Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെ തന്നെ ലാവലിൻ വിധിയും ഉണ്ടാകുമോ? ആരോപണ വിധേയർ നിരപരാധിത്വം തെളിയിക്കണമെന്ന നടരാജന്റെ വാദമാണോ ക്രിമിനൽ കേസിനെ വാണിജ്യക്കരാർ ആക്കിയ സാൽവേയുടെ മിടുക്കാണോ കോടതി അംഗീകരിക്കുക? സംസ്ഥാനം ഏറ്റവും കൂടുതൽ ചർച്ചചെയ്ത കേസിലെ ചില രസകരമായ നിയമവശങ്ങൾ

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെ തന്നെ ലാവലിൻ വിധിയും ഉണ്ടാകുമോ? ആരോപണ വിധേയർ നിരപരാധിത്വം തെളിയിക്കണമെന്ന നടരാജന്റെ വാദമാണോ ക്രിമിനൽ കേസിനെ വാണിജ്യക്കരാർ ആക്കിയ സാൽവേയുടെ മിടുക്കാണോ കോടതി അംഗീകരിക്കുക? സംസ്ഥാനം ഏറ്റവും കൂടുതൽ ചർച്ചചെയ്ത കേസിലെ ചില രസകരമായ നിയമവശങ്ങൾ

ധ്യവേനൽ അവധിക്ക് ശേഷം കേരള ഹൈക്കോടതി ഇന്ന് വീണ്ടും തുറന്നു. എസ്എൻസി ലാവലിൻ കേസിൽ കുറ്റപത്രം റദ്ദാക്കിയതിന് എതിരെ സി ബി ഐ നൽകിയ ഹർജിയിൽ വിധി ഉടൻ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളെ, ലാവലിൻ കേസിലെ പ്രതീക്ഷിക്കപ്പെടുന്ന വിധിയെ സംബന്ധിച്ച ആശങ്ക പൊതിഞ്ഞു നിൽക്കുന്നതായി ഇന്ന് മലയാള മനോരമ ദിനപത്രത്തിലെ പ്രതിവാരപംക്തിയിൽ സുജിത് നായർ എഴുതി കണ്ടു. എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച മികച്ച രാഷ്ട്രീയ കർട്ടൻ റെയ്സർ ആണ് സുജിത്ത് ഏട്ടന്റെ ഇന്നത്തെ എഴുത്ത് എന്ന് പറയാതെ വയ്യ.

ലാവലിൻ കേസിൽ വിധി അങ്ങ് കൊച്ചിയിലെ ഹൈക്കോടതിയിൽ നിന്നാണ് വരേണ്ടത് എങ്കിലും ഡൽഹിയിൽ ആണ് അതിന്റെ തുടർചലനങ്ങളിൽ പലതും നടക്കേണ്ടത്. സുപ്രീം കോടതി മധ്യവേനൽ അവധിക്ക് അടയ്ക്കുന്നതിന് മുമ്പ് തന്നെ ലാവലിൻ കേസിനെ സംബന്ധിച്ച ചർച്ചകൾ കോടതിയുടെ ഇടനാഴികളിൽ സജീവം ആയിരുന്നു.

ലാവലിൻ കേസുമായി ബന്ധപ്പെട്ട് കേൾക്കുന്നതെല്ലാം വാർത്തകൾ ആണ്. പക്ഷേ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാവുന്ന തരത്തിൽ ഉള്ള വാർത്തകൾ അല്ല. എന്നിരുന്നാലും അതിൽ ചിലതൊക്കെ കൗതുകകരവും രസകരവും ആണ്. രാഷ്ട്രീയം പരമാവധി ഒഴിവാക്കി കോടതിയുമായി ബന്ധപ്പെട്ട അതിൽ ചിലത് ഇവിടെ കുറിക്കാം.

ലാവലിൻ കേസിലെ ഹൈക്കോടതി വിധി എപ്പോൾ ഉണ്ടാകും? വിധിയെ സംബന്ധിച്ച പ്രതീക്ഷ എന്ത്? അപ്പീൽ സുപ്രീം കോടതിയിൽ എപ്പോൾ എത്തും?

എസ് എൻ സി ലാവലിൻ കേസിൽ കുറ്റപത്രം റദ്ദാക്കിയതിന് എതിരെ സി ബി ഐ നൽകിയ ഹർജിയിൽ വിധി വേനൽ അവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ തന്നെ ഉണ്ടാകും എന്ന സൂചന വാദം കേട്ട വേളയിൽ ജഡ്ജി നൽകിയിരുന്നു അത്രേ. ഇന്ന് മധ്യവേനൽ അവധിക്ക് ശേഷം കേരള ഹൈക്കോടതി തുറന്നു. നേരത്തെ ജഡ്ജി പറഞ്ഞ സൂചനകൾ ശരി ആണെങ്കിൽ മെയ് 31 നകം ലാവലിൻ കേസിൽ വിധി വരും എന്നാണ് പല അഭിഭാഷകരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഒന്നോ രണ്ടോ ആഴ്ച നീണ്ടു പോകാൻ ഉള്ള സാധ്യത തള്ളികളയാൻ ആകില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.

ഒരേ സമയം തികഞ്ഞ ആത്മവിശ്വാസവും, അത്ര തന്നെ ആശങ്കയും ഈ കേസിന്റെ വിധിയെ സംബന്ധിച്ച് രണ്ട് വിഭാഗങ്ങൾക്കും ഉണ്ട് എന്നതാണ് സത്യം. അഴിമതി കേസ്സുകളിൽ ആരോപണ വിധേയർ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കണം എന്ന നിലപാട് ആണ് പൊതുവെ സുപ്രീം കോടതി സ്വീകരിക്കാറ്. സ്വാഭാവികമായും സുപ്രീം കോടതിയുടെ ഈ നിലപാട് ഹൈക്കോടതിയെയും സ്വാധീനിക്കും എന്നും സി ബി ഐ പ്രതീക്ഷിക്കുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ എം.കെ.നടരാജൻ സി ബി ഐയുടെ കേസ് മനോഹരം ആയി അവതരിപ്പിച്ചു എന്ന വിലയിരുത്തൽ ആണ് ഡൽഹിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകർക്ക് ഉള്ളത്. എന്നാൽ ഒരു ക്രിമിനൽ കേസിന്റെ തലത്തിൽ നിന്നും രാജ്യാന്തര വാണിജ്യ കരാറുമായി ബന്ധപ്പെട്ട തർക്കമായി ലാവലിൻ കേസിനെ മാറ്റാൻ സാൽവേയ്ക്ക് സാധിച്ചു എന്നും, സി ബി ഐയുടെ ആവശ്യം ഹൈക്കോടതി തള്ളും എന്നാണ് പിണറായി വിജയന്റെ കേസ് നടത്തിയ അഭിഭാഷകരുടെ പ്രതീക്ഷ. എന്നാൽ വാദം കേൾക്കുമ്പോൾ സ്വതവേ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒക്കെ പറയുന്ന ജസ്റ്റിസ് ഉബൈദ് സാൽവേയുടെ വാദം നടന്ന സമയത്ത് കാര്യമായി ഒന്നും സംസാരിക്കാത്തത് പിണറായി വിജയന്റെ അഭിഭാഷകരിൽ ചിലരെ അത്ഭുദപെടുത്തുണ്ട്. ജസ്റ്റിസ് ഉബൈദിന്റെ മൂഡ് എന്താണ് എന്ന് സാൽവേയ്ക്ക് പോലും മനസിലായില്ല എന്ന് രഹസ്യമായി ആ ക്യാമ്പിലെ ചില അഭിഭാഷകർ സമ്മതിക്കുന്നുണ്ട്.

വിധി ഒന്നുകിൽ സി ബി ഐയ്ക്ക് അനുകൂലം ആകും. അല്ലെങ്കിൽ പിണറായി വിജയന് അനുകൂലം. രണ്ട് ആണെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ വരും എന്ന കാര്യത്തിൽ തർക്കം ഇല്ല. പിണറായി വിജയന് അനുകൂലം ആണെങ്കിൽ സി ബി ഐ ആണ് അപ്പീൽ വരേണ്ടത്. അത് ഉടനെ ഉണ്ടാകാൻ സാധ്യത ഇല്ല. എന്നാൽ വിധി പിണറായി വിജയന് എതിരും, സി ബി ഐ യ്ക്ക് അനുകൂലവും ആണെങ്കിൽ, അപ്പീൽ ഉടൻ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് സുപ്രീം കോടതിയിലെ അഭിഭാഷകർ കണക്ക് ആക്കുന്നത്. എന്നാൽ സീനിയർ അഭിഭാഷകരുടെ ലഭ്യതയും, അവരുടെ അഭിപ്രായവും കണക്കിൽ എടുത്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

പിണറായി വിജയന്റെ അഭിഭാഷകൻ ആരായിരിക്കും, സാൽവേയോ, റോത്തഗിയോ അതോ സെൻകുമാറിന്റെ തുറപ്പ് ഗുലാൻ ദുഷ്യന്ത് ദാവേയോ?

എസ് എൻ സി ലാവലിൻ കേസിൽ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയിൽ ഹാജർ ആയത് ഹരീഷ് സാൽവെ ആയിരുന്നു. സുപ്രീം കോടതിയിലും സാൽവേയെ ഹാജർ ആക്കാൻ തന്നെ ആകും പിണറായി വിജയന്റെ അഭിഭാഷകർ ശ്രമിക്കുക. പക്ഷേ രണ്ട് കാര്യങ്ങൾ പിണറായിയുടെ അഭിഭാഷക സംഘത്തെ ആശങ്ക പെടുത്തുന്നുണ്ട് എന്നാണ് കേൾക്കുന്നത്. അതിൽ പ്രധാനപ്പെട്ട കാര്യം രാജ്യാന്തര കോടതിയിലെ കുൽഭൂഷൺ ജാദവ് കേസിലെ നടപടികൾ ആണ്. ഹേഗിലെ രാജ്യാന്തര കോടതി കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയ്ക്ക് എതിരെ ഇന്ത്യ ഫയൽ ചെയ്ത അപ്പീൽ ജൂണിലോ ജൂലൈയിലോ വാദം കേൾക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അങ്ങനെ വന്നാൽ സാൽവെ അതിന്റെ തിരക്കിൽ ആകും. കുൽഭൂഷൺ കേസിന്റെ തിരക്കിൽ ആയാൽ സ്വാഭാവികം ആയും പിണറായി വിജയന് വേണ്ടി ഹാജർ ആകാൻ സാൽവേയ്ക്ക് സാധിക്കില്ല.

പിണറായി വിജയന്റെ അഭിഭാഷക സംഘത്തിന്റെ രണ്ടാമത്തെ ആശങ്ക ഹരീഷ് സാൽവേയ്ക്ക് ഉണ്ടാകാവുന്ന സ്ഥാനകയറ്റം ആണ്. അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ കാലാവധി ജൂൺ മൂന്നാം വാരം അവസാനിക്കും. അറ്റോർണി ജനറൽ പദവിയിൽ രണ്ടാമത് ഒരു ഊഴത്തിന് റോത്തഗിക്ക് താത്പര്യം ഇല്ല എന്ന അഭ്യൂഹം ശക്തമാണ്. ഹരീഷ് സാൽവെ അടുത്ത മൂന്ന് വർഷത്തേക്ക് അറ്റോർണി ജനറൽ ആകും എന്നും കേൾക്കുന്നു. അങ്ങനെ വന്നാൽ ഹരീഷ് സാൽവേയ്ക്ക് പിണറായി വിജയന് വേണ്ടി ഹാജർ ആകാൻ സാധിക്കില്ല. ഹരീഷ് സാൽവേ അറ്റോർണി ജനറൽ ആയാൽ സ്ഥാനം ഒഴിയുന്ന അറ്റോർണി ജനറൽ മുകുൾ റോത്തഗിയെ ഹാജർ ആക്കാൻ ആകും പിണറായി വിജയന്റെ വിശ്വസ്തരുടെ ശ്രമം.

ഹൈക്കോടതി വിധി എതിരാകുക ആണെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഒരു സ്റ്റേ വാങ്ങി നൽകാൻ സാൽവയെയും, റോത്തഗിയെയും പോലെ വിശ്വസിച്ച് കേസ് ഏൽപിക്കാവുന്ന മറ്റൊരു അഭിഭാഷകൻ കപിൽ സിബൽ ആണ്. പിണറായി വിജയന്റെ കേസ് ഏറ്റെടുക്കുന്നതിൽ കപിൽ സിബലിന് ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും, കപിൽ സിബലിനെ ഏൽപ്പിക്കാൻ പിണറായി വിജയന് രാഷ്ട്രീയമായ ബുദ്ധിമുട്ട് ഉണ്ടാകും. സർക്കാർ പുല്ലു പോലെ ഡി ജി പി പദവിയിൽ നിന്ന് എടുത്തു കളഞ്ഞ ടി പി സെൻകുമാറിനെ പുഷ്പം പോലെ ആ പദവിയിലേക്ക് തിരികെ കൊണ്ട് വന്ന ദുഷ്യന്ത് ദാവയെ ഈ കേസിൽ പിണറായി വിജയൻ ആശ്രയിച്ചാലും അത്ഭുതപെടാൻ ഇല്ല. കാരണം സെൻകുമാർ കേസിന് ശേഷം കേരളത്തിൽ ദാവേയുടെ മാർക്കറ്റ് അത്രയ്ക്ക് ഉയർന്നു.

ആരൊക്കെ ഉണ്ടെങ്കിലും, ഇല്ലെങ്കിലും പിണറായി വിജയന് വേണ്ടി ഹാജർ ആകുന്ന അഭിഭാഷക സംഘത്തിൽ സീനിയർ അഭിഭാഷകൻ വി. ഗിരി ഉണ്ടാകും എന്ന് ഉറപ്പാണ്. ഹൈക്കോടതിയിൽ സാൽവേയെ കേസ് നടത്തിപ്പിന് സഹായിച്ചത് ഗിരിയുടെ ഓഫീസിലെ ജൂനിയർ അഭിഭാഷകർ ആയിരുന്നു. കേരള ഹൈക്കോടതിയിൽ ജഡ്ജി ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളതിനാൽ ആണ് ഗിരി ഹൈക്കോടതിയിൽ സാൽവേയ്ക്ക് ഒപ്പം ഹാജർ ആകാതിരുന്നത്. ഗിരിക്ക് പുറമെ സീനിയർ അഭിഭാഷകൻ ആയ ജയദീപ് ഗുപ്തയും സുപ്രീം കോടതിയിൽ പിണറായി വിജയന് വേണ്ടി ഹാജർ ആകും എന്ന് ഉറപ്പിക്കാം. പിണറായി വിജയന് ഒപ്പം ഉള്ള മറ്റ് പ്രതികൾക്ക് വേണ്ടിയും സീനിയർ അഭിഭാഷകരെ ഹാജർ ആകും. ആര്യാമ സുന്ദരം, അരവിന്ദ് ദത്താർ, രാജീവ് ധവാൻ, സിദ്ധാർഥ് ലുത്ര, ശ്യാം ദിവാൻ തുടങ്ങി പല സീനിയർ അഭിഭാഷകരും പരിഗണന പട്ടികയിൽ ഉണ്ടെന്നാണ് സൂചന.

സി ബി ഐ യ്ക്ക് വേണ്ടി ആരാകും ഹാജരാകുക ?

കർണാടകക്കാരൻ എം.കെ.നടരാജൻ എന്ന അഡീഷനൽ സോളിസിറ്റർ ജനറൽ ആണ് ലാവലിൻ കേസിൽ സി ബി ഐ യ്ക്ക് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജർ ആയിരുന്നത്. സുപ്രീം കോടതിയിൽ ഏതായാലും നടരാജൻ ആയിരിക്കില്ല സി ബി ഐ യ്ക്ക് വേണ്ടി ഹാജർ ആകുക. അറ്റോർണി ജനറൽ പദവിയിൽ തുടരും എങ്കിൽ മുകുൾ റോത്തഗിയേ ഹാജർ ആക്കാൻ ആകും സി ബി ഐ ശ്രമിക്കുക. സാൽവേ അറ്റോർണി ആയാലും ഈ കേസിൽ ഇനി സി ബി ഐയ്ക്ക് വേണ്ടി ഹാജർ ആകാൻ സാധിക്കില്ല. സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരിൽ ആരെങ്കിലും ഹാജർ ആയാലും അത്ഭുതം ഇല്ല. പക്ഷേ ഇതൊക്കെ പ്രധാനമന്ത്രിയുടെ ഓഫീസ് എടുക്കുന്ന തീരുമാനം പോലെ ഇരിക്കും. എന്തൊക്കെ പ്രകോപനം ഉണ്ടായാലും, പ്രധാനമന്ത്രിയെയോ, പ്രധാനമന്ത്രിയുടെ ഓഫീസിനെയോ ചെറുതായി പോലും വിമർശിക്കാത്ത ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കാൻ രാജ്യത്തെ പ്രമുഖ അഭിഭാഷകരെ സി ബി ഐയ്ക്ക് വേണ്ടി ഇറക്കാൻ മോദി തയ്യാർ ആകുമോ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.

 സുപ്രീം കോടതി അടച്ചു. എന്നിട്ടും എന്തിന് പിണറായി വിജയന്റെ വിശ്വസ്തനായ സർക്കാർ അഭിഭാഷകൻ ഡൽഹിയിൽ തങ്ങുന്നു? പിണറായി വിജയന്റെ അപ്പീൽ ഫയൽ ചെയ്യാനുള്ള നറുക്ക് ആർക്ക് വീഴും ?

പിണറായി വിജയന്റെ സുപ്രീം കോടതിയിലെ വിശ്വസ്തൻ എന്ന് അറിയപ്പെടുന്ന സ്റ്റാന്റിങ് കൗൺസിൽ ജി പ്രകാശ് കോടതി അടച്ചിട്ടും ഡൽഹിയിൽ തുടരുന്നത് പല അഭ്യൂഹങ്ങൾക്കും വഴി വച്ചിട്ടുണ്ട്. സിബിഐയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചാൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ സുപ്രീം കോടതിയെ സമീപിക്കേണ്ടതിനാൽ ആണ് പ്രകാശ് ഡൽഹിയിൽ തുടർന്നത് എന്നാണ് ചിലരുടെ വാദം. പിണറായി വിജയന്റെ അപ്പീലിന്റെ കരട് ഇതിനോടകം തയ്യാർ ആയി എന്ന് പറയുന്നവർ പോലും ഉണ്ട്. പക്ഷേ ഈ അഭ്യൂഹങ്ങൾക്ക് ഒന്നും ഒരു സ്ഥിരീകരണവും ഒരു സ്ഥലത്ത് നിന്നും ലഭിക്കുന്നില്ല. കൊല്ലത്തെ ഒരു പൊതുമേഖലാ സ്ഥാപനവും ആയി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ഒരു ആർബിട്രേഷന് ആയാണ് ഡൽഹിയിൽ തുടരുന്നത് എന്നാണ് പ്രകാശ് പറയുന്നത്. അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങും എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. സത്യം എന്താണ് എന്ന് അറിയില്ലെങ്കിലും ഈ ചൂടത്ത് (കഴിഞ്ഞ രണ്ടു ദിവസമായി മഴ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല) കുടംബത്തിനെ ഒക്കെ നാട്ടിൽ പറഞ്ഞു വിട്ട ശേഷം പ്രകാശ് ഡൽഹിയിൽ ഇപ്പോഴും തുടരുന്നു എന്നത് കൗതുകരം ആയ യാഥാർഥ്യം ആണ്.

പക്ഷേ ഒരു കാര്യം ഉറപ്പിക്കാം പ്രകാശിന് ഈ കേസ് ഫയൽ ചെയ്യാൻ സാധിക്കില്ല. കാരണം അദ്ദേഹം സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസിൽ ആണ്. അപ്പൊ ആരായിരിക്കും പിന്നെ പിണറായി വിജയന് വേണ്ടി അപ്പീൽ ഫയൽ ചെയ്യുക?. കഴിഞ്ഞ തവണ പിണറായി വിജയന് വേണ്ടി ലാവലിൻ കേസിൽ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നത് പി എച്ച് പരേഖിന്റെ 'ലോ ഫേം' ആയിരുന്നു. ഇത്തവണയും ഏതെങ്കിലും പ്രൊഫഷണൽ 'ലോ ഫേമിനെ' ഏൽപ്പിക്കാൻ തന്നെയാണ് സാധ്യത. ഇക്കാര്യത്തിൽ എം കെ ദാമോദരൻ സ്വീകരിക്കുന്ന നിലപാട് ആണ് നിർണ്ണായകം ആകുക. എം കെ ഡി ക്ക് മലയാളി അഭിഭാഷകരെ വല്യ താത്പര്യം കാണില്ല. എന്നാൽ മലയാളികളെ പൂർണ്ണമായും എഴുതി തള്ളാനും കഴിയില്ല. കാരണം പല മലയാളി അഭിഭാഷകർക്കും രാജ്യാന്തര നിലവാരത്തിൽ ഉള്ള ഓഫീസുകൾ ഇപ്പൊ ഡൽഹിയിൽ ഉണ്ട്.

അവസാനിപ്പിക്കുന്നതിന് മുമ്പ് ഞാൻ ഉൾപ്പെടുന്ന ചില മാധ്യമ സുഹൃത്തുക്കളും ആയി ബന്ധപ്പെടുന്ന ഒരു കാര്യം കൂടി പറയാം. ലാവലിൻ കേസിലെ പ്രതീക്ഷിക്കപ്പെടുന്ന വിധി, പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളെ മാത്രം അല്ല എന്നെപോലുള്ളവരുടെ വാർഷിക അവധിയെയും ആശങ്ക പൊതിഞ്ഞു നിറുത്തിയിരിക്കുക ആണ്. ലാവലിൻ കേസിലെ വിധി മെയ് അവസാനത്തോടെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണോ എന്ന് അറിയില്ല, സുപ്രീം കോടതി റിപ്പോർട്ട് ചെയ്യുന്ന ചില മാധ്യമ സുഹൃത്തുക്കൾ ഇത്തവണ നേരത്തെ നാട്ടിൽ പോയി. ആ പോയവർ ഒക്കെ ജൂൺ ആദ്യവാരത്തോടെ ഇങ്ങോട്ട് മടങ്ങി എത്തും. എന്നെ പോലെ കേരളത്തിൽ കാലവർഷം എത്തിയതിന് ശേഷം നാട്ടിൽ പോകാം എന്ന് കരുതിയ കോടതി റിപ്പോർട്ടർമാർ ആണ് ഇപ്പൊ കുടുങ്ങി ഇരിക്കുന്നത്.

ഒരു ഒറ്റ പ്രാർത്ഥനയെ ഉള്ളു. ലാവലിൻ കേസിലെ ഹൈക്കോടതി വിധി പരമാവധി വൈക്കണമേ. ചാടി കയറി ഇങ്ങ് അപ്പീൽ വരുന്ന തരത്തിൽ ഉള്ള വിധി ആകാതിരുന്നാലും മതി.

(മാധ്യമപ്രവർത്തകനായ ഡോ. ഡി. ബാലഗോപാൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP