Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പ്രധാനമന്ത്രിയുടെ ഇഫ്താറുകളിൽ: പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻ സിങ് ഒരുക്കിയ ഇഫ്താറിന്റെ അനുഭവ സാക്ഷ്യം; അഡ്വ പി റഹിം എഴുതുന്നു

പ്രധാനമന്ത്രിയുടെ ഇഫ്താറുകളിൽ: പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻ സിങ് ഒരുക്കിയ ഇഫ്താറിന്റെ അനുഭവ സാക്ഷ്യം; അഡ്വ പി റഹിം എഴുതുന്നു

അഡ്വ പി റഹിം

രിശുദ്ധ റമളാനിലെ ഇഫ്താറിന്റെ തിരക്കാണ് കേരളത്തിലിന്ന്. മന്ത്രിമാർ മുതൽ ചെറിയ സംഘടനകൾ വരെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുന്ന കാഴ്ച സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ചില മാധ്യമങ്ങളും ഇവിടെ ഇഫ്താർ വേദിയൊരുക്കിക്കഴിഞ്ഞു. ഇഫ്താർ വിരുന്നുകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഞാൻ ഈ വർഷം ഇഫ്താറിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇഫ്താർ പാർട്ടികളെ വീക്ഷിക്കുകയാണ്. മുമ്പ് രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും ഉന്നതന്റെ -സാക്ഷാൽ പ്രധാനമന്ത്രിയുടെ തന്നെ - ഇഫ്താറിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ഓർമ്മകളുമായി. പുതു വെളിച്ചത്തിന്റെ പ്രത്യാശയും മൂല്യമാർന്ന സന്ദേശങ്ങളും ചോർന്നുപോയ ഇഫ്താറുകളാണ് നമുക്കിന്ന് കൂടുതലും ദർശിക്കാൻ കഴിയുന്നത്. പകയും വെറുപ്പും എല്ലാം ഉപേക്ഷിച്ച് ശുദ്ധ ഹൃദയത്തോടെ ഒരു പുതുജീവിതത്തിന്റെ ആരംഭം കുറിക്കാനുള്ള വ്രത മാസമാണ് റംസാൻ.

2006-ലെ ഒക്‌ടോബർ മാസം - തീയതി ഇരുപത് - സമയം 17.45 - അന്നാണ് ഞാൻ ആദ്യതവണ പ്രധാനമന്ത്രി ഒരുക്കിയ ഇഫ്താറിൽ പങ്കെടുക്കുന്നത്. കെപിസിസി -യാണ് എന്നെ ഈ സംഗമത്തിൽ പങ്കെടുക്കുന്നതിന് അയച്ചത്. മന്മോഹൻ സിംഗാണ് അന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വസതിയായ റേസ്‌കോഴ്‌സ് റോഡിലെ 7-ാം നമ്പർ വീടിന്റെ പുൽത്തകിടിയിലായിരുന്നു ഇഫ്താർ വിരുന്ന്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ക്ഷണിക്കപ്പെട്ട നൂറ്റി അമ്പതോളം പേരാണ് അന്ന് വിരുന്നിൽ പങ്കെടുത്തത്. ദേശീയ നേതാക്കന്മാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, വിദേശ അമ്പാസഡർമാർ, എംപി.മാർ തുടങ്ങി പ്രത്യേക സുരക്ഷാവലയത്തിലുള്ളവരായിരുന്നു ധാരാളം പേർ. എന്നാൽ ആ വലയമില്ലാതെ ഒറ്റയ്ക്കായിരുന്നു അന്ന് അവർ. ഈ ചടങ്ങളിൽ അവിടെ ആദ്യം എത്തിയവരിൽ ഒരാൾ ഞാനായിരുന്നു.

അപ്പോൾ നേരം സന്ധ്യ ആകുന്നതേയുള്ളൂ. എങ്ങും ശാന്തത. നോമ്പ് തുറക്കാനും നമസ്‌കരിക്കാനുമുള്ള സംവിധാനങ്ങൾ. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിന്റെ അതിഥിയായാണ് ഞാൻ നിൽക്കുന്നത് എന്ന തിരിച്ചറിവ് എന്നിൽ അഭിമാനം ഉണ്ടാക്കി. അല്പം കഴിഞ്ഞ് ഏ.കെ.ആന്റണി വന്നു. പിന്നീട് സിപിഐ നേതാവ് ഡി. രാജ, സോണിയാഗാന്ധി, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയും പിന്നീട് കേരളാ ഗവർണ്ണറുമായിരുന്ന ഷീലാദീക്ഷിത്, കാശ്മീരിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി, മെഹബൂബ മുഫ്തി, ജ്യോതിരാദിത്യ സിന്ധ്യ ഇങ്ങനെ നിര നീളുകയാണ്. എല്ലാവരുമായും ഞാൻ സംസാരിച്ചു. കശിമീരിലേയ്ക്ക് വരാൻ ആഗ്രഹമുണ്ടെങ്കിലും അവിടത്തെ സ്ഥിതികൾ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് എന്ന് മെഹബൂബ മുഫ്തിയോടു പറഞ്ഞപ്പോൾ അവർ പറഞ്ഞു

''മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലയൊന്നും അവിടെയില്ല, ധൈര്യമായി വരാം. തീർച്ചയായും വരണം''. സോണിയാഗാന്ധിയുമായി മൂന്നു തവണ അന്നു സംസാരിക്കുവാൻ അവസരം ലഭിച്ചു. ഷീലാദീക്ഷിത്, സിന്ധ്യ തുടങ്ങിയവരുമായി ഏറെ നേരം സംസാരിക്കുവാൻ അവസരമുണ്ടായി. ഡി. രാജയോടൊപ്പമാണ് ആദ്യം ഞാൻ നിന്നിരുന്നത്. അദ്ദേഹവുമായും വർത്തമാനങ്ങൾ പങ്കുവച്ചു. ആറു മണിയോടെ മന്മോഹൻസിങ് - ഇന്ത്യയുടെ പ്രധാനമന്ത്രി വന്നു. ഓരോരുത്തർക്കും ആശംസ നേർന്നു. പുൽത്തകിടിയിൽ ചുറ്റി നടന്ന് ധാരാളം നേതാക്കളെ കണ്ട് സംസാരിക്കാനും ചില പഴയ പരിചയങ്ങൾ പുതുക്കാനും എനിക്ക് കഴിഞ്ഞു. ആ ചടങ്ങിനിടയിലും ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു.

അതിഥികളിൽ ഏവരും ബഹുമാനിച്ച ഒരാളെ. അത് സാക്ഷാൽ ഏ.കെ. ആന്റണി തന്നെ. അന്ന് ആ സായം സന്ധ്യയിൽ ശാന്തത മുറ്റി നിന്ന അന്തരീക്ഷത്തിലെ റംസാൻ നിലാവിൽ, പ്രധാനമന്ത്രി മുതൽ അവിടെ കൂടിയ എല്ലാവരും തുല്യർ. ആർക്കും വലുപ്പചെറുപ്പമില്ല. കേരളത്തിന് പ്രധാനമന്ത്രി ഒരു ഇഫ്താർ സമ്മാനവും തന്നു രണ്ടാം ദിവസം. ആ സമ്മാനമാണ് ഏ.കെ. ആന്റണിയുടെ പ്രതിരോധ മന്ത്രിപദം. സ്വാദിഷ്ടമായ ആഹാരമായിരുന്നു തയ്യാറാക്കിയിരുന്നത്. സസ്യാഹാരവും സസ്യേതരാഹാരവും ബുഫെ ആയിരുന്നു. ഒരു ദേശീയ സംഗമമായിരുന്നു അന്ന് അവിടെ നടന്നത്. 2007 ലെ പ്രധാനമന്ത്രിയുടെ ഇഫ്താറിലും ഞാൻ പങ്കെടുത്തിരുന്നു. ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക വേദി ഒരുക്കികൊടുത്തിരുന്നു. കഴിഞ്ഞ തവണ അതില്ലായിരുന്നു.

കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, അന്നത്തെ കേന്ദ്ര മന്ത്രിമാരായ ഏ.കെ. ആന്റണി, വയലാർ രവി, ലാലു പ്രസാദ് യാദവ്, രാംവിലാസ് പസ്വാൻ, ശിവരാജ് പാട്ടീൽ, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയും അതിനുശേഷം കേരള ഗവർണ്ണറുമായിരുന്ന ഷീലാ ദീക്ഷിത്, കാശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മോഹ്‌സീന ക്വിദ്വായി, സീതാറാം യെച്ചൂരി തുടങ്ങിയവരും ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അവരെല്ലാവരുമായും സംസാരിക്കുവാനുള്ള അവസരവും എനിക്കു ലഭിച്ചു. മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പാർലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ഒക്കെ അതിഥികൂട്ടത്തിലെ അംഗങ്ങളായി.

കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള ഭാരതത്തിന്റെ ദേശീയതയായിരുന്നു, 2007ഒക്‌ടോബർ ആറിന് നടന്ന ആ ഇഫ്താറിൽ എനിക്ക് ദർശിക്കാൻ കഴിഞ്ഞത്. ഒരു ദേശീയ നേതൃത്വ കൂട്ടായ്മയായിരുന്നു അത്. അവിടെ വച്ച് ഏ.കെ. ആന്റണി എനിക്ക് ഒരു ബഹുമതിയും തന്നു. ''ബോൺ ഫൈറ്റർ''. തലേക്കുന്നിൽ ബഷീറും ജമീല ഇബ്രാഹീമും കൂടി കേരളത്തിൽ ഞാൻ നൽകിയ ദേശാഭിമാനി കോഴക്കേസിനേയും മെർക്കിസ്റ്റൺ കേസിനേയും ഉദ്ദേശിച്ചുകൊണ്ട് കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷ ഗവണ്മെന്റിനെതിരെ ലീഗൽ ഫൈറ്റ് നടത്തുന്നത് റഹീം ആണെന്നു പറഞ്ഞപ്പോൾ ആന്റണിയുടെ കമന്റ് ''റഹീം ഒരു ബോൺ ഫൈറ്ററാണ്'' എന്നായിരുന്നു.

ആന്റണി നൽകിയ ബഹുമതിയും പ്രധാനമന്ത്രി നൽകിയ സസ്യാഹാരവും കഴിച്ച് ആ ദേശീയ സംഗമത്തിൽ നിന്ന് മടങ്ങുമ്പോൾ ഈ ദേശീയത ഒരു വിഘടനവാദത്തിനും തകർക്കാനാവില്ല എന്ന ദൃഢവിശ്വാസം എന്നിൽ പതിഞ്ഞിരുന്നു. 2008 -ലെ ഇഫ്താറിനും എനിക്കു ക്ഷണമുണ്ടായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം അത് റദ്ദാക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു കെപിസിസി. പ്രസിഡന്റ്. എനിക്ക് ഇഫ്താറുകളിൽ പങ്കെടുക്കാനുള്ള അസുലഭാവസരം ഒരുക്കിത്തന്നതും രമേശ് ചെന്നിത്തല തന്നെ. ഒരിക്കലും മറക്കാത്ത, മായാത്ത ഓർമ്മകളായി ഈ ഇഫ്താറുകൾ എന്നും മനസ്സിൽ ജീവിക്കും.

(അഭിഭാഷകനും കോൺഗ്രസ് നേതാവുമാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP