Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തള്ളെന്ന മേൽത്തരം ഇന്ധനം ഉപയോഗിച്ച് വണ്ടിയോടിക്കന്ന ദൂഷ്യവശങ്ങൾ അറിയുന്നവനാണ് നാഷണൽ പെർമിറ്റ് ഉള്ള മോദീശ്വരൻ; അധികനാൾ ഈ ഇന്ധനത്തിന്റെ പച്ചയിൽ പിടിച്ചു നിൽക്കാനാകില്ലെന്നും കേടായാൽ പിന്നെ നന്നാക്കാൻ കഴിയില്ലെന്നും അനുഭവിച്ചറിഞ്ഞവൻ; കേരളത്തിൽ ഇപ്പോഴോടുന്ന വിജയരഥം തള്ളിക്കൊണ്ടു പോകേണ്ടുന്നതിന്റെ ആവശ്യം അദ്ദേഹത്തിന്റേതു കൂടിയും; വിജയരഥവും ചിലയ്ക്കാത്ത കിളികളും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

തള്ളെന്ന മേൽത്തരം ഇന്ധനം ഉപയോഗിച്ച് വണ്ടിയോടിക്കന്ന ദൂഷ്യവശങ്ങൾ അറിയുന്നവനാണ് നാഷണൽ പെർമിറ്റ് ഉള്ള മോദീശ്വരൻ; അധികനാൾ ഈ ഇന്ധനത്തിന്റെ പച്ചയിൽ പിടിച്ചു നിൽക്കാനാകില്ലെന്നും കേടായാൽ പിന്നെ നന്നാക്കാൻ കഴിയില്ലെന്നും അനുഭവിച്ചറിഞ്ഞവൻ; കേരളത്തിൽ ഇപ്പോഴോടുന്ന വിജയരഥം തള്ളിക്കൊണ്ടു പോകേണ്ടുന്നതിന്റെ ആവശ്യം അദ്ദേഹത്തിന്റേതു കൂടിയും; വിജയരഥവും ചിലയ്ക്കാത്ത കിളികളും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

ഡോ.എസ്.ശിവപ്രസാദ്

വിജയരഥവും ചിലയ്ക്കാത്ത കിളികളും

വിജയ രഥം ഉരുളുകയല്ല തേരോട്ടം തുടരുകയാണ്. ആധുനിക സാങ്കേതിക വിദ്യയിൽ പടുത്തുയർത്തിയ പി ആർ പമ്പുകളിൽ നിന്ന് നിറയ്ക്കുന്ന 'തള്ള് ' എന്ന മേൽത്തരം ഇന്ധനമാണ് പാച്ചിലിന് പിന്നിലെന്ന് ദോഷൈക ദൃക്കുകൾ. സംഗതി എന്തായാലും ദീർഘകാല മൈലേജും തുടരോട്ടവും തന്നെ ലക്ഷ്യം. വണ്ടിയുടെ അന്തം വിട്ട പോക്കു കണ്ടു കണ്ണു തള്ളി 'കൈ'യ്യൂക്ക് പോയ നാഷണൽ പെർമിറ്റുണ്ടായിരുന്ന പഴഞ്ചൻ 'കൈ'വണ്ടിയുടെ ഡ്രൈവർമാരും; വിജയരഥ ഫാൻസുകളും തമ്മിലെ പോരിനിടയിലെ ചെളിയിൽ വിരിയാൻ കാത്തിരിക്കുന്ന വേറൊരു കൂട്ടരും. ഇതാണിപ്പോൾ കേരളം. തള്ളുകൾക്കു പിന്നിലെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാനാകാതെ വട്ടം കറങ്ങുകയാണ് സംസ്ഥാനത്തെ മൂന്നര കോടിയോളം വരുന്ന പാവം യാത്രക്കാർ.

രാജ്യത്തുടനീളം 2014 ൽ ദേശീയാടിസ്ഥാനത്തിൽ ഇതേ ഇന്ധനം പരീക്ഷിച്ച് വിജയിപ്പിച്ച പറക്കും ചൗകീദാർ എന്ന വിളിപ്പേരുള്ള ഒരാളാണ് പ്രചോദനം. തറ തൊടാൻ സമയമില്ലാതിരുന്നിട്ടു കൂടി എതിരാളികളെ അപ്പാടെ തറപറ്റിച്ച് അഞ്ചു വർഷക്കാലം പിന്നിട്ടു പായുന്ന അദ്ദേഹത്തിന്റെ നാഷണൽ പെർമിറ്റുള്ള താമര വണ്ടിയെ ആരെങ്കിലും മാതൃകയാക്കിയാൽ തെറ്റൊന്നും പറയാനാകില്ല. ഒക്കെ തൊഴിലാളി നന്മയ്ക്കും സാധാരണക്കാരനും വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിക്കാം.

ചെപ്പടിവിദ്യകളിലൂടെ ഇല്ലാത്തത് ഉണ്ടെന്ന് സ്ഥാപിക്കാന്നറിയുന്നവനാണ് താമരവണ്ടി ഓടിക്കുന്നത്. വിജയരഥം അങ്ങനെയാകണോ എന്നതാണ് ചോദ്യം. തള്ളിനെ പള്ള് പറയുന്നവരുടെ എണ്ണമാകട്ടെ കൂടി വരികയുമാണ്. അതിനുള്ള യോഗ്യത അവർക്കുണ്ടോ എന്നതു വേറെ കാര്യം. പ്രവർത്തനത്തോടൊപ്പം ചെറിയ തള്ളുകുടി ഉണ്ടാകുന്നത് സ്വാഭാവികമെങ്കിലും തള്ളു മാത്രമാകുമ്പോഴാണ് പ്രശ്‌നം. തള്ള് മാത്രമായിരുന്നെങ്കിൽ താമര വണ്ടി തുടർച്ചയായി ഓടില്ലായിരുന്നുവെന്ന് സമ്മതിക്കാൻ അഭിമാനമൊട്ട് അനുവദിക്കുന്നുമില്ല. മറ്റ് ചില ചേരുവകളുടെ കൂടി മിശ്രിതമായ ആ ദേശീയ 'ഇന്ധനക്കൂട്ട് ' പ്രാദശിക വ്യത്യാസമനുസരിച്ച് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ സർവരും ഉപയോഗിക്കുണ്ടെന്നത് രഹസ്യമൊന്നുമല്ല.

രണ്ടായിരത്തി ഇരുപത്തി ഒന്ന് മെയ് മാസത്തോടെ വിജയരഥത്തിന്റെ പെർമിറ്റ് തീരുന്ന മുറയ്ക്ക് മൂന്നരക്കോടിയോളം വരുന്ന ഇൻസ്‌പെക്ടർമാരുടെ മുന്നിൽ വണ്ടി വീണ്ടും ' റീ രജിസ്‌ട്രേഷന് ' എത്തും. അപ്പോഴറിയാം ഇന്ധന മേന്മ മാത്രമായിരുന്നു വണ്ടിയുടെ പോക്ക് നിയന്ത്രിച്ചിരുന്നതെന്ന ആരോപണത്തിനു പിന്നിലെ സത്യാവസ്ഥ. ഓഖി, നിപാ, സുനാമി, പ്രളയം, ശബരിമല, ഫ്‌ളാറ്റ് പൊളിക്കൽ, ഒടുവിൽ ഇപ്പോഴിതാ കോവിഡും. രാഷ്ട്രീയത്തിനതീതമായി നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടങ്ങൾ കടന്നാണ് പരിചയസമ്പന്നനായ തേരാളിയുടെ കേരള വണ്ടി പരീക്ഷിക്കപ്പെടാൻ പോകുന്നത്. കേരളം മുഴുവൻ കെട്ടി ഉയർത്താനൊരുങ്ങിയ ഇരുപത് നിലയുള്ള നവോത്ഥാന മതിലിൽ പത്തൊമ്പത് എണ്ണത്തിലും മണ്ണും ചാരി നിന്നവർ കയറി താമസം തുടങ്ങിയത്, ചില കേസുകൾ ഏറ്റുമുട്ടൽ വേട്ടയിലൂടെ തീർത്തപ്പോൾ ചിലത് പിടികൂടി എൻ. ഐ.എ.ക്ക് വിട്ടത്, മാളങ്ങൾ അടയ്ക്കാത്ത അദ്ധ്യാപകരെ മാനം കെടുത്തിയത്, പ്രതീക്ഷിച്ച തീവ്രത ഇല്ലാതെ പോയ പീഡന ആരോപണങ്ങൾ കോടതിക്കു വിടാതെ സ്വയം അന്വേഷിച്ചത്, കോടതിയും പൊലീസും എല്ലാം ഞങ്ങൾ തന്നെ എന്ന വാദം ഒക്കെ തലനാരിഴ കീറി പരിശോധിക്കപ്പെടും.

സാധാരണക്കാരന്റെ ജീവിത നിലവാരത്തിന് താങ്ങാനാകാത്ത 'മെയിന്റനൻസ് കോസ്റ്റാ'ണ് തള്ളെന്ന ഈ ആധുനിക ഇന്ധനത്തിന്റെ ഏറ്റവും വലിയ പോരായ്മ. കീശ ചോർന്ന് ഖജനാവ് കാലിയാകുമെന്നു ചുരുക്കം. അഞ്ചു വർഷത്തിലധികം മൈലേജും തുടരോട്ടവും പ്രതീക്ഷിച്ചുള്ള വിജയരഥ കഥ കഥകളുടെ പ്രചാരത്തള്ളലുകളും മറ്റ് മോടി പിടിപ്പിക്കലുകളും കൂടി ആയപ്പോഴാണ് ഖജനാവ് കാലിയായതും കടമെടുക്കാനുള്ള അനുമതിക്കുൾപ്പെടെ 'മോടി ഉള്ളവനോട് ' കേഴേണ്ടി വന്നതും.

തള്ളെന്ന മേൽത്തരം ഇന്ധനം ഉപയോഗിച്ച് വണ്ടിയോടിക്കന്നതിന്റെ ദൂഷ്യവശങ്ങൾ ശരിക്കും അറിയുന്നവനാണ് നാഷണൽ പെർമിറ്റ് ഉള്ള മോദീശ്വരൻ. അധികനാൾ ഈ ഇന്ധനത്തിന്റെ പച്ചയിൽ പിടിച്ചു നിൽക്കാനാകില്ലെന്നും കേടായാൽ പിന്നെ നന്നാക്കാൻ കഴിയില്ലെന്നും ചില സംസ്ഥാനങ്ങളിലെ റീ രജിസ്‌ട്രേഷനിലൂടെ അനുഭവിച്ചറിഞ്ഞവനാണ് അദ്ദേഹം. ഒക്കെയാണെങ്കിലും കേരളത്തിൽ ഇപ്പോഴോടുന്ന വിജയരഥം തള്ളിക്കൊണ്ടു പോകേണ്ടുന്നതിന്റെ ആവശ്യം അദ്ദേഹത്തിന്റേതു കൂടിയാണ്.

പഴഞ്ചൻ സാങ്കേതിക വിദ്യയിലൂടെ ഓടുന്ന 'കൈ'വണ്ടിയുടെ കഥ കഴിക്കലാണ് മുഖ്യം. കേരള വണ്ടിയുടെ സ്റ്റിയറിങ് അവർ കൈക്കലാക്കരുത്. അത്ര മാത്രം മതി മോദി കമ്പനിക്ക്. പ്രതാപം കളഞ്ഞു കുളിച്ച ആ പഴയ വണ്ടി നന്നാക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പണിപ്പുരയിലുമാണ്. മറ്റു സംസ്ഥാനങ്ങളിലെ 'കൈ'വണ്ടിയിൽ ജോലി നഷ്ടപ്പെട്ടവർ പലരും താമര വണ്ടിയിൽ കയറി ജീവിതം 'കാവി പിടിപ്പിച്ചു.' അതേ 'ഓഫറുകൾ' കേരളത്തിൽ പ്രഖ്യാപിച്ചെങ്കിലും ഇവിടുള്ള ഡ്രൈവർമാർ പോയിട്ട് ടെക്‌നീഷ്യന്മാർ പോലും വീഴുന്നുമില്ല. വിജയരഥംമറിച്ചിടാനും കഴിയില്ല. അപ്പോൾ പിന്നെ ക്രാഷ് ലാൻഡിംഗോ സ്വാഭാവിക ബ്രേക്ക് ഡൗണോ ആകുന്നതു വരെ വിജയ രഥം തള്ളിക്കൊണ്ടു പോകുന്നതിനു കൂട്ടു നിൽക്കുക. അവസരം വരുന്ന മുറയ്ക്ക് കേരളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാം.

ഇപ്പറഞ്ഞ ചിന്തയിലൂന്നിയാണ് വിജയരഥവും താമര വണ്ടിയും തമ്മിലെ അന്തർധാര സജീവമാകുന്നത്. ഇന്ധനത്തിന്റെ നശീകരണ സ്വഭാവം മുൻകൂട്ടി പറയാമായിരുന്നില്ലേ ചൗകീദാർ ഭായീ എന്ന് തൊഴിലാളി നേതാക്കളാരും ചോദിക്കാതിരിക്കാനാണ് സൂത്രക്കാരനായ അദ്ദേഹം അടുത്തിടെ 'ആത്മനിർഭർ' എന്ന വാക്ക് വിളിച്ചു കൂവുന്നത്. അതിന്റെ അർഥം നാം ദൈവത്തിന്റെ നാട്ടിലെ മക്കൾക്ക് ഇനിയും പിടികിട്ടിയിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ ദൈവം നോക്കിക്കൊള്ളും എന്നാണെങ്കിൽ തെറ്റി. നമ്മുടെ പാതി പോലും താങ്ങാൻ ഖജനാവിനാകുന്നില്ല. അടുത്ത പാതി ദൈവം ഇടാൻ കോൺട്രിബ്യൂട്ടറി പെൻഷനൊന്നും അല്ലല്ലോ ഇത്. എതിർ ചേരിയിൽ പെട്ട ആളാണ് പറഞ്ഞതെന്നു കരുതി ആത്മനിർഭരതയുടെ അനിവാര്യത നാം മറന്നു കൂടാ.

പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ കൂട്ടായ തീരുമാനത്തിന്റെ നടപ്പാക്കൽ കർമ്മം മാത്രമായിരുന്നു പൗരത്വം, കശ്മീർ തുടങ്ങി ഒട്ടേറെ വിഷയങ്ങളിന്മേൽ പലതിലും ദേശീയ ഡ്രൈവർക്കുണ്ടായിരുന്നത്. കേരളത്തിൽ അതല്ല സ്ഥിതി. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള വിഷയങ്ങളിന്മേൽ ആദ്യത്തേതും അവസാനത്തേയും വാക്ക് വണ്ടി ഓടിക്കുന്ന ആളുടേതു മാത്രമാണ്. ഒരൊറ്റ അഭിപ്രായാവും ഒരേയൊരു ശരിയും എന്ന അവസ്ഥ. അപകടകരമാണിത്. സഹയാത്രികരിൽ ഒരാൾ പോലും അഭിപ്രായ വ്യത്യാസം ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്നില്ല എന്നത് ജനാധിപത്യ വഴികളിലൂടെയല്ല വണ്ടി ഓടിക്കൊണ്ടിരിക്കുന്നതെന്ന വാദം ശക്തിപ്പെടുത്തുന്നു. ശരിയായ ദിശയിലാണോ കേരള വണ്ടി ഓടുന്നതെന്നറിയാൻ കാത്തിരുന്നേ മതിയാകൂ. ഇന്നിന്റെ മൗനികൾ അവസരം പാർത്തിരിക്കുന്ന ഒളിപ്പോരാളികൾ കൂടിയാകാം. അങ്ങനെയാണു ചരിത്രം.

നിക്ഷേപ സൗഹൃദമാണ് കേരളമെന്ന് മറ്റുള്ളവരാണ് സാക്ഷ്യപ്പെടുത്തേണ്ടത്. വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച കേരളീയരെ ചേർത്തു നിർത്തി സ്വയംപര്യാപ്തക്കായി പോരാടണം. ഖജനാവ് ശൂന്യമെന്ന് ആണയിടുമ്പോഴും ലക്ഷങ്ങളുടെ ധൂർത്തെന്ന ആരോപണവും വിദഗ്ധരായ മേസ്തിരിമാരെ ഒടുക്കത്തെ തുക ചെലവാക്കി കോടതിയിൽ പോലും ഹാജരാക്കേണ്ടി വരുന്ന സ്ഥിതിയും മാറണം. ഇല്ലെങ്കിൽ തുടരോട്ടം അനുവദിക്കാത്തതെന്തെന്ന് കാര്യകാരണ സഹിതം ജനം പിന്നീടു പറഞ്ഞു തരും.

താമര വണ്ടി പോലെ വിജയരഥം രണ്ടാവട്ടവും ഉരുളും എന്ന ചിന്ത നല്ലത്. അഞ്ചു വർഷം കൊണ്ട് ഓടിത്തീർക്കേണ്ട ദൂരം നാലു വർഷം കൊണ്ട് പിന്നിട്ടു കഴിഞ്ഞു എന്നാണ് അവകാശവാദം. ഇനി ഓടിക്കുന്നത് എന്തിനെന്ന് ഒരു രസത്തിനെങ്കിലും ചോദിക്കാൻ അവസരമുള്ള ചിലരുണ്ട്. നാലാംതൂണിൽ കൂട് കൂട്ടിയിരിക്കുന്ന കിളികൾ. അവരൊട്ട് ചിലയ്ക്കുന്നുമില്ല. അല്ലെങ്കിലും ഡ്രൈവറെ കൺട്രോൾ ചെയ്യാൻ 'കിളി'കൾക്ക് അധികാരമില്ലല്ലോ. കിളി പോയിരിക്കുന്ന പാവം കിളികൾ. പലരും നല്ല ഒന്നാം തരം തത്തകൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കിട്ടുന്നതുകൊത്തിപ്പെറുക്കി തിന്നുന്ന തിരക്കിലാണവർ. പൊട്ടന്മാർ നാം എന്തറിയുന്നു.

കാഴ്ച നശിച്ച്, കാഴ്ചപ്പാടുകൾ മാറി, വിരമിക്കൽ പ്രായം കഴിഞ്ഞ ചിലരോടിച്ച ' കൈ' വണ്ടികൾ കുഴിച്ച ചെളി പുരണ്ട വഴികളിലൂടെയാണ് താമര വണ്ടി ഓട്ടം തുടങ്ങിയത്. അതെങ്കിലും പാഠമാകണം. അമിതമാകുന്നത് വരെ അത്മവിശ്വാസം നല്ലതാണ്. ' കൈ ' വണ്ടിയുടെ പതനം മുന്നറിവും ചൂണ്ടു പലകയുമാണ്. വിജയരഥം ആ വഴിയിലൂടെ സഞ്ചരിച്ചു കൂടാ. യാത്ര ആ വഴിയിലൂടെ എങ്കിൽ കാലം ആവശ്യപ്പെടുന്ന മാറ്റത്തിന്റെ സമയത്ത് മുഖ്യ സ്ഥാനങ്ങൾക്കായി ഇന്നത്തെ ഏറാൻ മൂളികൾ തമ്മിലടിക്കും. നാട് ചെളിക്കുണ്ടാകും. ആ ചെളിയിൽ താമര വിരിയും. അനുഭവിച്ചുകൊണ്ടിരുന്ന സുഖ സൗകര്യങ്ങൾ ലഭിക്കാതെ വരുന്നതോടെ വിജയരഥ യാത്രികരിൽ പലരും വണ്ടി മാറി താമര വണ്ടിയിൽ കയറും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചതും ഇതാണ്. എന്നിട്ട് ഉറക്കെ വിളിച്ചു പറയും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ തൊട്ടു കൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ലെന്ന്. അപ്പോൾ നാം ആരാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP