Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ജനിപ്പിച്ചവൻ ദുരുപയോഗിക്കാൻ വന്നാലും 'നോ' പറഞ്ഞേക്കാൻ അവർ പ്രാപ്തരാകണം; അല്ലെങ്കിൽ ഇത്തരം ക്രൈമുകൾ ആവർത്തിക്കപ്പെടാത്ത വിധം മാതൃകാപരമായി സകല കുറ്റവാളികളെയും ശിക്ഷിക്കണം; പാൽപ്പല്ല് കാണിച്ച് മക്കൾ പൂനിലാവ് പോലെ ചിരിക്കുന്നത് കാണുമ്പോൾ പൊങ്ങരുത്, ഒരവനും അവൾക്കും. ഓർമ്മകളുണ്ടായിരിക്കണം; അതിന്, നടപടികൾ കടലാസിലുറങ്ങാൻ പാടില്ല; ഡോ. ഷിംന അസീസ് എഴുതുന്നു

ജനിപ്പിച്ചവൻ ദുരുപയോഗിക്കാൻ വന്നാലും 'നോ' പറഞ്ഞേക്കാൻ അവർ പ്രാപ്തരാകണം; അല്ലെങ്കിൽ ഇത്തരം ക്രൈമുകൾ ആവർത്തിക്കപ്പെടാത്ത വിധം മാതൃകാപരമായി സകല കുറ്റവാളികളെയും ശിക്ഷിക്കണം; പാൽപ്പല്ല് കാണിച്ച് മക്കൾ പൂനിലാവ് പോലെ ചിരിക്കുന്നത് കാണുമ്പോൾ പൊങ്ങരുത്, ഒരവനും അവൾക്കും. ഓർമ്മകളുണ്ടായിരിക്കണം; അതിന്, നടപടികൾ കടലാസിലുറങ്ങാൻ പാടില്ല; ഡോ. ഷിംന അസീസ് എഴുതുന്നു

ഡോ. ഷിംന അസീസ്

കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും ലൈംഗികത തേടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ചാകരക്കാലമായിരുന്നത്രേ ലോക്ക് ഡൗൺ. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും അൻപതോളം അറസ്റ്റുകളിലും ഡോക്ടറും ഐടി പ്രഫഷനലും വരെ ഉൾപ്പെടുന്ന പ്രതികൾ ഈ ചിത്രങ്ങൾ പങ്ക് വെച്ചവരിൽ ഉൾപ്പെടുന്നു എന്നു കണ്ടു.

ഇവരാരും ലോക്ക് ഡൗൺ കാലത്ത് ലോകം എന്തിലൂടെയൊക്കെയാണ് കടന്ന് പോകുന്നത് എന്നറിയാത്തവരല്ല. എന്ത് സാഹചര്യത്തിലായാലും ഇത്തിരിക്കുഞ്ഞുങ്ങളെ കണ്ടാൽ ഉദ്ധാരണം ഉണ്ടാകുന്നവരെ 'കാര്യമായി' തന്നെ ഗൗനിച്ച് നിയമത്തിന് മുന്നിലെത്തിക്കണം, ശക്തമായ നടപടി വേണം. കുഞ്ഞുങ്ങൾക്ക് ഇവിടെ അവരായിത്തന്നെ ജീവിക്കാനാകണം.

ഞെട്ടിച്ചത് പക്ഷേ ഇതൊന്നുമല്ല. കുട്ടികൾ ഏറ്റവും സുരക്ഷിതരെന്ന് നമ്മൾ കരുതിയ വീടകങ്ങളിലായിരുന്നു അവർ ലോക്ക് ഡൗൺ കാലമത്രയും. അന്നേരം പോലും അവർ ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നുവെങ്കിൽ ഈ സമൂഹത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ എത്തി നിൽക്കുന്നത് എവിടെയാണ്? ഈ വീഡിയോ ചിത്രീകരിച്ച അച്ഛനോടും കൂടപ്പിറപ്പിനോടുമൊക്കെ ആ പൈതങ്ങൾ ഒന്നും മനസ്സിലാവാതെ ചിരിച്ച നിഷ്‌കളങ്കമായ ചിരി കാണില്ലേ? അത് ലാവ പോലെ പൊള്ളിക്കേണ്ടതല്ലേ ആ തന്തയേയും ജ്യേഷ്ഠനേയുമൊക്കെ?

കുഞ്ഞുങ്ങൾക്ക് ഏറവും ചെറിയ പ്രായം മുതൽ തന്നെ ലൈംഗികവിദ്യാഭ്യാസം നൽകിയേ മതിയാകൂ, അതവരെ വലിയൊരു പരിധി വരെ സുരക്ഷിതരാക്കും, ശരി തെറ്റുകളുടെ തിരിച്ചറിവ് നൽകും എന്നതിൽ സംശയമില്ല. പക്ഷേ അപ്പോഴും, കുഞ്ഞിമക്കളെ അവരുടെ ശരീരവും അതിന്റെ സ്വകാര്യതയും മൂല്യവും അവകാശങ്ങളും പഠിപ്പിക്കേണ്ടവർ തന്നെ ഇങ്ങനെ തുടങ്ങിയാൽ അവർക്കെവിടെയാണ് ഒരു രക്ഷയുണ്ടാകുക? ആ മക്കൾ വളരുമ്പോൾ എന്ത് മാത്രം അരക്ഷിതാവസ്ഥയുടെ വിത്തുകളാകും അവരിൽ ബാക്കി കിടക്കുക...

മുൻപൊരു സ്‌കൂളിൽ ലൈംഗികവിദ്യാഭ്യാസ ക്ലാസ് എടുക്കാൻ പോയപ്പോൾ അമ്മയെ ഭയന്ന് വല്ല്യച്ഛൻ മാറിൽ പിടിക്കുന്നത് അവരോട് പറയാൻ മടിയാണെന്ന് പറഞ്ഞ് നിന്നൊരു ഹൈസ്‌കൂൾകാരിക്ക് വേണ്ട സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒൻപത് വയസ്സിൽ ബന്ധുക്കളിലൊരാൾ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ തന്റെ കുഞ്ഞിക്കാലിൽ ചട്ടകം പഴുപ്പിച്ച് വെച്ച് 'നാണമില്ലാത്തവൾ' എന്ന് പറഞ്ഞ് ചീത്ത വിളിച്ചത് ഇന്നും നടുങ്ങലോടെ ഓർക്കുന്നവളെയറിയാം. താൻ നേരിട്ട പീഡനകഥകൾ വർഷങ്ങൾക്ക് ശേഷം മാത്രം 'ലൈംഗികപീഡനം' ആയിരുന്നെന്ന് തിരിച്ചറിഞ്ഞ് അത് തുറന്ന് പറഞ്ഞ് വേദന പങ്ക് വെച്ച പുരുഷസുഹൃത്തുക്കളുമുണ്ട്, അതും ഏറ്റവുമടുത്തവരിൽ നിന്ന് തന്നെ.

പിന്നെ, ആണിനെ മാത്രം പ്രതി ചേർക്കേണ്ട. അവൻ മാത്രമല്ല... നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹമാണ് ഉത്തരവാദി. പല കാരണങ്ങൾ കൊണ്ട്, പല കാലം കൊണ്ട് നമ്മൾ നേടിയെടുത്ത കപടസദാചാരബോധവും നിഗൂഢമായ ലൈംഗികവിചാരങ്ങളും കൂടെയുള്ള ക്രിമിനൽ വാസനയുമാണ് ഇതിന് കാരണം.

ജനിപ്പിച്ചവൻ ദുരുപയോഗിക്കാൻ വന്നാലും 'നോ' പറഞ്ഞേക്കാൻ അവർ പ്രാപ്തരാകണം. അല്ലെങ്കിൽ ഇത്തരം ക്രൈമുകൾ ആവർത്തിക്കപ്പെടാത്ത വിധം മാതൃകാപരമായി സകല കുറ്റവാളികളെയും ശിക്ഷിക്കണം.

പാൽപ്പല്ല് കാണിച്ച് മക്കൾ പൂനിലാവ് പോലെ ചിരിക്കുന്നത് കാണുമ്പോൾ പൊങ്ങരുത്, ഒരവനും അവൾക്കും. ഓർമ്മകളുണ്ടായിരിക്കണം. അതിന്, നടപടികൾ കടലാസിലുറങ്ങാൻ പാടില്ല. ഇരുട്ടിലേക്ക് തള്ളിയിടപ്പെടുന്നവർ കുട്ടികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP