Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും; ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നു

ജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും;  ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

 ജലീൽ മന്ത്രിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ

'താൻ തെറ്റു ചെയ്‌തെന്ന് ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നാണ് കെ ടി ജലീൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്'. ഇന്നത്തെ ദേശാഭിമാനിയിൽ വായിച്ച വരികളാണ് മുകളിൽ.

ഇതു പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയാണ്. ഓരോ മന്ത്രിമാരും ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ നിയമ വ്യവസ്ഥയൂമനുസരിച്ചു അവയെ രണ്ടും പരിരക്ഷിക്കാം എന്ന് സത്യ പ്രതിജ്ഞ ചെയ്താണ് ഭരണത്തിൽ ഏറുന്നത്. ഓരോ എംഎംഎക്കും എംപിക്കും മന്ത്രിക്കും അവരവരുടെ മതഗ്രന്ഥങ്ങൾ വായിക്കുവാനും അതാത് മത ആചാര വിശ്വാസങ്ങൾ പാലിക്കുവാനും വക്തികൾ എന്ന നിലയിൽ അവകാശമുണ്ട്. എന്നാൽ അവർ ഭരണഘടനക്ക് അനുസരിച്ചുള്ള പദവികളിൽ ഇന്ത്യൻ നിയമവ്യവസ്ഥയാണ് പ്രധാനം.

പല മന്ത്രിമാരുടെ പേരിലും ആരോപണങ്ങൾ ഇതിന് മുമ്പ് പല പ്രാവശ്യം 1956 മുതൽ ഉണ്ടായിട്ടുണ്ട്. അവരാരും ഒരു മതചര്യൻ മതഗ്രന്ഥത്തിൽ തൊട്ട് പറഞ്ഞാൽ രാജി മാത്രം അല്ല പൊതു ജീവിതവും അവസാനിപ്പിക്കാം എന്നു പറഞ്ഞു കേട്ടിട്ടില്ല. ഇതു മതേതര ജനായത്ത വ്യവസ്ഥയിലും ഭരണഘടനയിലും നിയമ വാഴ്ചയിലും വിശ്വാസമുണ്ടെന്ന് പറയുന്ന ഒരു മന്ത്രിയും ചെയ്യാൻ പാടില്ലത്തതാണ്.

മന്ത്രി ജലീലിന്റെ നയമനുസരിച്ചു.കെ എം മാണി എന്ത് പറഞ്ഞേനെ? പഴയ ആഭ്യന്തര മന്ത്രി കെ എം മാണിക്ക് എതിരെ ആരോപണം വന്നു നിയമസഭ ഇളക്കി മറിച്ചപ്പോൾ, പാലാ ബിഷപ്പ് സത്യവേദപുസ്തകത്തിൽ തൊട്ട് പറഞ്ഞാൽ രാജി വച്ചു പൊതു ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞാൽ എങ്ങനെ ഇരുന്നേനെ?

അല്ലെങ്കിൽ വേറൊരു മന്ത്രി എൻ എസ് എസ് സെക്രട്ടറി ഗീതയിൽ തൊട്ട് പറഞ്ഞാൽ പൊതു ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും?

മന്ത്രി ജലീലിന് എതിരെ മൂന്നു പ്രധാന പ്രശ്‌നങ്ങളാണ് ഉന്നയിച്ചത്

1) നിയമം പരിരക്ഷിക്കാൻ ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്‌തൊരാൾ ഗുരുതരമായ നിയമലംഘനം ചെയ്തു എന്ന ആരോപണം. എഫ് സി ആർ എ എന്ന നിയമം പ്രഥമ ദൃഷ്ട്യാ ലംഘിച്ചു എന്നാണ് അദ്ദേഹം തന്നെ പങ്ക് വച്ച വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ട് കാണിച്ചത്.

2) മന്ത്രിപദം എന്ന മതേതര ഭരണഘടന റോൾ ദുരുപയോഗം ചെയ്തു ഒരു വിദേശ കൊൻസുലേറ്റുമായി ചേർന്നു സർക്കാർ സംവിധാനവും പദവിയും ദുരുപയോഗിച്ച് മതഗ്രന്ഥം വിതരണം ചെയ്തു എന്നതാണ്. അതിനു അദ്ദേഹം പറയുന്നത് അദ്ദേഹം വഖഫ് മന്ത്രി എന്ന ന്യായമാണ്? ഒന്നുകിൽ അദ്ദേഹത്തിന് വഖഫ് മന്ത്രിയുടെ ചുമതല അറിയില്ല. അല്ലെങ്കിൽ അത് ഉപയോഗിച്ചു പുക മറ സൃഷ്ടിക്കുന്നു

കേരളത്തിലെ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനാണ്. അദ്ദേഹം ആ പദവിയിൽ ഇരുന്നുകൊണ്ടു നാട്ടിൽ എല്ലാം ഭാഗവതവും ഭാഗവത് ഗീതയും സർക്കാർ വാഹനങ്ങളിൽ വിതരണം ചെയ്തിട്ട് അത് ദേവസ്വം മന്ത്രി എന്ന ചുമതലയിൽ ആണെന്ന് അവകാശപെട്ടാൽ എങ്ങനെ ഇരിക്കും?

3) മന്ത്രി മാധ്യമങ്ങളോട് ഇഡി ചോദ്യം ചെയ്യുന്നതിനെകുറിച്ച് കള്ളം പറഞ്ഞു എന്നതാണ്. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ച് അങ്ങനെയുള്ളതോക്കെ വളരെ സാധാരണ രാഷ്ട്രീയ വ്യവഹാരമാണ്. അതിൽ ഒരത്ഭുതവും ഇല്ല. സത്യമേ ജയതേ എന്ന് പറഞ്ഞു കള്ളം പറയുന്നതിൽ അല്പം ഐറണിയുണ്ടെന്നു മാത്രം.

എന്താണ് പ്രശ്‌നം?

കേരളത്തിൽ ഇടതുപക്ഷ ജനായത്ത വിശ്വാസി എന്ന പേരിൽ ഭരണഘടന അനുസരിച്ചു മന്ത്രിയായ ഒരാൾ പറയുന്നത് ഒരു മത സാമൂഹിക രാഷ്ട്രീയ നേതാവ് പരിശുദ്ധ ഖുറാനിൽ പിടിച്ചു അദ്ദേഹം തെറ്റകാരനാണ് എന്ന് പറഞ്ഞാൽ രാജി വയ്ക്കുക മാത്രം അല്ല പൊതു ജീവിതവും അവസാനിപ്പിക്കും എന്നാണ്.

അങ്ങനെയാണെങ്കിൽ പിന്നെ സെക്കുലർ ഭരണഘടനയും നിയമ വ്യവസ്ഥയുമൊക്കെ എന്തിനാണ്? അതാതു ജാതി മത വിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളും ജാതി മത.സാമൂഹിക നേതാക്കളും മതിയല്ലോ? ഈ നിലപാടും ഖാപ് പഞ്ചായതും തമ്മിൽ എന്ത് വ്യത്യാസം?

പ്രശ്‌നം ഐഡിയൊളജി അല്ല ഐഡന്റിറ്റിയാണ്. ഇടതു പക്ഷ പുരോഗമമനം ഐഡിയോളജിയെ മാറ്റി വച്ചു ഐഡന്റിറ്റിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ജലീലിന്റെ ആവേശ വിശ്വാസം കാണിക്കുന്നത്. അത് ഏറ്റു എടുത്തു മഹാകാര്യമാക്കുന്നത് പുരോഗമന രാഷ്ട്രീയത്തിനും സെക്കുലർ രാഷ്ട്രീയത്തിനും കടക വിരുദ്ധം. അത് ആ പ്രസ്ഥാനങ്ങൾക്ക് ഗുണത്തിൽ അധികം ദോഷം ചെയ്യുമെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ നല്ലതു

ഭൂരിപക്ഷ വർഗീയത പോലെ അപകടകരമാണ് കേരളത്തിൽ ന്യൂനപക്ഷ വർഗീയതയും. കാരണം അത് പരസ്പരം പരിപോഷിപ്പിച്ചു സമൂഹത്തെ വർഗ്ഗീയവൽക്കരിക്കും. അത് ഒളിഞ്ഞു ചെയ്താലും തെളിഞ്ഞു ചെയ്താലും

പ്രശ്‌നം ഒരു മന്ത്രി ഇന്ത്യൻ ഭരണഘടനെയൊ നിയമ വ്യവസ്ഥയെയൊ അനുസരിച്ചു പ്രവർത്തിക്കുന്നോ എന്നാണോ അതോ അവരവരുടെ മതഗ്രന്ഥത്തെപിടിച്ചു അതാതു മത സാമൂഹിക ആചാര്യന്മാർ പറഞ്ഞത് അനുസരിച്ചാണോ പ്രവർത്തിക്കേണ്ടത് എന്നതാണ്. വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് ഒരു വള്ളി വ്യത്യാസം മാത്രമേയുള്ളൂ. ഐഡിയോളേജിയിൽ നിന്നും ഐഡന്റിറ്റി മാർക്കേറിലേക്ക് പോകുമ്പോൾ അത് അല്പ.ലാഭവും പെരുംചേദവുമെന്ന് അറിയേണ്ട നേതാക്കൾ അറിഞ്ഞാൽ അത് സമൂഹത്തിനും അവർക്കും കൊള്ളാം

ജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും. അങ്ങനെയാണ് ജലിൽ മന്ത്രിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ ജനങ്ങൾ അറിയുന്നത്. ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും. അതും നല്ല ഒന്നാംതരം അച്ചടി മലയാളത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP