Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു

പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ഹുമാന്യനായ തോമസ് ഐസക്കിന്റ ബജറ്റ് പ്രസംഗങ്ങളുടെ കവർപേജുകൾ എല്ലാം ഒന്നാംതരം. പാക്കേജിങ്ങിലാണ് വൈദഗ്ദ്യം. അകത്തു ഒന്നുമില്ലെങ്കിലും പാക്കേജ് ഗംഭീരം. പല തരം പാക്കേജ്.കേരളത്തിൽ ബജറ്റിന്റെ കവർപേജ് ഇത്രയും മനോഹരമായി പ്രിന്റ് ചെയ്ത ഒരു ധനകാര്യ മന്ത്രിയുമുണ്ടായിട്ടില്ല. അതിനുമുണ്ടൊരു ഫാബ് ഇന്ത്യ ടച്ച്??

പ്രസംഗങ്ങൾ സാഹിത്യ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നല്ലത്. ഐസക് ബജറ്റിലെ കട്ട് ആൻഡ് പേസ്റ്റ് സാഹിത്യത്തെകുറിച്ച് ബി എ മലയാള സാഹിത്യ വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ ഒരു അസ്സയിന്മെന്റ് എഴുതാം ബജറ്റ് വായിച്ചു തുടങ്ങണ്ടത് 2021 ൽ അല്ല. 2016 ജൂലൈ 16 മുതലാണ്.

ആ 116 പേജ് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നത് ഒ ൻ വി കുറുപ്പിന്റെ ദിനാന്തം എന്ന അവസാനകാവ്യത്തിലെ അവസാന വരികൾ കൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.അവിടെ ഒ ൻ വി ജനിച്ച ഗ്രാമം ഓൻവി ' കാവ്യ ഗ്രാമം ' മാക്കും എന്നും പറഞ്ഞിട്ടുണ്ട്. അതു എന്ത് സൂത്രമാണെന്ന് ചവറയിൽ പോയി നോക്കണം! അദ്ദേഹത്തിന്റെ അന്നത്തെ ബജറ്റ് പ്രസംഗം 2 മണിക്കൂർ 56 മിനിറ്റ് ആയിരുന്നു. പ്രസംഗത്തിൽ അദ്ദേഹം മാണി സാറിന്റെ റിക്കാർഡ് തകർത്തു. 2014 ബജറ്റ് സമയത്തു നിയമസഭയിലെ അദ്ദേഹത്തിന്റെ പാർട്ടി പ്രകടനം കണ്ടു അന്തം വിട്ടു.

പ്രസംഗിക്കാൻ ഐസക്ക് പണ്ടേ മിടുക്കാനാണ്. പ്രശ്‌നം പ്രസംഗവും വാചക കസർത്തും കൂടുതലും പ്രവർത്തികൾ കമ്മിയുമാണ്. വാഗ്ദാനങ്ങളിൽ അദ്ദേഹം പരമകാരുണ്യമുള്ളയാളാണ്.മോദിയെക്കാൾ ബഡായിയടിച്ചു വാഗ്ദാനങ്ങൾ കൊണ്ടു പത്രക്കാരെയും പാർട്ടിക്കാരെയും പുളകം കൊള്ളിക്കും. ഈ ബജറ്റിൽ പറഞ്ഞിരിക്കുന്നത് അടുത്ത ഒറ്റ വർഷം കൊണ്ടു 8 ലക്ഷം തൊഴിലെന്നാണ്. അഞ്ചു വർഷം കൊണ്ടു 20 ലക്ഷം. അതു എങ്ങനെയാണ് എന്ന് മാത്രം ചോദിക്കരുത്. കാരണം ഐസക്കുൾപ്പെടെ എല്ലാവർക്കും അറിയാം അതു നടക്കില്ലന്നു. 2016 ഇൽ പറഞ്ഞത് പുതിയ അഞ്ചു ലക്ഷം ജോലികളാണ്. അഞ്ചുകൊല്ലം കഴിഞ്ഞു അഞ്ചു ലക്ഷം വെള്ളത്തിൽ വരച്ച വര. ജോലിയില്ലാത്തവർകൂടി.

സംശയമുണ്ടെങ്കിൽ സെന്റർ ഫോർ മോനിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണമിയെന്ന കേന്ദ്ര ഗവേഷണകേന്ദ്രത്തിന്റെ കണക്കുകൾ നോക്കുക. നാലു ശതമാനത്തിൽ നിന്ന് തൊഴിൽ ഇല്ലായ്മ 26.5% മായി. അതു ദേശീയ ശരാശരിയായ23.5%ക്കാൾ കൂടുതലാണ്.അഞ്ചു കൊല്ലത്തിൽ ഏത്ര പുതിയ വൻകിട സംരഭങ്ങളു കേരളത്തിൽ വന്നു? ഐസക്കിന്റെ മലയാള സാഹിത്യം കൊള്ളാം. പക്ഷെ കണക്കുകൾ കൈയിലില്ല. വാചക കസർത്തിൽ അദ്ദേഹം ഇടക്കിടെ സ്റ്റിമുലസ്, ജോൺ മേനാട് കെയിൻസ്, അമർത്യ സെൻ എന്നൊക്ക പുട്ടിനു പീരപോൽ കാച്ചും. എന്ത് ചെയ്താലും അദ്ദേഹം പറയും അതു സ്റ്റിമുലസ് പാക്കേജാണെന്ന്.

സ്തുതിഗീതക്കാർ കൈ കൊട്ടി ഉത്സാഹിപ്പിക്കും. പക്ഷെ അദ്ദേഹത്തിന്റെ സ്റ്റിമുലസ് എല്ലാം കഴിഞ്ഞും സാമ്പത്തിക വളർച്ച താഴോട്ടാണ്.
കിഫ്ബി ഇത് വരെ ആറായിരം കോടിയുടെ പദ്ധതിനടപ്പാക്കിയാൽ ഐസക്ക് പറയും അറുപതിനായിരം കോടിയുടെ വികസനം ഞങ്ങൾ ഇപ്പോൾ കൊണ്ടു വരും. ദാ വരുന്നു.! അഞ്ചുകൊല്ലം കൊണ്ടു ആറായിരം കോടി ചെലവാക്കിയാൾ 15000 കോടി അടുത്ത ഒറ്റകൊല്ലം കൊണ്ടു ചെലവാക്കും എന്നു പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവർ വിശ്വാസിക്കില്ല! ബജറ്റിൽ കഴിഞ്ഞ അഞ്ചു കൊല്ലം ധനകമ്മി മാത്രം അല്ല കൂടിവരുന്നത്. വിശ്വാസ്യതയുടെ കമ്മിയാണ്.

ഭരണം കിട്ടി ആദ്യം അവതരിപ്പിച്ചത് ഒരു ധവളപത്രമാണ്. അതു കെ എം മാണിക്ക് എതിരെയുള്ള സാമ്പത്തിക മാനേജ്മെന്റ് കുറ്റപത്രമാണ്. അന്ന് അതിൽ ചെയ്യും എന്ന് ഐസക്ക് മന്ത്രി പറഞ്ഞ ഒന്നും നടന്നില്ല. അന്ന് അദ്ദേഹം ആരോപിച്ചത് കെ എം മാണി കേരളത്തെ കടക്കെണിയിലാക്കിയെന്നാണ്. ഇപ്പോഴോ? കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പൊതുകടം.ഇപ്പോൾ ചിലർ പറയുന്നത് മൂന്നു ലക്ഷം കോടി കടം ഒക്കെ നല്ലതാണ് എന്നതാണ്.

കടം വാങ്ങിയാൽ അതു നല്ലതാണ് പുതിയ 'അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദരോക്കെ' കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്. പബ്ലിക് ഫിനാൻസിലും അല്പം ദുരന്ത നിവാരണമാകാം. അവരൊക്കെ ഐസക്ക് സാറിന്റെ 2016 ലെ ധവളപത്രം ഒന്നുകൂടി വായിച്ചുനോക്കി രസിക്കുക. പ്രശ്‌നം കടം വാങ്ങി ധൂർത്തടിക്കുമ്പോഴാണ്. കടം വാങ്ങി കൺസൽട്ടൻസി രാജ് നടത്തുമ്പോഴാണ്. പിൻ വാതിൽ നിയമനം നടത്തുമ്പോഴാണ്. ഒരു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത സ്വപ്ന സുന്ദരികൾക്ക് പിൻ വാതിൽ നിയമനവും ലക്ഷങ്ങളും നൽകുമ്പോഴാണ്.

പ്രശ്‌നം കടം വാങ്ങി പ്രതേകിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാത്ത വന്ദ്യവയോധികർക്ക് ക്യാബിനറ്റ് പദവിയും പരിവാരങ്ങൾക്കുമായി കോടികൾ ചെലവാക്കുമ്പോഴാണ്. പ്രശ്‌നം കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ കടം വാങ്ങി സർക്കാർ പബ്ലിസിറ്റി സ്റ്റണ്ടു നടത്തുമ്പോഴാണ്, കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരസ്യത്തിനു ചിലവഴിക്കുമ്പോഴാണ്, ഒരു ഔട്ട്പുട്ടും ഇല്ലാത്ത ലോക കേരള സഭ എന്നപേരിൽ പാർട്ടി /സർക്കാർ സിൽബന്ധികൾക്കു ഉണ്ടുറങ്ങാൻ വേണ്ടി 12 കോടി വകയിരൂത്തുമ്പോഴാണ്.

ആദ്യ ബജറ്റിൽ പറഞ്ഞ കൊച്ചി -പാലക്കാട് വ്യവസായ ഇടനാഴി ഇപ്പോഴും ആവർത്തിക്കുന്നു. കഴിഞ്ഞ അഞ്ചുകൊല്ലം അനങ്ങിയില്ല. എന്നിട്ടാണ് വീരവാദം അടുത്ത ഒരൊറ്റ കൊല്ലം കൊണ്ടു മലമറിക്കും.! 2016 മുതൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് പകുതി ഗ്യാസാണ്. പറഞ്ഞതിൽ പാതി പാതിരായിപ്പോയി. ചെയ്തതിൽ പാതി നടക്കാതെ പോയി. ഇരുട്ട് കൊണ്ടു ഓട്ട അടച്ചു ശീലിക്കുന്ന ബജറ്റുകളാണ്. അതുകൊണ്ടു 2016 ജൂലൈയിലെ ബജറ്റ് പ്രസംഗം വായിച്ചിട്ടു 2021 ലെത് വായിക്കുമ്പോഴാണ് പ്രസംഗം കൂടുതലും പ്രവർത്തികൾ കുറവും എന്ന് പകൽ പോലെ വ്യക്തം. അതു അക്കമിട്ട് ബജറ്റ് പഠിക്കുന്നയാർക്കും പറയാം.

പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു. ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി. പക്ഷെ ഐസക്ക് മന്ത്രി പറയും ഇതൊക്കെ കേരളത്തിന് എതിരെ സി എ ജിയുടെ ഗൂഡാലചനയാണ് എന്ന്.
ഇതൊക്കെയാണെങ്കിലും അദ്ദേഹം മാന്യനാണ്. സംവേദിക്കാം. മറ്റു ചിലരെപ്പോലെ സ്റ്റാലിന്റെ പ്രേതം അദ്ദേഹത്തിനുള്ളിൽ കയറിപ്പറ്റിയില്ല.
നല്ല മനുഷ്യനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP