Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

വിശേഷണങ്ങൾ ഏറെയുള്ള പ്രതിഭയാണ് സി വി രാമൻ; ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം ഉണ്ടാക്കുന്നവർക്കും ഈച്ചയുടെ ചിറകിൽ ഔഷധം കണ്ടുപിടിക്കുന്നവർക്കും രോഗശാന്തി ശുശ്രൂഷകർക്കുമെല്ലാം ഒരു യഥാർഥ ശാസ്ത്രജ്ഞന്റെ ഗവേഷണമാർഗം വിചിത്രമായി തോന്നാം; ഇന്ത്യയുടെ സയൻസും രാമന്റെ പ്രഭാവവും; ദേശീയ ശാസ്ത്രദിനത്തിൽ ഡോ സാബു ജോസ് എഴുതുന്നു

ഡോ.സാബുജോസ്

ഇന്ത്യയുടെ ശാസ്ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തിൽ സി.വി രാമന് അതുല്യമായ സ്ഥാനമാണുള്ളത്. ശാസ്ത്ര മേഖലയിൽ നൊബേൽ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര വെങ്കട്ടരാമൻ എന്ന സി.വി രാമൻ.ഇന്ത്യയുടെ ശാസ്ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തിൽ സി.വി രാമന് അതുല്യമായ സ്ഥാനമാണുള്ളത്. ശാസ്ത്ര മേഖലയിൽ നൊബേൽ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര വെങ്കട്ടരാമൻ എന്ന സി.വി രാമൻ.

അതും ഭൗതിക ശാസ്ത്രത്തിലെ നൊബേൽ പുരസ്‌ക്കാരം. പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലിനാണ് അദ്ദേഹത്തിന് നൊബേൽ ലഭിച്ചത്. രാമൻ പ്രഭാവം എന്ന പേരിലാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അറിയപ്പെടുന്നത്. ഭൗതികശാസ്ത്രത്തിൽ ഇന്നും ഏറ്റവുമധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നത് രാമൻ പ്രഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നത് അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന്റെ ശാസ്ത്രീയ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട് ഇന്ത്യയിൽ ഒരു സിവിലിയന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ഭാരത് രത്‌ന കരസ്ഥമാക്കിയ ശാസ്ത്രജ്ഞൻ കൂടിയാണ് സി.വി രാമൻ.

1930 ലാണ് സി.വി. രാമന് ഭൗതികശാസ്ത്രത്തിലെ നൊബേൽ പുരസ്‌ക്കാരം ലഭിച്ചത്. എന്നാൽ 1929 ൽ തന്നെ ബ്രിട്ടീഷ് രാജാവായ ജോർജ് അഞ്ചാമൻ രാമന് സർ  പദവി നൽകി ആദരിക്കുകയുണ്ടായി. ശാസ്ത്ര വിഷയങ്ങളിൽ നൊബേൽ പുരസ്‌ക്കാരം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് രാമൻ. വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയും രാമൻ തന്നെ. തന്റെ ഗവേഷണ പ്രവർത്തനങ്ങൾക്കായി രാമൻ നിർമ്മിച്ച ഉപകരണത്തിന് കേവലം മുന്നൂറ് രൂപ മാത്രമായിരുന്നു ചെലവ്. 1933 ൽ തന്നെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്ടറായി രാമൻ ചുമതലയേറ്റു. ഇന്ത്യ സ്വതന്ത്രമായ വർഷം തന്നെ സി.വി രാമൻ നാഷണൽ പ്രൊഫസർ എന്ന വിശിഷ്ട അംഗീകാരത്തിന് പാത്രവുമായി. 1954 ൽ ആണ് അദ്ദേഹത്തിന് ഭാരത് രത്‌ന സമ്മാനിച്ചത്.

1924 ൽ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുമ്പോൽ രാമന് 36 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കൂടാതെ 1925 ൽ റഷ്യൻ സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത രാമന് റഷ്യയിലെ പരമോന്നത പുരസ്‌ക്കാരമായ ലെനിൻ പീസ് അവാർഡും ലഭിച്ചു. നവംബർ 7 സി.വി രാമന്റെ ജന്മ ദിനമാണ്. അന്ധവിശ്വാസവും അശാസ്ത്രീയതയും ഭ്രാന്തമായ ആവേഗത്തിൽ ഇന്ത്യയൊട്ടാകെ പടർന്നുപിടിക്കുമ്പോൾ ശാസ്ത്രത്തേയും ശാസ്ത്രീയ ഗവേഷണത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്ന് രാമന്റെ ജീവിതം വരച്ചു കാണിക്കുന്നുണ്ട്.

തദ്ദേശീയമായതെല്ലാം നല്ലതാണെന്നും എല്ലാ ശാസ്ത്രവും ഉദ്ഭവിച്ചത് തങ്ങളുടെ വേദഗ്രന്ഥങ്ങളിലാണെന്നും കൊട്ടിഘോഷിക്കുന്ന അതീത ഭൗതിക വാദികൾക്ക് ഒരു പക്ഷെ എന്താണ് ശാസ്ത്രീയ ഗവേഷണമെന്നോ അതിനാവശ്യമായ സമർപ്പണമെന്താണെന്നോ മനസ്സിലായി എന്നുവരില്ല. എങ്കിലും ശാസ്ത്രബോധമുള്ള ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ടെന്നതിൽ തർക്കമില്ല.

തീർച്ചയായും രാമന്റെ പ്രഭാവം അവരിൽ സ്വാധീനം ചെലുത്തുകതന്നെ ചെയ്യും. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം ഉണ്ടാക്കുന്നവർക്കും ഈച്ചയുടെ ചിറകിൽ ഔഷധം കണ്ടുപിടിക്കുന്നവർക്കും രോഗശാന്തി ശുശ്രൂഷകർക്കുമെല്ലാം ഒരു യഥാർഥ ശാസ്ത്രജ്ഞന്റെ ഗവേഷണമാർഗം വിചിത്രമായി തോന്നാം. ശാസ്ത്രത്തിന് ഒരു രീതിയും സമീപനവുമുണ്ട്. ഗവേഷണത്തിന് ചില ചിട്ടകളും ക്രമവുമുണ്ട്. കപട ശാസ്ത്രകാരന്മാർക്ക് അതൊരിക്കലും പിൻതുടരാൻ കഴിയില്ല.

Image may contain: 2 people, glasses

1888 നവംബർ ഏഴിനാണ് സി.വി. രാമൻ ജനിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ചന്ദ്രശേഖര അയ്യരുടെയും പാർവതി അമ്മാളുടെയും എട്ട് മക്കളിൽ രണ്ടാമനായാണ് രാമന്റെ ജനനം. വിശാഖപട്ടണത്തെ എ. വി. എൻ കോളജിൽ ഗണിത ശാസ്ത്രാധ്യാപകനായിരുന്നു ചന്ദ്രശേഖര അയ്യർ. പിതാവിനൊപ്പം വിശാഖപട്ടണത്ത് കഴിയാൻ സാധിച്ചത് നല്ലൊരു പഠനാന്തരീക്ഷം ലഭിക്കുന്നതിന് രാമന് സഹായമായി.

സ്‌കൂൾ പഠനകാലത്ത് ഉന്നത നിലവാരം കാഴ്ചവച്ച വിദ്യാർത്ഥിയായിരുന്നു രാമൻ. സ്‌കോളർഷിപ്പുകളും സമ്മാനങ്ങളും രാമൻ വാരിക്കൂട്ടി. കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരു ഡൈനമോ സ്വന്തമായി നിർമ്മിച്ച് ഭൗതികശാസ്ത്രത്തിലുള്ള തന്റെ സാമർഥ്യം രാമൻ തെളിയിച്ചു. അതിബുദ്ധിമാനായിരുന്നെങ്കിലും രാമന്റെ ശാരീരിക ആരോഗ്യ സ്ഥിതി മോശമായിരുന്നു. പതിനൊന്നാമത്തെവയസിൽ ഒന്നാം റാങ്കോടെ മെട്രിക്കുലേഷൻ പാസായ രാമൻ, അച്ഛൻ പഠിപ്പിച്ചിരുന്ന കോളജിൽ തന്നെ ഇന്റമീഡിയറ്റിന് ചേരുകയും ഒന്നാമനായിത്തന്നെ പാസാവുകയും ചെയ്തു.

1903 ൽ മദ്രാസിലെ പ്രസിഡൻസി കോളജിൽ ബി.എയ്ക്ക് ചേർന്ന രാമൻ ബിരുദ പഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു. അദ്ധ്യാപകർ എല്ലാവരും ഇംഗ്ലിഷുകാരായിരുന്നു എന്നത് രാമന് വലിയ നേട്ടമായി. 1904 ൽ ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണ മെഡൽ നേടിക്കൊണ്ടാണ് രാമൻ ബിരുദം പുർത്തീകരിച്ചത്. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാൻ അദ്ധ്യാപകർ നിർദ്ദേശിച്ചുവെങ്കിലും ആരോഗ്യ സ്ഥിതി മോശമായതുകൊണ്ട് പ്രസിഡൻസി കോളജിൽ തന്നെയാണ് രാമൻ എം.എയ്ക്ക് ചേർന്നത്. 1907 ൽ ഒന്നാം റാങ്കോടെ രാമൻ ബിരുദാനന്തര ബിരുദവും പൂർത്തീകരിച്ചു. അക്കാലത്ത് ഇന്ത്യയിൽ ശാസ്ത്ര ഗവേഷണത്തിനുള്ള സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഗവേഷണത്തിനുള്ള രാമന്റെ ആഗ്രഹം സഫലമായില്ല. ഗവേഷണം നടത്തണമെങ്കിൽ ഇംഗ്ലണ്ടിൽ പോകണം. ആരോഗ്യസ്ഥിതി അതിനും അനുവദിച്ചില്ല. മിടുക്കന്മാരായ പല വിദ്യാർത്ഥികളെയും പോലെ ഐ.സി.എസ് പാസാവുക മറ്റൊരു മാർഗമായി രാമൻ സ്വീകരിക്കാനൊരുങ്ങി. അവിടെയും പ്രശ്‌നമുണ്ടായി. ഇന്ത്യൻ സിവിൽ സർവീസ് പഠിക്കണമെങ്കിൽ അന്ന് ഇംഗ്ലണ്ടിൽ പോകണമായിരുന്നു. അതിനാൽ ആ ആഗ്രഹവും രാമൻ ഉപേക്ഷിച്ചു. തുടർന്ന് സഹോദരന്റെ പാത സ്വീകരിച്ച് ഫിനാൻഷ്യൽ സിവിൽ സർവീസിന് ശ്രമിക്കുകയും എഫ്.സി.എസ് പരീക്ഷ വിജയിക്കുകയും ചെയ്തു.

ജോലി ലഭിക്കുന്നതിനു മുമ്പ് തന്നെ രാമന്റെ വിവാഹം നടന്നു. അതൊരു പ്രേമ വിവാഹമായിരുന്നു. രാമന്റെ സുഹൃത്തും പുരോഗമനവാദിയുമായ രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരി എന്ന യുവതിയുമായി രാമസ്വാമിയുടെ വീട്ടിൽ വച്ച് പരിചയത്തിലാവുകയും അവരുടെ സൗഹൃദം പ്രണയത്തിലും ഒടുവിൽ വിവാഹത്തിലും എത്തിച്ചേരുകയായിരുന്നു. അക്കാലത്തെ പരമ്പരാഗത രീതിയനുസരിച്ച് തങ്ങളുടെ വിവാഹക്കാര്യത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്യ്‌രവുമില്ലായിരുന്നു. ആ കാലഘട്ടത്തിലാണ് രാമന്റെ പ്രണയ വിവാഹമുണ്ടായത്. മാത്രവുമല്ല രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപെട്ട ആളുമായതിനാൽ രാമന്റെ അമ്മയും ബന്ധുക്കളും വിവാഹത്തിന് എതിരായിരുന്നു. എന്നാൽ അച്ഛന്റെ പിൻതുണയും രാമന്റെ ഉറച്ച തീരുമാനവും കാരണം ലോകസുന്ദരി രാമന്റെ സഹധർമ്മിണിയായി. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത് ചന്ദ്രശേഖറും ജോതിശാസ്ത്രജ്ഞനായ രാധാകൃഷ്ണനും.

1907 ജൂണിൽ രാമൻ ജോലിയിൽ പ്രവേശിച്ചു. കൽക്കത്തയിൽ അക്കൗണ്ടന്റ് ജനറൽ ആയാണ് ജോലി ആരംഭിച്ചത്. രാമന്റെ കൽക്കത്തയിലെ വാടക വീടിനു സമീപമായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലി സമയത്തിനുശേഷം അവിടുത്തെ ലബോറട്ടറിയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുമതി ലഭിച്ചു. അതിരാവിലെയും രാത്രിയിലുമായി രാമൻ തന്റെ ഗവേഷണ പ്രവർത്തനങ്ങളിലേർപ്പെട്ടു. ഇതിനിടെ റംഗൂണിലേക്കും നാഗ്പൂരിലേക്കും സ്ഥലം മാറ്റങ്ങൾ ഉണ്ടായെങ്കിലും അധികം താമസിക്കാതെ കൽക്കത്തയിലേക്ക് മടങ്ങിയെത്താൻ രാമന് സാധിച്ചു രാമൻ തന്റെ ഗവേഷണ ഫലങ്ങൾ അപ്പപ്പോൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഫലമായി 1912 ൽ കഴ്‌സൺ റിസർച്ച്‌ ്രൈപസും 1913 ൽ വുഡ്‌ബേൺ റിസർച്ച് മെഡലും അദ്ദേഹത്തിന് ലഭിച്ചു.

കൽക്കത്ത യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സർ അഷുതോഷ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച് 1917 ൽ സർക്കാർ ഉദ്യോഗം രാജിവച്ച് രാമൻ കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളജിൽ ഭൗതിക ശാസ്ത്രവിഭാഗം മേധാവിയായി ചുമതലയേറ്റു. സർക്കാർ ജോലിക്ക് ലഭിച്ചിരുന്ന വേതനത്തിന്റെ പകുതിമാത്രമായിരുന്നു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ചത്. എന്നാൽ അതൊന്നും രാമനെന്ന ഗവേഷകന്നെ അലോസരപ്പെടുത്തിയില്ല. ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ ഗവേഷണം നടത്താൻ കഴിയും എന്ന കാര്യം മാത്രമാണ് കൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ രാമനെ ആകർഷിച്ചത്. യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണെങ്കിലും രാമൻ കൂടുതൽ സമയവും ചെലവഴിച്ചത് ഇന്ത്യൻ അസോസിയേഷനിലായിരുന്നു. രാമനോടൊപ്പം ഇന്ത്യൻ അസോസിയേഷനും വളരാനാരംഭിച്ചു പുതിയ കണ്ടെത്തലുകളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടെ നിന്നുണ്ടായി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യൻ അസോസിയേഷനിൽ ഗവേഷണം നടത്താനെത്തി. തുടർച്ചയായി ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. രാമൻ ഒരു കറകളഞ്ഞ ഗവേഷകനും പ്രഭാഷകനും ശാസ്ത്രജ്ഞനുമായി തെളിഞ്ഞുവന്നു. ഒടുവിൽ രാമൻ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി. ആ സ്ഥാപനത്തേക്കുറിച്ച് സ്ഥാപകനായ മഹേന്ദ്രലാൽ സർക്കാർ കണ്ട സ്വപ്നം രാമൻ യാഥാർഥ്യമാക്കുകയായിരുന്നു.

1921 ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽ യാത്രയിൽ കടലിന്റെ നീല നിറം നിരീക്ഷിച്ച രാമൻ ആരംഭിച്ച പ്രകാശ പഠനത്തിന്റെ തുടർച്ചയാണ് അദ്ദേഹവും ശിഷ്യന്മാരും ചേർന്ന് 1928 ൽ കണ്ടുപിടിച്ച രാമൻ പ്രഭാവം. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ (ങീിീരവൃീാമശേര ഘശഴവ)േ സുതാര്യമായ പദാർഥങ്ങളിൽകൂടി കടത്തിവിട്ടാൽ പ്രകീർണനം മൂലം ആ നിറത്തിൽ നിന്നും വ്യത്യസ്തമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. പ്രകീർണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശ രശ്മിയെ ഒരു പ്രിസത്തിൽകൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ പ്രത്യക്ഷപ്പെടുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ (ഞമാമി ഘശില)െ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (ഞമാമി ടുലരൃtuാ) എന്നും വിളിക്കുന്നു. ദ്രാവകങ്ങളിൽ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ടുള്ള ഈ പ്രതിഭാസമാണ് രാമൻ പ്രഭാവം (ഞമാമി ഋള്ളലര)േ അഥവാ രാമൻ വിസരണം (ഞമാമി ടരമേേലൃശിഴ). സി.വി രാമനൊപ്പം പ്രൊഫ. കെ. എസ് കൃഷ്ണനും ഇതേ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതേത്തുടർന്ന് ജി. ലാൻഡ്‌സ്‌ബെർഗും, എൽ.ഐ.മാൻഡൽസ്റ്റമും ക്രിസ്റ്റലുകളിൽ നടത്തിയ പരീക്ഷണങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിരുന്നു. 1923 ൽ ഡോ. എ. സ്‌കെംകൽ നടത്തിയ പ്രവചനമാണ് പിന്നീട് സി.വി. രാമൻ പരീക്ഷണങ്ങളിലൂടെ തെളിയിച്ചത് എന്ന് പറയുന്നുണ്ട്. പ്രകാശ രശ്മികൾക്ക് ദ്രാവക തന്മാത്രകളിലുണ്ടാകുന്ന രാമൻ വിസരണത്തിന്റെ ഫലമായാണ് കടലിന് നിലനിറമുണ്ടാകുന്നത് എന്ന് വിശദീകരിക്കപ്പെട്ടു. രാമൻ തന്റെ ഗവേഷണ പ്രബന്ധം സമർപ്പിച്ച ഫ്രെബ്രുവരി 28 ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായിരുന്നു സി.വി രാമൻ. ഭൗതികശാസ്ത്രത്തിൽ നൊബേൽ പുരസ്‌ക്കാരം നേടിയ സുബ്രഹ്മണ്യം ചന്ദ്രശേഖർ രാമന്റെ മരുമകനാണ്. നക്ഷത്ര പരിണാമത്തിലെ ഒരു ഘട്ടം അറിയപ്പെടുന്നത് ചന്ദ്രശേഖർ സീമ എന്ന പേരിലാണ്. രാമന്റെ സമർഥരായ ശിഷ്യരുടെ ഗണത്തിൽ ഡോ. വിക്രം സാരാഭായിയും ഉൾപ്പെടുന്നു. ഗവേഷണ പ്രബന്ധം അവതരിപ്പിച്ച 1928 ൽ തന്നെ നൊബേൽ പുരസ്‌ക്കാരം രാമൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭൗതികശാസ്ത്രത്തിലെ 1928 ലെ നൊബേൽ പുരസ്‌ക്കാരം ഓവൻ റിച്ചാർഡ്‌സണും 1929 ലെ അവാർഡ് ലൂയി ഡിബ്രോളിയുമാണ് നേടിയത്. ഇത് രാമന് കടുത്ത നിരാശയുണ്ടാക്കി. എന്നാൽ 1930 ലെ പുരസ്‌ക്കാരം തനിക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പിച്ച രാമൻ ആ വർഷം ജൂലൈയിൽ തന്നെ അവാർഡ് വാങ്ങാനായി സ്വീഡനിലേക്ക് പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. അവാർഡ് പ്രഖ്യാപനം നടക്കുന്നത് നവംബറിലാണ്. പ്രഖ്യാപന ദിനം വരെയുള്ള പത്രങ്ങൾ രാമൻ അരിച്ചുപെറുക്കുമായിരുന്നു. പത്രത്തിൽ വാർത്ത കണ്ടില്ലെങ്കിൽ കോപാകുലനായി പത്രം വലിച്ചെറിയുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.

നൊബേൽ പുരസ്‌ക്കാരം നേടിയതിനുശേഷം 1933 ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി രാമൻ ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവമായിരുന്നു രാമന്റേത്. അത് അദ്ദേഹത്തിന് ഒട്ടേറെ ശത്രുക്കളെയുണ്ടാക്കി. ആരെയും അനുനയിപ്പിക്കനോ ശത്രുത അവസാനിപ്പിക്കാനോ രാമൻ ശ്രമിച്ചില്ല. 1933 ൽ കൽക്കത്തയിൽ നിന്ന് ബാംഗ്ലൂരിലേക്ക് രാമൻ ചേക്കേറിയത് കൽക്കത്തയുടെ നഷ്ടവും ബാംഗ്ലൂരിന്റെ നേട്ടവുമായി. 1930 കളുടെ തുടക്കം വരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂർ ഇന്ന് ഇന്ത്യയുടെ ശാസ്ത്ര തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം സി.വി. രാമന്റെ സാന്നിധ്യമാണ്. 1948 ൽ ഇന്ത്യൻ ഇൻസിറ്റിയൂട്ട് ഓഫ് സയൻസിൽ നിന്ന് വിരമിച്ച രാമൻ അതിനുശേഷം ബാംഗ്ലൂരിൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. വിരമിക്കുന്നതുവരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1970 നവംബർ 21 ന് 82-ാമത്തെ വയസ്സിൽ സി.വി രാമൻ അന്തരിച്ചു. രാമൻ റിസർച്ച് ഇൻസ്‌ററിറ്റിയൂട്ടിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം യാതൊരു വിധത്തിലുമുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

രാമൻ പ്രഭാവത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല സി.വി രാമന്റെ ശാസ്ത്രജീവിതം. 1932 ൽ രാമൻ കണ്ടെത്തിയ ക്വാണ്ടം ഫോട്ടോൺ സ്പിൻ പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവത്തിന് അടിവരയിടുന്നതായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയുടെ ശിലാസ്ഥാപനത്തിൽ രാമൻ പങ്കെടുത്തിരുന്നു. ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള പുതിയ പാതകളേക്കുറിച്ച് മൂന്ന് ദിവസം അദ്ദേഹം പ്രഭാഷണം നടത്തി. തന്റെ മരണം വരെ ബനാറസ് ഹിന്ദു സർവകലാശാലയിലെ സ്ഥിരം വിസിറ്റിങ് പ്രൊഫസർ എന്ന സ്ഥാനവും അദ്ദേഹം അലങ്കരിച്ചു. ശബ്ദ തരംഗങ്ങളുമായി ബന്ധപ്പെട്ടുള്ള ഗവേഷണവും രാമന്റെ ഇഷ്ട വിഷയമായിരുന്നു. കമ്പനങ്ങൾകൊണ്ട് ശബ്ദമുണ്ടാകുന്ന സംഗീത ഉപകരണങ്ങളിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്. രാമനും ശിഷ്യനായ നരേന്ദ്രനാഥും ചേർന്ന് ശബ്ദതരംഗങ്ങളിൽ പ്രകാശത്തിനുണ്ടാകുന്ന വിസരണത്തിന്റെ സൈദ്ധാന്തിക വിശദീകരണം നൽകി. രാമൻ-നാഥ് തിയറി എന്നാണിത് അറിയപ്പെടുന്നത്. ലേസറുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും രാമൻ ഏർപ്പെട്ടിരുന്നു.

അൾട്രാസോണിക്, ഹൈപർസോണിക് ആവൃത്തികളിലുള്ള ശബ്ദതരംഗങ്ങളും എക്‌സ്-കിരണങ്ങളുമായുള്ള പ്രതിപ്രവർത്തനവും അവ ക്രിസ്റ്റലുകളിൽ സൃഷ്ടിക്കുന്ന പ്രഭാവവുമായിരുന്നു രാമന്റെ മറ്റൊരു ഗവേഷണ വിഷയം. ക്വാണ്ടം ബലതന്ത്രത്തിന് മാത്രം വഴങ്ങുന്ന പ്രതിഭാസമാണ് പ്രഭാവം അഥവാ എഫക്ട്. ക്ലാസിക്കൽ ഫിസിക്‌സിൽ എന്താണ് പ്രഭാവമെന്ന് വിശദീകരിക്കാൻ കഴിയില്ല. രാമന്റെ ഗവേഷണങ്ങളെല്ലാം ക്വാണ്ടം ബലതന്ത്രവുമായി ബന്ധപ്പെട്ടാണ് നടന്നത്.

ഇതിനിടെ ഒരു വ്യാവസായിക സ്ഥാപനം കൂടി രാമൻ സ്ഥാപിക്കുകയുണ്ടായി. 1943 ൽ ഡോ.കൃഷ്ണമൂർത്തിയുമായി ചേർന്ന് ട്രാവൻകൂർ കെമിക്കൽ ആൻഡ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് (TCM Limited) രാമൻ സ്ഥാപിച്ചു. തീപ്പെട്ടി വ്യവസായത്തിന് ആവശ്യമായ പൊട്ടാസ്യം ക്ലോറേറ്റിന്റെ നിർമ്മാണമാണ് ഈ സ്ഥാപനത്തിൽ നടന്നത്. പിന്നീട് കമ്പനിയുടെ നാല് യൂണിറ്റുകൾ കൂടി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കാനാരംഭിച്ചു. ക്രിസ്റ്റൽ ഡൈനമിക്‌സ്, കൊളോയ്ഡുകളുമായി ബന്ധപ്പെട്ട പ്രഭാവങ്ങൾ, മാഗ്നറ്റിക് അനൈസോട്രോപി, മനുഷ്യ നേത്രത്തിന്റെ പ്രകാശ സംവേദനം, ഇറിഡിസൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളിലും ഇതിനകം രാമൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു

സി.വി രാമന് നൊബേൽ പുരസ്‌ക്കാരം ലഭിച്ചതു സംബന്ധിച്ച് ചില വിവാദങ്ങളുമുണ്ടായിട്ടുണ്ട്. റഷ്യൻ ശാസ്ത്രജ്ഞരായ ലാൻഡ്‌സ്‌ബെർഗും മാൻഡൽസ്റ്റമും 1928 ൽ തന്നെ പ്രകാശത്തിന്റെ സവിശേഷ സ്വഭാവത്തേക്കുറിച്ച് ഗവേഷണം നടത്തുകയും പ്രബന്ധം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നൊബേൽ പുരസ്‌ക്കാര സമിതി അവരെ പരിഗണിക്കാതെ സി.വി രാമന് മാത്രമായി പുരസ്‌ക്കാരം നൽകുകയാണുണ്ടായത്. എന്നാൽ പുരസ്‌ക്കാര സമിതി ഇതിന് ന്യായീകരണം നൽകുന്നുണ്ട്. ഒന്നാമതായി റഷ്യൻ ശാസ്ത്രജ്ഞർ ഈ പ്രഭാവം കണ്ടെത്തിയത് ക്രിസ്റ്റലുകളിൽ മാത്രമാണ്. എന്നാൽ രാമനും കെ.എസ്. കൃഷ്ണനും ദ്രാവകങ്ങളിലും വാതകങ്ങളിലും ഖര പദാർഥങ്ങളിലും ഈ പ്രഭാവം നടക്കുന്നുണ്ടെന്ന് തെളിയിച്ചു.

ഇത് പ്രകാശത്തിന്റെ സ്വാഭാവികവും പ്രാപഞ്ചികവുമായ ഒരു സവിശേഷതയാണെന്ന് തെളിയിക്കാൻ കഴിഞ്ഞതും സി.വി രാമനാണ്. മാത്രവുമല്ല റഷ്യൻ ശാസ്ത്രജ്ഞർ അവരുടെ പ്രബന്ധം അവതരിപ്പിച്ചപ്പോൾ റഫറൻസ് ആയി രാമന്റെ ഗവേഷണ പ്രബന്ധം ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. രാമൻ രേഖകളും ഇൻഫ്രാറെഡ് രേഖകളും തമ്മിലുണ്ടാകാവുന്ന അനിശ്ചിതത്വം (The Uncertainty) വിവരിക്കുന്നതിനും റഷ്യൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞില്ല. രാമൻ സ്വീകരിച്ച പരീക്ഷണ രീതി തന്മാത്രാ ഭൗതികത്തിലെ വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. അണുകേന്ദ്ര ഭൗതികത്തിലും (Nuclear Physics) ക്വാണ്ടം സ്വഭാവമായ സ്പിൻ വിശദീകരിക്കുന്നതിലും രാമന്റെ സമീപനമാണ് വിജയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നൊബേൽ പുരസ്‌ക്കാരം മൂന്ന് ശാസ്ത്രജ്ഞർക്ക് വിഭജിച്ചു നൽകാതെ രാമന് മാത്രമായി സമ്മാനിക്കാൻ പുരസ്‌ക്കാര സമിതി തീരുമാനിച്ചത്.

്വലിയൊരു ബൗദ്ധിക സംവാദത്തിനും രാമന്റെ ജീവിതത്തിൽ ഇടമുണ്ടായി. ബൗദ്ധിക സംവാദത്തിലുപരി രാഷ്ട്രീയപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളിലേക്കും ഈ സംവാദം വാതിൽ തുറന്നു. ലാറ്റിസ് ഡൈനമിക്‌സുമായി ബന്ധപ്പെട്ട് രാമൻ അവതരിപ്പിച്ച ഒരു സിദ്ധാന്തമാണ് സംവാദത്തിന് തുടക്കം കുറിച്ചത്. അത് മാക്‌സ് ബോണിന്റെ തെർമൽ തിയറിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ക്വാണ്ടം ഭൗതികജ്ഞനായ മാക്‌സ് ബോണും പീറ്റർ ഡിബൈയും ചേർന്ന് അവതരിപ്പിച്ച തെർമൽ തിയറി ഉപയോഗിച്ചായിരുന്നു അതുവരെ ഈ പ്രഭാവം വിശദീകരിപ്പെട്ടിരുന്നത്. ഈ സമീപനത്തെയാണ് രാമന്റെ സിദ്ധാന്തം ചോദ്യം ചെയ്തത്.

രാമന് പിൻതുണ നൽകിയത് ഇന്ത്യയിൽ നിന്നുള്ള ശാസ്ത്രജ്ഞരും ബാംഗ്ലൂരിലെ സഹപ്രവർത്തകരും മാത്രമായിരുന്നു. എന്നാൽ ബോണിന്റെ ബന്ധങ്ങൾ അദ്ദേഹത്തിന് ലോക ശാസ്ത്രസമൂഹത്തിന്റെ പിൻതുണ നേടിക്കൊടുത്തു 1940 കളിൽ ഇംഗ്ലണ്ടിലെ ഭൗതിക ശാസ്ത്രജ്ഞർ പോലും ബോണിന്റെ സിദ്ധാന്തത്തിൽ കാര്യമായ താത്പര്യം കാണിച്ചിരുന്നില്ല. എങ്കിലും ശാസ്ത്ര സമൂഹത്തിന്റെ വലിയ പിൻതുണയുണ്ടായിരുന്നതു കൊണ്ട് സംവാദത്തിൽ മാക്‌സ് ബോണിനായിരുന്നു മുൻതൂക്കം ലഭിച്ചത്. മാക്‌സ് ബോണിന്റെ ഇന്ത്യാ സന്ദർശനത്തിൽ സി.വി രാമൻ താത്പര്യം കാണിച്ചില്ലെന്നുമാത്രമല്ല അത് ശാസ്ത്രലോകത്തിന് ഒരു നേട്ടവുമുണ്ടാക്കാതെ ഒരു ചടങ്ങുമാത്രമായിത്തീർന്നതും ചരിത്രമാണ്.

സി.വി രാമന്റെ പേരിൽ നിരവധി സ്ഥാപനങ്ങളും പാതകളും ആശുപത്രികളും രാജ്യത്തെമ്പാടുമുണ്ട്. കണിശക്കാരനായ അദ്ധ്യാപകൻ, സൂക്ഷ്മതയുള്ള ഗവേഷകൻ, ലളിത ജീവിതം നയിച്ച ശാസ്ത്രജ്ഞൻ, വിദഗ്ധനായ വാഗ്മി എന്നിങ്ങനെ വിശേഷണങ്ങളേറെയുള്ള പ്രതിഭയാണ് രാമൻ. അദ്ദേഹത്തേപ്പോലെയുള്ള ശാസ്ത്രകാരന്മാരാണ്, അദ്ധ്യാപകരാണ് നമ്മുടെ നാടിനും ലോകത്തിനും ആവശ്യമുള്ളത്. മിത്തുകളുടെയും മത വിശ്വാസങ്ങളുടെയും പേരിൽ ശാസ്ത്ര തത്വങ്ങളെ വളച്ചൊടിക്കുന്ന കപട ശാസ്ത്രജ്ഞരെയല്ല നമുക്കാവശ്യം. അത്തരം കപട ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നത് ഭയത്തോടെ മാത്രമേ കാണാൻ കഴിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP