Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാറ്റങ്ങൾ ഉണ്ടാകുന്നത് എങ്ങനെ? ജെഎസ് അടൂർ എഴുതുന്നു

ജെഎസ് അടൂർ

ല്ലാ സമൂഹങ്ങളിലും ചരിത്രത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഭാവനപൂർണമായ ആശയങ്ങളും ഉൽപ്രേരണയിൽ പ്രചോദിതരായ ആളുകളുമാണ് എല്ലാ സമൂഹങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നത്. ബാക്കി ഏതൊക്ക ഉപാധികൾ ഉണ്ടെങ്കിലും ഈ രണ്ടു കാര്യങ്ങൾ ഇല്ലെങ്കിൽ ലോകത്ത് സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാകില്ല.

ആശയങ്ങളാണ് മനുഷ്യനെ ആമാശയത്തിന് അപ്പുറം ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആശയങ്ങളാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ ആയുധവും. ആശയങ്ങൾ കൊണ്ടാണ് മനുഷ്യൻ സംഘടിക്കുന്നത്. സംഘബലം പലപ്പോഴും ആശയങ്ങളെ സ്ഥാപനവൽക്കരിക്കും. സ്ഥാപനവൽക്കരിക്കപ്പെട്ട ആശയങ്ങൾ അധികാര രൂപങ്ങളായി പിന്നീട് പരിണമിക്കും.

എല്ലാം അധികാര രൂപങ്ങളും പുതിയ ആശയങ്ങളെ പുറത്തു നിർത്തും. ആളുകളെകൊണ്ടും ആയുധബലം കൊണ്ടും പുതിയ ആശയങ്ങളെ ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കും. അങ്ങനെ ആശയങ്ങൾ അധികാരപൂർണമായ ബലപ്രയോഗങ്ങളാകുമ്പോഴാണ് അവ ഡോഗ്മയാകുന്നത്. എല്ലാത്തരം ഡോഗ്മാകളും ചിന്തകൾക്കും ആശയങ്ങൾക്കുമുള്ള പരിധികൾ നിശ്ചയിച്ചു മനുഷ്യരെ വരുതിയിൽ നിർത്തിയാണ് ഭരിക്കുന്നന്നത്. ഇടതുപക്ഷ ചിന്തകനും ഇറ്റലിയൻ കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ മുസ്സോളിനി ജയിലിൽ അടച്ചു. ഗ്രാംഷി എന്ന മനുഷ്യനെക്കാളിൽ അദേഹത്തിന്റെ സജീവമായ ആശയങ്ങളെയായിരുന്നു മുസ്സോളിനി ഭയപ്പെട്ടത്. അതിനു നിദാനമായ മസ്തിഷ്‌ക മനസ്സിനെയും. അതുകൊണ്ടാണ് മുസ്സോളിനി പറഞ്ഞത് ആ മനസ്സ് (mind )നിശ്ചലമാകണം.

ആശയംകൊണ്ടു അധികാരംപിടിച്ചു അധികാര അഹങ്കാരത്തിന്റെ ആൾരൂപമായ മുസ്സോളിനിയെ അവസാനം ജനങ്ങൾ കൊന്നു തലകീഴായി കെട്ടിതൂക്കിയിട്ടു. പക്ഷെ ഗ്രാംഷി ആശയങ്ങളിലൂടെ ഉയർത്തെഴുന്നേറ്റു.

ഒരു മനുഷ്യനെ ജയിലിൽ അടക്കാം. പക്ഷെ ഒരു മനസ്സിനെ ജയിലിൽ അടക്കാൻ സാധ്യമല്ല. ഗ്രാംഷി ജയിലിൽ കിടന്ന് മരിക്കുന്നതിന് മുമ്പ് എഴുതിയ നോട്ടുകളാണ് ജയിൽകുറിപ്പുകൾ അധവാ പ്രിസൺ നോട്‌സ് ബുക്ക് എന്ന ഉന്നതമായ ചിന്താപൂർണമായ ആശയങ്ങളായി ഇന്നും നിലനില്കുന്നത്. ഗ്രാംഷി മരിച്ചു. അദ്ദേഹത്തിന്റെ ചിന്താ നിർഭരങ്ങളായ ആശയങ്ങൾ പുതിയ ചിന്താവിഷയങ്ങൾ ജീവിക്കുന്നു. നെഹ്റു ജയിലിൽ വച്ചു എഴുതിയ മൂന്നു പുസ്തകങ്ങൾ ഇന്നും ആശയ ഗോപുരങ്ങളായി പ്രകാശം പരത്തുന്നു. സ്റ്റാലിൻ ട്രോട്‌സ്‌കിയെ കൊല്ലുവാൻ തുനിഞ്ഞത് ട്രോസ്‌കിയുടെ ആശയങ്ങൾക്ക് വിരാമമിടാൻ കൂടിയാണ്.

ഗാന്ധിയുടെ സ്വരാജ്, സത്യാഗ്രഹ്, അഹിംസ, സർവ്വ ധർമ്മ സമഭാവന എന്ന ആശയങ്ങളെയാണ് ഗോഡ്സെയുടെ ബ്രാഹ്മണ മേൽക്കോയ്മ ആശയധാര ഭയപ്പെട്ടത്. അതുകൊണ്ടാണ് ഹിംസ കൊണ്ടു അഹിംസയെ വെടിവച്ചു കൊന്നത്. ആശയങ്ങൾ എങ്ങനെ അധികാര പ്രയോഗങ്ങളായി സാമൂഹ്യ സമവായധാരണകളും(consent ) അതെ സമയംബലപ്രയോഗങ്ങളുമായാണ്(coercion ) എല്ലാം അധികാരം മേല്‌കോയ്മകളും മനുഷ്യരെ അടക്കി ഒതുക്കി ചിന്തകൾക്കു വിരാമം ഇടുവാൻ ശ്രമിക്കുന്നത് എന്ന് കാട്ടിതന്നതും ഗ്രാംഷിയാണ്. ആ അവസ്ഥയെയാണ് അദ്ദേഹം ഹിജെമണി അധവാ ആശയ അധികാര മേൽക്കോയ്മ എന്ന് വിശേഷിപ്പിച്ചത്.

മനുഷ്യ വിമോചനത്തിന്റ മനുഷ്യ സമത്വ ആദർശ ആശയരൂപമായിരുന്ന് കമ്മ്യുണിസം എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരുപാടു മനുഷ്യരെ പ്രചോദിപ്പിച്ചതാണ്.അങ്ങനെയാണ് കാൾ മാർക്‌സും എങ്കൽസും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതും. പിന്നീട് അവർ ആ ആദർശ ധാരക്ക് ആശയസംഹിതകൾ തീർത്തു. അവർ ഇരുപതാം നൂറ്റണ്ടിലെ അധികാര ബിംബങ്ങളായത്. കാരണം ഇരുപതാം നൂറ്റാണ്ടിൽ അതു കോടികണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ച വിപ്ലവ ആശയങ്ങളായി പുനർജനിച്ചു.

വിപ്ലവങ്ങൾ നിലവിലുള്ള അധികാര അടിച്ചമർത്തലുകൾക്ക് നേരെയുള്ള പ്രതിഷധ ഇരമ്പലുകളായി കാറ്റായി കൊടുകാറ്റായി അടിച്ചു നിലംപരിശാക്കി. പക്ഷെ ആദർശ ആശയങ്ങൾ ആയുധബലമുള്ള അധികാര സ്വത ഭീതികളായി പരിണമിച്ചപ്പോൾ സ്വാതന്ത്ര്യത്തെ ജയിലിൽ അടച്ചു ഭീതികൊണ്ടു ഭീതിപ്പെടുത്തി ഭരിച്ചു. വിപ്ലവം അതിന്റ മക്കളെ കൊന്നുതിന്നപ്പോൾ കമ്മ്യുണിസം എന്ന മഹത്തായ ആദർശ ആശയം അധികാര അഹങ്കാരങ്ങളുടെ ബൂട്ടിന് അടിയിൽ ഞെരിഞ്ഞു അമർന്നു.

കമ്മ്യുണിസം എന്നെ വാക്ക് തന്നെ ഉത്ഭവിച്ചത് 'കമ്മ്യൂൺ ' എന്ന മനോഹരമായ ആശയത്തിൽ നിന്നാണ്. എന്താണ് കമ്മ്യൂൺ? മനുഷ്യൻ സാമൂഹിക ജീവിയാണ് പ്രകൃതിയെയും പ്രകൃതി ക്ഷോഭങ്ങളെയും സാമൂഹിക വിന്യാസം കൊണ്ടു അതിജീവിച്ചത്. മനുഷ്യനു സാമൂഹിക ജീവിയാകാനുള്ള പ്രേരണയിൽ പ്രധാനമാണ് കമ്മ്യൂൺ. കമ്മ്യൂൺ എന്നത് പരസ്പരം പങ്കു വച്ചു(sharing ) പരസ്പരം കരുതി (caring ) ജീവിച്ചു ജീവിതം പങ്കുവയ്ക്കുന്ന മാനവിക കൂട്ടായ്മയാണ്. കമ്മ്യൂൺ ആണ് മനുഷ്യരെ കമ്മ്യുണിറ്റിയാക്കുന്നത്. കമ്മ്യുണിറ്റി കൂട്ടും കൂറും ഉള്ളവരുടെ കൂട്ട് -അയ്മ അധവാ കൂട്ടായ്മയാണ്.

അതുകൊണ്ടാണ് യേശു അന്ത്യ അത്താഴത്തിൽ അപ്പവും വീഞ്ഞ് പങ്കിട്ടു ഇതു എന്റെ ശരീരം ഇതു എന്റെ രക്തം എന്റെ ഓർമ്മക്കായി ഇതു ചെയ്യുവാൻ പറഞ്ഞത്. അങ്ങനെയുള്ള ഹോളി കമ്മ്യൂൺ ആൺ മനുഷ്യ കൂട്ടത്തെ ഒരു share and care എന്ന കൂട്ടായ്മയ്ക്കുന്നത്. അമ്പലത്തിൽ നിന്നുള്ള നൈവേദ്യം പ്രസാദമായി പങ്കിടുന്നത് കൂട്ടായ്മയുടെ പ്രസാദമാണ്. മുസ്ലീങ്ങൾ എല്ലാ ദിവസവും ഒരേ പ്രാർത്ഥന പങ്കിട്ടു നിസ്‌കരിക്കുന്നത് കൂട്ടായ്മയുടെ കൂട്ടായ ഓർമ്മപ്പെടുത്തലാണ് .

പക്ഷെ കൂട്ടായ്മകൾ അധികാര സത്വങ്ങളായി പരിണമിച്ചത് അവ പുരോഹിത്യ അധികാര മേല്‌കോയ്മ- അധീശത്വ ആശയ അധികാരമായ ഡോഗ്മയായി ചിന്തകൾക്കും തടയിട്ടാണ്. കൂട്ടായ്മ എന്ന കമ്മ്യുണിറ്റിയിലാണ് കമ്മ്യുണിക്കേഷൻ സംഭവിക്കുന്നത്. കമ്മ്യുനും കമ്മ്യൂണിറ്റിയും കമ്മ്യുണിക്കേഷനുമാണ് മനുഷ്യന്റെ ജീവനുവേണ്ടിയുള്ള ഭക്ഷണത്തിന്റെയും ജീവിതത്തിന് വേണ്ടിയുള്ള
ഭാഷയുടെയും നിദാനം.

ഭക്ഷണവും ഭാഷയും ഇല്ലാതെ മനുഷ്യനു ജീവിക്കുവാൻ സാധിക്കില്ല. ഇവരണ്ടും പങ്കുവയ്ക്കളിലൂടെയാണ് മനുഷ്യൻ വികസിപ്പിച്ചത്. മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് കൂട്ടായ്മയും ഭാഷ വിനിമയവും അതു രണ്ടിൽ നിന്നുമുളവാകുന്ന സര്ഗാത്മ ചിന്തകളും ക്രിയാത്മ പ്രയോഗങ്ങളുമാണ്. സർഗാത്മ ചിന്തകൾക്ക് ഭാവനയും ഭാഷയും വേണം.ഇവ രണ്ടും സാമൂഹികമാണ്. മനുഷ്യനെ നിലനിർത്തുന്നത് മസ്തിഷ്‌കത്തിൽ ഉളവായി സ്വയബോധമുണ്ടാകുന്ന ഓർമ്മകളും അതിന്റെ ഭാഗമായി ബന്ധപ്പെട്ടിരിക്കുന്ന ഭാഷയും ഭാവനയുമാണ്. ഇവ മൂന്നും ഒരു വലിയ പരിധിവരെ സാമൂഹിക വൽക്കരണത്തിലൂടെയാണ് മനുഷ്യൻ സ്വായത്തമാക്കുന്നത്.

ഓർമ്മ ജീർണിക്കുമ്പോൾ ഭാഷയും ഭാവനയുമാണ് അതോടൊപ്പം മനുഷ്യനു നഷ്ടമാകുന്നത്. ഓർമ്മകൾ ഇല്ലെങ്കിൽ ജീവിത ബോധവും സ്വയ ബോധവും മനുഷ്യനു ഇല്ല. ആത്മബോധവും സ്വയബോധവും എല്ലാം ഓർമ്മകളുടെ ഓളങ്ങളാണ്. അതു സാമൂഹികമാണ്. പരസ്പരം പങ്കു വച്ചു പരസ്പരം കരുതി ഇണയും തുണയുമായി കൂടി ഇമ്പമായി ജീവിക്കുവാനുള്ള മാനുഷിക ത്വരയിൽ നിന്നാണ് കുടുംബം എന്ന അടിസ്ഥാന സാമൂഹിക ആശയം നിലനിൽക്കുന്നത്. ഇണയെയും തുണയെയും വ്യവസ്ഥാപിതമായി തേടി യോജിപ്പിക്കുന്ന വിവാഹം അടിസ്ഥാന സാമൂഹിക ജീവിതത്തിനുള്ള കുടുംബത്തിന്റെ സാമൂഹിക സാധുതയാണ്.

ഇണയും തുണയും കൂടുമ്പോൾ ഉള്ള ഇമ്പവും ഇല്ലാതെവരുമ്പോഴാണ് ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത്. അതു ആൺകോയ്മകളായ അധികാര സ്വരൂപങ്ങളായി ഭോഗ സംഭോഗ ഉപഭോഗങ്ങളെ നിയന്ത്രിച്ചു വരുതിയിലാക്കാൻ ശ്രമിക്കുന്നത്.

എല്ലാ ആശയങ്ങളയും ചിട്ടപ്പെടുത്തി സംഗ്രഹിച്ചു സംപ്രേഷണം ചെയ്യുന്നത് അധികാര വിനിമയമാണ്. ആശയങ്ങൾ ഭാഷയിലൂടെ അറിവായി ഉപയോഗിച്ചാണ് അതു അധികാര രൂപം പ്രാപിക്കുന്നത്. അതു കൊണ്ടാണ് knowledge is power എന്ന ധാരണയുളവായത്. പലപ്പോഴും ഒരു വിഷയത്തിലുള്ള ആശയ ധാരകളുട വൈദഗ്ദ്യമുള്ളയാളുകളെ അക്കദമിക രംഗത്ത് വിശേഷിപ്പിക്കുന്നത് he is an authority on that topic എന്നാണ്. ഈ authority എന്നതിൽ നിന്നാണ് author എന്നത് പ്രചുര പ്രചാരമായത്.

കാരണം ഭാഷയുടെ ചിട്ടപ്പെടുത്തലും മാനനീകരണവും (standardisation )അതു പോലെ ആശയങ്ങളുടെ ചിട്ടപ്പെടുത്തലും അധികാര പ്രയോഗങ്ങളാണ്. പലപ്പോഴും ബദലുകളും മറുവഴികളും പുതു വഴികളും ഉളവാക്കുന്നത് വ്യവസ്ഥാപിത ധാരകൾക്ക് പുറത്താണ്. വ്യവസ്ഥാപിത ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ആരും വ്യവസ്ഥകളെ മാറ്റിയിട്ടില്ല. ആ തിരിച്ചറിവിലാണ് സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങി ഗൗതമനും ബുദ്ധനുമായി ബദലുകൾ സൃഷ്ടിച്ചത്. അതു കൊണ്ടാണ് സ്‌നാപക യോഹന്നാൻ എന്ന ആദിമ ആക്ടിവിസ്റ്റ് മനസ്സിനെ മാറ്റുന്ന മാനസാന്തരം പ്രസംഗിച്ചു അനീതികളെയും അന്യായങ്ങളെയും ചോദ്യം ചെയ്തു മരുഭൂമിയിൽ അവധൂതനായി ജീവിച്ചത്. ആ ബദൽ ആശയത്തിന്റ തല വെട്ടിയാണ് അധികാര സ്വതങ്ങൾ അധികാരം അടയാളപെടുത്തിയത്.

യെരുശലേമിലെ അധികാര വ്യവസ്ഥയിൽ നിന്ന് വളരെ ദൂരെ നസ്രേത്തുകാരനായ യേശു അഞ്ചപ്പം കൊണ്ടു അയ്യാരിരം പേരെ പോഷിപ്പിക്കുന്ന സ്‌നേഹമെന്ന ആദർശ ആശയം കൊണ്ടു അനീതിയെയും അധികാരത്തെയും ചോദ്യം ചെയ്തു. അന്നത്തെ മത അധികാര വ്യവസ്ഥക്കു നേരെ ചാട്ടവാർ ഉപയോഗിച്ചപ്പോഴാണ് പുരോഹിത വർഗ്ഗവും രാഷ്ട്രീയ വർഗ്ഗവും ക്രൂശിച്ചപ്പോഴാണ് യേശു ക്രിസ്തു എന്ന വിമോചന ആശയമായി ഉയർത്തു ലോകമാകെ പടർന്നത് .

ആളെകൊല്ലാം. ആശയങ്ങളെ കൊല്ലുവാൻ പ്രയാസമാണ്. അതു കൊണ്ടാണ് പിന്നീട് യേശു ആദർശ ആശയമായി ഉയർത്തെഴുന്നേറ്റു മനുഷ്യരുടെ ഇടയിൽ അദർശ്യ ആദർശ ദർശനമായി ഉലാത്തി ഇപ്പോഴും കടലിന് മീതെ നടന്നു കരകളിൽ കാറ്റായി വീശുന്നത്. മക്കയിൽ നിന്ന് മറുവഴിതേടി യുദ്ധങ്ങളിൽ നിന്ന് സമാധാനം തേടിയുള്ള മരുഭൂ പ്രയാണത്തിൽ അന്നത്തെ വ്യവസ്ഥക്ക് വെളിയിൽപോയി ബദലുകൾ സൃഷ്ടിച്ചാണ് മുഹമ്മദ് നബിയായത്.

ഇവരെല്ലാം മനുഷ്യനെ മാറ്റിയത് ആശയങ്ങൾകൊണ്ടും. ഉൾപ്രേരണയുടെ ഭാവനാത്മക ഭാഷയിലൂടെ മനുഷ്യ മനസ്സിനെ പ്രചോദിപ്പിച്ചാണ്. ലോകം എന്നും മാറ്റിയത് അന്നന്നത്തെ വ്യവസ്ഥക്കപ്പുറം ആശയങ്ങളും ഉൾപ്രേരണയുടെ പ്രചോദനമുള്ള മനുഷ്യരുമാണ്. അന്നന്നത്തെ വിഗ്രഹങ്ങളെ അവർ വീഴ്‌ത്തിയത് ഭാഷയുടെ ആത്മാവ് കൊണ്ടാണ്. ഭാഷയുടെ വരങ്ങളിലൂടെ പുതിയ വരികൾ പറഞ്ഞു മനസ്സിന്റെ ആത്മവിന്റെ അകത്തളങ്ങളിൽ തൊട്ടാണ്. അതു അവർ ചെയ്തത് മനുഷ്യനെ തൊടുന്ന കവിതകളിൽ കൂടിയും കഥകളിൽ കൂടിയും ലളിത ഭാഷ ഭാഷ്യങ്ങളിൽകൂടിയുമാണ്.

അവർ ഭാഷയുടെ ലളിത മാസ്മരികതയുണ്ടാക്കിയത് ജനങ്ങളുടെ ഇടയിൽ അവരോട് അവരുട വായ്‌മൊഴിയിൽ മൊഴിഞ്ഞാണ്. ഭാഷയുടെ ഭാഷ്യങ്ങളിലാണ് മറു ഭാഷ ഭക്ഷ്യങ്ങളിലാണ് അധികാരത്തിന്റെ വിഗ്രങ്ങൾ തകരുന്നത്. അതു വീഴുന്നത് കവിതയിലും കഥകളിലുമുള്ള ആത്മ നിറവുള്ള ഭാഷയുടെ ഒഴുക്കിൽ മനസ്സു നിറയുന്ന മനുഷ്യരാണ്.

എന്നാൽ എല്ലാ വിഗ്രഹ ഭഞ്ജകരെയും വിഗ്രഹങ്ങളാക്കിയാണ് അധികാരത്തിന്റെ സംഘ ബലങ്ങൾ വീണ്ടും അവരെ സ്വത അടയാളങ്ങളാക്കുന്നത്. അതു കൊണ്ടാണ് പള്ളി അധികാര അൾത്താരകളിൽ യേശു ഇന്നും ക്രൂശിതനായി തൂങ്ങുന്നത്. ഉയർത്തെഴുന്നേറ്റു സ്‌നേഹ ആദർശങ്ങളുടെ ചാട്ടവാർ ഉയർത്തുന്ന യേശുവാണ് അവർക്കപകടകാരി. അതുകൊണ്ടാണ് യേശുവിനെ ക്രൂശിച്ച റോമൻ സാമ്രാജ്യ അധികാര ക്രൂരതയുടെ കുരിശ് ഇന്നും അധികാരത്തിന്റെ അടയാളമായി പരിണമിക്കുന്നത്.

എല്ലാ അധികാരികളും ഒരു ദിവസം മരിച്ചു മണ്ണടിയും. ചിലരെ കൊന്നുതള്ളും

അടുത്തത് പിന്നെ.

സംഘബലം മനുഷ്യനോട് എന്ത് ചെയ്യുന്നു?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP