Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ക്രിസ്തീയസഭകൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ വെളിപ്പെടുത്തലുകളെ ആസ്പദമാക്കി ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

ക്രിസ്തീയസഭകൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ വെളിപ്പെടുത്തലുകളെ ആസ്പദമാക്കി ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര

ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരക്കൽ എഴുതിയ 'കർത്താവിന്റ നാമത്തിൽ' എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതു വായിച്ച് കേരളത്തിലെ ക്രിസ്തീയവിശ്വാസികളും ജനങ്ങളും ഞെട്ടിയിരിക്കുകയാണ്. പള്ളിമന്ദിരങ്ങളിലും കുമ്പസാരക്കൂടുകളിലും വെച്ച് ക്രിസ്തീയവിശ്വാസികളും കന്യാസ്ത്രീകളും പുരോഹിതരുടെ ലൈംഗികചൂഷണത്തിന് ഇരയാകുമ്പോൾ നമ്മുടെ നാടിന്റെ സംസ്‌കാരത്തിനും സദാചാരബോധത്തിനുംമേൽ അതേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്ന് ആ പുസ്തത്തിൽ ഉൾപ്പെടുന്ന വെളിപ്പെടുത്തലുകൾ വിളിച്ചോതുന്നു.

അതിൽ വിവരിക്കുന്ന സംഭവങ്ങളിലെ കഥാപാത്രങ്ങൾ ആത്മീയകാര്യങ്ങളിൽ വളർച്ച നേടാത്ത വിശ്വാസികളോ സാധാരണമനുഷ്യരോ ആയിരുന്നെങ്കിൽ ആരും ഞെട്ടുമായിരുന്നില്ല.സന്യാസജീവിതം സ്വീകരിക്കാൻ പ്രതിജ്ഞയെടുത്ത് ഒരുക്കത്തോടെ കന്യാസ്ത്രീമഠങ്ങളിൽ എത്തുന്ന പെൺകുട്ടികൾ നീചമായ ലൈംഗികാതിക്രമങ്ങൾ നേരിടുന്നു എന്നു വായിക്കുമ്പോൾ മനുഷ്യമനസ്സാക്ഷിയുള്ള ആരും ഞെട്ടിയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ.

അത് വെളിപ്പെടുത്തുന്നതോ, ഇരകളോടൊപ്പം ജീവിക്കുന്ന കന്യാസ്ത്രീയും. ഒരു സീനിയർ കന്യാസ്ത്രീതന്നെ കന്യാസ്ത്രീമഠങ്ങളിലെയും സഭാഅകത്തളങ്ങളിലെയും കറത്തിരുണ്ട ചെയ്തികൾ വിളിച്ചുപറയുമ്പോൾ അവ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ഒരു സ്ത്രീയും തങ്ങൾക്ക് അപമാനം ഉണ്ടാക്കുന്ന വിവരങ്ങൾ വെറുതെ വിളിച്ചുപറയുകയില്ല. പ്രത്യേകിച്ച് ഒരു കന്യാസ്ത്രീ തന്റെ സഭക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ അസത്യങ്ങൾ വെളിപ്പെടുത്താൻ ഒരിക്കലും ധൈര്യപ്പെടില്ല.

കന്യാസ്ത്രീയാകാൻ മഠങ്ങളിലെത്തുന്ന സഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ്ഗഭോഗത്തിന് ഉപയോഗിക്കുന്നു, കൗൺസിലിങിനായി തങ്ങളുടെ അടുത്തെത്തുന്ന സ്ത്രീകളുമായി വൈദികരായ കൗൺസലിങ് വിദഗ്ദ്ധർ പീഡനത്തിന് ശ്രമിക്കുന്നു, (ഒട്ടുമിക്ക ക്രിസ്തീയസഭകളും വിവാഹത്തിനു മുമ്പുള്ള കൗൺസിലിങ്, കുടുംബ കൗൺസിലിങ്, വിധവാ കൗൺസിലിങ് തുടങ്ങിയ പേരുകളിൽ ഇപ്പോൾ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ട് ), പരിചയപ്പെടുന്ന വീട്ടമ്മമാരുമായും യുവതികളുമായും വൈദികർ മണിക്കൂറുകളോളം ഫോണിലൂടെ സല്ലപിക്കുന്നു, ചില പുരോഹിതർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് കന്യാസ്ത്രീകളുമായിപതിവായി ലൈംഗികബന്ധം പുലർത്തുന്നു, പാഠഭാഗങ്ങളിലെ സംശയങ്ങൾ മാറ്റാൻ തന്റെ അടുത്തു വന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയെ അടുത്തദിവസം അദ്ധ്യാപകപുരോഹിതൻ ഫോണിൽ വിളിച്ച് കാമപരവശനായി അശ്ലീലം നിറഞ്ഞ സംഭാഷണം നടത്തുന്നു,

തന്റെ മുന്നിൽ കുമ്പസാരിക്കുന്ന കന്യാസ്ത്രീകളോട് പുരോഹിതന്മാർ കാമവെറിയോടെ ഇടപെടുന്നു, ചില മഠങ്ങളിൽ ജൂനിയർ കന്യാസ്ത്രീകളെ
പള്ളിമേടയിലുള്ള കാമഭ്രാന്തന്മാരായ വൈദികരുടെ അടുക്കലേക്ക് നഗ്‌നവൈകൃതകേളികൾ ആടുന്നതിനായി തള്ളിവിടുന്നു, വൈദികസെമിനാരിയിൽ പഠിക്കുന്ന ആൺകുട്ടികളെ ബലം പ്രയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടുവരെ മാനസികരോഗത്തിലേക്കു നയിക്കുന്ന സ്വവർഗ്ഗരതിക്ക് വിധേയരാക്കുന്നു തുടങ്ങിയവയാണ് അനുവാചകരിൽ ഞെട്ടൽ
ഉണ്ടാക്കുന്ന സിസ്റ്റർ ലൂസിയുടെ ചില വെളിപ്പെടുത്തലുകൾ.

വൈദികരിൽ നിന്നു ഗർഭിണിയാകുന്ന കന്യാസ്ത്രീകളും അവരിൽ പ്രസവിക്കുന്നവരും മഠങ്ങളിൽ ഉണ്ടെന്ന് സിസ്റ്റർ ലൂസി പറയുന്നു.എങ്കിലും സഭ എപ്പോഴും സംരക്ഷിക്കുന്നത് ഗർഭത്തിനുത്തരവാദികളായ വൈദികരെയാണ്. കൊട്ടിയൂരിൽ 16 കാരിയെ പള്ളിമേടയിൽ വെച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത് ഇപ്പോൾ ജയിലിൽ കഴിയുന്ന വൈദികൻ നിരവധി കന്യാസ്ത്രീകളേ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്നും സഭ എപ്പോഴും അയാളെ സംരക്ഷിച്ചിരുന്നു എന്നും സിസ്റ്റർ ലൂസി തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.

തന്റെ നേരെയും പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റർ ലൂസി അതിൽ പറയുന്നുണ്ട്.യൂറോപ്പിലെ ക്രിസ്ത്യൻസഭകളിൽ മുൻകാലങ്ങളിൽ നടമാടിയ ലൈംഗികഅരാജകത്വത്തെപ്പോലും വെല്ലുന്ന രതിവൈകൃതങ്ങളാണ് പള്ളിമേടകളിലും മഠങ്ങളിലും സെമിനാരികളിലും അരങ്ങേറുന്നത് എന്ന സത്യം വിശ്വാസികളെ മാത്രമല്ല, നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വിഷമത്തിൽ ആക്കിയിരിക്കുകയാണ്

ലൈംഗികത എന്നത് മനുഷ്യശരീരത്തിന്റെ ആവശ്യമാണ്. അത് ജന്മനായുള്ള അവരുടെ സ്വാഭാവികസ്വഭാവത്തിൽ പെട്ടതുമാണ്. എന്നാൽ അതടക്കി സ്വയം നിയന്ത്രിച്ചുകൊണ്ട് സന്യാസജീവിതം സ്വീകരിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും ബിഷപ്പുമാരും അത് പാലിക്കാൻ കടപ്പെട്ടവരും ആത്മീയ ഉടമ്പടിയിൽ ഏർപ്പെട്ടരുമാണ്. അതിനാൽ അതു തെറ്റിക്കുന്ന കന്യാസ്ത്രീകളും അവരെ പ്രലോഭിപ്പിച്ചു പിഴപ്പിക്കുന്ന കത്തനാർമാരും ബിഷപ്പുമാരും എന്തു സമാധാനം ആണ് ക്രിസ്തീയവിശ്വാസികളുടെ മുമ്പിൽ പറയുക എന്നറിയില്ല. തങ്ങളിൽ വിശുദ്ധി ദർശിക്കേണ്ട സമൂഹത്തോട് എന്ത് ന്യായീകരണം പറഞ്ഞാലും വിലപ്പോവുകയില്ല.

ക്രിസ്തീയസഭകളിൽ മാത്രമല്ല, ഏതു പ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലും അരങ്ങേറുന്ന കാര്യങ്ങൾ അവിടെയുള്ളവർതന്നെ വിളിച്ചുപറഞ്ഞെങ്കിലേ പുറംലോകം അറിയുകയുള്ളൂ. ഇവിടെ ഒരു സിസ്റ്റർ അതു വിളിച്ചുപറഞ്ഞുവെങ്കിൽ എത്രമാത്രം മനം നൊന്താകും അവർ അതു ചെയ്തത് എന്നുകൂടി ചിന്തിക്കണം.

'ശരീരത്തിന്റെ ലൈംഗികതൃഷ്ണയെ അടക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ വിവാഹിതരാകൂ' എന്നാണ് പുതിയനിയമലേഖനങ്ങളിൽ സഭാംഗങ്ങൾക്കുള്ള ഉപദേശമായി പൗലോസ് അപ്പോസ്‌തോലൻ എഴുതിയിരിക്കുന്നത്. തങ്ങൾ വ്യഭിചാരികളായി മുദ്ര കുത്തപ്പെടുമോ എന്ന ആശങ്കയാൽ മഠത്തിനുള്ളിൽ നടക്കുന്ന നികൃഷ്ടവും പൊള്ളുന്നതുമായ സംഭവങ്ങൾ വിളിച്ചുപറയാൻ സിസ്റ്റർ ലൂസിയെപ്പോലെയോ കന്യാസ്ത്രീവസ്ത്രം ഉപേക്ഷിച്ച് ആമേൻ എന്ന ആത്മകഥ എഴുതിയ പ്രൊഫസ്സർ സിസ്റ്റർ ജെസ്മിയെപ്പോലെയോ അധികമാരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.

സിസ്റ്റർ അഭയയുടെ കൊലപാതകത്തിന്റെ കേസന്വേഷണം, 2008 അവസാനം ആലപ്പുഴയിലുള്ള 37 കാരിയായ സിസ്റ്റർ ഉൾപ്പെട്ട ലൈംഗികവേഴ്ചയുടെ വീഡിയോകാഴ്ചകൾ, 2008 ആഗസ്റ്റിൽ കൊല്ലം ജില്ലയിലെ സിസ്റ്റർ അനുപമാ മേരി കോൺവെന്റിലെ സ്വന്തം റൂമിൽ തൂങ്ങിമരിച്ചത് (അവരുടെ മുറിയിൽ നിന്ന് കിട്ടിയ നോട്ടിൽ മരണത്തിന് ഉത്തരവാദി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന കോൺവെന്റിലെ മദർ സുപ്പിരിയർ ആണെന്ന് പറഞ്ഞിരുന്നു), കോട്ടയത്തെ ഒരു കോൺവെന്റ് റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ (അവരുടെ മരണക്കുറിപ്പിൽ മരണകാരണമായി എഴുതിയിരുന്നത്, ജീവിതത്തിൽ ഉണ്ടായ നിരാശ ' എന്നായിരുന്നു) തുടങ്ങിയ സംഭവങ്ങൾ ആയിരുന്നു, സിസ്റ്റർ ജെസ്മി ആത്മകഥ എഴുതുന്ന കാലഘട്ടത്തിൽ നടന്നത്.

സിസ്റ്റർ ലൂസി എഴുതിയ സംഭവങ്ങൾ വായിച്ചപ്പോൾ മനസ്സിലായത് അതിൽ പെട്ടുപോയ കന്യാസ്ത്രീകളും പെൺകുട്ടികളും അല്ല കുറ്റക്കാർ എന്നാണ്. അവർ തങ്ങളെ ലൈംഗികമായി പ്രലോഭിപ്പിച്ചപ്പോൾ വീണുപോയ ഇരകൾ മാത്രമാണ്. അതിനാൽ കുറ്റക്കാർ പ്രലോഭിപ്പിക്കുന്ന വേട്ടക്കാർതന്നെയാണ് ഇവിടെയും.

ശരീരതൃഷ്ണയെ നിയന്ത്രിച്ചടക്കി ജീവിക്കുന്ന സ്ത്രീകളെ പ്രലോഭിപ്പിക്കാൻ എളുപ്പമാണ്. അതും തങ്ങളുടെ മേലെ അധികാരമുള്ള പുരോഹിത ബിഷപ്പ് വർഗ്ഗത്തിന്. കന്യാസ്ത്രീകളുടെമേൽ അധികാരമുള്ളവർ എന്ന ധാർഷ്ട്യത്തിലാണ് പുരോഹിതരും ബിഷോപ്പുമാരും മഠങ്ങളിൽ വിഹരിക്കുന്നത്. അവർക്ക് ഒരിക്കലെങ്കിലും വഴങ്ങിയ ഒരു മുതിർന്ന സിസ്റ്റർ ആ മഠത്തിൽ ഉണ്ടെങ്കിൽ അവിടെയുള്ള സകല സന്യാസിനിമാരും കന്യാസ്ത്രീകളും അവരുടെ ഇരകൾ ആയെന്നിരിക്കും. സ്വന്തക്കാരിൽ നിന്നകന്ന് സഭമാത്രം ആശ്രയമായുള്ള കന്യാസ്ത്രീകൾക്കും സന്യാസം സ്വീകരിച്ചുകൊണ്ടെത്തിയ പെൺകുട്ടികൾക്കും ആ പുരോഹിത-സിസ്റ്റർ അവിശുദ്ധകൂട്ടുകെട്ടിന്റെപിടിയിൽ നിന്ന് രക്ഷപ്പെടുക തികച്ചും ദുഷ്‌കരമായിരിക്കും. അഥവാ രക്ഷപ്പെട്ടാലും പിന്നീടുള്ള കാലംമുഴുവൻ, ആജീവനാന്തംതന്നെ,അവർ കന്യാസ്ത്രീമഠത്തിൽ മാനസികമായും ശാരീരകമായും പീഡിപ്പിക്കപ്പെടുമെന്ന് നിസംശയം പറയാവുന്നതാണ്. ഇപ്പോൾ സിസ്റ്റർ ലൂസി അനുഭവിക്കുന്ന പ്രശ്‌നങ്ങളും പീഡകളും മഠത്തിൽനിന്നുള്ള പുറത്താക്കൽ ഭീഷണിയും സഭയിൽനിന്നും തന്റെ സമുദായത്തിൽ നിന്നുമുള്ള ഒറ്റപ്പെടലും ഒക്കെ കാണുമ്പോൾ അത് തീർച്ചപ്പെടുത്താവുന്നതേയുള്ളൂ.

തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ സഭയിലെ അധികാരപ്പെട്ടവർ ഒരിക്കലും തെറ്റ് തിരുത്താനല്ല ശ്രമിച്ചിട്ടള്ളത്, മറിച്ച് തെറ്റിനെ ന്യായീകരിച്ചുകൊണ്ട് സ്വയം അപഹാസ്യരാകുകയാണ് ചെയ്യാറ് പതിവ്. അങ്ങനെ തങ്ങളുടെ വിഷം ചീറ്റുന്ന ആയുധങ്ങൾ അവർ ശക്തിപ്പെടുത്തുന്നതു കാണുമ്പോൾ ക്രിസ്തീയസഭ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് അവിടെ തെളിഞ്ഞുവരുന്നത്.
ഇന്ന് ലോകമകെ ക്രിസ്തീയസഭകളെ പ്രതിസന്ധിയിൽ ആക്കുന്ന ധാരാളം ലൈംഗികഅതിക്രമങ്ങൾ പല രാജ്യങ്ങളിലെ ക്രിസ്തീയസഭകളിലും അരങ്ങേറുന്നുണ്ട്. കത്തനാർമാരും ബിഷപ്പുമാരും മാത്രമല്ല, കർദിനാൾവരെ ലൈംഗികഅരാജകത്വത്തിന്റെ പേരിൽ തങ്ങളുടെ സഭയിൽനിന്നു ശിക്ഷാനടപടി ഏറ്റുവാങ്ങിയിട്ടുണ്ട്.

കുറെ വർഷങ്ങൾക്കു മുമ്പുവരെ വൈദികരാകാൻ ചേരുന്ന യുവാക്കളെയും ആൺകുട്ടികളെയും ആണ് പുരോഹിത ബിഷപ്പ് വർഗ്ഗം ലൈംഗികാവശ്യത്തിന് ഇരയാക്കിയിട്ടുള്ളതായി ലോകം അറിഞ്ഞിട്ടുള്ളത്. ഇപ്പോൾ കന്യാസ്ത്രീകളെയും തങ്ങളുടെ ലൈംഗിക ഉപകരണങ്ങൾ ആക്കി അവർ അന്യോന്യം കാഴ്ചവെയ്ക്കുന്ന നികൃഷ്ടകർമ്മം കണ്ട് ലോകം അമ്പരക്കുന്നു.സീനിയർ കന്യാസ്ത്രീ ജൂനിയർ കന്യാസ്ത്രീകളെയും അവിടെ സന്യാസം സ്വീകരിച്ചെത്തുന്ന പെൺകുട്ടികളെയും സ്വവർഗ്ഗഭോഗത്തിന് ഉപയോഗിക്കുന്നതറിഞ്ഞ് നമ്മുടെ സമൂഹം കണ്ണുകൾ മിഴിക്കുന്നു.എന്നിട്ടും അത് കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. നമ്മുടെ കൊച്ചുകേരളത്തിലെ കാഴ്ച കൂടുതൽ വഷളത്തം നിറഞ്ഞതായി മാറി. സഭകളുടെ ഉള്ളറകളിൽ നടക്കുന്ന അഴിഞ്ഞാട്ടവും ദുർവൃത്തിയും ജനങ്ങളിൽ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു.

ക്രിസ്തീയസഭകളിലെ വൈദികരും മെത്രാൻ ബിഷപ്പുമാരും ദൈവത്തിലും യേശുക്രിസ്തുവിലും ദൈവവചനങ്ങളിലും വിശ്വാസമില്ലാത്തവരായി മാറിയതുകൊണ്ടുകൂടിയാണ് ഇങ്ങനെയൊക്കെ നടക്കുന്നത്.ഒരു പ്രമുഖ ടി വി ചാനലിൽ ബൈബിൾ പഠിപ്പിച്ചിരുന്ന ഒരു വൈദികൻ അവിടെ പറയുന്നതുകേട്ടിട്ടുണ്ട്, ബൈബിളിലെ ആദ്യ അഞ്ചുപുസ്തകങ്ങൾ വിശ്വസനീയമല്ലെന്ന്. അവയിൽ ഒന്നാമത്തെ പുസ്തകമായ ഉല്പത്തിയിൽ വിവരിച്ചിരിക്കുന്നത് വെറും കെട്ടുകഥകൾ മാത്രമാണെന്നും. ഇന്ന് അദ്ദേഹം ആ സഭയിലെ ഒരു പ്രമുഖ ബിഷപ്പ് ആണ്. പല ടി വി ചർച്ചകളിലും ഇപ്പോഴും വന്നിരുന്ന് വിശ്വാസികളുടെ ബൈബിൾപരമായ സംശയങ്ങൾക്ക് ഉത്തരങ്ങൾ നല്കാറുമുണ്ട്. അവരൊക്കെ സഭകളെ ഭരിച്ചുനശിപ്പിച്ചതിന്റെ പരിണിതഫലങ്ങളാണ് ഇപ്പോൾ വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇനിയും വരാനുള്ളത് ഇപ്പോൾ കേട്ടതിലും ഭീകരവും ഭയാനകവും നീചവും ആയിരിക്കും. ക്രിസ്തീയഇടയവേഷം ധരിച്ച ചെന്നായ്ക്കൾ ആയ അവർ വന്നിരിക്കുന്നത്, യേശു തന്റെ സുവിശേഷജീവിതകാലത്ത് ശിഷ്യന്മാരോടു പറഞ്ഞതിനുതന്നെയാണ്. 'കള്ളൻ വരുന്നതുകൊല്ലാനും മോഷ്ടിക്കാനും നശിപ്പിക്കാനുമാണ് ' എന്ന്. അവർക്കു വേണ്ടത് ആടുകളുടെ മാംസവും രക്തവും ആണ്.

എന്തു ചെയ്യാം?അത്തരക്കാരുടെ കൈകളിൽ ആയിപ്പോയി ഇന്ന് ക്രിസ്തീയസഭകളുടെ അധികാരം. അവിടെയുള്ള ആട്ടിൻകൂട്ടത്തെ ഊറ്റിക്കുടിച്ചു നശിപ്പിച്ചിട്ടെ ഇനിയും അവർ പോകുകയുള്ളൂ. ഇന്ന് ക്രിസ്തീയസഭാമേലാളന്മാർക്കു വേണ്ടത് ധനവും ജീവനുള്ള ലൈംഗികഉപകരണങ്ങളും ആണ്. ഒട്ടും അധ്വാനിക്കാതെ രണ്ടും ഇപ്പോൾ അവർക്ക് സഭയിൽനിന്നുതന്നെ സുലഭമായി കിട്ടുന്നുമുണ്ട്.അവ കൊടുക്കാൻ വിധിക്കപ്പെട്ട അജ്ഞരായ വിശ്വാസികളുടെ സമൂഹം അവരോടൊപ്പം ചേർന്നുനിൽക്കുമ്പോൾ തങ്ങൾക്ക് ദൈവത്തെയെന്നല്ല, ആരെയും ഭയപ്പെടേണ്ട കാര്യമില്ല എന്നവർ കരുതുകയും ചെയ്യുന്നു.

ബൈബിൾ പുതിയനിയമലേഖനങ്ങളിൽ പറയുന്നുണ്ട്, യേശുവിന്റെ സുവിശേഷം വിട്ടിട്ട് മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രഘോഷിക്കുന്ന ശപിക്കപ്പെട്ടവർ ക്രിസ്തീയസഭകളിൽ നുഴഞ്ഞുകയറുമെന്ന്. ഇന്നവർ സഭയെ കീഴടക്കിയിരിക്കുന്നു എന്ന വേദനാജനകമായ കാഴ്‌ച്ചയുടെ ഭാഗമാണ് ഈ കോലാഹലങ്ങൾ ഒക്കെ. കർത്താവിന്റെ മണവാട്ടിയായി സ്വയം സമർപ്പണത്തിലൂടെ ജീവിതകാലം മുഴുവൻ കർത്താവായ യേശുക്രിസ്തുവിനുവേണ്ടി ഈ ഭൂമിയിൽ കന്യകയായി ജീവിച്ചുകൊള്ളാം എന്ന ഉടമ്പടിയിൽ കന്യാവ്രതം നോക്കേണ്ടവരാണ് കന്യാസ്ത്രീകൾ.

അവർതന്നെ സന്യാസം സ്വീകരിച്ചു മഠത്തിൽ ചെല്ലുന്ന പെൺകുട്ടികളെയും ഇളയ കന്യാസ്ത്രീകളെയും തങ്ങളുടെ കാമവെറിക്കായി ഉപയോഗിക്കുകയും കത്തനാർമാർക്ക് കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു എന്നു വായിക്കുമ്പോൾ തന്റെ സഭയെ സ്‌നേഹിക്കുന്ന ഏതൊരാളും നിന്നനിൽപ്പിൽ ഉരുകിപ്പോകുന്നു.തങ്ങൾ നിൽക്കുന്നത് എത്ര മലിനമായ നാറ്റം പേറുന്ന ചെളിക്കുണ്ടിൽ ആണെന്ന് ചിന്തിച്ചുപോകുന്നു.

കൈവെപ്പിലൂടെ കർത്താവായ യേശുവിന്റെ അധികാരം തങ്ങൾക്കും ലഭിക്കുന്നുണ്ട് എന്നവകാശപ്പെടുന്ന പുരോഹിത ബിഷപ്പ് വർഗ്ഗം തങ്ങളെ കർത്താവിന്റെ സ്ഥാനത്ത് കാണണം എന്ന ഭോഷ്‌ക്ക് പഠിപ്പിക്കുമ്പോൾ അവരുടെ സ്വാർത്ഥമോഹങ്ങൾക്ക് കന്യാസ്ത്രീകൾ ഇരയാകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഒരു പക്ഷേ അവർ പുരോഹിതവർഗ്ഗത്തെ കാണുന്നത് യേശുവിന്റെ സ്ഥാനത്ത് ആയിരിക്കും.

തങ്ങൾക്ക് ഇഷ്ടപ്പെട്ട പുരുഷനും ഒത്തിണങ്ങിയ സാഹചര്യവും ചേർന്നുവരുമ്പോൾ പുരോഹിതരുടെ ഏത് ലൈംഗികാവശ്യവും നിറവേറ്റാൻ അവർക്ക് മടി തോന്നണമെന്നില്ല. അത് സ്വാഭാവികമയും സ്ത്രീസഹജമായും സംഭവിച്ചുപോകുന്നതാണ്.ലൈംഗികസുഖം അനുഭവിക്കാനുള്ള ദാഹം എല്ലാ മനുഷ്യരിലും ഉണ്ടാകുന്നതുപോലെ അവരിലും ഉണ്ടാകുമല്ലോ.

അതുകൊണ്ടാണ് ബൈബിളിൽ പറയുന്നത് വിവാഹം വിലക്കരുത് എന്ന്. എന്നാൽ ചില ക്രിസ്തീയസഭകൾ പുരോഹിതരെയും ബിഷപ്പ് മെത്രാന്മാരെയും വിവാഹം കഴിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുകയാണ്.അത് സ്ത്രീകളുടെ കാര്യത്തിലും ബാധകം ആണ്. തന്റെ കാമത്തെ അടക്കാൻ കെൽപ്പില്ലാത്ത എല്ലാ സ്ത്രീകളും വിവാഹം കഴിക്കണം എന്നാണ് ബൈബിൾ അനുശാസിക്കുന്നത്.

അതിനാൽ കന്യാസ്ത്രീയാകുക എന്നത് ബൈബിൾ ഉപദേശത്തിന് വിരുദ്ധമാണ്.യേശുക്രിസ്തു തന്റെ വീണ്ടും വരവിൽ കന്യകമാരെ സ്വർഗ്ഗരാജ്യത്തിലെ വിരുന്നിനിരുത്തും എന്ന ബൈബിൾഭാഗം വായിച്ചാകാം അങ്ങനെ ഒരു നിഷ്ഠ സഭകളിൽ ഉണ്ടായതും കന്യാസ്ത്രീമഠങ്ങൾ സ്ഥാപിക്കപ്പെട്ടതും.എന്നാൽ അത് ഇന്ന് ദേവദാസിസമ്പ്രദായംപോലെ പുരോഹിത മെത്രാൻ ബിഷപ്പുമാരുടെ കാമ പൂരണോപാധിയായി മാറിയിരിക്കുന്നു എന്നത് ഖേദകരവും വെറുപ്പ് ഉളവാക്കുന്നതും ആകുന്നു.

യേശുക്രിസ്തു തന്റെ സുവിശേഷപ്രവർത്തന കാലത്ത് പറഞ്ഞിരുന്നു, താൻ വീണ്ടും വരുമ്പോൾ ഇവിടെ വിശ്വാസം കണ്ടെത്തുമോ എന്ന്.അത് ഈ ലോകത്തോട് പറഞ്ഞതല്ല. തന്നിൽ വിശ്വസിക്കുന്ന കൂട്ടത്തോട് പറഞ്ഞതാണ്. യേശുവിന്റെ മണവാട്ടിയാകാൻ ഒരുങ്ങുന്ന ക്രിസ്തീയസഭകളിൽ അരങ്ങേറുന്ന ദുർവൃത്തികൾ കാണുമ്പോൾ ആ സഭകളിലൊക്കെ വിശ്വാസരാഹിത്യം വേരിരക്കിക്കഴിഞ്ഞതായി മനസ്സിലാക്കാം. അത്തരം സഭകളെ സാത്താൻ തീറെഴുതിവാങ്ങിയതിനാൽ തിരിച്ചു വിശ്വാസത്തിലേക്ക് വരുക ദുഷ്‌കരം ആണ്. ഒരിക്കൽ സാത്താന്റെ പിടിയിൽ പെട്ടാൽ യേശു വിചാരിച്ചെങ്കിൽമാത്രമേ അവന്റെ ബന്ധനത്തിൽ നിന്നു വിടുതൽ കിട്ടുകയുള്ളൂ.


അതിനാൽ പല ക്രിസ്തീയസഭകളും യേശുവും പരിശുദ്ധാത്മാവും സഭകളോട് ചെയ്യരുത് എന്നു വിലക്കിയതൊക്കെയും ചെയ്യുന്നു. ചെയ്യണമെന്ന് പറഞ്ഞതൊന്നും ചെയ്യുന്നുമില്ല. ഇന്ന് സഭകളിൽ കാണുന്ന മൂല്യച്യുതിയും തിന്മകളുടെ വിളയാട്ടവും അതിന്റെ പരിണിതഫലങ്ങൾ ആണ്.

കേരളത്തിലെ ഒരു പ്രമുഖസഭയിലെ വൈദികൻ അന്യന്റെ ഭാര്യയായ ഒരു വീട്ടമ്മയുമായുള്ള ലൈംഗികബന്ധം വീഡിയോയിൽ പകർത്തി സഹവൈദികർക്ക് അയച്ചുകൊടുത്ത് ആ സ്ത്രീയെ അവരുമായി പങ്കുവെച്ചതിൽപരം ലജ്ജാകരവും ദുഷ്ടത നിറഞ്ഞതുമായ പ്രവൃത്തി വേറെയുണ്ടോ? ആ പ്രവൃത്തി ക്രിസ്തീയസഭകളിൽ നടമാടുന്ന സാത്താന്യ വാഴ്ചയെ കാണിക്കുന്നതാണ്.ക്രിസ്തീയവിശ്വാസികളിൽ നിന്നു പണം പിരിച്ചുകൊണ്ട് പല സഭകളും അനാഥാലയങ്ങൾ നടത്തുന്നത് കത്തനാർമാർക്ക് അവിഹിതബന്ധത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്താനാണെന്നു പറയപ്പെടുന്നുണ്ട്.

യേശുക്രിസ്തുവിനെതിരെ ലോകമെങ്ങും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കാലമാണിത് .ആ യുദ്ധമുന്നണിയിൽ മുന്നിൽനിന്ന് യേശുവിനെതിരെ യുദ്ധം ചെയ്യുന്നത് ക്രിസ്തീയസഭകൾ തന്നെയാണെന്നത് ഭീതിജന്യം ആണ്.അതു കാണുമ്പോൾ ഇന്നത്തെ പല നാമമാത്ര ക്രിസ്തീയസഭകളും യേശുക്രിസ്തുവിനുള്ളവയല്ല എന്നു വരുന്നു.ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയസഭയിൽ ഈസബെല്ല എന്നൊരു സ്ത്രീ ലൈംഗികഅരാജകത്വം വളർത്തി ദുർവൃത്തിയിൽ ഏർപ്പെടാൻസഭാവിശ്വാസികളെ പ്രേരിപ്പിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. ഇപ്പോൾ കന്യാസ്ത്രീമഠങ്ങൾ ഈസബെല്ലകളെ കൊണ്ട് വീർപ്പുമുട്ടുന്നു.

ക്രിസ്തീയസഭകളുടെ നടത്തിപ്പിന് നൽകിയ ഉപദേശങ്ങളിൽ ഇല്ലാത്തതും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയപരമ്പര്യത്തിൽ ഉൾപ്പെടാത്തതുമായ കൂദാശകളും കാനോൻ നിയമങ്ങളും എഴുതിവെച്ച് സഭക്കു ബാധകമായ ദൈവവചനങ്ങളിൽ നിന്നു മാത്രമല്ല, യേശുക്രിസ്തുവിൽനിന്നുപോലും വിശ്വാസികളെ സഭകൾ അകറ്റിയിരിക്കുന്നു.

അങ്ങനെ അവരെ തങ്ങളുടെ അടിമകളാക്കി ശബ്ദിക്കാൻപോലും അനുവാദമില്ലാത്തവരാക്കി, പുരോഹിത ബിഷപ്പ് വർഗ്ഗം. അതുവഴി തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചുകൊണ്ട് തങ്ങൾ ചെയ്യുന്നതൊക്കെയും വിശുദ്ധവുമാക്കി. വിശ്വാസികളിൽനിന്നു പിരിച്ചെടുക്കുന്ന ധനം ഉപയോഗിച്ച് ശക്തിയും സംഭരിച്ചു. ഇന്ന് അവർ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി വിശ്വാസികളുടെമേൽ എല്ലാ അധികാരത്തോടെയും വാഴുന്നതിനാൽ സ്വന്തം സമുദായത്തിൽനിന്നുള്ള ഒറ്റപ്പെടൽ സഹിക്കാൻ ത്രാണിയില്ലാത്തവർ തെറ്റുകൾ കണ്ടാലും അവരോട് എതിർക്കുന്നില്ല.

പഠനകാലത്ത് വൈദികസെമിനാരിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവർ പുരോഹിതർ ആയി വരുമ്പോൾ അവരെ സഭക്ക് നിലക്കുനിർത്താൻ പറ്റിയെന്നു വരില്ല. അവരും തങ്ങളുടെ അധികാരം ഉപയോഗിച്ച് നാനാവിധത്തിൽ ലൈംഗികപീഡനങ്ങൾക്കുള്ള അവസരങ്ങൾ ഉറപ്പിക്കും എന്നത് തീർച്ചയാണ്.സമ്പത്ത് വർദ്ധിക്കുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടുന്നതിനാൽ ഏതൊരു പ്രസ്ഥാനവും ധാർമ്മികമായി അധഃപതിക്കും. ക്രിസ്തീയസഭകളിൽ സംഭവിച്ചതും മറ്റൊന്നല്ല. അതുകൊണ്ടാണ് യേശു പറഞ്ഞത് നിങ്ങൾക്ക് മമോനെയും (ധനത്തെയും) ദൈവത്തെയും ഒരേ സമയം സേവിക്കാൻ സാധിക്കില്ല എന്ന്.

ക്രിസ്തീയമാർഗ്ഗത്തിൽ നിന്നു മാറിനടക്കുന്ന സഭകളിലെ പുരോഹിത മെത്രാൻ ബിഷപ്പുമാരെ ഇനിയും നിലയ്ക്കുനിർത്താൻ ഒരു വഴിയെ ബാക്കിയുള്ളൂ. അവർക്ക് 'അർമ്മാദിക്കാനും' അഴിഞ്ഞാടാനും വേണ്ടി ഇനിമേൽ പണം നൽകാതിരിക്കുക വഴി അവരുടെ സമ്പത്തിന്റെ ശക്തി ക്ഷയിപ്പിച്ച് തിന്മയുടെ അച്ചുതണ്ടിനെ തകർക്കുക. അങ്ങനെ ക്രിസ്തീയസഭയുടെ നേർവഴിയും സത്യവും ജീവനുമായ യേശുവിൽ സഭയെ മടക്കിക്കൊണ്ടുവന്ന് അതിനെ കാക്കുക.എങ്കിൽ ബൈബിളിൽ പറയുന്നതുപോലെ സത്യം നിങ്ങൾ അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP