Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാധ്യമങ്ങളിൽനിന്നും കിട്ടിയ മുൻവിധി വച്ചാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും; 12 മണിക്കൂറിനകം നടപടിയുണ്ടായി; പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി എന്നായിരുന്നു എന്റെ ധാരണ; ഞാൻ കണ്ട പിണറായി വിജയൻ: അഡ്വ ഹരീഷ് വാസുദേവൻ എഴുതുന്നു

മാധ്യമങ്ങളിൽനിന്നും കിട്ടിയ മുൻവിധി വച്ചാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും; 12 മണിക്കൂറിനകം നടപടിയുണ്ടായി;  പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി എന്നായിരുന്നു എന്റെ ധാരണ; ഞാൻ കണ്ട പിണറായി വിജയൻ: അഡ്വ ഹരീഷ് വാസുദേവൻ എഴുതുന്നു

അഡ്വ ഹരീഷ് വാസുദേവൻ

 ഞാൻ കണ്ട പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകൾ നേരുന്ന പോസ്റ്റുകളാണ് ഫീഡ് നിറയെ. ഈ മനുഷ്യനെ എനിക്കിഷ്ടമല്ലായിരുന്നു എന്ന ടാഗ് ലൈനിൽ ആണ് അധികവും. എന്നാലെന്തുകൊണ്ടു എനിക്കും എന്റെ നല്ല അനുഭവം പറഞ്ഞുകൂടാ?

2016 വരെ പിണറായിയുടെ രാഷ്ട്രീയ നിലപാടുകളെയും ശൈലിയെയും വിമർശിക്കാൻ ഒരു മയവും കാണിക്കാത്ത ആളായിരുന്നു ഞാൻ. പ്രത്യേകിച്ചും വി എസ് അച്യുതാനന്ദൻ ഏറ്റെടുത്ത മൂന്നാർ ഉൾപ്പെടെയുള്ള പരിസ്ഥിതി വിഷയങ്ങളേ പാർട്ടിയുടെ ഭാഗത്ത് നിന്ന് എതിർത്ത ആളാണ് പിണറായി വിജയൻ എന്നത് മനസിൽ ഉള്ളതുകൊണ്ട് തന്നെ, നല്ലത് കണ്ടാൽത്തന്നെ ഞാൻ അന്നൊന്നും പറയാറുമില്ല. വെറും വില്ലൻ ഇമേജായിരുന്നു മനസിൽ. എഋഇ ഒക്കെ വായിച്ചാൽ അന്നത്തെ എതിർപ്പിന്റെ മൂർച്ച അറിയാം. ഭരണത്തിൽ വന്നു ആദ്യ ഒരു വർഷം പ്രതിപക്ഷത്തെക്കാൾ മൂർച്ചയോടെ മുഖ്യമന്ത്രിയുടെ നിലപാടുകളെ ഞാൻ വിമർശിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി വിജയൻ. പരിസ്ഥിതിയുടെ പേരു പറഞ്ഞു വികസനത്തെ തുരങ്കം വെയ്ക്കുന്നു എന്ന ഋജുവായ കാഴ്ചപ്പാടാണല്ലോ പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് എന്ന് നിരാശപ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി ആയപ്പോൾ. എന്നാൽ ട്രാക്ടർ/കമ്പ്യൂട്ടർ വിരുദ്ധ സമരകാലത്തെ ഇമേജ് വെച്ചു സിപിഎം കേരളവികസനത്തെ തുരങ്കം വെയ്ക്കുന്നു എന്ന് കാലാകാലമായി മനോരമയാദി മാധ്യമങ്ങൾ കൊണ്ടുവന്ന ആ ഇമേജ് ഈ ഭരണകാലത്തോടെ പൊളിച്ചുപണിയാനുള്ള വെമ്പൽ അദ്ദേഹത്തിന് വളരെ കൂടുതലാണെന്നും, അതിന്റെ ഭാഗമാണ് പരിസ്ഥിതി വിഷയങ്ങളോടുള്ള നിഷേധനിലപാടെന്നും പിന്നീട് തോന്നി.

എന്നിട്ടും ഈ 4 വർഷത്തിനിടെ ഒരു സന്തോഷ് മാധവനും ഒരു കെജിഎസ് ഗ്രൂപ്പും വൻകിട നിലംനികത്ത് പദ്ധതിയുമായി വരികയോ സർക്കാർ അംഗീകരിക്കുകയോ ഉണ്ടായില്ല.ജീവിതത്തിൽ രണ്ടുതവണയേ പിണറായി വിജയനെ നേരിൽ കണ്ട് വ്യക്തിപരമായി സംസാരിച്ചിട്ടുള്ളൂ. അതും മുഖ്യമന്ത്രി ആയശേഷം.

മാധ്യമങ്ങളിൽ നിന്നും കിട്ടിയ മുൻവിധി വച്ചാണ് നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും. കേസിനു പോകും മുൻപ് സർക്കാരിനെ ബോധ്യപ്പെടുത്താനുള്ള ഒരുശ്രമം എന്നനിലയിൽ. എന്നാൽ അനുകൂല സമീപനമാണുണ്ടായത്. ഭരണതീരുമാനങ്ങളിലെ വിമർശനം, എതിരഭിപ്രായം ഒക്കെ നേരിൽ പറഞ്ഞു. മാധ്യമങ്ങൾ പറയുന്നതുപോലെ അസഹിഷ്ണുതയോ ദേഷ്യമോ ലവലേശം ഉണ്ടായില്ലെന്ന് മാത്രമല്ല, സശ്രദ്ധം അതെല്ലാം കേട്ടു. പലവട്ടം പലരോടും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്നുപറഞ്ഞു. അദ്ദേഹത്തിന് ഗൗരവം ബോധ്യപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പരാതി വാങ്ങി. 'ഞാൻ ഏറ്റു, വേണ്ട നടപടിയുണ്ടാകും' എന്നുമാത്രം ഉറപ്പ് നൽകി. ഉറപ്പ് ബോധ്യപ്പെടാത്തതുകൊണ്ട്, പ്രശ്നമുണ്ടാക്കുന്നവരുടെ വലുപ്പം ബോധ്യപ്പെടുത്താൻ ഞാൻ ഒന്നുകൂടി പറയാൻ ശ്രമിച്ചപ്പോൾ പതിവ് ശൈലിയിൽ 'ഇത് ഞാൻ ഏറ്റു എന്നാണല്ലോ ഞാൻ ഇപ്പൊ പറഞ്ഞത്' എന്നായി. ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.

12 മണിക്കൂറിനകം ആ വിഷയത്തിൽ നടപടിയുണ്ടായി, അതും അതിൽ സാധ്യമായ ഏറ്റവും ഉയർന്ന തലത്തിലെ ഇടപെടൽ. ഒരു മീഡിയ മൈലേജിന് ശ്രമിച്ചാൽ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാവുന്ന വിഷയമായിരുന്നു ആ നടപടി. എന്നാൽ ഒരു പിആർഡി റിലീസ് പോലുമുണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തി. അന്നുമുതലാണ് മറ്റൊരു ആംഗിളിൽ ഇദ്ദേഹത്തെ കാണാൻ തുടങ്ങിയത്. 2017 ഒക്ടോബറിൽ വിവാഹത്തിന് നേരിൽ കണ്ട് ആശംസിക്കാൻ അദ്ദേഹം വീട്ടിൽ വന്നതുകൊണ്ട് ഞാൻ എതിർപ്പ് മയപ്പെടുത്തി എന്ന ചില കമന്റുകൾ കാണുമ്പോൾ അതുകൊണ്ട് എനിക്ക് ചിരിവരും. രാഷ്ട്രീയം വ്യക്തിപരമാവുന്നതെങ്ങനെ?

2018 ലെ വെള്ളപ്പൊക്ക ശേഷം പരിസ്ഥിതി വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ആകെ മാറി. പലതും ഉൾക്കൊള്ളാൻ തുടങ്ങി.മനസിലാക്കാനും പരസ്യമായി പറയാനും തുടങ്ങി. മൂന്നാറിലെ റിസോർട്ടുകളുടെ നിയമലംഘന വിഷയത്തിലൊക്കെ എല്ലാവർക്കും പറയാനുള്ളത് വിശദമായി കേട്ടു, വിഷയം പഠിച്ചു, പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയെപ്പോലും തിരുത്തി, ശരിയായ നിലപാട് എടുപ്പിച്ചു.
വൻകിട നിയമലംഘനങ്ങൾ ഇളവില്ലാതെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഉത്തരവായി. സർക്കാർ ഉത്തരവ് ഇതുവരെ നടപ്പാക്കിയോ എന്നു ചോദിച്ചാൽ ഇല്ല, എനിക്ക് ശക്തമായ വിയോജിപ്പുണ്ട്, മാറേണ്ടത് വ്യക്തിയല്ല, സിസ്റ്റമാണ്, ഒറ്റയടിക്ക് മാറ്റാൻ പറ്റുന്നതല്ല എന്ന തിരിച്ചറിവുമുണ്ട്. പ്രായോഗികമായി സാധ്യമായത്ര അനുകൂല നിലപാട് എടുക്കുന്നതിനെ, ഘട്ടംഘട്ടമായി സിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനെ പരസ്യമായി അഭിനന്ദിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്. പലതിനെയും വിമർശിക്കുമ്പോഴും.

ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാട് ആ ബഹുമാനം കൂട്ടി. കേരളത്തിൽ സ്ത്രീകളുടെ തുല്യതയെപ്പറ്റി ഇത്ര ആഴത്തിലുള്ള പബ്ലിക് ഡിസ്‌കോഴ്‌സ് ഇതിനുമുമ്പ് എന്റെ ഓർമ്മയിൽ നടന്നിട്ടില്ല. പാർട്ടിയുടെ പിന്തുണ പോലും വന്നത് പിന്നീടാണ്.

മാധ്യമപരിലാളന ലവലേശം കിട്ടാതെ മുഖ്യമന്ത്രിയായ ഒരാളാണ് പിണറായി വിജയൻ, എന്നുമാത്രമല്ല ഒരു നേതാവിനെപ്പറ്റിയും ഇത്രയേറെ നുണക്കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു കാണില്ല. മാധ്യമങ്ങൾ പുറമേ കാണിച്ചിരുന്ന ആളല്ല അദ്ദേഹമെന്ന് എനിക്ക് നേരിൽ ബോധ്യമുണ്ട്. തന്നെപ്പറ്റി മാത്രമല്ല, ആരെപ്പറ്റിയും മാധ്യമങ്ങൾ എന്ത് പറയുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ല. തീരുമാനം എടുക്കുംമുൻപ് പഠിക്കും. അതുപോലെയാണ് ഉദ്യോഗസ്ഥർക്കുള്ള പിന്തുണ. സംസ്ഥാനത്തിന്റെ ഗുണത്തിനാണ് തീരുമാനം എടുക്കുന്നത് എന്നുകണ്ടാൽ ഏത് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥന്റെയും കൂടെ നിൽക്കും. അതിന്റെ പഴി കേൾക്കും. ആരെന്തു പറഞ്ഞാലും, എന്ത് നഷ്ടമുണ്ടായാലും.

കേരളത്തിൽ മറ്റേതൊരു രാഷ്ട്രീയ നേതാവിലും ആരോപിക്കാവുന്ന പലവിധ കുറ്റവും കുറവും ഉള്ളയാളാണ് പിണറായി വിജയൻ എന്ന വ്യക്തിയും. പക്ഷെ, കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏത് രാഷ്ട്രീയ നേതാവിനെക്കാളും ഭേദപ്പെട്ട ക്രൈസിസ് മാനേജ്‌മെന്റ് ഭരണാധികാരി ആണ് അദ്ദേഹം എന്നാണ് എന്റെ അഭിപ്രായം. കടുത്ത ജീവിതാനുഭവങ്ങൾ ആയിരിക്കണം ഇതിനു തുണ. 2020 ആയപ്പോൾ, പഴയപാർട്ടി സെക്രട്ടറി എന്ന നിലയിൽ നിന്ന് ഭരണാധികാരി എന്ന നിലയിൽ ഏറെ അദ്ദേഹം മുന്നോട്ടു പോയിരിക്കുന്നു.

62 ഏക്കർ തണ്ണീർത്തടം നികത്താൻ അദാനിക്ക് അനുമതി നൽകാൻ പോകുന്നു, ഡാമുകളിലെ വൃഷ്ടിപ്രദേശത്ത് മരംമുറി പോലുള്ളവ നിരുത്സാഹപ്പെടുത്തണമെന്ന ഡച റിപ്പോർട്ട് അംഗീകരിച്ച ഉടനെ പട്ടയഭൂമിയിലെ ലക്ഷക്കണക്കിന് മരങ്ങൾ വെട്ടാൻ അനുമതി, അങ്ങനെ ഈ സർക്കാരിനെ ഇനിയും ശക്തമായി എതിർക്കാൻ പോകുന്ന വിഷയങ്ങൾ അനവധിയുണ്ട്. അപ്പോഴും 3 ദുരന്തങ്ങളിൽ കേരളത്തെ നയിച്ച ആ ഭരണാധികാരിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് മാത്രമേ എതിർപ്പ് സാധ്യമാകൂ.

ആ ചിരി 'വെറും പിആർ ചിരി' ആണെന്ന് പറയുന്നവരോട് ഈ ഫോട്ടോ 2019 മെയ് മാസം പാരീസിലെ ഇന്ത്യൻ എംബസിയിൽ വെച്ചു മാധ്യമങ്ങളില്ലാത്ത പരിപാടിയിൽ ഞാൻ തന്നെ എടുത്തത്. 'ഇയാളെ അറിയില്ലേ, നമ്മളെ ഏറ്റവുമധികം എതിർക്കുന്ന ആളാണ് ഇയാൾ' എന്നാണ് അടുത്തു നിൽക്കുന്ന ഒരാൾക്ക് മുഖ്യമന്ത്രി എന്നെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യം എനിക്കൽപ്പം വിഷമം തോന്നി. 'മറ്റൊരു രാജ്യത്ത് വെച്ചു കാണുമ്പോൾ ഇങ്ങനെയാണോ വെറുതേ എന്നെപ്പറ്റി അയാളോട് രണ്ടു നല്ലവാക്ക് പറഞ്ഞുകൂടെ' എന്ന് തോന്നി. പക്ഷെ വിയോജിപ്പിന്റെ ജനാധിപത്യ മര്യാദയാണത്. അതിൽ കാപട്യമില്ല.

ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും നല്ല ആരോഗ്യത്തോടെ, ഈ നാടിന്റെ നേതൃത്വത്തിൽ ഉണ്ടാകട്ടെ, ഇനിയും ദീർഘകാലം..

75 ആം ജന്മദിന ആശംസകൾ സഖാവേ, ??

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP