Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിൽ കോവിഡ് നിരക്ക് വളരെയധികം ഉയരും മുമ്പേ ഓരോ സർക്കാർ ആശുപത്രിയിലും ചികിത്സാ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തണം; ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കണം; മരണനിരക്ക് കുറയ്ക്കാൻ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും: ഡോ.വിനോദ്.ബി.നായർ എഴുതുന്നു

കേരളത്തിൽ കോവിഡ് നിരക്ക് വളരെയധികം ഉയരും മുമ്പേ ഓരോ സർക്കാർ ആശുപത്രിയിലും ചികിത്സാ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തണം; ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കണം; മരണനിരക്ക് കുറയ്ക്കാൻ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും: ഡോ.വിനോദ്.ബി.നായർ എഴുതുന്നു

ഡോ.വിനോദ്.ബി.നായർ

 കോവിഡ് 19!

ഭാവിയിലെ മരണ നിരക്ക് കുറയ്ക്കാൻ, ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും!

സംസ്ഥാന സർക്കാരും, മാധ്യമങ്ങളും, പിന്നെ പൊതുജനങ്ങളും അറിയാനാണ് ഇത് എഴുതുന്നത്.

ഞാൻ സംസ്ഥാനത്തെ കോവിഡ് ചികിത്സാ സംവിധാനത്തിന്റെ ഭാഗമേയല്ല!

സത്യം പറഞ്ഞാൽ ഞാൻ, കോവിഡിനെ ഭയക്കുന്ന, അത് കിട്ടാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന, സ്വന്തം വീട്ടിൽ മാത്രം രോഗികളെ ചികിത്സിക്കുന്ന, 55 വയസ്സുള്ള ഒരു ഇഎൻടി ഡോക്ടറാണ്.

കോവിഡ് താരതമ്യേന ഒരു പുതിയ രോഗമാണ്. ലോകം മുഴുവൻ അതിന് പുതിയ പുതിയ ചികിത്സാരീതികൾ ഓരോരുത്തരും പരീക്ഷിച്ച് കണ്ടെത്തിക്കൊണ്ടിരിക്കുന്ന സമയമാണ്.

കേരളത്തിനകത്ത് തന്നെ ഓരോ ആശുപത്രിയുടേയും ചികിത്സാ രീതികളും ആശുപത്രി കോവിഡ് പ്രോട്ടോകോളുകളും വ്യത്യസ്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഈ ഒരു സാഹചര്യത്തിലാണ് ഞാൻ ഇനി പറയാൻ പോകുന്ന നിരീക്ഷണങ്ങളുടെ പ്രസക്തി.

1. കോവിഡ് വരുന്ന രോഗികളിൽ 90 ശതമാനം പേരും, വളരെ ചെറിയ ലക്ഷണങ്ങളുള്ളവരോ രോഗലക്ഷണങ്ങളേ ഇല്ലാത്തവരോ ആണ്. അവർക്ക് ഒരു വിധത്തിലുള്ള ചികിത്സയും ഇല്ലാതെ തന്നെ രോഗം ഭേദമാകും. അതുകൊണ്ട് അവരെ ചികിത്സിച്ച് ഭേദമാക്കി എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല.

2. ചികിത്സ ശരിക്കും വേണ്ടിവരുന്നത് രക്തത്തിലെ ഓക്‌സിജന്റ അളവ് കുറയുന്നവർക്കും, നിമോണിയ ബാധിച്ചവർക്കും, ഗുരുതരമായ മറ്റ് രോഗങ്ങൾ ഉള്ളവർക്കും ആണ്.

3. ഇപ്പോൾ രണ്ടാമതു പറഞ്ഞ വിഭാഗത്തിൽ ഉള്ളവരിൽ രോഗം ഭേദമായവരുടെ നിരക്കും, മരണനിരക്കും വളരെ പ്രസക്തമാണ്.

4. അതുപോലെ തന്നെ ആശുപത്രിയിലുള്ള ആരോഗ്യ പ്രവർത്തകരുടെ ഇൻഫെക്ഷൻ നിരക്ക് വളരെ പ്രധാനമാണ്. അതായത് രോഗീ പരിചരണം നടത്തുന്നത് മൂലം ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന കോവിഡ് ഇൻഫെക്ഷൻ.

5. ഇപ്പോൾ കേരളത്തിലെ എല്ലാ കോവിഡ് ചികിത്സയും നടക്കുന്നത് സർക്കാർ ആശുപത്രികളിൽ ആണ്.

6. കേരള സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്, ഓരോ ആശുപത്രിയിലേയും മേൽപ്പറഞ്ഞ ക്യുവർ നിരക്ക്, മോർട്ടാലിറ്റി നിരക്ക്, ആശുപത്രി ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ഉള്ള ഇൻഫെക്ഷൻ നിരക്ക് എന്നിവ നിഷ്പക്ഷമായി ഓഡിറ്റ് ചെയ്യുകയാണ്.

7. ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിലോ, ആശുപത്രിയിലോ ഇതിൽ കാര്യമായ വ്യത്യാസവും ഗുണവും മെച്ചവും ഉണ്ട് എന്നുണ്ടെങ്കിൽ അവിടുത്തെ ചികിത്സാ രീതികളെക്കുറിച്ചും, ഇൻഫെക്ഷൻ പ്രിവൻഷൻ സംവിധാനങ്ങളെക്കുറിച്ചും പഠിക്കുകയും, അത് അതുപോലെ തന്നെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ആയി അംഗീകരിച്ച് മറ്റുള്ള ആശുപത്രികളിലും നടപ്പിലാക്കുകയും വേണം.

8. ഇത് പറയുവാൻ കാരണം, വരുന്ന ആഴ്ചകളിലും മാസങ്ങളിലും, കേരളത്തിലെ അണുബാധയുടെ നിരക്ക് വളരെയധികം ഉയരും. പുതിയ പുതിയ ആശുപത്രികളും ഡോക്ടറന്മാരും കോവിഡ് ചികിത്സ നടത്തേണ്ടിവരും. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ചികിത്സ നടത്തുകയാണെങ്കിൽ മരണനിരക്ക് വളരെയധികം ഉയരുവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇത്രയും ചികിത്സ നടത്തിയതുകൊണ്ട് കിട്ടിയ അനുഭവവും പരിശീലനവും എല്ലാവരിലും ഒരുപോലെ എത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

9. എന്റെ പരിമിതമായ അറിവ് വച്ച്, എറണാകുളം മെഡിക്കൽ കോളേജ് ആണ് ഇക്കാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കുള്ള തുടർച്ചയായ പരിശീലനങ്ങളും, ഓക്‌സിജൻ ബെഡ് സംവിധാനവും, സുസജ്ജമായ കഇഡവും, വ്യക്തമായ ട്രീറ്റ്‌മെന്റ് പ്രോട്ടോകോളും, വ്യത്യസ്ത ലെവലിലുള്ള രോഗി പരിചരണവും, ഐസൊലേഷൻ തന്ത്രങ്ങളും, എറണാകുളം മെഡിക്കൽ കോളേജിനെ വ്യത്യസ്തമാക്കുന്നു. അതിന് ചുക്കാൻ പിടിക്കുന്നത്‌ഡോ. ഫത്താഹുദ്ദീൻ ആണ്. അദ്ദേഹം അവിടുത്തെ പൾമണോളജി പ്രൊഫസറും നോഡൽ ഓഫീസറുമാണ്. അവിടുത്തെ ചികിത്സ തന്ത്രങ്ങൾ വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കാര്യം എഴുതുന്നത്.

കേരളത്തിലെ ഓരോ സർക്കാർ ആശുപത്രിയിലും കോവിഡ് ചികിത്സ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തി, ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണം.

ഇതിന് സർക്കാരിനെ നിർബന്ധിക്കാൻ നമ്മുടെ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കഴിയണം. അത് ചെയ്യുകയാണെങ്കിൽ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് പിടിച്ചു നിർത്തുവാൻ നമുക്ക് വലിയൊരു പങ്കു വരെ സാധിക്കും.

ഡോ. വിനോദ് ബി. നായർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP