211 ലക്ഷം. കോടി ചെലവ് 1.44265 ലക്ഷം. കോടി ഡെഫിസിറ്റ് 29, 295കോടി. ബജറ്റ് വരുമാനത്തിന്റെ 47% ശതമാനം ജി എസ് ടി ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധ നികുതി വരുമാനമാണ്. 10% നികുതി ഇതര വരുമാനമാണ്. ലോട്ടറിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് 15, 000 കോടിയാണ് അതിൽ മദ്യത്തിൽ നിന്നുള്ള ലാഭവും ഉണ്ട്. 23% യൂണിയൻ സർക്കാരിൽ നിന്ന് ലഭിക്കുന്നത്. 20% ക്യാപ്പിറ്റൽ വരുമാനം.ഇതിൽ കടവും പെടും.

കഴിഞ്ഞ മൂന്ന് വർഷത്തെ ബജറ്റ് പരിശോധിച്ചാൽ കാണുന്ന ചിത്രം വിചിത്രമാണ്. ബഡ്ജറ്റ് എസ്റ്റിമേറ്റിൽ വരുമാനവും ചിലവും വാഗ്ദാനങ്ങളും കൂട്ടിയിട്ട് ബജറ്റ് പ്രസംഗത്തിൽ കത്തിക്കയറും. അവകാശങ്ങൾ യഥേഷ്ടം പറയും. ഇഷ്ട്ടം പോലെ പുട്ടിനു പീര പോലെ സാഹിത്യവും ചേർക്കും. പക്ഷെ റിവൈസ്ഡ് ബഡ്ജറ്റിൽ വരുമാനവും ചിലവും വാഗ്ദാനങ്ങളും ആരും അറിയാതെ ചുരുങ്ങും. യഥാർത്ഥ ചെലവ് അതിലും താഴെ. പണ്ട് കെ എം മാണിയെ ഡോ തോമസ് ഐസക് പ്രതിപക്ഷത്തിരുന്നു വിമർശിച്ചപ്പോൾ അതിനോട് യോജിച്ചയാളാണ്. ഇപ്പോൾ ആ പഴയ വാഗ്ദാനം പായസം പ്രസംഗത്തിൽ നമ്മുടെ ധന മന്ത്രി തോമസ് ഐസക് വിളമ്പുന്നതിൽ അല്പം വിരോധാഭാസമുണ്ട്. അതാണ് പ്രധാന പ്രശ്‌നം. ഓവർ പ്രോമിസിങ്. അണ്ടർ ഡെലിവെറിങ്.

ബജറ്റിലെ നല്ല കാര്യങ്ങൾ...

ബജറ്റിൽ പല നല്ല നിർദേശങ്ങളുമുണ്ട്. അതിൽ ഇഷ്ടപെട്ടത് സ്ത്രീകൾക്കായി ബഡ്ജറ്റ് അലോക്കേഷൻ കൂട്ടി സ്ത്രീ പക്ഷ ബജറ്റ് ആകുവാനുള്ള ശ്രമമാണ്. എല്ലാ ജില്ലകളിലും ഷീ ലോഡ്ജ് ഒക്കെ നടന്നാൽ കൊള്ളാം. പിന്നത്തേത് അഞ്ഞൂറ് പഞ്ചായത്തിലും നഗരങ്ങളിലും വേസ്റ്റ് മാനേജ്‌മെന്റ് നടപ്പാക്കും എന്നതാണ്. എത്ര മാത്രം നടന്നു എന്നു അടുത്ത വർഷം കണ്ടിട്ട് പറയാം.

അത് പോലെ നാട്ടിലെല്ലാം 12000 വൃത്തിയുള്ള ടോയ്‌ലറ്റ് നമ്മുടെ ടൂറിസം മേഖലക്ക് നല്ലതാണ്. മാത്രമല്ല അത് അല്പം ഭാവനയുടെ ആവിഴ്കാരിച്ചാൽ ടോയ്‌ലറ്റ് - യൂറ്റിലിറ്റി ഷോപ്പ് /കോഫി ഷോപ്പ്, പാർക്കിങ് ഉൾപ്പെടെ സംഘടിപ്പിച്ചാൽ അത് ഏകദേശം അമ്പതിനായിരം പേർക്ക് പുതിയ സംരംഭകത്വ സാധ്യതതയും തൊഴിൽ സാധ്യതയും നൽകും. പിന്നെ ബസ് സർവീസോക്കെ ആപ്പ് ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരത്തിലാക്കിയാലും കൊള്ളാം. ജല ഗതാഗതം തുറന്നു കൊടുത്താൽ അത് മാറ്റങ്ങളുണ്ടാകും. വൈദ്യതി ഉപയോഗം കുറക്കാൻ എൽ ഇ ഡി ബൾബ് നടപ്പാക്കാവുന്ന കാര്യമാണ്.

ഈ സർക്കാരിന്റെ കാലത്തു ചെയ്ത ഒരു നല്ല കാര്യം പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഏതാണ്ട് പുതിയ അഞ്ചു ലക്ഷം കുട്ടികൾ പൊതു സർക്കാർ വിദ്യയാലങ്ങളിൽ പോകുന്നു വെന്നതാണ്. ഒരു കാര്യം കൂടി അറിഞ്ഞാൽ മതി വിദ്യാഭ്യസത്തിന്റ/ വിദ്യാർത്ഥികളുടെ ഗുണനിലവാരം. ഇപ്പോൾ എന്തെങ്കിലും എഴുതിയാൽ എല്ലാവരും ജയിക്കുന്ന കാലത്ത്, 12 ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽപ്പോലും പലർക്കും മലയാളമോ ഇഗ്‌ളീഷോ തെറ്റ് കൂടാതെ വായിക്കാൻ പ്രയാസമാണ് എന്ന് നേരിട്ട് മനസ്സിലാക്കിയതുകൊണ്ട് പറഞ്ഞതാണ്.

സർക്കാർ താരതമ്യേന നല്ല പ്രകടനം കാഴ്‌ച്ച വച്ച ഒരു രംഗം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും നിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചു എന്നതാണ്. മന്ത്രിമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ച വെച്ചത് ആരോഗ്യ മന്ത്രിയാണ്

കുടുംബശ്രീ നാട്ടിലെല്ലാം ആയിരം ഹോട്ടലുകൾ തുടങ്ങി 25 രൂപക്ക് ഭക്ഷണം കൊടുക്കുന്നു എന്നത് കേൾക്കാൻ കൊള്ളാം. പക്ഷെ 2006 ഇൽ ഇതു പോലെ ഒരു കുടുംബശ്രീ പദ്ധതി പരാജയപ്പെട്ടതിൽ നിന്ന് എന്താണ് പഠിക്കണ്ടത്? നേരിട്ടുള്ള സബ്സിഡി ഇല്ലാതെ 25 രൂപക്ക് ഊണ് കൊടുക്കുക കച്ചോടം പൊട്ടും. ഒരു റെസ്റ്റോറന്റ് നടത്തി പരിചയമുള്ളതുകൊണ്ട് പറയുകയാണ്. മാത്രമല്ല. അങ്ങനെ സബ്സിഡി റെസ്റ്ററെന്റ് ആയിരക്കണക്കിന് തുടങ്ങിയാൽ സ്വയം തൊഴിൽ ചെയ്തു ചെറുകിട റെസ്റ്റോറന്റകൾ നടത്തുന്ന പതിനായിരക്കണക്കിന് ആളുകൾ ചെറുകിട കാപ്പിക്കടയും റെസ്റ്റോറെന്റുകളും പൂട്ടേണ്ടി വരും

എന്തായാലും ചെലവ് ചുരുക്കലിന്റെ ഭാഗമായി കേരള ലോക മഹാ സഭക്ക് വേണ്ടി കൊടുത്തിരിക്കുന്നത് വെറും 12 കോടി മാത്രം അത് പോലെ വേറെ സർക്കാർ മാമാങ്കങ്ങൾക്കും കൊറ്റികളുണ്ട്. ഇങ്ങനെ നടത്തുന്ന വലിയ സർക്കാർ പി ആർ മാമാങ്കങ്ങളും മാന്ദ്യ പാക്കേജിന്റ് ഭാഗമാണോ? അതുകൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം? കെ സി എച് ആറിന് 9 കോടിയുണ്ട്. അങ്ങനെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിവിധ സർക്കാർ ഇതര സംരഭങ്ങൾക്കും കൊടികളുണ്ട്. പക്ഷെ ഇവയുടെ പെർഫോമൻസ് ഔട്ട്കം എന്താണ് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

പല നല്ല കാര്യങ്ങളും ചെയ്യുവാനുള്ള ശ്രമം നല്ലതാണ് . പക്ഷെ എന്താണ് പ്രശ്‌നം? ഈ പറഞ്ഞ കാര്യങ്ങൾക്ക് ചെലവാക്കാൻ പൈസ കിട്ടുമോ. കാരണം കഴിഞ്ഞ വർഷം പറഞ്ഞത് പകുതി പാതിരായി. നികുതി വരുമാനത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് ഏതാണ്ട് പതിനായിരം കോടിയാണ് കുറവ്. കഴിഞ്ഞ പ്രാവശ്യം ബജറ്റ് എസ്റ്റിമേറ്റിൽ പറഞ്ഞ നികുതി വരുമാനം 65, 784.6 കോടി. റിവൈസ്ഡ് എസ്റ്റിമേറ്റിൽ അത് 55, 671.8 കോടി. കുറഞ്ഞത് 10, 000 കോടി രൂപയാണ്. അടുത്ത വർഷത്തെ ബജറ്റ് വരുമ്പോൾ അത്രയെങ്കിലും കിട്ടുമോയെന്നു കണ്ടറിയണം. ഇപ്രാവശ്യം ബജറ്റ് എസ്റ്റിമേറ്റിൽ ഉള്ള നികുതി വരുമാനം 67, 423 കോടി. അതും റിവൈസ്ഡ് എസ്റ്റിമേറ്റിൽ കുറയാനാണു സാധ്യത. കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ മൊത്തം ചെലവ് 1.41980 ലക്ഷം കോടി. അത് റിവൈസ്ഡ് എസ്റ്റിമേറ്റിൽ 1.25642 ലക്ഷം. അതായത് കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പലതും നടന്നില്ല. കാരണം 15, 000 കോടി രൂപയിലധികം രൂപയുടെ കാര്യങ്ങൾ നടന്നില്ല.

നടക്കാത്ത സ്വപ്ന പദ്ധതികൾ

ഐസക്ക് ബജറ്റ് പ്രസംഗങ്ങളിലെ ഒരു പ്രശ്‌നം അദ്ദേഹം ആസ്പിരേഷൻസും റിയാലിറ്റിട്ടും കൂട്ടികുഴച്ചു ഒരു സാലഡ് കാഴ്‌ച്ച വക്കും. മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ പറയും. പക്ഷെ ബജറ്റ് തപ്പി നോക്കിയാൽ കാശില്ല.

കിഫ്ബി യെ കുറ്റം പറഞ്ഞവരെ അദ്ദേഹം മസാല ബോണ്ട് കാണിച്ചുകൊടുത്തു.. പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് കി ഫ് ബി യാണ് ഏറ്റവും നല്ലത് പോലെ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ഉള്ള സ്ട്രാറ്റജി. എന്നിട്ട് കിഫ്ബ് 54, 678 കോടിയുടെ പ്രൊജക്റ്റ് അപ്പ്രൂവ് ചെയ്തു എന്നു പറയും. ഇതു കേൾക്കുന്നവർ ആകെ മതിപ്പ് തോന്നും. എന്നിട്ട് കിഫ്ബി സ്വപ്ന. പദ്ധതികൾ അദ്ദേഹം വിവരിക്കും. നമുക്ക് തോന്നും എല്ലാ അടി പൊളിയാണല്ലോ. പക്ഷെ യാഥാര്ത്ഥത്തിൽ കിഫ്ബി എത്രയാണ് ഇപ്പോൾ ചെലവാക്കുന്നത്. വെറും 4500 കോടി. അപ്പോൾ കേരളത്തിന്റെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (SGDP). ബഡ്ജറ്റ് പറയുന്നത് 9. 78064 ലക്ഷം കോടിയാണ്. എങ്ങനെയാണ് ഇത്രയുമുള്ള ഇക്കോണമിയിൽ അതിന്റ വളരെ ചെറിയ ശതമാനമായ 4500 കോടി കൊണ്ട് എന്ത് സ്റ്റിമുലസ് പാക്കേജാണ് ഉണ്ടാകുന്നത്. അതും വലിയ പലിശക്ക് കടം എടുത്ത തുക. ഇനിയും വരുന്നവർ അടച്ചു തീർക്കണം.

സാമ്പത്തിക വളർച്ച കൂടി, നികുതി കുറഞ്ഞു?

ഈ ഇക്കോണോമിക് സർവേയും നികുതി വരുമാനവും തമ്മിൽ ബന്ധമില്ലാത്തത് എന്താണ് എന്നാണ് ഞാൻ ആലോചിച്ചത്. കാരണം കഴിഞ്ഞ വർഷം കേരളം 7.5 % സാമ്പത്തിക വളർച്ച നേടി. സാധാരണ സാമ്പത്തിക വളർച്ച നേടുമ്പോൾ നികുതി വരുമാനം സ്വാഭാവികമായും കൂടണം. പക്ഷെ കേരളത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. നികുതി വരുമാനം റിവൈസ്ഡ് എസ്റ്റിമേറ്റിൽ തന്നെ പതിനായിരം കോടിയോളം കുറഞ്ഞു. യഥാർത്ഥ കണക്ക് വരുമ്പോൾ അതിലും കുറവായിരിക്കും.

എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്? കാരണം കഴിഞ്ഞ വർഷത്തെ വളർച്ചയുടെ ഒരു കാരണം വെള്ള പൊക്കം കഴുഞ്ഞുള്ള ദുരിത്വാശ്വസീത്തിനും പുനർ നിർമ്മാണത്തിനും വിവിധ ചാനലികളിലൂടെ ഇരുപതിനായിരം കോടി ചെലവായി. പിന്നെ തിരെഞ്ഞെടുപ്പിൽ ഏതാണ്ട് 250 കോടി. രൂപയുടെ മൂല്യം ഇടിഞ്ഞതുകൊണ്ട് രൂപയുടെ അളവിൽ റെമിറ്റൻസ് കൂടി. ഇതെല്ലാം കൂടിയാണ് 7.5 % സാമ്പത്തിക വളർച്ചക്ക് കാരണം . പക്ഷെ സാധനങ്ങൾക്ക് വില കൂടിയതിനാൽ ആവറേജ് പേർസണൽ ഉപഭോഗം കുറഞ്ഞു. അതുകൊണ്ട് തന്നെ വ്യപാരികൾ എല്ലാവർക്കും കച്ചവടം കുറഞ്ഞു. സാമ്പത്തിക പ്രശ്‌നം ഉള്ളതിനാൽ റിയൽ എസ്റ്റേറ്റ് രംഗം മന്ദീഭവിച്ചു. ഇതെല്ലാം നികുതിയെ ബാധിച്ചു .

അന്നും ഇന്നും.

ബഡ്ജറ്റ് പ്രസംഗത്തിൽ ഒരു വലിയ ഭാഗം കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയതിനേക്കാൾ രൂപ കൂടുതൽ ചെലവാക്കി എന്നതാണ്. അത് ഒരു സൂത്രപ്പണിയാണ്. സാമ്പത്തികത്തെ കുറിച്ച് അറിയാവുന്നർക്കറിയാം അത് സ്വാഭാവികമാണ്. കാരണം എന്താണ്? അഞ്ചോ ആറോ കൊല്ലാം മുമ്പുള്ള സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അല്ല ഇപ്പോൾ. 2011-2012 ലെ കേരളത്തിലെ മൊത്തം വരുമാനം ഇപ്പോഴത്തേതിലും എത്രയോ താഴെയാണ്. അന്നത്തെ ബജറ്റിന്റ സൈസ് നോക്കുക.പത്തു കൊല്ലം മുമ്പ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ റെവെന്യു വരുമാനം 26, 526 കോടി. റെവന്യൂ ചെലവ് വെറും 30698 കോടി.. 2011-12 ലെ പ്ലാൻ സൈസ് എത്രയാണ്? വെറും 9141 കോടി. അത് 2014-15 ഇൽ 16797 കോടി. അത് ഇപ്പോൾ 28000 കോടി. അതായത് കേരളത്തിന്റെ ബഡ്ജറ്റ് സൈസ് ഏതാണ്ട് മൂന്നിരട്ടി കൂടി. അപ്പോൾ ചിലവും കൂടും. കേരളത്തിലെ മൊത്തം വരുമാനവും മൂന്നിരട്ടി കൂടി ഏതാണ്ട് 9. 7 ലക്ഷം കോടി 2013 ആദ്യമുള്ള വില നിലവാരം കണക്കുകൂട്ടി ഇപ്പൊഴുള്ളതുമായി താരതമ്യം ചെയ്യുക. സ്വാഭാവികമായും ചെലവ് കൂടും. 2013 ആദ്യം രൂപയുടെ മൂല്യം ഒരു ഡോളറിന് 53-55 രൂപ. ഇപ്പോൾ അത് 69-70.ബജറ്റ് സൈസും ചിലവും കൂട്ടുന്നത് അന്യസരിച്ചു ചിലവും കവറേജും കൂടും. 2009 ലെ ബഡ്ജറ്റ് ചെലവിനെ 2015 ലെ ബഡ്ജറ്റ് ചിലവുമായി ചെയ്താലും കൂടുതൽ ആയിരിക്കും. കാരണം വളരെ സിംപിളാണ്. സാമ്പത്തിക വളർച്ചക്ക് ഒപ്പം ബഡ്ജറ്റ് സൈസും ചിലവും കൂടും. 2025 ലെ ബഡ്ജറ്റ് വച്ചു ഇപ്പോഴത്തെ ബഡ്ജറ്റിനെ അളക്കുന്ന സൂത്രപണിയാണത്. അതുകൊണ്ട് 2016-20 ലെ ബഡ്ജറ്റ് ഫിഗേര്‌സ് വച്ചു അഞ്ചു കൊല്ലം മുമുള്ളതിനെ അളന്നാൽ അത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടിയാണ്. പിന്നെ റോഡിന്റെയും പാലത്തിന്റെയും കാര്യത്തിൽ ഓർക്കേണ്ട ഒന്ന്. 2018 ലെ വെള്ളപ്പൊക്കത്തിലും അത് കഴിഞ്ഞു 2019 ലെ വെള്ളപ്പൊക്കത്തിലും തകർന്ന റോഡുകളും പാലങ്ങളും പണിയാൻ ഏത് സർക്കാരും ചെയ്യുന്ന കാര്യമാണ്. പിന്നെ പ്രളയത്തോട് അനുബന്ധിച്ചു ഞാൻ ഉൾപ്പെടെയുള്ള ലോകമെങ്ങാനമുള്ള ദശ ലക്ഷമാളുകൾ മുഖ്യ മന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് കൊടുത്തത് ചെലവാക്കിയിട്ട് അതിനെ അഞ്ചു കൊല്ലം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുന്നത് പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നത് പോലെയാണ് പ്രിയ തോമസ് ഐസക്. അത് കാണിച്ചു എല്ലാവരുടെയും കണ്ണിൽ മണ്ണിട്ടാൽ അത് വിലപ്പോകില്ല സർ.

നികുതി
ഇപ്പോൾ സർക്കാർ അന്യായ നികുതി ചുമത്തിയെന്ന ധാരണ എനിക്കില്ല. പക്ഷെ പഞ്ചായത്ത് മുനീസിപ്പാലിറ്റികൾ പിരിക്കുന്ന വലിയ നികുതിക്ക് പുറമെയാണ് ഇതു കൊടുക്കേണ്ടത് എന്നത് ഓർക്കണം. അതായത് നികുതിക്ക് മേൽ നികുതി.

നികുതി കൊടുത്താൽ അതുകൊടുക്കുന്നവരോട് സർക്കാരിനും ബജറ്റിനും അകൗണ്ടബിലിറ്റി ഉണ്ടാകണം. ബജറ്റ് എങ്ങനെ എവിടെ എപ്പോൾ ആർക്ക് വേണ്ടി ചെലവാക്കുന്നു എന്നത് പറയാനും അറിയിക്കുവാനും സർക്കാർ ബാദ്ധ്യസ്ത്തരാണ്. ആരു ഭരിച്ചാലും. ബജറ്റ് അവതരിപ്പിച്ചു ചർച്ച ചെയ്തു ജനം മറക്കുമ്പോൾ. പിന്നെ റിവൈസ്ഡ് ബജറ്റിൽ ആരും അറിയാതെ വക മാറ്റി ചില വഴിക്കും. അത് ബജറ്റ് ഇന്റെഗ്രിറ്റിയുടെയും അക്കൗണ്ടബിലിറ്റിയുടെയും പ്രശ്‌നമാണ്.  അത് മന്ത്രി ഐസക്കിനും നല്ലത് പോലെ അറിയാം എന്നെനിക്കറിയാം.

പിന്നെ ഉള്ള കാര്യം പറയണമെല്ലോ. ശമ്പളവും പെൻഷനും പലിശയും പിന്നെ കമ്മിറ്റഡ് ചിലവുകളും കഴിഞ്ഞു വിവിധ രാഷ്ട്രീയ ഡിമാൻഡുകളെ തൃപ്തിപ്പെടുത്തി വാഗ്ദാനങ്ങൾ എന്നെ അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്ന ട്രപ്പീസ് കളിയാണ്.

ബുദ്ധിമാനായ ധനമന്ത്രി പാത്തുമ്മയുടെ ഒരു ആടിനെ വാങ്ങാനുള്ള പൈസ വച്ചു കൊണ്ട് രണ്ട് ആനയെ കാണിച്ചു തന്നിട്ട്, ദാ ഇപ്പോൾ ആനയെ വാങ്ങാൻ പോകുന്നു. രണ്ടാമത്തെ ആനയെ വാങ്ങാനും നമ്മൾ നമ്മൾ കാശ് സംഘടിപ്പിക്കും. അങ്ങനെ ആടിനെ ആനയാക്കും . അപ്പോൾ യാഥാർത്ഥിലുള്ള ഒരടിന് പകരം രണ്ടാന നമുക്ക് ഉണ്ടെന്ന് തോന്നുന്നു വിദ്യ. അത് ആന വികസനമാണ് എന്ന് വരുത്തും. അത് ഒരൊന്നര മിടുക്കാണ്. അതാണ് കൊച്ചിയിലെ അസ്സെന്റ് കഴിഞ്ഞു ദാ വരുന്നു ഒരു ലക്ഷം കോടി നിക്ഷേപം എന്നു ഉറപ്പോടെ പറയുന്നത്. വാക്കുകൾ കൊണ്ട് ഏട്ടിലെ പശുവിനെ കൊണ്ട് പുല്ലു തീറ്റിക്കുന്ന സൂത്രം.

കേരളത്തിൽ ബജറ്റ് എന്ന വളയത്തിനുള്ളിലൂടെ ചാടാൻ സാമ്പത്തിക വൈദഗ്ദ്യം ഉള്ള ഐസക്കിനും അയാസ രഹിതമല്ല.

എന്തായാലും ബജറ്റ് പ്രസംഗത്തിന്റെയും ബജറ്റ് ഇൻ ബ്രീഫിന്റയും കവർ പേജ് എല്ലാ ബജറ്റ് കവർ പേജിലും മനോഹരം. സാഹിത്യംവും നന്നായി. പ്രിയ മന്ത്രി ഐസക്കിന്റ ബജറ്റ് സ്വപ്നങ്ങൾ പ്രവർത്തികമാകട്ടെ എന്ന് പ്രത്യാശിക്കുകയും ആശംസകൾ അറിയിക്കുവാനുമേ കഴിയൂ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP