Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഗൗരിയമ്മയോട് കയറുപിരിക്കാൻ പോകാൻ പറഞ്ഞവർക്കും മേഴ്‌സിക്കുട്ടിയമ്മയോട് അണ്ടിയാപ്പീസിൽ പോവാൻ പറയുന്നവർക്കും വംശീയതയും സ്ത്രീവിരുദ്ധതയും വരേണ്യതയും തൊഴിലാളി വിരുദ്ധതയും സവർണചിന്തയുമെല്ലാം ഡിഎൻഎയിലുള്ളതാണ്; സഖാവ് മേഴ്‌സിക്കുട്ടിയമ്മ ടാലന്റ് സേർച്ചിൽ നേതാവായതല്ല; ജിതിൻ ഗോപാലകൃഷ്ണൻ എഴുതുന്നു

ഗൗരിയമ്മയോട് കയറുപിരിക്കാൻ പോകാൻ പറഞ്ഞവർക്കും മേഴ്‌സിക്കുട്ടിയമ്മയോട് അണ്ടിയാപ്പീസിൽ പോവാൻ പറയുന്നവർക്കും വംശീയതയും സ്ത്രീവിരുദ്ധതയും വരേണ്യതയും തൊഴിലാളി വിരുദ്ധതയും സവർണചിന്തയുമെല്ലാം ഡിഎൻഎയിലുള്ളതാണ്; സഖാവ് മേഴ്‌സിക്കുട്ടിയമ്മ ടാലന്റ് സേർച്ചിൽ നേതാവായതല്ല; ജിതിൻ ഗോപാലകൃഷ്ണൻ എഴുതുന്നു

ജിതിൻ ഗോപാലകൃഷ്ണൻ

അന്ന് കയറുപിരിക്കാൻ പോവാനാണ് കൽപ്പിച്ചത്. കശുവണ്ടി ഓഫീസിലേക്ക് പോയ്ക്കൂടെയെന്നാണ് ഇന്നവർ പറയുന്നത്.

'ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരീ
ഗൗരിച്ചോത്തീടെ കടിമാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്.
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ലുപറിക്കാൻ പൊയ്ക്കൂടേ
നാടുഭരിക്കാൻ അറിയില്ലെങ്കിൽ
വാടീ ഗൗരീ കയറുപിരിക്കാൻ.
ഗൗരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ..
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ..
നാടുഭരിക്കാനറിയില്ലെങ്കിൽ
ചകിരി പിരിക്കൂ ഗൗരിച്ചോത്തി.
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ..
ചെങ്കൊടി ഞങ്ങൾ താഴ്‌ത്തിക്കെട്ടും
മന്നം ചാക്കോ ശങ്കർ പട്ടം
മമ്മതുകോയ സിന്ദാബാദ്.'

1959 ൽ ഇഎംഎസ് സർക്കാരിനെതിരെ സകല പ്രതിലോമ രാഷ്ട്രീയക്കാരെയും പിന്തിരിപ്പൻ സംഘടനകളെയും ജാതിമത ശക്തികളെയും അണിനിരത്തി കോൺഗ്രസ്സ് പാർട്ടി ആസൂത്രണം ചെയ്തുനടപ്പാക്കിയ വിമോചന സമരത്തിൽ ഉയർന്നുകേട്ട ചില മുദ്രാവാക്യങ്ങളാണിവ.

അന്ന് ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെട്ടത് കേരള നിയമസഭയിൽ ഭൂപരിഷ്‌കരണ ബിൽ അവതരിപ്പിച്ച റവന്യൂ വകുപ്പ് മന്ത്രി കെആർ ഗൗരി അമ്മയായിരുന്നു. ഇഎംഎസ് സർക്കാരിനെ നെഹ്റു പിരിച്ചുവിട്ടു. എന്നാൽ, അൻപത്തിയൊൻപത്തിൽ കേരളമവസാനിച്ചില്ല. ഈ നാട്ടിൽ അടിസ്ഥാന വർഗ്ഗത്തിന്റെ ചെങ്കൊടി കൂടുതൽ ഉയർന്നുപൊങ്ങിയിട്ടേയുള്ളൂ. കമ്മ്യൂണിസ്റ്റിന്റെ കയ്യിലെ അരിവാളെന്തിനായിരുന്നെന്ന് അന്ന് മുദ്രാവാക്യം വിളിച്ച സകല ഡാഷുകൾക്കുമാത്രമല്ല, അവരുടെ സന്താന പരമ്പരകൾക്കാകെയും മനസ്സിലായിക്കാണുകയും ചെയ്യും. കേരളം ചുവന്നത് ഇങ്ങനെ ഒട്ടനവധി ഗൗരിമാരുടെ ഇടപെടലുകളിലൂടെയാണ്, അവർ നയിച്ച പോരാട്ടങ്ങളിലൂടെയാണ്.

വിമോചന സമരത്തിന് നേതൃത്വം കൊടുത്തവരുടെ ജനുസ്സിൽ പെട്ട ചില തമ്പ്രാൻ ജന്മങ്ങളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സഖാവ് മേഴ്‌സിക്കുട്ടിയമ്മയെ സോഷ്യൽ മീഡിയയിലാകെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുന്നത്. അതിൽ കോൺഗ്രസ്സുകാരുണ്ട്, മുസ്ലിം ലീഗുകാരുണ്ട്, ആർഎസ്‌പിക്കാരുണ്ട്. കൊറോണ വിഷയത്തിൽ പച്ചക്കള്ളം വിളിച്ചുപറഞ്ഞ പ്രേമചന്ദ്രൻ തമ്പ്രാനെ ചാനൽ സ്റ്റുഡിയോയിൽ തുറന്നുകാട്ടിയതിനാണ് മന്ത്രി ഇവ്വിധം അധിക്ഷേപിക്കപ്പെടുന്നത്.

പ്രളയസമയത്തേതുപോലെ സ്‌കൂളുകളിൽ ക്വാറന്റൈൻ ചെയ്യാമല്ലോയെന്ന് മീഡിയാ വൺ ചാനൽ ചർച്ചയിൽ മണ്ടത്തരം പറഞ്ഞ ആലത്തൂർ എംപി രമ്യാ ഹരിദാസ് വാളയാറിൽ പാഷാണം ഷാജിയുടെ പണി കാണിച്ച കോൺഗ്രസ് സംഘത്തിലുമുണ്ടായിരുന്നു. മഹാമാരിയുടെ സമയത്തും കുത്തിത്തിരിപ്പിനുശ്രമിച്ച അവരെ മണ്ടത്തരത്തിന്റെ പേരിൽ ട്രോളിയപ്പോൾ പോലും ഗമണ്ടൻ വിമർശന സാഹിത്യമെഴുതിയവരുണ്ട് ഇവിടെ. എന്നാൽ അങ്ങനെയൊരാനുകൂല്യം മേഴ്‌സിക്കുട്ടിയമ്മയ്ക്കവർ കൽപ്പിച്ചുകൊടുക്കാറില്ല.

സ്ത്രീ ആയതുകൊണ്ടോ ദളിത് ആയതുകൊണ്ടോ അല്ല ആലത്തൂർ എംപി ട്രോൾ ചെയ്യപ്പെട്ടത്. ആ വിഷയത്തിൽ രാഷ്ട്രീയ ശരികേടുള്ള ട്രോളുകൾ ഉണ്ടായിട്ടേയില്ല എന്നറിഞ്ഞിട്ടും സിപിഐഎമ്മിന് പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിന് ട്യൂഷനെടുക്കാൻ ചിലർക്കൊക്കെ ആവേശമായിരുന്നു. ഇക്കൂട്ടരൊക്കെയും മേഴ്‌സിക്കുട്ടിയമ്മ സൈബർ ലോകത്ത് ആക്രമിക്കപ്പെടുന്നത് മാറി നിന്ന് കാണുകയാണിപ്പോൾ. ഒരക്ഷരം അവരിനി ഉരിയാടാൻ പോവുന്നുമില്ല. അല്ലെങ്കിലും അവരൊക്കെ ഇൻസിഗ്‌നിഫിക്കന്റായ കൂട്ടരാണ്. അവരെ മൈന്റുചെയ്യാണ്ടങ്ങുപോവുക. അത്രതന്നെ.

പറയാനുള്ളത് തെറിവിളി തുടരുന്ന സൈബർ കൊങ്ങികളോടും ലീഗുകാരോടും പ്രേമേന്ദ്ര സേനക്കാരോടുമാണ്. സഖാവ് മേഴ്‌സിക്കുട്ടിയമ്മ ടാലന്റ് സേർച്ചിൽ നേതാവായതല്ല, തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി അവകാശസമരങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടപെട്ടയാളാണ്. കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്ന് ബിരുദവും എസ്എൻ കോളജിൽ നിന്ന് ബിരുദാന്തര ബിരുദവും നേടിയയാളാണ്. എസ്എഫ്‌ഐ ദേശീയ നേതൃത്വം വരെ പ്രവർത്തിച്ചയാളാണ്. അടിമുടി പൊളിറ്റിക്കലായ സ്ത്രീയാണ്. 1984 ൽ കശുവണ്ടി തൊഴിലാളികൾക്കുവേണ്ടി നടത്തിയ ഐതിഹാസിക സമരത്തിൽ പൊലീസ് വേട്ടയ്ക്കിരയായിട്ടും പതറാതെ സമരം നയിച്ചയാളാണ്. കെആർ ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും ശേഷം തെക്കൻ കേരളം രാഷ്ട്രീയകേരളത്തിന് സമ്മാനിച്ച ഉശിരൻ പോരാളിയാണ്. തൊഴിലാളി നേതാവിന്റെ ആ ഉശിരും പോരാട്ടവീര്യവും നിങ്ങളുടെ പുളിച്ച തെറികൾകൊണ്ട് തളർന്നുപോവുന്നതല്ല.

ഗൗരിയമ്മയോട് കയറുപിരിക്കാൻ പോകാൻ പറഞ്ഞവർക്കും മേഴ്‌സിക്കുട്ടിയമ്മയോട് അണ്ടിയാപ്പീസിൽ പോവാൻ പറയുന്നവർക്കും വംശീയതയും സ്ത്രീവിരുദ്ധതയും വരേണ്യതയും തൊഴിലാളി വിരുദ്ധതയും സവർണചിന്തയുമെല്ലാം അവരവരുടെ ഡിഎൻഎയിലുള്ളതാണ്. കൊല്ലത്തെയും കുണ്ടറയിലെയും കശുവണ്ടി ഓഫീസുകൾ നിങ്ങൾക്കൊരു പരിഹാസപദമായിരിക്കും. എന്നാൽ ട്രേഡ് യൂണിയൻ സമരങ്ങളിൽ പലവട്ടം തലപൊട്ടി ചോര വാർന്ന മേഴ്‌സിക്കുട്ടിയമ്മയുടേയും തൊഴിലാളി സഖാക്കളുടേയും പോരാട്ടവീര്യത്തിന്റെയും അവകാശബോധത്തിന്റെയും പ്രതീകങ്ങളാണവ. തൊഴിലാളികൾ ഐക്യപ്പെട്ട് സമരം ചെയ്തും കശുവണ്ടി ഫാക്റ്ററി മാനേജ്മെന്റുകളോട് സംഘടിതമായി വിലപേശിയും നേടിയ ആത്മാഭിമാനത്തിന്റെ ഗോപുരങ്ങളാണവ. കശുവണ്ടി മുതലാളിമാരോടും അവരുടെ മുഷ്‌കിനോടും അവരെ സംരക്ഷിച്ച ഖദറിട്ട ഭരണക്കാരോടും പൊലീസിനോടും എതിരിട്ടുനിന്നപ്പോൾ മേഴ്‌സിക്കുട്ടിയമ്മ തോറ്റുകൊടുത്തിട്ടില്ല. പിന്നെയാണ് സോഷ്യൽ മീഡിയയിലെ ഇന്നലെ മുളച്ച കുറേ ടീമുകൾ തെറിവിളിച്ചു തോൽപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതിന്റെയൊക്കെ അപ്പുറത്തെ തെറി വിളിച്ചവരെ നേർക്കുനേർ നിന്ന് ചങ്കൂറ്റത്തോടെ എതിരിട്ട സ്ത്രീയാണ്. പ്രേമചന്ദ്രസേനക്കാര് പോയി തരത്തിൽ കളിക്ക്.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത് )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP