Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ തട്ടകമായ കേരളത്തിൽ പോലും മതപരമായ തീരുമാനങ്ങൾക്ക് വേണ്ടി നേതാവും അനുയായികളും അവലംബിക്കുന്നത് മറ്റൊരു 'മുഫ്തിയെ' ആണ്; തിരുകേശത്തെക്കാൾ മഹത്തരം ഗ്രാൻഡ് മുഫ്തി പദവിയാണോ? പാണക്കാട് തങ്ങളുടെ തീരുമാനത്തെ കാത്തിരിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും, അനുയായികളും; ജിഷാൻ മാഹി എഴുതുന്നു

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ തട്ടകമായ കേരളത്തിൽ പോലും മതപരമായ തീരുമാനങ്ങൾക്ക് വേണ്ടി നേതാവും അനുയായികളും അവലംബിക്കുന്നത് മറ്റൊരു 'മുഫ്തിയെ' ആണ്; തിരുകേശത്തെക്കാൾ മഹത്തരം ഗ്രാൻഡ് മുഫ്തി പദവിയാണോ? പാണക്കാട് തങ്ങളുടെ തീരുമാനത്തെ കാത്തിരിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും, അനുയായികളും; ജിഷാൻ മാഹി എഴുതുന്നു

ജിഷാൻ മാഹി

ഴിഞ്ഞ വാരം കാന്തപുരം വിഭാഗം ദിനപത്രം അടക്കം മാധ്യമങ്ങളിൽ കണ്ട ഒരു വാർത്ത ഇങ്ങനെയാണ്.'കാന്തപുരത്തെ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുത്തിരിക്കുന്നു'. തലക്കെട്ട് കാണുമ്പോൾ പലരും ഇന്ത്യാ ഗവൺമെന്റ് ഇന്ത്യയിലുള്ള മുസ്ലിങ്ങളുടെ വിഷയത്തിൽ ഒരു തീരുമാനത്തിനു വേണ്ടി തെരഞ്ഞെടുത്തതാണ് എന്ന് തോന്നിപ്പോകും! എന്നാൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. ഉത്തരേന്ത്യൻ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം സംഘടനാശക്തിയും വിദ്യാഭ്യാസ പുരോഗതികളും കേരളത്തെ തട്ടിച്ചു നോക്കുമ്പോൾ വളരെ പുറകിലാണ്. അതുകൊണ്ടുതന്നെ കേരളത്തിനു പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന കാന്തപുരത്തിന്റെ പ്രവർത്തനങ്ങളിൽ താൽപര്യം തോന്നിയതുകൊണ്ടോ, മറ്റോ ബറേൽവി സുന്നികളിൽ പെട്ട ഒരു വിഭാഗം അവരുടെ നേതാവായി കൊണ്ട് കാന്തപുരത്തെ തെരഞ്ഞെടുത്തു. അതിനുശേഷം സിറാജ് പത്രത്തിൽ അടക്കം ഇതിന്റെ വിശേഷണങ്ങളും, സ്തുതികളും തുടർ വാർത്തകളായി വന്നുകൊണ്ടിരിക്കുകയണ്

ഏറ്റവും രസാവഹമായ കാര്യം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന് വിശേഷിപ്പിക്കുന്ന കാന്തപുരത്തിന്റെ സ്വന്തം മണ്ണായ കേരളത്തിൽ പറയത്തക്ക തീരുമാനങ്ങളെടുക്കാനുള്ള സ്വാധീനമില്ല എന്നുള്ളതാണ്. ഇവിടെ ഇപ്പോഴും നോമ്പും പെരുന്നാളും ഉറപ്പിക്കാൻ കാന്തപുരം അടക്കം ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും കാത്തിരിക്കുന്നത് പാണക്കാട് തങ്ങളും കോഴിക്കോട് വലിയ ഖാസി മാരെയും ഒക്കെ ആണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു മാസപ്പിറവിയുമായി ബന്ധപ്പെട്ട് ചന്ദ്രപ്പിറവി കണ്ട് ബോധ്യപ്പെട്ട് ഒരു വ്യക്തി കാന്തപുരത്തിന്റെ അടുത്തേക്ക് സാക്ഷി പറയാൻ വേണ്ടി ഒരുങ്ങിയപ്പോൾ അദ്ദേഹംതന്നെ 'നിങ്ങളാദ്യം പാണക്കാട് തങ്ങളെ അറിയിക്കൂ' എന്നാണ് പറഞ്ഞിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ തട്ടകമായ കേരളത്തിൽപോലും മതപരമായ തീരുമാനങ്ങൾക്ക് വേണ്ടി നേതാവും അനുയായികളും അവലംബിക്കുന്നത് മറ്റൊരു 'മുഫ്തിയെ' ആണ് എന്നതാണ് രസം.

ഇവരുടെ മുഖപത്രമായ സിറാജിൽ തന്നെ ഇന്നലെ മറ്റൊരു വാർത്തകൂടി പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽ പെട്ടു. അതിങ്ങനെയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ അധികാരപരിധി ബ്രിട്ടനിലും കാനഡയിലും അമേരിക്കയിലും അടക്കം പല സ്ഥലങ്ങളിൽ കൂടി ഉൾപ്പെട്ടതാണ് എന്ന്. എന്തൊക്കെയായാലും ഔദ്യോഗിക സർക്കാർ പരിവേഷമില്ലാത്ത ഒരു പദവി രാജ്യത്തിന്റെ പേരിനോട് ചേർത്തപെട്ട് ലഭിച്ചതുകൊണ്ടു തന്നെ കാന്തപുരവും അനുയായികളും അത് ആഘോഷിച്ചു തിമിർക്കുകയാണ്. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം. അതിലേക്ക് കൈ കടത്തുന്നില്ല. പ്രവാചകരുടെ പേരിൽ കേശം കൊണ്ടു വന്ന് സമൂഹത്തിന് മുമ്പിൽ അപഹാസ്യരായ ഈ വിഭാഗം ആളുകൾ സമൂഹത്തിനിടയിൽ വീണ്ടും വേരുറപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അഭ്യാസവും ആയി രംഗത്ത് വന്നിരിക്കുന്നത് ആണ് കാണുന്നത്. കൊണ്ടു വന്ന മുടികളെ പറ്റിയോ 40 കോടിയുടെ പ്രഖ്യാപിച്ച പള്ളിയെ പറ്റിയോ വർഷം എട്ടു കഴിഞ്ഞിട്ടും സമൂഹമധ്യേ മറുപടി പറയാൻ കഴിയാതെ തപ്പിത്തടയുന്ന കാന്തപുരത്തിനും, മറ്റ് നേതാക്കൾക്കും ഒരു വീണു കിട്ടിയ അസുലഭ മുഹൂർത്തമാണ് ഗ്രാൻഡ് മുഫ്തി എന്ന പുതിയ തസ്തിക.

യഥാർഥത്തിൽ അവർ കരുതുന്നത് ഈ വിഷയങ്ങൾ പഴയ പല ഊരാക്കുടുക്കുകളുടെയും കെട്ടഴിച്ച് കളയും എന്നതാണ്. അത് കേവലം ഒരു മിഥ്യാധാരണ മാത്രം. കാരണം ചിന്തിക്കുന്ന സമൂഹത്തിന് ഇവർ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ ആഘോഷ സന്തോഷ പരിപാടികൾ കാണുമ്പോൾ മുമ്പ് നാം ഉയർത്തിയ പല ചോദ്യങ്ങളും കൂടുതൽ ഇവിടെയാണ് പ്രസക്തമാകുന്നത്. 2018 അവസാനം കുണ്ടൂർ ഉറൂസിൽ വച്ച് സാക്ഷാൽ കാന്തപുരം വീണ്ടും എനിക്ക് മദീനയിൽ നിന്നു കൊണ്ട് ഒരു തിരുകേശം ലഭിച്ചിട്ടുണ്ട് എന്ന് ഒരു പ്രഖ്യാപനം നടത്തി. ആ പ്രഖ്യാപനം അണികൾ ഏറ്റെടുക്കാനോ മറ്റ് നേതാക്കൾ ഏറ്റെടുക്കുകയോ സംഘടന മുഖപത്രമായ സിറാജ് ഏറ്റെടുക്കുകയോ ചെയ്തില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഒരു പെട്ടിക്കോളം വാർത്ത കൊടുക്കാൻ പോലും അന്ന് കാന്തപുരത്തിന്റെ സ്വന്തം പത്രം തയ്യാറായില്ല അതുകൊണ്ടുതന്നെ ബുദ്ധിയുള്ള സമൂഹത്തിനു മുമ്പിൽ ഈ ചോദ്യം പ്രസക്തമായി കിടക്കും. പ്രവാചകരുടെ തിരു കേശത്തെകാൾ മഹത്തരം ആണോ കാന്തപുരത്തിനും അനുയായികൾക്കും അദ്ദേഹത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്ന ഗ്രാൻഡ് മുഫ്തി എന്ന പദവി'?

യഥാർത്ഥത്തിൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ള ഒരു കാര്യമാണ് ബൗദ്ധികതലത്തിൽ പ്രവാചകനുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിക്കുക എന്നത്. എന്നാൽ അങ്ങനെയൊന്ന് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന സാക്ഷാൽ കാന്തപുരം വിഭാഗം ആ കിട്ടിയതിനെ സംബന്ധിച്ച് ഒരു പെട്ടിക്കോളം വാർത്ത കൊടുക്കാൻ പോലും സ്വന്തം പത്രം ഉപയോഗപ്പെടുത്തിയില്ല എന്നുള്ളതാണ് ഇവരുടെ ഇരട്ടത്താപ്പ് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നത്. അതിനർത്ഥം അദ്ദേഹത്തിന് ഇത്തരത്തിൽ കിട്ടി എന്നുള്ള കാര്യങ്ങൾ മുഴുവനും വ്യാജമാണെന്ന് വ്യക്തമായ ബോധ്യം അദ്ദേഹത്തിനും, മറ്റ് നേതാക്കൾക്കും മുമ്പു തന്നെ ഉണ്ടെന്നതാണ് .അത് സമൂഹ മധ്യേ വാർത്തയിലൂടെ പുറത്തുവന്നാൽ കേരളീയ സാക്ഷര സമൂഹത്തിനു മുമ്പിൽ ഇളിഭ്യരാവും എന്ന വ്യക്തമായ തിരിച്ചറിവു കൊണ്ടാണ് അന്ന് അത് കേവലം എന്തും കണ്ണടച്ചു വിശ്വസിക്കുന്ന അണികൾക്ക് മുമ്പിൽ പറഞ്ഞുകൊണ്ട് മറ്റുള്ള പൊതു സമൂഹത്തെ മൂടിവയ്ക്കാൻ ശ്രമിച്ചത്.

അതു കൊണ്ടു തന്നെ മാസങ്ങൾക്കു മുമ്പ് ആ വ്യക്തമായ തട്ടിപ്പിനെ സംബന്ധിച്ച് 'മറുനാടൻ മലയാളിയിലൂടെ' സുദീർഘമായ ഒരു പരമ്പര തന്നെ എഴുതി കാര്യങ്ങൾ പൊതുജനത്തെ ബോധ്യപെടുത്തിയിരുന്നു. ആ ജനങ്ങളുടെ മുമ്പിലേക്ക് തന്നെ ഈ ചോദ്യവും തുറന്നുവെക്കുന്നു ഉത്തരേന്ത്യയിൽ നിന്ന് ലഭിച്ച ഗ്രാൻഡ് മുഫ്തി എന്ന് കേവലം എടുക്കാച്ചരക്കായ ഒരു പദവി കാന്തപുരത്തിനും കൂട്ടർക്കും പ്രവാചക തിരുകേശത്തെ കാൾ മഹത്തരം ആണോ? ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന പുതിയ തസ്തികയുടെ ഉള്ളുകള്ളികൾ ഏറെ താമസിയാതെ തന്നെ മറ്റ് പല കള്ളത്തരങ്ങളും പുറത്തു വന്നതു പോലെ എന്തായിരിക്കും എന്ന് കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP