Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല! ഒരു മാസത്തെയല്ല രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ എന്ന പോസ്റ്റിന്റെ പിന്നിലെ ബുദ്ധി ഇതാണോ? മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോടുള്ള പ്രതികരണത്തെ കുറിച്ച് ഡോ.നെൽസൺ ജോസഫ് എഴുതുന്നു

ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല! ഒരു മാസത്തെയല്ല രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ എന്ന പോസ്റ്റിന്റെ പിന്നിലെ ബുദ്ധി ഇതാണോ? മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോടുള്ള പ്രതികരണത്തെ കുറിച്ച് ഡോ.നെൽസൺ ജോസഫ് എഴുതുന്നു

ഡോ.നെൽസൺ ജോസഫ്

രു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ് പക്ഷേ ' എന്ന പോസ്റ്റിന്റെ റീച്ച് കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്. ഈ നിമിഷം വരെ അതിന് പതിനായിരത്തോളം ഷെയറുണ്ട്. ഇൻഫോക്ലിനിക്കിന്റെ ഷെയർ കണക്ക് മാത്രം കണ്ടതിന്റെ അറിവ് വച്ച് ഫേസ്‌ബുക്കിൽ മാത്രം ആ പോസ്റ്റ് പത്തുലക്ഷത്തിനു മേലെ ആളുകൾ കണ്ടിട്ടുണ്ട്. അതിന്റെ പതിന്മടങ്ങ് വാട്‌സാപ്പിലും...അതായത് മൂന്നിലൊന്ന് കേരളീയരിൽ ഇപ്പോൾ അതെത്തിയിട്ടുണ്ടാവും. ഇത് പറയാനുള്ള കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം മലയാളികളായ മലയാളികളെല്ലാം കേട്ട ഒരു വോയ്‌സ് ക്ലിപ്പുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകിയാൽ അത് എത്തേണ്ടിടത്ത് എത്തില്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ലളിതമായിപ്പറഞ്ഞാൽ അവിശ്വാസമാണ് പരത്തുന്നത്.

അതിന്റെ ഇമ്പാക്റ്റ് എത്രത്തോളമാണെന്ന് കേരളത്തിനു വെളിയിലെ സുഹൃത്തുക്കൾക്ക് അറിയാമെങ്കിലും കുറച്ച് കണക്കുകൾ പറയാം. കഴിഞ്ഞ ബുധനാഴ്ച വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 539 കോടി രൂപ മാത്രമാണ്. ഓൺലൈനായി നൽകിയത് 3.3 ലക്ഷം ആളുകൾ. അതായത് മൂന്നരക്കോടിയുടെ ഒരു ശതമാനത്തിൽ താഴെ...ഇതിൽ കേരളത്തിനു പുറത്തുള്ളവരുമുണ്ടെന്നോർമിക്കണം.

നീട്ടിയ എത്ര കൈകൾ ആ ഒരൊറ്റ വോയ്‌സ് ക്ലിപ്പിൽ പിൻവലിഞ്ഞിട്ടുണ്ടാവും? മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ വച്ച് തന്നെ 14 ജില്ലകളിലായി 3,91,494 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം അനുവദിക്കേണ്ടതുണ്ട്. അതായത് 3,92 കോടി രൂപ. ഒരല്പം ബോധമുള്ളവന് ചിന്തിച്ചാൽ മനസിലാകും ഈ പതിനായിരം ഒന്നുമാകില്ലെന്ന്. ഇത് കുടുംബങ്ങളുടെ മാത്രം കണക്ക്. പൊതുമുതൽ തൊട്ട് മുന്നോട്ട് എന്തെല്ലാം ഉണ്ടാവും?

നമ്മുടെ കയ്യിലുള്ള പണത്തിന്റെ കണക്കെടുത്താലും ഒന്നുമാവില്ല. കേന്ദ്രത്തിന്റെ 600 കോടി വാഗ്ദാനം ഇപ്പോൽ കിട്ടിയിട്ടുണ്ടോയെന്നും എപ്പോൾ കിട്ടുമെന്നും എനിക്കറിയില്ല. മറ്റ് വൻ തുകകളൊന്നും ഇതുവരെ ലഭിച്ചതായും അറിയില്ല. അപ്പോൾ മുന്നോട്ട് പണം വേണം..എവിടെനിന്നുണ്ടാകും?ഏറ്റവും എളുപ്പമുള്ള വഴി ജനങ്ങളോട് ചോദിക്കുകയാണ്. അതാണിപ്പോൾ മുഖ്യമന്ത്രി ചെയ്യുന്നതും...

' വെറും പതിനൊന്ന് കാര്യങ്ങൾ ചെയ്താൽ രണ്ട് മാസത്തെ ശമ്പളം തരാം, പക്ഷേ....' ലളിതമായിപ്പറഞ്ഞാൽ ആ പതിനൊന്ന് കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം... നമ്മുടെ രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല. അവരുടെ കയ്യിൽ പണം ഏല്പിച്ചാൽ പോകുമെന്നുറപ്പ്...അവിശ്വാസം പരത്തൽ...സുരേഷ് കൊച്ചേട്ടന്റെ ക്ലിപ്പിന്റെ പണിതന്നെ...ആ പതിനൊന്ന് കാര്യങ്ങളിൽ ഒന്ന് വായിച്ച് ചിരിച്ചുപോയി.. ' ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം '...റിപ്പോർട്ടിൽ എത്ര പേജുണ്ടെന്നോ (ഗൂഗിൾ ചെയ്യാൻ ഓടിക്കോ...) എന്തൊക്കെയായിരുന്നു നടപ്പാക്കേണ്ടിയിരുന്ന ആ നിർദ്ദേശങ്ങളെന്നോ ഒക്കെ ചോദിച്ചാൽ സ്വാഹ...

അടുത്ത ഒന്നിനെ ലളിതമായി മനുഷ്യത്വരഹിതം എന്ന് വിളിക്കാം.. 'കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവർക്കു പത്തു പൈസ ധനസഹായം കൊടുക്കരുത് '... ദുരിതാശ്വാസ ക്യാമ്പിലെത്തിയ പന്ത്രണ്ട് ലക്ഷത്തിൽ ഭൂരിഭാഗവും പണക്കാരാണെന്നും അവർക്ക് പണം കൊടുക്കരുതെന്നും പറഞ്ഞത് ഓർമവരുന്നുണ്ടോ? ഇതൊക്കെ ചെയ്ത് തീർക്കേണ്ടത് ഇപ്പോഴുള്ള പുനരധിവാസത്തിനു പോലും കാശില്ലാതെ കൈനീട്ടുന്ന ഒരു സംസ്ഥാനമാണെന്നോർമിക്കണം... അപ്പൊ ആ പതിനൊന്ന് പോയിന്റ് എഴുതിയവന്റെ സാമൂഹ്യബോധവും ചിന്താശേഷിയും എത്രത്തോളം കാണും?

ചുരുക്കിപ്പറഞ്ഞാ ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല..പിന്തുണയ്ക്കാൻ പതിനായിരങ്ങളുണ്ട് ഇപ്പൊത്തന്നെ..ഇതിന്റെ ഫലം എന്താവുമെന്ന് കണക്കുകൂട്ടിയെടുക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പുനരധിവാസപ്രവർത്തനങ്ങൾ താളം തെറ്റും. അത് മാത്രമല്ല സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കും..വലിയ തുകകൾ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ കണക്കുകൾ കേട്ടവർക്ക് എന്തുകൊണ്ട് തങ്ങൾക്ക് ലഭിച്ചത് ആകെ തുച്ഛമായ തുകയായിരുന്നെന്ന് തോന്നും.

വരാനിരിക്കുന്ന 2019 തിരഞ്ഞെടുപ്പിൽ കൃത്യമായി സംസ്ഥാനത്തിന്റെ ഗതികേടാണ് വോട്ടാക്കേണ്ടതെന്ന് അറിവുള്ളവർക്ക് അതുതന്നെയാണാവശ്യവും..ഞാൻ സ്വന്തം നാട്ടിൽ ജോലി കിട്ടാതെ അന്യനാട്ടിൽ കിടന്ന് അദ്ധ്വാനിക്കുന്ന പണത്തിന് വിലയുണ്ട്...ഉണ്ട്..എല്ലാവരും സമ്പാദിക്കുന്ന പണത്തിനും വിലയുണ്ട്. എല്ലാവരും കോടീശ്വരന്മാരായിട്ടല്ല പണം നൽകിയത്. അത്താഴപ്പട്ടിണിക്കാരും സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ചവരുമെല്ലാമുണ്ട് അക്കൂട്ടത്തിൽ...മണലാരണ്യത്തിൽ കിടക്കുന്നവർക്കും മൽസ്യത്തൊഴിലാളിക്കുമെല്ലാം വിയർത്തുതന്നെയാണ് പണം കിട്ടുന്നത്..

ദുരിതാശ്വാസനിധിയിൽ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചെലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. ദുരുപയോഗിച്ചാൽ ജനത്തിനു പ്രതികരിക്കാൻ കഴിയുന്ന ഒരേയൊരു രീതിയിൽ പ്രതികരിക്കുകയും ചെയ്യണം...
പക്ഷേ ഈയവസ്ഥയിൽ ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നിർദ്ദേശങ്ങൾ വച്ച് സംശയം വളർത്തി ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിന്റെ മാർഗം .ഈ കുറിപ്പ് എത്രത്തോളം ആളുകളിൽ എത്തുമെന്ന് എനിക്കറിയില്ല.പക്ഷേ എന്റെ വാളിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്ന് കണ്ടപ്പൊ എഴുതണമെന്ന് തോന്നി.

നെൽസൺ ജോസഫിന്റെ പുതിയ പോസ്റ്റ്

വളരെ ലളിതമായി കുറച്ച് ചോദ്യങ്ങൾ ചോദിക്കാം...പള്ളീൽ പോകുന്നവർ ഞായറാഴ്ച നേർച്ചയിടുന്നുണ്ടല്ലോ? അർഹതപ്പെട്ടവരുടെ എത്രപേരുടെ കൈകളിൽ എത്തിച്ചേരുന്നതായി നിങ്ങൾക്കറിയാം? കൃത്യമായ കണക്കുകൾ കിട്ടിയിട്ടുണ്ടോ നിങ്ങൾക്ക്? അമ്പലത്തിന്റെ ഹുണ്ടികയിലോ ഭണ്ഡാരത്തിലോ കാണിക്കയിടാത്ത ഹിന്ദുക്കൾ എത്രപേരുണ്ടാകും? ചില മാസങ്ങളിൽ ചില അമ്പലങ്ങളുടെ ഭണ്ഡാരങ്ങളിൽ വീഴുന്നത് കോടികളാണ്. ദേവസ്വം ബോർഡ് അഴിമതിയെന്ന് മുൻപ് കേട്ടിട്ടും പിന്നെ എന്തിനാണ് അതിനുള്ളിൽ പണമിടുന്നത്? ഇതേ ചോദ്യം ഇസ്ലാം മതവിശ്വാസികളോടും ചോദിക്കും..നിങ്ങളെന്തിനാണ് സക്കാത്തെന്നോ ദശാംശമെന്നോ ഒക്കെപ്പറഞ്ഞ് ദാനം നൽകുന്നത്? ആരെയെങ്കിലും ഏല്പിക്കുന്നത് കൃത്യമായി എത്രപേരുടെ കൈകളിലെത്തുന്നുണ്ടെന്ന് നിങ്ങൾ എങ്ങനെ ഉറപ്പ് വരുത്തും?

ടാക്‌സ് അടയ്ക്കുന്ന മേരേ പ്യാരേ ദേശ് വാസിയോ...നിങ്ങൾ കൊടുക്കുന്ന ടാക്‌സിന്റെ ഭൂരിഭാഗവും കൊണ്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ പണികൾ കണ്ടിട്ടും നിങ്ങളെന്താണു കണക്ക് ചോദിക്കാതിരിക്കുന്നത്? പേടിച്ചിട്ടാണോ? ബക്കറ്റുപിരിവ് , വ്യാപാരി വ്യവസായി ഏകോപനസമിതിപ്പിരിവ്, വൃക്ക ദാനത്തിനു സഹായപ്പിരിവ്, ഡോക്ടറാകാൻ ഏഴ് ദിവസത്തെ പിരിവ്, വിവിധ സംഘടനകളിൽ അംഗത്വപ്പിരിവ്, ഉൽസവപ്പിരിവ്, കെട്ടിടസംഭാവന....നൂറുനൂറായിരം പിരിവുകളിൽ എത്രയെണ്ണത്തിന്റെ കണക്ക് നിങ്ങൾക്കറിയാം?

അതൊക്കെപ്പോട്ടെ, എല്ലാം കൃത്യമാണെന്ന് പറഞ്ഞ് വന്ന വോയ്‌സ് ക്ലിപ്പിലെ സേവാഭാരതിക്ക് എത്ര രൂപ എവിടെനിന്നൊക്കെ പിരിഞ്ഞുകിട്ടിയെന്നും എത്ര ഏതൊക്കെ രീതിയിൽ ചെലവാക്കിയെന്നും അറിയുമോ?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ കിട്ടിയത് എത്രയാണെന്നെങ്കിലും അറിയാം....27.08.18 വരെ ഇലക്ട്രോണിക് പേമെന്റ് വഴി - 133.64 കോടിUPI/QR/VPA വഴി - 44.31 കോടിപണം / ചെക്ക് / RTGS - 538.24 കോടിആകെ 716.19 കോടി (കൂട്ടി നോക്കി... :/ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ 100% വിശ്വസിക്കാമെന്ന് ഞാൻ പറയില്ല. പക്ഷേ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും വിശ്വസിക്കാവുന്നത് അത് തന്നെയാണ്. അതല്ല എങ്കിൽ പൊലീസ് ചെയ്തതുപോലെ നിങ്ങൾ ദുരന്തബാധിതമായ ഒരു കുടുംബത്തെ ദത്തെടുക്കണം..അപ്പൊ 100% വിശ്വസിക്കാം. വരവ് പോലെ ചിലവും അക്കൗണ്ടബിളാവണം...

അക്കൗണ്ടബിലിറ്റി വേണമെന്ന് വാദിക്കുന്നതും മനുഷ്യത്വരഹിതവും അസംഭവ്യവുമായ ആവശ്യങ്ങളുന്നയിക്കുന്നതും രണ്ടും രണ്ടാണ്. രണ്ടിനും ഒരേ മറുപടി പറ്റില്ലെന്ന് മനസിലാക്കിക്കൊണ്ടാണ് പറയുന്നതും..
അഴിമതിക്കാരായ എല്ലാ സർക്കാരുദ്യോഗസ്ഥരെയും പിരിച്ചുവിട്ടിട്ട് ഞാൻ സംഭാവന നൽകാമെന്നോ എന്റെ പണം കൊണ്ട് കയ്യേറ്റഭൂമിയിൽ കുടിൽ കെട്ടിയത് ഒലിച്ചുപോയവനുപോലും സഹായം നൽകരുതെന്നോ ഒക്കെ വാദിക്കുന്നത് നടക്കാൻ പോകുന്നില്ലെന്ന് അല്പം ചിന്തിച്ചാൽ ആർക്കും മനസിലാക്കാം. അതുപോലെയല്ല സർക്കാർ ദുരിതാശ്വാസനിധിയിലേക്കുള്ള വരവുചെലവ് കണക്കുകൾ പബ്ലിക് പ്ലാറ്റ്‌ഫോറത്തിൽ പ്രസിദ്ധീകരിക്കണമെന്നു പറയുന്നത്.വരവിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നുതന്നെയാണറിവ്. ചെലവിന്റെ കണക്കുകളും അതുപോലെ ആർക്കും പരിശോധിക്കാവുന്ന തരത്തിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.അത് ചോദിക്കാനും ഞാൻ മുന്നിലുണ്ടാകും..പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വച്ചുപൊറുപ്പിക്കേണ്ടതില്ല. കൃത്യമായി ചോദ്യം ചോദിക്കുന്നവരെ ചാപ്പയടിക്കേണ്ടതുമില്ല.

KJ Jacob ന്റെ പോസ്റ്റിന്റെ ഭാഗം കൂട്ടിച്ചേർക്കുന്നു..

ഒരു മാസത്തെ ശമ്പളം ഈ യത്‌നത്തിലേക്കു മുഖ്യമന്ത്രി ചോദിച്ചത് വളരെ ന്യായമാണ് എന്നാണ് എന്റെ പക്ഷം. ഞാൻ സംസാരിച്ച ആരും അത് കൂടുതലാണ് എന്ന് പറഞ്ഞില്ല. പക്ഷെ സർക്കാർ ഫണ്ടുപയോഗത്തിന്റെ സുതാര്യതയെക്കുറിച്ച് ആളുകൾക്ക് സംശയമുണ്ട്. അതൊരു യാഥാർഥ്യമാണ് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ സർക്കാർ ഈ പണം വിനിയോഗിക്കാനുള്ള മെഷീനറി സൃഷ്ടിക്കണം. അങ്ങിനെ വന്നാൽ പണം കൊടുക്കാൻ ഒരു മലയാളിക്കും പ്രശ്‌നമുണ്ടാകുമെന്നു തോന്നുന്നില്ല.

അതുകൊണ്ടു എന്റെ 'പക്ഷെ'കൾ:

1. പ്രളയാനന്തര കേരള സൃഷ്ടിക്കായുള്ള പണം മുഖ്യമന്ത്രിയുടെ സാധാരണ ദുരിതാശ്വാസ നിധിയിൽനിന്നു മാറ്റി ഒരു പ്രത്യേക ഫണ്ടിലേക്ക് ആക്കണം. സാധാരണ ദുരിതാശ്വാസ പ്രവർത്തനങ്ങൾ--ചികിത്സാ സഹായം പോലുള്ളവ, ഇനിയങ്ങോട്ടും പഴയ നിധിവഴി തന്നെ നടക്കണം.

2. പണത്തിന്റെ വിനിയോഗം സുതാര്യമായിരിക്കണം. ഓരോ രൂപയും എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു, പദ്ധതികൾക്ക് പണം അനുവദിക്കാനുള്ള മാനദന്ധം എന്നിവ പരസ്യപ്പെടുത്തണം.

3. പരാതിപ്പെടാനുള്ള വഴി, പരാതി പരിഹരണ മാർഗ്ഗം എന്നിവ മുൻകൂട്ടി പരസ്യപ്പെടുത്തണം.

4. പദ്ധതികളുടെ പുരോഗതി ക്രമമായി പരസ്യപ്പെടുത്തണം

വലിയ കാര്യമൊന്നുമല്ല. ഒരു വെബ് സൈറ്റുണ്ടാക്കി അതിൽ കാര്യങ്ങൾ അപ്‌ഡേയ്റ്റ് ചെയുന്ന രീതിയുണ്ടായാൽ മതി. പണമയച്ചവർക്കു, അല്ലാത്തവർക്കും, ലോകത്തിൽ എവിടെടെനിന്നും വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന വിധത്തിൽ സുതാര്യമായി കാര്യം ചെയ്യുക.

സുതാര്യമായ ഒരു പണസമ്പാദന-വിനിയോഗ സംവിധാനം എന്നത് മലയാളിയുടെ അവകാശമാണ്. നമ്മൾ പുതിയ കേരളം സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന പുതിയ മാതൃക.

പുതിയതു സുതാര്യമാവട്ടെ. പഴയതും കൂടുതൽ സുതാര്യമാവട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP