Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഞങ്ങളുടെ മനസിൽ അഞ്ജുവിന് ഏതു പദവിയേക്കാളും വലിപ്പമുണ്ട്; രാഷ്ട്രീയക്കാരുടെ ശൈലിയിൽ പ്രതികരിച്ച് അതു നശിപ്പിക്കരുത്: സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിക്കു പറയാനുള്ളത്

ഞങ്ങളുടെ മനസിൽ അഞ്ജുവിന് ഏതു പദവിയേക്കാളും വലിപ്പമുണ്ട്; രാഷ്ട്രീയക്കാരുടെ ശൈലിയിൽ പ്രതികരിച്ച് അതു നശിപ്പിക്കരുത്: സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിക്കു പറയാനുള്ളത്

ഞ്ജു ബോബി ജോർജ് വിവാദങ്ങൾക്ക് വഴിയൊരുക്കരുത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിലും ഉയർന്ന സ്ഥാനമാണ് അഞ്ജുവിന് മലയാളികളുടെ മനസ്സിൽ. രാഷ്ട്രീയക്കാരുടെ ശൈലിയിൽ പ്രതികരിച്ചു അത് നശിപ്പിക്കരുത്.

കായിക മന്ത്രിയെ ന്യായീകരിക്കേണ്ട ഒരു കാര്യവും എനിക്കില്ല , സാധാരണ ഒരു സ്പോർട്സ് പ്രവർത്തകൻ എന്ന നിലയിലും കളി എഴുത്തുകാരൻ എന്ന നിലയിലും ഈ വിഷയത്തെക്കുറിച്ച് അറിയുവാൻ ഞാൻ ശ്രമിച്ചിരുന്നു.

Stories you may Like

1. ശ്രീമതി അഞ്ജുവിന്റെ വാക്കുകളിൽത്തന്നെ യു ഡി എഫ് സർക്കാർ ആണ് അവരെ നിയമിച്ചത് എന്നും അതിലുള്ള അസഹിഷ്ണുതയാണ് മന്തി പ്രകടിപ്പിച്ചത് എന്നും അവർ തന്നെ പറയുന്നുണ്ട്. അതോടെ അതൊരു പൊളിറ്റിക്കൽ നിയമനം ആണെന്ന് അവർ അംഗീകരിക്കുകായും ചെയ്യുന്നു. ആ സാഹചര്യത്തിൽ അവർ ചെയ്യേണ്ടിയിരുന്നത് ഭരണമാറ്റം ഉണ്ടായ ദിവസം തന്നെ സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു. അതായിരുന്നു മാന്യതയും സ്പോർട്സ്മാൻ സ്പിരിറ്റും. അതിനു പകരം മന്ത്രിയെ കണ്ടതിനു ശേഷം മന്ത്രി മോശമായി പെരുമാറി എന്ന് പറഞ്ഞു പ്രശ്‌നം സങ്കീർണ്ണമാക്കുകയായിരുന്നില്ല വേണ്ടത്.

2. ഞാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആയിരുന്നു. ഇതുപോലെ ഒരു മന്ത്രി സഭാ മാറ്റമുണ്ടായപ്പോൾ ഞാൻ അന്നത്തെ മന്ത്രിയെക്കണ്ട് പറഞ്ഞത് എന്നെ റിലീവ് ചെയ്യണം എന്നായിരുന്നു. കാരണം ഡെപ്യുട്ടെഷനിൽ ആയിരുന്ന എനിക്ക് രാജി വൈക്കുവാൻ അവകാശമില്ല. അന്ന് മന്ത്രി ആയിരുന്ന ശ്രീ ഗണേശ് കുമാർ അറിയിച്ചത് തൽക്കാലം തീരുമാങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒരു അറിയിപ്പ് വരും വരെ തുടരുക. മൂന്നു നാല് മാസങ്ങൾക്ക് ശേഷം പകരം ആളെ നിയമിക്കുകയും ഞാൻ എന്റെ മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ആ മന്ത്രിയും ഞാനും തമ്മിലുള്ള സൗഹൃദം അങ്ങേയറ്റം ഊഷ്മളമായി ഇന്നും തുടരുകയും ചെയ്യുന്നു.

3. നിലവിലെ സ്പോർട്സ് കൗൺസിൽ സംവിധാനം അഴിമതിയുടെയും രാഷ്ട്രീയ പക പോക്കലിന്റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമാണ്. മുൻ സെക്രട്ടറി എന്ന നിലയിൽ എനിക്ക് കിട്ടിയ ഒരു വിശദീകരണ എഴുത്ത് ഇതിനു ഉദാഹരണം. ഞാൻ സെക്രട്ടറി ആകുന്നതിനു 11 വർഷം മുൻപുണ്ടായ അഴിമതിയെക്കുറിച്ച് നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ ഒന്നാം പ്രതി മുഹമദ് അഷ്റഫ് എന്ന് ഞാനാണ് എന്ന് ഒപ്പിട്ടിരിക്കുന്നത്. പുതിയ സെക്രട്ടറിയും അങ്ങിനെയാകുമെങ്കിൽ ഒപ്പിട്ട സെക്രട്ടറി ആകണമല്ലോ ഒന്നാം പ്രതി എന്ന എന്റെ മറുപടിക്കും ഇന്നുവരെ മറുപടി ഇല്ല. അതുപോലെ , നിയമനങ്ങളിൽ കാണിച്ച സുതാര്യത ഇല്ലായ്മ ഒരു പാവം പെൺകുട്ടിയുടെ ജീവൻ അപഹരിക്കുകയും ചെയ്തു. സകല നിയമങ്ങളും മറികടന്നു പക്വത ഇല്ലാത്ത ഒരു പെൺകുട്ടിയെ വയനാട് സ്പോർട്സ് ഹോസ്റ്റലിൽ വാർഡൻ ആയി നിയമിച്ചു. അവരുടെ ഇടപെടലുകളാണ് കഴിഞ്ഞ വർഷം അവസാനം 17 കാരിയായ ഒരു അത്‌ലെറ്റിന്റെ ആത്മഹത്യക്ക് വഴിവച്ചത്. അതിനെക്കുറിച്ച് അന്വേഷണം വേണമെന്ന എന്റെ പരാതികൾക്ക് ഒന്നിന് പോലും എനിക്ക് ഇന്നുവരെ മറുപടിയും കിട്ടിയിട്ടില്ല. പിന്നീടാണ് അറിയുന്നത് നിയമിച്ച പെൺകുട്ടിയുടെ പക്കൽ നിന്ന് ആറു മാസത്തെ ശമ്പളം ഒരു വിരുതൻ കൈക്കൂലി ആയി വാങ്ങിയിട്ടായിരുന്നു 50 നു മുകളിൽ പ്രായമുള്ളവർക്കുള്ള പോസ്റ്റിൽ 21 കാരിയെ നിയമിച്ചത് എന്ന്.

ഒരു പി ആർ ഓ യെ നിയമിച്ചത് സകലവിധ നിയമങ്ങളും ചട്ടങ്ങളും മറികടന്നുകൊണ്ടായിരുന്നു. അത് ആരുടെ ബന്ധു ആണെന്ന് കൂടി അറിയുമ്പോഴേ സ്വജന പക്ഷ പാതത്തിന്റെ ആഴം അറിയൂ. അതുപോലെ അഞ്ജുവിന്റെ സഹോദരന് കൊടുത്തിരിക്കുന്ന നിയമന ഉത്തരവ് അംഗീകരിച്ച ഫയലിൽ ഒപ്പ് വച്ചിരിക്കുന്നതും അഞ്ജുവാണ്. അതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ ' അവരുടെ ബന്ധു എനിക്കെതിരെ പ്രതികരിച്ചത് മുൻപ് ഞാൻ കൗൺസിൽ സെക്രടറി ആയതു എന്ത് യോഗ്യതയുടെ പേരില് എന്നായിരുന്നു. സ്പോർട്സ് അഡ്‌മിനിസ്‌ട്രെഷനിൽ ഡോക്ടറേറ്റും മറ്റൊരു രാജ്യത്തെ സ്പോർട്സ് സംഘടനയിൽ അഡ്‌മിനിസ്‌ട്രേറ്ററായി പണിയെടുത്ത പരിചയവും വച്ച് കൊണ്ടായിരുന്നു അന്ന് എന്നെ സർക്കാർ വിളിച്ചത് എന്ന് അദ്ദേഹം അറിയാതെ പോയി. ഒപ്പം എനിക്കുണ്ടായ നഷ്ടവും. ഇന്ന് വരെ അത്തരം ഒരു തസ്തികയിൽ എനിക്ക് തിരിച്ചു കയറാനായിട്ടില്ല. അഞ്ജു ചെയ്തത് അഴിമതി ആയിരുന്നുവോ എന്നും അദ്ദേഹം സന്ദേഹിച്ചിരുന്നു.അഴിമതിയല്ല.., അതിലും വലിയ സ്വജന പക്ഷപാതം. മുൻ പ്രസിഡന്റ് നിരസിച്ച അപേക്ഷയിൽ ആണ് അവരുടെ ഉപദേഷ്ടാക്കൾ അവരെക്കൊണ്ടു ഒപ്പിടുവിച്ചത് എന്ന് അവർ അറിയാതെ പോയി.

4. വിമാന യാത്രക്കൂലിയെക്കുറിച്ചുള്ള അവരുടെ വാദം ബാലിശവും അറിവില്ലായ്മയും ആണ്. കൗൺസിൽ പ്രസിഡന്റിനും സെക്രട്ടറിക്കും ഔദ്യോഗിക വാഹനങ്ങളും സുപ്രധാന ഔദ്യോഗിക യോഗങ്ങളിലേക്ക് പോകുവാൻ വിമാന നിരക്കിനും അവകാശമുണ്ട്. എന്നാൽ അന്ജുവിനെ നിയമിച്ചശേഷം അവർക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് വരുവാനും മടങ്ങുവാനുമായി വിമാനക്കൂലി അനുവദിക്കണം എന്ന തീരുമാനമുണ്ടാക്കി മന്ത്രിയുടെ നിർദേശത്തോടെ സർക്കാർ സെക്രട്ടറിമാരുടെ അനുമതി വാങ്ങി. സ്റ്റാ ൻഡിങ് കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കുന്ന സെക്രട്ടറിമാരുടെ കൈയൊപ്പ് അഴിമതിയല്ല. എന്നാൽ അവരെക്കൊണ്ടു അത്തരം ഫയലുകൾ തുല്യം ചാർത്തത്തക്കവിധം നിയമമുണ്ടാക്കിയത് അഴിമതി തന്നെയാണ്. അഞ്ജു ബോബി ജോർജിന് വേണ്ടി മാത്രമാണ് ഈ നിയമം ഉണ്ടാക്കിയതും. ഇതു അംഗീകരിക്കുകയാണെങ്കിൽ ദിവസവും ഡൽഹിയിലോ ബോംബയിലോ താമസിച്ചു കൊണ്ട് ഒരു ഉന്നത ഉദ്യോഗസ്ഥന് തലസ്ഥാനത്ത് വന്നു പണി എടുത്തുമാടങ്ങാം, സർക്കാർ ചെലവിൽ വിമാനത്തിൽ. എന്നാൽ ഇതിൽ അവർ കുറ്റക്കാരിയേ അല്ല. അവരെ നിയമിച്ചപ്പോൾ അന്നത്തെ സർവാധികാരി ആയിരുന്ന ഭരണാധികാരി കൊടുത്ത ഉറപ്പു മന്ത്രിയുടെ അനുമതിയോടെ നടപ്പാക്കി എന്ന് മാത്രം. എന്നിരുന്നാലും സർക്കാർ പണം സ്വന്തം യാത്രക്കായി എഴുതി എടുത്തതിനു ഒരു ന്യായീകരണവും കാണുന്നില്ല.

5. മികച്ച കായികതാരങ്ങൾക്ക് പലപ്പോഴും നല്ല ഭരണകർത്താക്കൾ ആകുവാൻ കഴിയുകയില്ലെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇതിഹാസ ഫുട്‌ബോൾ താരം പെലെ. ബ്രസീലിലെ കായിക വകുപ്പ് മന്ത്രിയായി അദ്ദേഹത്തിനു തിളങ്ങാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അപമാനിതനായി പുറത്തുപോവുകയും ചെയ്തു. അത് തന്നെയാണ് നിങ്ങൾ രണ്ടു പേർക്കും സംഭവിച്ചിരിക്കുന്നതും. മന്ത്രി ജയരാജൻ അപമാനിച്ചു എന്ന് പരിതപിക്കുന്ന നിങ്ങൾ ഒരു കാര്യം മറന്നു പോയി അല്ലങ്കിൽ അറിയുന്നില്ല. മുൻ മന്ത്രി എന്തുമാത്രം അപമാനിച്ചു നാണം കെടുത്തിയിട്ടാണ് മുൻ പ്രസിഡന്റിനെ ഇറക്കി വിട്ടതെന്ന്. അവസാന നാളുകളിൽ അനഭിമതയായ അവരുടെ ഔദ്യോഗിക വാഹനത്തിനു അടുത്തുപോകുവാൻ പോലും അവരെ അനുവദിച്ചിരുന്നില്ലെന്നു മാത്രമല്ല, അതിനവരെ അനുവദിക്കില്ലന്നു പത്ര ഓഫീസുകളിൽ വിളിച്ചറയിക്കുവാനുള്ള ധാർഷ്ട്യം കൂടി മുൻ കാര്യസ്തർ കാട്ടിയിരുന്നു.

എന്തിനേറെ പരമ്പരാഗതമായി ജി വി രാജാ തിരുമേനിയുടെ അനുസ്മരണ ദിവസം നൽകാറുള്ള പുരസ്‌കാരങ്ങൾ പോലും അന്ന് കൊടുക്കുവാൻ അന്നത്തെ മന്ത്രി അനുവദിച്ചില്ല. ഒടുവിൽ വാശിപിടിച്ചു പ്രസിഡന്റ് സ്ഥാനമൊഴിയും മുൻപ് അത് നൽകിയപ്പോൾ കാര്യക്കാരനായ മന്ത്രി മാറി നിന്ന് പ്രതിഷേധിച്ചു. നേരിട്ട് അറിയാവുന്നത് ആണിത്. കാരണം പുരസ്‌കാരം കിട്ടിയ ആളുകളിൽ ഒരാളായിരുന്നു ഞാൻ.

മന്ത്രി അപമാനിച്ചു എന്നുപറഞ്ഞു മുഖ്യമന്ത്രിക്കു പരാതി നല്കുകയും അപമാനിച്ച മന്ത്രിയുടെ കീഴിൽ പിന്നെയും തുടരുന്നതും ചുരുങ്ങിയ പക്ഷം കായിക സംസ്‌കാരത്തിന് ചേർന്നതുമല്ല. അത് മാത്രമല്ല ഈ മന്ത്രിയുടെ കീഴിൽ കേരളത്തിലെ സ്പോർട്സ് ഗതിപിടിക്കില്ലന്ന നിങ്ങളുടെ ശാപ വാക്കുകൾ ആർജവം ഉണ്ടായിരുന്നുവെങ്കിൽ അപമാനിച്ച ആളിന്റെ മുഖത്തു നോക്കി വേണം പറയേണ്ടിയിരുന്നത്. 

  • കേരള സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികവിഭാഗം മുൻ മേധാവിയും അറിയപ്പെടുന്ന കായിക എഴുത്തുകാരനുമാണു ലേഖകൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP